Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ഫൈനൽ പ്രവേശം ഒരു ദേശീയ ‘സംഭവം’; ക്രൊയേഷ്യ മുഴുവനും ‘റഷ്യയിൽ’

croatia-celebration-4 ക്രൊയേഷ്യൻ താരം സിമെ വ്രസാൽകോയുടെ വിജയാഹ്ലാദം.

ഇവിടുത്തുകാർ ലോകകപ്പ് നേടിക്കഴിഞ്ഞു; ക്രൊയേഷ്യയിലെ വിസ് എന്ന കൊച്ചുദ്വീപിലെ ലോകകപ്പ് ആവേശത്തെക്കുറിച്ചു മലയാളി എഴുതുന്നു...

ക്രൊയേഷ്യക്കാർ മുഴുവൻ ഇപ്പോൾ റഷ്യയിലാണെന്നാണ് എന്റെ തോന്നൽ. നേരിട്ടല്ലെങ്കിൽ മനസ്സുകൊണ്ടെങ്കിലും റഷ്യയിലും ലോകകപ്പ് ഫുട്ബോളിലും മുഴുകാത്ത ഒരു ക്രൊയേഷ്യക്കാരനെപ്പോലും ഇവിടെയെങ്ങും കാണാനാകില്ല. ഇതൊരു ദേശീയ ‘സംഭവം’ ആയിരിക്കുകയാണ് ഇവിടെ. തങ്ങളുടെ ടീമിന്റെ സെമിഫൈനൽ പ്രവേശനം അത്രമാത്രം അവരെ ഒരു സ്വപ്നലോകത്ത് എത്തിച്ചുകഴിഞ്ഞു.

‘വിസ്’ എന്ന പേരിലുള്ള ഒരു ചെറിയ ക്രൊയേഷ്യൻ ദ്വീപിലാണു ഞാനിപ്പോൾ. അയ്യായിരമാണ് ഏകദേശ ജനസംഖ്യ. ഗൊരാൻ ഇവാനിസേവിച്ചിന്റെ 2001ലെ വിമ്പിൾഡൻ വിജയത്തിനുശേഷം ലോക കായികരംഗത്തു ക്രൊയേഷ്യയുടെ ഏറ്റവും വലിയ നേട്ടം എന്ന നിലയിൽ അഭിമാനത്തോടെയും ആവേശത്തോടെയുമാണു ജനങ്ങൾ ലോകകപ്പിനെ കാണുന്നത്. ക്വാർട്ടർ ഫൈനലിൽ റഷ്യയെ തോൽപിച്ചതോടെതന്നെ ലോകകപ്പ് നേടിയപോലത്തെ അവസ്ഥയാണ് എങ്ങും. 

ബീച്ചിൽ നാട്ടുകാർക്കു കളി കാണാനായി കൂറ്റൻ സ്ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. കളി തുടങ്ങുമ്പോഴേക്കും ആയിരക്കണക്കിനുപേർ പാട്ടും കളിയും ആവേശവുമായി ഇതിനു മുന്നിലെത്തും. ഹോട്ടലുകളിലെല്ലാം ലോകകപ്പ് കഴിയുംവരെ പുതിയ ബുക്കിങ്ങുകൾ നിർത്തിവച്ചിരിക്കുകയാണ്. വിനോദസഞ്ചാരം പ്രധാന വരുമാനമാർഗമായ ഇവിടെ ഹോട്ടൽ മുറികളെല്ലാം നിറഞ്ഞുകഴിഞ്ഞു. എല്ലാ ഹോട്ടലുകളിലും മൽസരങ്ങൾ കാണിക്കാനായി പ്രത്യേക സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

എന്റെ കൂടെ ഇവിടെയുള്ള ക്രൊയേഷ്യൻ ഒളിംപിക്സ് ടീം അംഗമായ ഡ്രേസൻ സിലിച് വലിയ ശുഭാപ്തി വിശ്വാസത്തിലാണ്. മോശം സാമ്പത്തിക സ്ഥിതിയിലുള്ള രാജ്യത്തിന് ആകമാനം ഉത്തേജനം നൽകാൻ ഫുട്ബോൾ വിജയങ്ങൾക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജനങ്ങൾക്ക് അഭിമാനിക്കാനും ആഘോഷിക്കാനും ഒരു കാരണം കിട്ടിയിരിക്കുന്നു. ക്രൊയേഷ്യ പോലൊരു ചെറിയ രാജ്യത്തിന് അതൊരു വലിയ കാര്യമാണ്. 

(അമേരിക്കയിലെ ബോസ്റ്റണിൽ കൺസൽറ്റൻസി സ്ഥാപനം നടത്തുന്ന ദിവ്യ തിരുവനന്തപുരം സ്വദേശിനിയാണ്)