Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം നിറച്ച ലോകകപ്പ്...; ഒരു മലയാളിയുടെ ലോകകപ്പ്, റഷ്യൻ അനുഭവങ്ങൾ

aby-alex-russia ലേഖകൻ റഷ്യയിലെ സുഹൃത്തുക്കൾക്കൊപ്പം.

ഒട്ടേറെ കായിക മൽസരങ്ങൾ നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും ലോകകപ്പ് ഫുട്‌ബോൾ മൽസരത്തിൽ ബ്രസീലിന്റെ ഒരു കളി നേരിട്ടുകാണുക എന്നതു വലിയ ഒരു ആഗ്രഹമായിരുന്നു. റഷ്യയിൽ വച്ചു ലോകകപ്പ് ഫുട്‌ബോൾ നടക്കുന്നു എന്നു കേട്ടപ്പോഴെ, എന്തായാലും ഈ ലോകകപ്പ് ഫുട്‌ബോൾ കാണാൻ പോകണമെന്ന് ഉറപ്പിച്ചിരുന്നു. കുവൈത്തിൽ ബിസിനസ് ചെയ്യുന്ന ബന്ധു സുബി ജോണിനൊപ്പമായിരുന്നു എന്റെ യാത്ര. ബ്രസീൽ - മെക്‌സിക്കോ, തുനീസിയ - പാനമ മൽസരങ്ങളുടെ ടിക്കറ്റ് ഓകെ ആയതോടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ദുബായ് വഴിയായിരുന്നു യാത്ര.

മോസ്‌കോയിൽ എത്തിയ ഞങ്ങളെ ഫുട്‌ബോളിന്റെ എല്ലാ ആവേശത്തോടും കൂടി ആ നഗരം സ്വീകരിച്ചു. ചിരിക്കുന്ന മുഖങ്ങളും എപ്പോൾ വേണമെങ്കിലും സഹായത്തിന് എത്തുന്ന വോളന്റിയർമാരും റഷ്യയിലെ യാത്രകളും താമസവും വളരെ എളുപ്പമാക്കി.

വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഫുട്‌ബോൾ ആരാധകർ തമ്മിലുള്ള സ്‌നേഹവും ഐക്യവും പലപ്പോഴും നമ്മളെ അമ്പരപ്പിക്കുന്നതായിരുന്നു. ലാറ്റിനമേരിക്കക്കാർ ആയിരുന്നു ആഘോഷങ്ങളിൽ മുൻപിൽ. ബ്രസീൽ, മെക്‌സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യക്കാരെല്ലാം പാട്ടും ഡാൻസുമായി സ്‌റ്റേഡിയങ്ങളെയും സ്‌റ്റേഡിയത്തിനു പുറത്തുള്ള ഫാൻ കോർണറുകളെയുമെല്ലാം ആവേശത്തിമിർപ്പിലാക്കി. ഒരേ മേഖലയിൽ നിന്നാണെങ്കിലും അർജന്റീനയ്‌ക്കെതിരെയായിരുന്നു മിക്ക ലാറ്റിനമേരിക്കൻ ഫാൻസുകളും. ചാവോ മെസി.... ചാവോ മെസി എന്ന പാട്ടുകളുമായി അവർ ഫിഫ ട്രെയിനുകളിലും തെരുവോരങ്ങളിലും പാടി ആഘോഷിച്ചു.

ഇന്ത്യൻ പതാകയുമായിട്ടായിരുന്നു ഞങ്ങളുടെ യാത്രകൾ. മൽസരത്തിൽ പങ്കെടുക്കാത്ത ഇന്ത്യയുടെ പതാകയുമായി നടക്കുന്ന ഞങ്ങളുടെ ഒപ്പം ഫോട്ടോയെടുക്കാൻ ഒരുപാടു പേരുണ്ടായിരുന്നു. ബ്രസീൽ, മെക്‌സിക്കോ, കൊളംബിയ ആരാധകരും ഇന്ത്യൻ പതാകയുമായി കറങ്ങുന്ന ഞങ്ങളോടൊപ്പം ഫോട്ടോ എടുക്കാൻ കൂടിയിരുന്നു. പക്ഷെ സ്‌നേഹം കൊണ്ട് ഞങ്ങളെ വീർപ്പുമുട്ടിച്ചത് റഷ്യക്കാരായിരുന്നു. പതാക കാണുമ്പോൾ തന്നെ ഇന്ത്യയെന്നു പറഞ്ഞു തിരിച്ചറിഞ്ഞു സ്‌നേഹം കൊണ്ട് അവർ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.

റഷ്യയുടെ ഗ്രാമപ്രദേശങ്ങളിൽപോലുമുള്ളവർക്ക് ഇന്ത്യക്കാരോട് നല്ല സ്‌നേഹമാണ്. നമ്മൾ പഴയ സുഹൃത്തുക്കളാണെന്നാണ് അവരുടെ പറച്ചിൽ. ഇന്ത്യൻ പതാകയും മുഖത്ത് ബ്രസീലിയൻ പാതകയും പെയിന്റ് ചെയ്തു മൽസരം കാണാൻ സമാര സ്‌റ്റേഡിയത്തിൽ കയറിയ ഞങ്ങളെ വളരെ സ്‌നേഹപൂർവമാണ് ബ്രസീലിയൻ ഫാൻസും മെക്‌സിക്കൻ ഫാൻസും സ്വീകരിച്ചത്.

മൽസരം കഴിഞ്ഞിറങ്ങിയ ഞങ്ങളെ രണ്ടു റഷ്യൻ കുടുംബങ്ങൾ വളരെ സ്‌നേഹപൂർവം അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. എത്ര ഒഴിഞ്ഞു മാറാൻ നോക്കിയിട്ടും അവർ ഞങ്ങളെ വിട്ടില്ല. ഇന്ത്യക്കാരെ അവരുടെ വീട്ടിൽ സ്വീകരിക്കുന്നത് അഭിമാനമുള്ള കാര്യമാണെന്നു പറഞ്ഞ് അവർ ഞങ്ങളെ പ്രതിസന്ധിയിലാക്കി. സ്‌നേഹ നിർബന്ധങ്ങൾക്കൊടുവിൽ അവരുടെ വീടുകളിൽ ഞങ്ങൾ പോയി. വിഭവ സമൃദ്ധമായ റഷ്യൻ ഭക്ഷണവും 18 വർഷമായി പുറത്തെടുക്കാതെ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന വിശിഷ്ഠമായ വൈനും അവർ ഞങ്ങൾക്കായി എടുത്തുതന്നു. മൽസരം നടക്കുന്ന സ്‌റ്റേഡിയത്തിനു സമീപം തന്നെയായിരുന്നു അവരുടെ വീടുകൾ.

മൽസരം നടക്കുന്ന ദിവസങ്ങളിൽ സ്‌റ്റേഡിയത്തിനു സമീപത്തു വാഹനങ്ങൾക്ക് നിയന്ത്രണമുണ്ട്. അതിനാൽ ഭക്ഷണത്തിനു ശേഷം കുറുക്കു വഴികളിലൂടെ നടന്ന് ഞങ്ങൾക്ക് അവർ ടാക്‌സി വിളിച്ചുതന്നു. അവരുടെ സ്‌നേഹസ്വീകരണത്തിനും വിരുന്നിനും നന്ദിപറഞ്ഞു ടാക്‌സിയിൽ കയറാൻ തുടങ്ങിയപ്പോഴേക്കും ടാക്‌സിക്കൂലി അവർ കൊടുത്തുകഴിഞ്ഞിരുന്നു. എത്ര പറഞ്ഞിട്ടും ഇതും ഞങ്ങളുടെ മര്യാദയുടെ ഭാഗമാണെന്നായിരുന്നു അവരുടെ മറുപടി. നിറഞ്ഞ വയറിനൊപ്പം നിറഞ്ഞ മനസോടെയായിരുന്നു അവിടുന്നു ഞങ്ങൾ മടങ്ങിയത്.

അമേരിക്കൻ ഉപരോധവും വിലക്കുറവും കൊണ്ടുമുള്ള സാമ്പത്തിക പ്രതിസന്ധിക്കിടയിലും മികച്ച ഒരുക്കങ്ങളാണ് റഷ്യ ലോകകപ്പിനായി ഒരുക്കിയിരുന്നത്. ഒരിടത്തും ഒരു കുറവും കാണാനുണ്ടായിരുന്നില്ല. വൃത്തിയും വെടിപ്പുമുള്ള നഗരങ്ങൾ, സന്തോഷമുള്ള ജനങ്ങൾ, എത്ര ദൂരമുണ്ടെങ്കിലും സെക്കൻഡുകൾ പോലും തെറ്റാതെ കൃത്യസമയം പാലിക്കുന്ന ട്രെയിനുകൾ എന്നിവ ഇന്ത്യക്കാരായ നമ്മളെ അമ്പരപ്പിക്കുമെന്നത് തീർച്ച. ലേശം ആളുകൂടുന്നിടത്തെല്ലാം ഇംഗ്ലിഷ് അറിയാവുന്ന മൂന്നും നാലും വോളന്റിയേഴ്‌സ് സഹായത്തിനായി ഉണ്ടായിരുന്നു. കൂടാതെ സുരക്ഷയൊരുക്കാനായി ഫുട്‌ബോൾ ആരാധകർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പൊലീസും സജീവമായിരുന്നു.

സ്‌റ്റേഡിയങ്ങൾ തമ്മിൽ നല്ല ദൂരവ്യത്യാസമുള്ളതിനാൽ മിക്കവുടെയും യാത്രകൾ ദീർഘദൂര ട്രെയിനുകളിലായിരുന്നു ഫുട്‌ബോൾ ആരാധരുടെ യാത്രയെല്ലാം ഇത്തരം യാത്രകൾ എല്ലാം ആഘോത്തിന്റെതാണ്. ട്രെയിനുകളിൽ റസ്‌റ്ററന്റുകളും മദ്യവും എല്ലാം ഒരുക്കിയിട്ടുണ്ട്. അതിനാൽ തന്നെ തിന്നും കുടിച്ചും ആടിയും പാടിയുമാണു മിക്കവരുടെയും യാത്രകൾ. സ്‌റ്റേഡിയങ്ങൾക്കു സമീപം കളികാണാനെത്തുന്നവർക്ക് ഒരു ദിവസത്തേയ്ക്കു താമസിക്കുന്ന വീട്ടിൽ താമസം ഒരുക്കുന്നവരെയും കണ്ടുമുട്ടി. ഫിഫയുടെ ഫാൻ ഐഡി ഉള്ളവർക്ക് മൽസരങ്ങൾ കാണാൻ സൗജന്യ ട്രെയിനും മെട്രോ ട്രെയിനുകളും ഒരുക്കിയിട്ടുണ്ടായിരുന്നു.

രണ്ടു കളികൾ മാത്രമേ സ്‌റ്റേഡിയത്തിൽ പോയി കണ്ടുള്ളു. തുനീസിയ - പാനമ, ബ്രസീൽ - മെക്‌സിക്കോ എന്നീ മൽസരങ്ങൾ. ബാക്കി ദിവസങ്ങളിൽ സ്‌റ്റേഡിയത്തിനു പുറത്ത് ഒരുക്കിയിട്ടുള്ള ഫാൻ സോണിലെ വലിയ സ്‌ക്രീനിലാണ് കളി കണ്ടത്. അതിന്റെ ആവേശം പലപ്പോഴും സ്‌റ്റേഡിയത്തിലുള്ള ആവേശത്തിന്റെയും അപ്പുറമാണ്.

റഷ്യയിൽ പത്തുദിവസം കടന്നു പോയത് അറിഞ്ഞതേയില്ല. ഫുട്‌ബോൾ ആവേശവും ആളുകളുടെ സ്‌നേഹവും അവരുടെ ഭക്ഷണവും ആസ്വദിച്ച് നിറഞ്ഞ മനസോടെ തിരിച്ചു നാട്ടിലേക്കു ഞങ്ങൾ യാത്രയായി....

(എബി അലക്‌സ് ഏബ്രഹാം (ഡയറക്ടർ, ഇമേജ് കോട്ടയം) തയാറാക്കിയ കുറിപ്പ്)