sections
MORE

ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും ‘പരുക്ക്’; ലോകകപ്പിന് ‘ഇൻജറി ടൈം’

rabada-steyn-ngidi
SHARE

ലോകകപ്പിന് അന്തിമ ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന തീയതിയാണ് 23. ലോകകിരീടം പൊരുതി നേടാൻ ശേഷിയുള്ള 15 അംഗ ടീമുകളെ അതിനകം സുസജ്ജരാക്കി നിർത്താൻ അവസാന തയാറെടുപ്പുകളിലാണ് ടൂർണമെന്റിൽ പങ്കെടുക്കുന്ന 10 രാജ്യങ്ങളും. പക്ഷേ, ആ ദിവസമടുക്കുമ്പോഴേക്കും ‘ഇൻജറി ഇലവൻ’ പ്രഖ്യാപിപ്പക്കപ്പെടുമോ എന്ന ആശങ്കയിലാണ് ആരാധകർ. നിലവിൽ പല ടീമുകളടെയും പ്രാഥമിക ടീമിൽ ഉൾപ്പെടുന്ന പ്രധാന താരങ്ങളാണ് മരുന്നും മന്ത്രവുമായി കഴിയുന്നത്. അവരിൽ ചിലർ മത്സരത്തിന്റെ വിധി തനിച്ചു നിർണയിക്കാൻ ശേഷിയുള്ളവരുമാണ്.

∙ ആഫ്രിക്കൻ ട്രാജഡി ?

ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് വേദനിക്കുന്ന ടീമുകളുടെ മുൻനിരയിൽ. ദക്ഷിണാഫ്രിക്കയുടെ നാലും ഇംഗ്ലണ്ടിന്റെ മൂന്നും വീതം താരങ്ങളാണ് ചെറുതും വലതുമായ പ്രശ്നങ്ങൾ മൂലം വലയുന്നത്. പാക്കിസ്ഥാൻ ലെഗ് സ്പിന്നർ ശദാബ് ഖാൻ മഞ്ഞപ്പിത്തം പിടിപെട്ടു വിശ്രമത്തിലാണ്.

ദക്ഷിണാഫ്രിക്കയുടെ ഫാസ്റ്റബോളർ കഗിസോ റബാദയാണ് ഏറ്റവുമൊട‍ുവിൽ പരുക്കിന്റെ പിടിയിലായത്. ടീമിലെ മറ്റു മൂന്നു ഫാസ്റ്റ്ബോളർമാരായ ഡെയ്ൽ സ്റ്റെയ്ൻ, ലുംഗി എങ്ഗിഡി, ആൻ‌റിച്ച ് നോർജെ എന്നിവർ നേരത്തേ തന്നെ ചികിത്സയിലാണ്. ഇവർ നാലു പേരും തിരിച്ചെത്തിയില്ലെങ്കിൽ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സ്വപ്നം തുടകത്തിൽത്തന്നെ പൊലിഞ്ഞു പോകും.

ജെയ്സൻ റോയ്, ജോ ഡെൻലി, മാർക്ക് വുഡ് എന്നിവരുടെ പരുക്കുകൾ ഇംഗ്ലണ്ട് ടീം മാനേജ്മെന്റിന്റെ ഉറക്കം കെടുത്തുന്നു. ആതിഥേയരും ഫേവറിറ്റുകളിൽ മുൻനിരയിലുള്ളവരുമായ ഇംഗ്ലണ്ടിനും പരുക്കിനെ പേടിക്കാതെ തരമില്ല.

∙ പരുക്കിന്റെ പട്ടിക

ശദാബ് ഖാൻ: ദന്തപരിശോധനയെത്തുടർന്ന് വൈറസ് ബാധയേറ്റാണ് പാക്ക് താരം കിടപ്പിലായത്. ദിവസങ്ങൾക്കകം നടത്തുന്ന രക്തപരിശോധനയ്ക്കു ശേഷമേ ലോകകപ്പിൽ കളിക്കാമോ എന്നു വ്യക്തമാകൂ.

ആൻ‌റിച്ച് നോർജെ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിലുണ്ടായിരുന്ന നോർജെയക്ക് പരുക്കുമൂലം ഈ സീസൺ ഐപിഎൽ പൂർണമായും നഷ്ടമായി. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ പന്തെറിയുന്നിടെയാണു വലതു ചുമലിൽ പരുക്കേറ്റത്.

ലുംഗി എൻഗിഡി: ഇടതു വാരിയെല്ലിനോടു ചേർന്ന പേശികൾക്കുണ്ടായ വലിവു മൂലം ഐപിഎല്ലിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സ് താരം നേരത്തേ പിൻവാങ്ങിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിനിടെ പരുക്കു രൂക്ഷമവുകയായിരുന്നു. പൂർണതോതിൽ കായികക്ഷമത വീണ്ടെടുത്തിട്ടില്ലെങ്കിലും പരിശീലനം പുനരാരംഭിച്ചു കഴിഞ്ഞു.

ഡെയ്ൽ സ്റ്റെയ്ൻ: ഐപിഎൽ പാതി പിന്നിട്ടപ്പോൾ റോയൽ ചാലഞ്ചേഴ്സിനൊപ്പം ചേർന്ന താരത്തെ2 കളി പിന്നിട്ടപ്പോഴേക്കും പഴയ പരുക്കു വീണ്ടും പിടികൂടി. വലതു ചുമലിലാണ് പ്രശ്നം. 12 ‌ന് ആരംഭിക്കുന്ന ലോകകപ്പ് ക്യാംപിനൊപ്പം ചേരാൻ സ്റ്റെയ്നിനു കഴിയുമോ എന്ന് ഉറപ്പില്ല.

ജോ ഡെൻലി: കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടി ഒരു കളിയിൽ മാത്രമാണ് ഇംഗ്ലിഷ് ഓൾറൗണ്ടർക്ക് അവസരം കിട്ടിയത്. ഇംഗ്ലണ്ടിലേക്കു മടങ്ങിയെത്തിയതിനു പിന്നാലെ പുറംവേദന വില്ലനായി. ഡെൻലി കഴിഞ്ഞ ദിവസം അയർലൻഡിനെതിരെ ഏകദിനത്തിൽ കളിച്ചിരുന്നു.

മാർക്ക് വുഡ്: ഈയിടെ വെസ്റ്റിൻഡീസിൽ ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയ താരം നേരിടുന്ന പ്രശ്നം കണങ്കാൽ വേദനയാണ്. ലോകകപ്പിനു മുൻപ് ഇംഗ്ലണ്ട് കളിക്കുന്ന ഏകദിനങ്ങളിൽനിന്ന് ഇതേത്തുടർന്ന വുഡിനെ ഒഴിവാക്കി. ‌

ജേസൺ റോയ്: ഇംഗ്ലണ്ടിന്റെ അടിപൊളി ഓപ്പണറുടെ പ്രശ്നം പുറംവേദനയാണ്. കഴിഞ്ഞ മാസം കൗണ്ടി മത്സരത്തിനിടെ വേദന കൂടിയതോടെയാണ് ആശങ്ക വർധിച്ചത്. ലോകകപ്പ് തുടങ്ങുമ്പോഴേക്കു താരം കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.

കാഗിസോ റബാദ: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിന്റെ ഏറ്റവും മികച്ച ബോളറായ റബാദ നടുവേദനയെത്തുടർന്ന് നാട്ടിലേക്കു മടങ്ങിക്കഴിഞ്ഞു. പരുക്കു ഗുരുതരമല്ലാത്തതിനാൽ ലോകകപ്പിനു മുൻപ് കായികക്ഷമത വീണ്ടെടക്കാനാകുമെന്നു പ്രതീക്ഷ.

English Summary: ICC World Cup 2019, Injured Players ahead of World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA