sections
MORE

ഗെയ്‌ൽ, താഹിർ, ഡുമിനി, സ്റ്റെയ്ൻ, മാലിക്ക്; ഫലമെന്തായാലും ബൈ ബൈ!

thahir-gayle-dumini-malik-steyn
ഇമ്രാൻ താഹിർ, ക്രിസ് ഗെയ്‍ൽ, ജെ.പി. ഡുമിനി, ശുഐബ് മാലിക്ക്, ഡെയ്‌ൽ സ്റ്റെയ്ൻ
SHARE

‘‘എല്ലാ പിന്തുണയ്ക്കും നന്ദി. അടുത്ത വർഷം വീണ്ടും കാണാം. അല്ല, അടുത്ത വർഷം ഞാനുണ്ടെങ്കിൽ വീണ്ടും കാണാം...’’–കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ തോൽപിച്ചതിനു പിന്നാലെ കിങ്സ് ഇലൻ പഞ്ചാബ് ഓപ്പണർ ക്രിസ് ഗെയ്‌ൽ ആരാധകരോടു പറഞ്ഞു. അടുത്ത വർഷം ഐപിഎല്ലിൽ വിൻഡീസ് സൂപ്പർതാരം തിരിച്ചെത്തിയാലും ഇല്ലെങ്കിലും ഒരു കാര്യം ഉറപ്പ്; ക്രിസ്റ്റഫർ ഹെൻ‌റി ഗെയ‌്ൽ എന്ന അതിമാനുഷന്റെ അവസാന ലോകകപ്പാണ് ഇത്.

ഈ ടൂർണമെന്റോടെ രാജ്യാന്തര ഏകദിന മത്സരങ്ങളിൽനിന്നു വിരമിക്കുമെന്നു താരം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതു പോലെ ഈ ലോകകപ്പോടെ കരിയർ അവസാനിപ്പിക്കുമെന്നു പ്രഖ്യാപിച്ച വേറെയും ഒട്ടേറെ താരങ്ങളുണ്ട്.

ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ഓൾറൗണ്ടർ ജെ.പി. ഡുമിനി, ലെഗ് സ്പിന്നർ ഇമ്രാൻ താഹിർ, ഫാസ്റ്റ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ, പാക്കിസ്ഥാന്റെ മുൻനായകൻ ശുഐബ് മാലിക് എന്നിവരും ക്രിക്കറ്റിന്റെ രാജകീയ വേദിയിൽ ഒരിക്കൽക്കൂടി നിറഞ്ഞാടാൻ തയാറെടുക്കുകയാണ്. 50 ഓവർ മത്സരത്തിന്റെ ചരിത്രത്തിൽ അതിമോഹനമായ ഓർമകൾ ബാക്കിവച്ചാണ്ഈ ചാംപ്യൻ താരങ്ങളുടെ മടക്കം. 

∙ ഗെയ്‌ലേറ്റു മതിയായില്ല!

രാജ്യന്തര ഏകദിനങ്ങളിൽനിന്നു ലോകകപ്പോടെ വിരമിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഗെയ്‌ൽ മാരക ഫോമിലാണ്. ഏഴു മാസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ വിൻഡീസ് ടീമിൽ തിരിച്ചെത്തിയ താരം പിന്നീട് ഓരോ കളിയും തന്റെ അന്തിമ പോരാട്ടമെന്ന രീതിയിലാണ് തകർത്തടിക്കുന്നത്.

chris-gayle-statistics

ലോകത്തെ ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരെ നാലു കളികളിൽ രണ്ടു വീതം സെഞ്ചുറികളും അർധശതകങ്ങളുമടക്കം 424 റൺസാണ് വാരിക്കൂട്ടിയത്. ഈ ഫോമിൽ എന്തിനാണ് ഗെയ്‌ൽ തങ്ങളെ അനാഥരാക്കി മടങ്ങുന്നതെന്നാണ് ആരാധകരുടെ ചോദ്യം.

∙ ഫിനിഷർ ഡുമിനി

ആഭ്യന്തര ക്രിക്കറ്റിൽനിന്നു വിരമിക്കുകയാണെന്നു ഡുമിനി പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. ലോകകപ്പിനു ശേഷം രാജ്യാന്തര തലത്തിൽ ട്വന്റി20 മത്സരങ്ങൾ മാത്രമേ കളിക്കുകയുള്ളൂ.

jp-dumini-statistics

ചുമലിനു പരുക്കേറ്റതിനെത്തുടർന്ന് ഏറെക്കാലം ടീമിനു പുറത്തായിരുന്ന താരം ഏകദിനങ്ങൾക്ക് ഇനിയില്ല എന്നു പ്രഖ്യാപിച്ചതു കഴിഞ്ഞ മാർച്ചിലാണ്. അതിന്റെ പിറ്റേന്നു സ്വന്തം നാടായ കേപ്ടൗണിൽ അവസാനത്തെ ഹോം മത്സരത്തിനിറങ്ങി.. വമ്പനടിക്കാരനല്ലെങ്കിലും ഡുമിനി ദക്ഷിണാഫ്രിക്കയ്ക്ക് മധ്യനിരയിലെ വിശ്വസ്തനും ആശ്രയിക്കാവുന്ന ഫിനിഷറുമാണ്. 

∙ താഹിറിന്റെ ‘മാരത്തൺ’

പാക്കിസ്ഥാനിൽനിന്ന് ഇംഗ്ലണ്ട് വഴി ദക്ഷിണാഫ്രിക്കയിലെത്തിയ ഇമ്രാൻ താഹിർ നാൽപതാം വയസ്സിലും വിസ്മയിപ്പിക്കുകയാണ്. ഐപിഎല്ലിലെ പർപ്പിൾ ക്യാപ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ലെഗ്സ്പിന്നർ ചെന്നൈ സൂപ്പർ കിങ്സിന്റെ കുതിപ്പിൽ നിർണായക ഘടകവുമാണ്.

imran-thahir-statistics

രാജ്യാന്തര ഏകദിനങ്ങളിൽ 162 വിക്കറ്റുകൾ നേടിയ താഹിറിന്റെ വിക്കറ്റുകളേക്കാൾ ഓർമയിൽ നിൽക്കുക ആ ആഘോഷപ്പാച്ചിൽ തന്നെ. പിച്ചിൽ നിന്ന് ബൗണ്ടറി വരയോളം നീളുന്ന ‘മാരത്തൺ’താരത്തിന്റെ ട്രേഡ്മാർക്കുമാണ്.

∙ ഓൾറൗണ്ടർ മാലിക്

മോശമല്ലാതെ ബാറ്റ് ചെയ്യും. തരക്കേടില്ലാതെ ഓഫ്സ്പിൻ എറിയും. ഉജ്വല ഫീൽഡറാണ്. ഒപ്പം കുറെ വിജയങ്ങൾ സ്വന്തമാക്കിയ ക്യാപ്റ്റനും. ഈ ലോകകപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ സംഘമായ പാക്കിസ്ഥാന്റെ ടീമിൽ മുപ്പത്തേഴുകാരൻ ശുഐബ് മാലിക് ഇടംപിടിക്കുന്നതിൽ അദ്ഭുതമില്ല.

shoib-malik-statistics

ഏകദിനത്തിൽ രണ്ടു പതിറ്റാണ്ടു കളിജീവിതത്തിനു മാലിക് ലോകകപ്പോടെ വിരാമമിടുമ്പോൾ, 282 കളികളിൽ 7481 റൺസും 156 വിക്കറ്റും 96 ക്യാച്ചുകളും ആ മികവിന് അടിവരയിടുന്നു.

∙ ‘സ്റ്റെയ്ൻ‌ലെസ്’ ഡെയ്ൻ

ഒന്നു രണ്ടു വർഷമായി അലട്ടുന്ന പരുക്കിൽനിന്ന് ഏറെക്കുറെ മോചിതനായ ഘട്ടത്തിലാണ് ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി 2 കളികളിലിറങ്ങിയത്. അതോടെ പരുക്കു വീണ്ടും രംഗത്തെത്തി. എങ്കിലും ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ, ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പന്തെറിയാൻ സ്റ്റെയ്ൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ടെസ്റ്റിൽ ടീമിന്റെ എക്കാലത്തെയും മികച്ച ഫാസ്റ്റബോളറായി അറിയപ്പെടുന്ന താരമാണ്.

dale-steyn-statistics

English Summary: The ICC Men’s Cricket World Cup 2019 is just over a month away. For Chris Gayle, JP Duminy, Imran Tahir, Shoaib Malik, Dale Steyn it also means that the clock is ticking on their one-day international careers.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA