Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുരുത്തുകളായി ഡിബ്രൂയ്നെ, ലുക്കാകു, ഹസാഡ്; ആ തോൽവിക്ക് 5 കാരണങ്ങൾ

belgium fans സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേഡിയത്തിൽ മൽസരശേഷം നിരാശയോടെ ബൽജിയം ആരാധകർ.

കിരീടപ്രതീക്ഷയുമായെത്തിയ ബൽജിയത്തിന്റെ ‘സുവർണ തലമുറ’ ഫ്രാൻസിനോടു തോറ്റ് ലോകകപ്പിന് പുറത്തായിരിക്കുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ബൽജിയത്തിന്റെ തോൽവി. ബ്രസീലിനെ ക്വാർട്ടറിൽ വീഴ്ത്തിയ ആവേശത്തിന് സെമിയിൽ വിജയത്തുടർച്ച നൽകാനാകാതെ ബൽജിയം ഇടറി വീഴുമ്പോൾ, അവരുടെ തോൽവിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങളിതാ...

1) ഒറ്റപ്പെട്ട മുന്നേറ്റം

ബ്രസീലിനെതിരെ ബൽജിയത്തിന്റെ വിജയത്തിനു വഴിയൊരുക്കിയ കാര്യം അവരുടെ ഒഴുക്കുള്ള മുന്നേറ്റമായിരുന്നു. എന്നാൽ, ബൽജിയം മുന്നേറ്റത്തിലെ ഓരോരുത്തരെയും ഫ്രാൻസ് ഓരോ തുരുത്താക്കി. ലുക്കാക്കുവിനെ ഉംറ്റിറ്റിയും വരാനും നന്നായി മാർക്ക് ചെയ്തു. ഡിബ്രൂയ്നെ പാസ് ചെയ്യാൻ ആളില്ലാതെ വിഷമിച്ചു. ഹസാഡിന്റെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല. 

2) മധ്യനിര കൈവിട്ടു

ഫ്രാൻസിനെതിരെ മധ്യനിരയിൽ കളി നന്നാക്കേണ്ടി വരുമെന്ന് ബൽജിയം മനസ്സിലാക്കേണ്ടതായിരുന്നു. ഡിബ്രൂയ്നെ മുന്നോട്ടു കയറ്റിയത് മധ്യനിരയെ ദുർബലമാക്കി. ഫെല്ലെയ്നിക്ക് കൃത്യമായ റോൾ നൽകാത്തത് കളിയെ ബാധിച്ചു. പോഗ്ബയും കാന്റെയും കളി നിയന്ത്രിച്ചു തുടങ്ങിയതോടെ മുന്നോട്ടുള്ള ബൽജിയത്തിന്റെ വഴി വിങ്ങുകളിലൂടെ മാത്രമായി. 

3) മാർട്ടിനെസിന്റെ ലൈനപ്പ്

ബൽജിയം കോച്ച് മാർട്ടിനെസിന്റെ ലൈനപ്പിലെ ദുർബല കണ്ണി മൂസ ഡെംബെലെയായിരുന്നു. പോഗ്ബയോടും കാന്റെയോടും പിടിച്ചു നിൽക്കാനുള്ള മികവ് ഡെംബെലെയ്ക്കുണ്ടായിരുന്നില്ല. അവസാനം മെർട്ടെൻസിനെ ഇറക്കാനും വൈകി. നാസർ ചാഡ്‌ലിയെ വിങ്ങിലേക്കു നിയോഗിച്ചതും ഫലം കണ്ടില്ല. 

ഫ്രാൻസ്–ബൽജിയം മൽസരം വിഡിയോ സ്റ്റോറി കാണാം

4) പ്ലാൻ ബി

ഒരു പ്ലാൻ ബി മാർട്ടിനെസിന്റെ മനസ്സിലുണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ കളി ഫലിക്കാതിരുന്നിട്ടും മാർട്ടിനെസ് തന്ത്രം മാറ്റിയില്ല. ബൽജിയത്തിന്റെ കളി നന്നായി ഗൃഹപാഠം ചെയ്തെത്തിയ ഫ്രാൻസിന് അതു കാര്യങ്ങൾ എളുപ്പമാക്കി. മെർട്ടെൻസിനെ കൊണ്ടുവന്നതു മാത്രമാണ് രണ്ടാം പകുതിയിൽ മാർട്ടിനെസ് ചെയ്ത പോസിറ്റീവ് ആയ ഒരു കാര്യം. 

5) ശരീരഭാഷ

ഒരു ഗോളിനു പിന്നിൽ നിൽക്കുന്ന ടീമിൽ നിന്നു പ്രതീക്ഷിക്കുന്ന കളിയല്ല ബൽജിയം കളിച്ചത്. ഒരു അടിയന്തര മനസ്ഥിതിയും ആവേശവും അവരുടെ കളിയിലുണ്ടായില്ല. ഫ്രാൻസിന്റേത് വാതിലടച്ചുള്ള പ്രതിരോധം അല്ലാതിരുന്നിട്ടും അതു പൊളിക്കാനായില്ല. അവസാന പത്തു മിനിറ്റായപ്പോഴേക്കും പൂർണമായും തോറ്റുപോയ പോലെയായി അവരുടെ ശരീരഭാഷ.