sections
MORE

നക്ക്ൾ ബോൾ, കാരം ബോൾ ...; ഇംഗ്ലണ്ടിലേക്ക് വിരലുകളിലൊളിച്ച വിസ്മയങ്ങൾ

bhuvaneshwar-malinga-mustafizur-bumrah
ഭുവനേശ്വർ കുമാർ, ലസിത് മലിംഗ, മുസ്താഫിസുർ റഹ്മാൻ, ജസ്പ്രീത് ബുമ്ര.
SHARE

അടി പേടിച്ച് ഇംഗ്ലണ്ടിൽ ചെന്നപ്പോൾ അവിടെ കൂട്ടപ്പൊരിച്ചിൽ എന്ന അവസ്ഥയിലാകുമോ പാവം ബോളർമാർ? ഇന്ത്യൻ പ്രീമിയർ ലീഗിലെ ബാറ്റിങ് പിച്ചുകളിലെ കഷ്ടകാലം ഇംഗ്ലണ്ടിലെ സീമിങ് വിക്കറ്റുകളിലെത്തുമ്പോൾ മാറുമെന്ന പ്രതീക്ഷ അസ്ഥാനത്താകുമോ? പരമ്പരാഗതമായി പേസ് ബോളിങ്ങിനെ തുണച്ചിരുന്ന ഇംഗ്ലിഷ് പിച്ചുകൾ കൂറുമാറിയെന്ന ഊഹാപോഹങ്ങളും പന്തേറുകാരെ വിഷമിപ്പിക്കും. കഴിഞ്ഞ മൂന്നു നാലു വർഷങ്ങൾക്കിടെ ഇംഗ്ലണ്ടിൽ പിറന്ന ഏകദിന സ്കോറുകൾ സൂചിപ്പിക്കുന്നത് ഈ ലോകകപ്പിലും റണ്ണൊഴുക്കിനു നല്ല സാധ്യതയുണ്ടെന്നു തന്നെ.

ട്വന്റി20 ക്രിക്കറ്റ് ജൻമം നൽകിയ പവർ ഹിറ്റർമാർ എന്ന പുതിയ ജനുസ്സ് ഏകദിനങ്ങളിലും പിടിമുറുക്കിത്തുടങ്ങി. വിരാട് കോഹ്‌ലിയെയും രോഹിത് ശർമയെയും ഡേവിഡ് വാർണറെയും ക്രിസ് ഗെയ്‌ലിനെയും പോലുള്ള മുൻനിര ബാറ്റ്സ്മാൻമാർ ഉയർത്തുന്ന ഭീഷണിക്കു പുറമെയാണ് ആന്ദ്രെ റസ്സലും ഹാർദിക് പാണ്ഡ്യയുമൊക്കെ നടത്തുന്ന താണ്ഡവം. ഒരു ഓവറിൽ ഇരുപതും ഇരുപത്തഞ്ചും റൺസ് കൂളായി അടിച്ചെടുക്കുന്ന ഇക്കൂട്ടരെ മെരുക്കാൻ എന്തൊക്കെ ആയുധങ്ങളാകും ബോളർമാരുടെ ആവനാഴിയിൽ ഉണ്ടാവുക?

∙ നക്ക്ൾ ബോൾ

ബോളിങ് ആക്‌ഷനിൽ മാറ്റം വരുത്താതെ പന്തിന്റെ വേഗം കുറച്ച് ബാറ്റ്സ്മാനെ കബളിപ്പിക്കുകയെന്ന തന്ത്രമാണു നക്ക്ൾ ബോളിന്റ അടിസ്ഥാന തത്വം. ബേസ്ബോളിൽ നിന്ന് ക്രിക്കറ്റ് കടം കൊണ്ട വിദ്യയാണിത്, പരമ്പരാഗത ഗ്രിപ്പിൽനിന്നു വ്യതസ്തമായി വിരൽത്തുമ്പുകളിൽ പന്ത് പിടിച്ച് എറിയുമ്പോൾ വേഗം കുറയും. പിച്ച് ചെയ്താൽ കുതിക്കും.

ദക്ഷിണാഫ്രിക്കൻ പേസ് ബോൾ ചാൾ ലാങ്ഫെൽറ്റ് പ്രചാരത്തിൽ കൊണ്ടുവന്ന ഈ ബോളിങ് ശൈലി ജനപ്രിയമാക്കിയത് ഇന്ത്യയുടെ സഹീർഖാനാണ്. 2011 ലോകകപ്പിൽ ഓസ്ട്രേലിയയുടെ മൈക്കൽ ഹസിയെ സഹീർ പുറത്താക്കിയ പന്തിലൂടെയാണ് നക്ക്ൾ ബോൾ പ്രശസ്തിയിലേക്കുയർന്നത്. ഇപ്പോഴത്തെ ഇന്ത്യൻ ബോളർമാരിൽ ഭുവനേശ്വർ കുമാറാണ് ഈ വജ്രായുധം ഫലപ്രദമായി ഉപയോഗിക്കുന്നത്. ഹാർദിക് പാണ്ഡ്യ ഈ സീസൺ ഐപിഎല്ലിൽ നക്ക്ൾ ബോൾ പ്രയോഗിച്ചിരുന്നു. ലോകകപ്പിൽ വമ്പനടിക്കാർക്കെതിരെ നക്ക്ൾ ബോൾ പേസ് ബോളർമാരുടെ തറുപ്പുചീട്ടായേക്കും.

∙ സ്‌ലോ ബൗൺസർ

നെഞ്ചിലേക്കു കഴുത്തിലേക്കും കുതിച്ചെത്തുന്ന ബൗൺസറുകൾ കൊണ്ട് വിറപ്പിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഷോൺ പൊള്ളോക്ക് ഏകദിനങ്ങളിൽ ബാറ്റ്സ്മാൻമാരെ വെള്ളംകുടിപ്പിച്ചത് വേഗം കുറഞ്ഞ ബൗൺസറുകളിലൂടെ. അതിവേഗ ബൗൺസറാണെന്ന തെറ്റിദ്ധാരണയിൽ നേരിടുമ്പോഴാണ് സംഗിതിയറിയുക. പന്ത് കുറഞ്ഞ വേഗത്തിലേ കുത്തിയുയരൂ. പതിവു ബൗൺസറിനെ അപേക്ഷിച്ച് ഇരുപതോ ഇരുപത്തഞ്ചോ കിലോമീറ്റർ വേഗം കുറവായിരക്കും.

ദക്ഷിണാഫ്രിക്കയുടെ തന്നെ മോൺ മോർക്കലും ഓസീസ് ഓൾറൗണ്ടർ ഷെയ്ൻ വാട്സനും സ്‌ലോ ബൗൺസറുകളുടെ ആശാൻമാരായിരുന്നു. ഇത്തവണ ലോകകപ്പിനത്തുന്ന ഫാസ്റ്റ് ബോളർമാരിൽ മലിംഗയും ബംഗ്ലദേശിന്റെ മുസ്തഫിസുർ റഹ്മാനും സ്‌ലോ ബൗൺസർ എറിഞ്ഞു പല തവണ വിജയം നേടിയവരാണ്.

∙ വൈഡ് യോർക്കർ

സ്റ്റംപുകൾക്കു നേരെ വരുന്ന പന്തുകളെല്ലാം ബൗണ്ടറി കടക്കുമെന്ന സ്ഥിതി വന്നാൽ എന്തു ചെയ്യും? ഈ ചിന്തയിൽ നിന്നാണു വൈഡ് യോർക്കറിന്റെ പിറവി. പേരു സൂചിപ്പിക്കുന്നതു പോലെ സംഗതി യോർക്കറാണ്. പക്ഷേ പിച്ചു ചെയ്യുന്നത് ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താകണമെന്നു മാത്രം. അഥവാ സ്കോർ ചെയ്താലും അത് സിംഗിൾ റണ്ണിലൊതുങ്ങണം. ഡെത്ത് ഓവറുകളിൽ അപകടകാരികളാകുന്ന ബാറ്റ്സ്മാരെ ചെറുക്കാനാണ് ഈ പന്ത് കൂടുതലും ഉപയോഗിക്കുന്നത്.

നോബോൾ മൂലം ഫ്രീ ഹിറ്റ് വരുമ്പോഴും വമ്പനടി ഒഴിവക്കാൻ ബോളർമാർക്ക് ആശ്രയം വൈഡ് യോർക്കർ തന്നെ. ഓഫ്സ്റ്റംപിനു പുറത്തുള്ള വൈഡ് ലൈനിനടുപ്പിച്ച് പിച്ചു ചെയ്യുന്ന യോർക്കറുകൾ അവസാന ഓവറുകളിൽ വിജയകരമായി ഉപയോഗിക്കുന്നവരിൽ മുൻനിരയിലാണ് ശ്രീലങ്കയുടെ ലസിത് മലിംഗ.

∙കാരം ബോൾ

ശ്രീലങ്കയുടെ നിഗൂഢ സ്പിന്നർ അജാന്ത മെൻഡിസിന്റെ ബ്രഹ്മാസ്ത്രമായിരുന്നു കാരംബോൾ. ഓഫ് സ്പിന്നാണെന്നു കരുതുന്ന പന്ത് ലെഗ്സ്പിൻ പോലെ ഓഫ്സ്റ്റംപിനു പുറത്തേക്കു പോകുന്നതു കണ്ട് ബാറ്റ്സ്മാൻമാർ വിസ്മയിച്ചു നിന്നു. മുക്കാൽ നൂറ്റാണ്ട് മുൻപ് നാൽപതുകളിൽ ഓസ്ട്രേലിയയുടെ ജാക്ക് ഇവേഴ്സനും പിന്നീട് ഓസ്ട്രേലിയയുടെ തന്നെ ജോൺ ഗ്ലീസനും കാരംബോളിന്റെ ഗ്രിപ്പിൽ പന്തെറിഞ്ഞു ശ്രദ്ധ നേടിയിരുന്നു. കാരംബോൾ എന്ന പേരിൽ അത് അറിയപ്പെട്ടില്ലെങ്കിലും. പിന്നീട് മെൻഡിസിന്റെ നേട്ടങ്ങളിലൂടെയാണ് കാരംബോളിന്റെ തിരിച്ചുവരവ്.

കാരംസ് കളിയിൽ സ്ട്രൈക്കർ തെറിപ്പിക്കുന്ന ശൈലിയിൽ നടുവിരൽ ഉപയോഗിച്ച് പന്തെറിയുന്നതിനാലാണ് ഈ പേരു വന്നത്. ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിനാണ് മെൻഡിസിനു ശേഷം ഈ ശൈലിയുടെ പേരിൽ പ്രശസ്തി നേടിയ താരം. ഇത്തവണ ലോകകപ്പിൽ കളിക്കുന്ന സ്പിന്നർമാരിൽ ന്യൂസീലൻഡിന്റെ മിച്ചൽ സാന്റ്നറും അഫ്ഗാനിസ്ഥാന്റെ മുജീബുർ റഹ്മാനും കാരം ബോളിൽ മികവു തെളിയിച്ചു കഴിഞ്ഞവരാണ്.

English Summary: Different Kinds of Bowling in ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA