Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നിനക്കൊക്കെ ആഘോഷിച്ചാൽ മതി, ഇവിടെ പുറത്തിറങ്ങിയിട്ടു രണ്ടാഴ്ചയായി’

  പ്രതീഷ് ജി.നായർ
neymar-muller-messi

പുറത്തായ ബ്രസീൽ ടീം അംഗങ്ങൾ അവധിക്കാലം ആഘോഷിക്കുന്ന ചിത്രത്തിനു താഴെ, നിനക്കൊക്കെ ആഘോഷിച്ചാൽ മതി ഇവിടെ പുറത്തിറങ്ങിയിട്ടു രണ്ടാഴ്ചയായി എന്ന മലയാളിയുടെ കമന്റിലുണ്ട് ഇവിടുത്തെ ഫുട്ബോൾ ആരാധകന്റെ മനസ്സ്...

കൊളിൻഡ് കിടാരോവിച്ച് ഏതു രാജ്യത്തിന്റെ പ്രസിഡന്റാണെന്നു പിഎസ്‌സി പരീക്ഷയ്ക്കു ചോദ്യം ചോദിച്ചാൽ, ഒരു ഫുട്ബോൾ ആരാധകൻ തീർച്ചയായും ഉത്തരമെഴുതും, ക്രൊയേഷ്യയുടെ പ്രസിഡന്റ്. എന്നു മാത്രമല്ല, ആ രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണു കിടാരോവിച്ച് എന്നും യുഗൊസ്‌ലാവ്യയയിൽ നിന്നു വേർപിരിഞ്ഞാണു ക്രൊയേഷ്യ ഉണ്ടായതെന്നും അടക്കം ‘എക്സ്ട്രാ’ അറിവു കൂടി അവർ പറഞ്ഞുതരും. അതാണു ഫുട്ബോളിന്റെ സാർവദേശീയത.

റൊസാരിയോ തെരുവ് അർജന്റീന ആരാധകനെ സംബന്ധിച്ചു തൊട്ടടുത്ത റോഡായിരിക്കും; സാംബയുടെ താളം ബ്രസീൽ ആരാധകനു ഹൃദയ താളവും. ആരാധകർ തർക്കിക്കും, രസകരമായ ഒരുപിടി വാതുവയ്പുകളും നടക്കും. എല്ലാം ഒറ്റയൊന്നിൽ കേന്ദ്രീകരിച്ച്– കാൽപന്തിന്റെ കാൽപനികതയിൽ. ലോകരാജ്യങ്ങളെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായി ഫുട്ബോൾ മാറുന്നതും അങ്ങനെയാണ്. സ്വന്തം രാജ്യത്തെ മാത്രമല്ല എതിർ രാജ്യങ്ങളെയും പിന്തുണയ്ക്കുന്ന സൗന്ദര്യം ഫുട്ബോളിലുണ്ട്. മികച്ച കളിക്കാർ ഏതു രാജ്യത്താണെങ്കിലും അവർക്കായി ആരാധകർ കൈയടിക്കും. 

വേറിട്ട് നിൽക്കുന്ന മലയാളി ഫാൻസ്

ഫുട്ബോൾ ആരാധനയിൽ മലയാളികൾ സ്പെഷലാണ്. ഇന്ത്യയുടെ ഫുട്ബോൾ ഫാക്ടറിയായിരുന്നു ഒരു കാലത്തു കേരളം. മലയാളി താരങ്ങളുടെ ബൂട്ടുകൾ പതിയാത്ത ഒരു മണ്ണും മനസ്സുമില്ല ഇന്ത്യയിലെവിടെയും. ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയെന്നു വിളിക്കുന്ന കൊൽക്കത്തയിൽപോലും വീരേതിഹാസം രചിച്ച മലയാളി താരങ്ങളേറെ. ഇന്നു കാണുന്ന ഫുട്ബോൾ ആരാധന ആരംഭിക്കും മുന്നെതന്നെ മലയാളികൾ കാൽപന്തിനെ നെഞ്ചേറ്റിയിരുന്നു. ലാറ്റിൻ അമേരിക്കയാണു ഫുട്ബോളിൽ മലയാളിക്കു മറുപകുതിയായത്.

ക്രൊയേഷ്യ– ഫ്രാൻസ്, റോഡ് ടു ഫൈനൽ വിഡിയോ കാണാം

പെലെയും മറഡോണയും ഗാരിഞ്ചയും വാവയുമെല്ലാം സ്വന്തം വീട്ടുകാരാണ്. ബ്രസീലിന്റെ റൊണാൾഡോയുടെ പേരിട്ട റോണോമാർ കേരളത്തിൽ ഓടിക്കളിച്ചു. റൊണാൾഡിഞ്ഞോയെ അനുകരിച്ചു മുടിനീട്ടി വളർത്തിയവരുമേറെ. ഒരു കിലോ ഉപ്പിന്റെ വിലയറിയില്ലെങ്കിലും നെയ്മർ അടിച്ച ഗോളിന്റെ എണ്ണം അറിയാമെന്നു ചിലർ കളിയാക്കിയേക്കാം. ഒരു ഫുട്ബോൾ ആരാധകനെ സംബന്ധിച്ച് അതൊരു അവഹേളനമല്ല, ബഹുമതിയാണ്. ഫുട്ബോൾ എന്ന ഒറ്റ വികാരത്തിനു പിന്നാലെയാണ് ഇവർ യാത്ര ചെയ്യുന്നത്. അവിടെ വ്യത്യാസങ്ങളില്ല. വ്യത്യസ്ത ടീമുകളായിരിക്കാം. എന്നാൽ ഫുട്ബോൾ ഒരു വികാരമാണ്. 

സമൂഹ മാധ്യമത്തിലും നിറഞ്ഞ് ഫുട്ബോൾ 

കാൽപന്തിന്റെ കാൽപനികതയാണു സമൂഹ മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, നെയ്മർ എന്നിവരിൽ കേന്ദ്രീകരിച്ച ആദ്യ ഘട്ട പോസ്റ്റുകൾ പിന്നീടു മറ്റു ടീമുകളെ പിന്തുണയ്ക്കുന്നതിലേക്കും നീങ്ങി. മെസി ആദ്യ മത്സരത്തിൽ പരാജയപ്പെടുകയും ക്രിസ്റ്റ്യാനോ ഗോൾ അടിച്ചു കൂട്ടുകയും ചെയ്തപ്പോൾ ട്രോളുകളുടെ വൻ ശേഖരമാണ് ഇറങ്ങിയത്.

ഇംഗ്ലണ്ട്–ബൽജിയം ലൂസേഴ്സ് ഫൈനൽ വിഡിയോ സ്റ്റോറി കാണാം

അർജന്റീനയും ബ്രസീലുമാണു മലയാളികളുടെ ഇഷ്ട ടീം. ഇവർ തമ്മിലുള്ള ട്രോൾ പോരുകൾ സമൂഹ മാധ്യമങ്ങളിൽ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. യൂറോപ്യൻ ലീഗുകളുടെ സ്വാധീനം യൂറോപ്യൻ ടീമുകളെയും ഇപ്പോൾ മലയാളിക്ക് ഇഷ്ടക്കാരാക്കിയിട്ടുണ്ട്. ബൽജിയത്തിനും ക്രൊയേഷ്യയ്ക്കുമൊക്കെ ആരാധകർ ഏറെയായിരുന്നു. ഫ്ലെക്സ് ബോർഡുകൾ നിരത്തിയും ആരാധന പ്രകടിപ്പിച്ചവർക്കു തോൽക്കുന്ന ടീം ബോർഡ് അഴിച്ചു മാറ്റാൻ നിർദേശം നൽകി ട്രോളിയ കണ്ണൂർ കലക്ടറുടെ ഫെയ്സ്ബുക് പോസ്റ്റും ചിരിയുടെ വഴിയെയാണു സഞ്ചരിച്ചത്.

ആദ്യം ജർമനിയും പിന്നീട് അർജന്റീനയും ഒടുവിൽ ബ്രസീലും പുറത്തായപ്പോൾ ആശ്വസിച്ചത് ഓരോ ടീമിന്റെയും ആരാധകർ കൂടിയാണ്. ആദ്യ റൗണ്ടിൽത്തന്നെ ജർമനി പുറത്തായപ്പോൾ ആഹ്ലാദം കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ജർമനിയോടു തോറ്റ അർജന്റീന ആരാധകർക്കും ജർമനിയോടു 7–1ന്റെ കനത്ത തോൽവി ഏറ്റു വാങ്ങേണ്ടി വന്ന ബ്രസീൽ ആരാധകർക്കുമാണ്. എന്നാൽ പിന്നാലെ അർജന്റീനയും ബ്രസിലും പുറത്തായതോടെ പലരും ബൽജിയം ടീമിനൊപ്പം ചേർന്നു. അങ്ങനെ ജനകീയമുന്നണി എന്ന പേരു വരെ ബൽജിയം ടീമിനു വീണു. ഫ്രാൻസിനും ക്രൊയേഷ്യയ്ക്കുമൊക്കെ ആരാധകർ ഇൗ ലോകകപ്പിൽ കുടുതലായിരുന്നു. ലൂക്കാ മോഡ്രിച്ചും ലുക്കാക്കുവുമെല്ലാം ആരാധക പട്ടികയിലെ ആദ്യ പേരുകാരായിരുന്നു. 

കാണികൾ കയ്യും കണക്കുമില്ലാതെ 

ലോകകപ്പ് ഫുട്ബോൾ കാണുന്നതിൽ രാജ്യത്തു മലയാളികളാണു മുൻപന്തിയിൽ. ഇന്ത്യയുടെ ലോകകപ്പ് ഭ്രമം തിരിച്ചറിഞ്ഞാണ് ഇത്തവണ പ്രാദേശിക ഭാഷാ കമന്ററി കൂടി ഒരുക്കാൻ ലോകകപ്പ് സംപ്രേഷണം ചെയ്ത സോണി ഇന്ത്യയെ തീരുമാനിച്ചത്. പ്രാദേശിക ഭാഷകളിൽ മലയാളത്തിൽ കമന്ററിക്കാണു കാഴ്ചക്കാർ കൂടുതൽ. 60 ലക്ഷം പേർ ശരാശരി മലയാളം കമന്ററിയുള്ള ചാനൽ കാണുന്നുവെന്നാണു സോണിയുടെ ആദ്യഘട്ട കണക്കുകൾ. 56 ലക്ഷം പേർ കാണുന്ന ബംഗാളിയാണു തൊട്ടുപിറകിൽ. എന്നാൽ ലോകകപ്പ് ആകെ കാണുന്നവരിൽ ബംഗാളിനു ചെറിയ ഒരു മുൻതൂക്കമുണ്ട്. 1.48 കോടിയാണ് ആദ്യ ഘട്ട മത്സരം ബംഗാളിൽ കണ്ടത്. കേരളത്തിൽ ഇത് 1.45 കോടിയാണ്. ആദ്യ ഘട്ടത്തിലെ കണക്കുകളാണു സോണി പുറത്തു വിട്ടിട്ടുള്ളത്. 

സംഘർഷങ്ങളില്ല... സംവാദങ്ങൾ മാത്രം 

യഥാർഥ ഫുട്ബോൾ ആരാധനയിൽ സംഘർഷങ്ങളില്ല, സംവാദങ്ങൾ മാത്രം. പരസ്പരം ടീമുകളെക്കുറിച്ചു പോരടിക്കുമ്പോഴും മികച്ച ടീമുകളെ പിന്തുണയ്ക്കാനും കളികളെ ഇഴകീറി വിലയിരുത്താനും ഓരോ ആരാധകനും സമയം കണ്ടെത്തുന്നു. അവിടെ വർണ വർഗ വിവേചനമില്ല. ഫുട്ബോൾ എന്ന ഒരു സ്വപ്നം മാത്രം. സാംപോളിക്കു റഷ്യയിലേക്കു ലൈനപ്പ് അയച്ചു കൊടുക്കാമെന്നു പറയുന്ന ആരാധകരും കേരളത്തിലുണ്ട്. ഇവരെയെല്ലാം ചേർത്ത് ഒന്നായി ഒഴുകുകയാണ് ഫുട്ബോൾ. കാൽപന്തിന് അങ്ങനെ ആകാനല്ലേ കഴിയൂ... കാരണം ജീവശ്വാസം നിറച്ചല്ലേ അതു മനസ്സുകളിലൂടെ ഉരുളുന്നത്.