Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിലും ഭേദം ബ്രസീലിനോട് തോൽക്കുന്നത്: ഫ്രാൻസിനെ വിമർശിച്ച് ബൽജിയം താരങ്ങൾ

തിബോ കോർട്ടോ, ഏദൻ ഹസാഡ്, കെവിൻ ഡി ബ്രൂയ്നെ തിബോ കോർട്ടോ, ഏദൻ ഹസാഡ്, കെവിൻ ഡി ബ്രൂയ്നെ

ഫ്രാൻസ് കളിച്ചതു നെഗറ്റീവ് ഫുട്ബോൾ? ലോകകപ്പ് സെമിക്കു പിന്നാലെ ഫ്രാൻസിന്റെ കളിയെ വിമർശിച്ച് ബൽജിയം താരങ്ങൾ രംഗത്തു വന്നതോടെ കളത്തിനു പുറത്തും ചർച്ച സജീവമാവുകയാണ്. ഫ്രാൻസിനെതിരെ ജയം പ്രതീക്ഷിച്ചാണു ബൽജിയം വന്നത്. എന്നാൽ കളത്തിൽ സംഭവിച്ചത് മറിച്ച്.

ഡിഫൻഡർ സാമുവൽ ഉംറ്റിറ്റിയിലൂടെ ആദ്യ ഗോൾ നേടിയ ഫ്രാൻസ്, പിന്നീട് സകല കളിക്കാരെയും സ്വന്തം പകുതിയിലേക്കു വിളിച്ചു പ്രതിരോധ ഫുട്ബോൾ കളിച്ചതോടെ ബൽജിയത്തിന്റെ ഗോൾവഴികൾ അടഞ്ഞു. റൊമേലു ലുക്കാകു–കെവിൻ ഡിബ്രൂയ്നെ–ഏഡൻ ഹസാർഡ് സഖ്യം ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. തുടർന്നാണു മൽസരത്തിനു പിന്നാലെയുള്ള മാധ്യമസമ്മേളനത്തിലും സാമൂഹിക മാധ്യമങ്ങളിലുമായി ബൽജിയം താരങ്ങൾ കടുത്ത വാക്കുകൾക്കു മുതിർന്നത്.

ക്യാപ്റ്റൻ ഏഡൻ ഹസാർഡ്, ഗോൾകീപ്പർ തിബോ കുർട്ടോ തുടങ്ങിയവരാണ് ഫ്രാൻസിന്റെ കളിയെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്രയും മോശം രീതിയിൽ കളിയെ സമീപിച്ച ഫ്രാൻസിനോട് തോൽക്കുന്നതിലും ഭേദം ക്വാർട്ടറിൽ നന്നായി കളിച്ച ബ്രസീലിനോടു തോൽക്കുന്നതായിരുന്നെന്ന് ഗോൾകീപ്പർ കുർട്ടോ അഭിപ്രായപ്പെട്ടു. ഒരു കോർണർകിക്കിന് തലവച്ചതിനുശേഷം പ്രതിരോധിക്കുകയല്ലാതെ ഫ്രാൻസ് ഒന്നും ചെയ്തിട്ടില്ലെന്ന് കുർട്ടോ ചൂണ്ടിക്കാട്ടി.

ഫ്രാൻസ്–ബൽജിയം മൽസരം വിഡിയോ സ്റ്റോറി കാണാം

അതേസമയം, ഫ്രാൻസിനൊപ്പം ജയിക്കുന്നതിനേക്കാൾ ബൽജിയത്തിനൊപ്പം തോൽക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു ക്യാപ്റ്റൻ ഏ‍ഡൻ ഹസാർഡിന്റെ പ്രതികരണം. എങ്കിലും ഫ്രാൻസ് നല്ലരീതിയിൽ പ്രതിരോധിച്ചെന്നും അക്കാര്യത്തിൽ അവർ കഴിവുറ്റവരാണെന്നും ഹസാർഡ് അഭിപ്രായപ്പെട്ടു. അവരുടെ ദുർബല കണ്ണികൾ കണ്ടെത്താൻ ഞങ്ങൾക്കായില്ല. ഗോള്‍ കണ്ടെത്താനാവശ്യമായ ആ ഒരു നിമിഷത്തെ മാജിക്കും ഫ്രാൻസിനെതിരായ കളിയിൽ സംഭവിച്ചില്ല – ഹസാർഡ് ചൂണ്ടിക്കാട്ടി.

താരങ്ങളുടെ വാചകങ്ങളിലൂടെ

‘‘ഫ്രാൻസ് കളിച്ചത് നെഗറ്റീവ് ഫുട്ബോളാണ്. സ്ട്രൈക്കർ സ്വന്തം ബോക്സിൽ കളിക്കുന്നതിനെ എങ്ങനെ വിശേഷിപ്പിക്കണം എന്ന് എനിക്കറിയില്ല. എങ്ങനെ കളിക്കണമെന്ന് അവർക്കു തീരുമാനിക്കാം എന്നതു സത്യം. എന്നാലും ഇതൊട്ടും ശരിയായില്ല. ഇതിലും ഭേദം ക്വാർട്ടറിൽ ബ്രസീലിനോടു തോൽക്കുന്നതായിരുന്നു. കുറഞ്ഞ പക്ഷം അവർ നല്ല ഫുട്ബോളെങ്കിലും കളിച്ചു. പോരാട്ടവീര്യമുള്ള കളി. ഫ്രഞ്ച് കളിക്കാർ മാത്രമല്ല, റഫറിയും ഇന്നലെ നന്നായി ‘കളിച്ചു’. ഞങ്ങൾക്ക് അനുകൂലമായി കിട്ടേണ്ടിയിരുന്ന ഫൗളുകളൊന്നും അനുവദിച്ചു തന്നില്ല’’തിബോ കോർട്ടോ (ബൽജിയം ഗോൾകീപ്പർ)

‘‘ഈ കളി ഫ്രാൻസിനൊപ്പം ജയിക്കുന്നതിനെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ബൽജിയത്തോടൊപ്പം തോറ്റതിലാണ്’’ഏദൻ ഹസാഡ് (ബൽജിയം ക്യാപ്റ്റൻ)

‘‘എനിക്കു ഫ്രാൻസിനോടു ദേഷ്യമൊന്നുമില്ല. കാരണം, ഞാൻ കളിക്കുന്നത് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിലാണ്. അവിടെ, 90 ശതമാനം സമയത്തും ഡിഫൻസീവ് ഫുട്ബോൾ കളിക്കുന്ന ടീമുകളെ നേരിട്ട് നല്ല പരിചയമാണ്. ഫ്രാൻസ് എന്താണു ചെയ്തതെങ്കിലും, അത് അവർ നന്നായി ചെയ്തു. രണ്ടു ടീമിനും അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, ആ ഒരേയൊരു ഗോൾ കളി തന്നെ മാറ്റിയെഴുതി.’’കെവിൻ ഡി ബ്രൂയ്നെ (ബൽജിയം താരം)