sections
MORE

ഐപിഎൽ കഴിഞ്ഞു; പക്ഷേ ഇന്ത്യൻ താരങ്ങളുടെ ‘ഈ കണക്ക്’ കൂട്ടിയാൽ കൂടില്ല!

sports-icc-cricket
ഓപ്പൺ, മുംബൈ സ്റ്റൈൽ! ഐപിഎൽ ട്വന്റി20 കിരീടജേതാക്കളായ മുംബൈ ഇന്ത്യൻസ് ടീം ട്രോഫിയുമായി ഇന്നലെ വൈകിട്ട് ഓപ്പൺ ബസിൽ മുംബൈ നഗരത്തിൽ നടത്തിയ വിജയഘോഷയാത്ര. ടീം ഉടമ മുകേഷ് അംബാനിയുടെ വസതിയായ മലബാർ ഹില്ലിലെ ആന്റിലിയയിൽനിന്ന് നരിമാൻ പോയിന്റ് വരെ 6 കിലോമീറ്റർ ദൂരം തുറന്ന ബസിലായിരുന്നു ടീമംഗങ്ങളുടെ ആഘോഷപ്രകടനം. ആയിരക്കണക്കിനു ക്രിക്കറ്റ് പ്രേമികളും അനുഗമിച്ചു. ചിത്രം : വിഷ്ണു വി. നായർ ∙ മനോരമ
SHARE

ലോകകപ്പ് ക്രിക്കറ്റിനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ ഐപിഎൽ പ്രകടനം പ്രതീക്ഷാജനകമാണോ? ട്വന്റി20യും ഏകദിനവും രണ്ടാണെങ്കിലും, 1983ലെ ലോകകപ്പ് ജേതാവായ ശാസ്ത്രിക്ക് ചില കണക്കുകൾ തലവേദനയുണ്ടാക്കുമെന്നുറപ്പ്. 

ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനങ്ങൾ ഏറ്റവും ശ്രദ്ധാപൂർവം വിലയിരുത്തിയതും ദേശീയ ടീമിന്റെ മുഖ്യപരിശീലകൻ തന്നെയാകും. മുൻനിര ബാറ്റ്സ്മാന്മാരായ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരുടെ സാങ്കേതികപ്പിഴവുകൾ എതിരാളികൾ ലോകകപ്പിൽ മുതലെടുക്കുമോ.?

virat-kohli
വിരാട് കോ‌ഹ്‌ലി

വിരാട് കോഹ്‌ലി

ബാറ്റ്സ്മാനെന്ന നിലയിൽ കോഹ‌്‌ലി ഐപിഎല്ലിൽ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടുണ്ട്. 14 കളികളിൽ ഒരു സെഞ്ചുറിയടക്കം 464 റൺസ്. പക്ഷേ, താരം പുറത്തായ രീതികളാണ് എതിരാളികൾ നോട്ടമിട്ടിട്ടുണ്ടാവുക. ലെഗ്സ്പിന്നർമാരുടെ ഗൂഗ്ലിക്കു മുന്നിൽ പല തവണയാണ് ഇന്ത്യൻ നായകൻ കുടുങ്ങിയത്. ഓഫ്സ്റ്റംപിനു പുറത്തു പോകുന്ന പന്തിൽ എഡ്ജ് ചെയ്തു പുറത്താകുന്നതും ഇടയ്ക്കിടെ കണ്ടു.

പ്രതീക്ഷ: ട്വന്റി20യിലും ഏകദിനങ്ങളിലും രണ്ടു രീതിയിലാണ് കോഹ്‌ലി ബാറ്റ് ചെയ്യുന്നത്. ഐപിഎല്ലിൽ ഓപ്പണറായി ഇറങ്ങി എല്ലാ പന്തിലും സ്കോർ ചെയ്യാനുള്ള ശ്രമത്തിലാണ് പിഴവുകൾ സംഭവിച്ചത്. ഏകദിനങ്ങളിൽ മൂന്നാം നമ്പറിൽ ഇറങ്ങുന്ന താരം ഗ്രൗണ്ട് സ്ട്രോക്കുകളിലൂടെ താളം കണ്ടെത്തിയ ശേഷമേ വമ്പനടികൾക്കു മുതിരാറുള്ളൂ.

Rohit-Sharma
രോഹിത് ശർമ

രോഹിത് ശർമ

മുംബൈ ഇന്ത്യൻസിനെ കിരീത്തിലേക്കു നയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ്ങിൽ നിലവാരത്തിന് ഒപ്പമെത്തിയില്ല. 15 കളികളിൽ 405 റൺസ്. സ്പിന്നർമാരെ, പ്രത്യേകിച്ച് ഓഫ് സ്റ്റംപിനു പുറത്തേക്കു പന്തു തിരിക്കുന്നവരെ നേരിടാൻ വിഷമിച്ചു.

പ്രതീക്ഷ: ക്യാപ്റ്റൻസിയുടെ അമിതഭാരം ഐപിഎല്ലിൽ രോഹിതിന്റെ ബാറ്റിങ്ങിൽ പ്രകടമായിരുന്നു. ശ്രദ്ധാപൂർവം ബാറ്റ് ചെയ്യാൻ കഴി‍ഞ്ഞില്ല. ഏകദിനങ്ങളിൽ തുടക്കത്തിൽ നിലയുറപ്പിച്ച ശേഷമാണ് രോഹിത് വൻ ഷോട്ടുകൾ കളിക്കാറുള്ളത്.

dhawan-century-mohali
ശിഖർ ധവാൻ

ശിഖർ ധവാൻ

16 കളികളിൽ 521 റൺസ് അടിച്ചു കൂട്ടിയ ശിഖർ ധവാൻ ഐപിഎല്ലിൽ ഉജ്വല ഫോമിലായിരുന്നു. പക്ഷേ, ക്രോസ് ബാറ്റഡ് ഷോട്ടുകൾ കളിക്കുന്ന പ്രവണത പലപ്പോഴും വിനയായി. ഓഫ് സ്പിന്നർമാരെ നേരിടാനും വിഷമിച്ചു.

പ്രതീക്ഷ: അതിവേഗം സ്കോർ ചെയ്യാൻ ബോധപൂർവം നടത്തിയ ശൈലിമാറ്റമാണ് ഐപിഎല്ലിൽ വിനയായത്. ഏകദിനങ്ങളിൽ സ്ട്രെയ്റ്റ് ബാറ്റ് ശൈലിയാണു ധവാന്റേത്. വമ്പനടികൾക്കു പകരം ഫീൽഡിലെ വിടവുകൾ മുതലെടുത്തുള്ള സ്കോറിങ് പിഴവുകൾക്കു സാധ്യത കുറയ്ക്കും.

chahal-kuldeep
കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ

കുൽദീപ് യാദവ്– യുസ്‌വേന്ദ്ര ചാഹൽ

ഈ ലോകകപ്പിൽ ഇന്ത്യയ്ക്കു മേൽക്കൈ നൽകുന്നത് കൈക്കുഴ സ്പിന്നർമാരായ കുൽദീപ് യാദവ്– യുസ്‌വേന്ദ്ര ചാഹൽ സഖ്യത്തിന്റെ മികവാണ്. ഇവരുടെ അടവുകൾ എതിരാളികൾ പഠിച്ചെടുത്തു കഴിഞ്ഞോ ?

14 കളികളിൽ 18 വിക്കറ്റ് വീഴ്ത്തിയ ചാഹൽ ആണ് ഇത്തവണയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മികച്ച ബോളർ, പക്ഷേ, മുൻകാലങ്ങളിലേത് പോലെ മാച്ച്‍വിന്നിങ് പ്രകടനങ്ങൾ അധികമുണ്ടായല്ല. കൊൽക്കത്തയ്ക്കു വേണ്ടി 9 കളികളി‍ൽ 4 വിക്കറ്റ്. കുൽദീപിന്റെ പ്രകടനം നിരാശാജനകമായി.

പ്രതീക്ഷ: ബോളിങ് ദുർബലമായ കൊൽക്കത്ത, ബാംഗ്ലൂർ ടീമുകളിൽ കുൽദീപിനും ചാഹലിനും മികച്ച പിന്തുണ കിട്ടിയതേയില്ല. പിന്തുണ കിട്ടുമ്പോഴാണ് കുൽ–ചാ സഖ്യം അപകടകാരികളാകുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ബോളിങ് നിര ഭേദമായതിനാൽ സ്പിൻ ഇരട്ടകൾ താളത്തിലെത്തിയേക്കും.

vijay-shankar-2
വിജയ് ശങ്കർ

വിജയ് ശങ്കർ,  കേദാർ ജാദവ്

ലോകകപ്പിൽ നാലാം നമ്പർ ബാറ്റിങ് സ്ഥാനത്തേക്കു തിരഞ്ഞെടുത്ത വിജയ് ശങ്കറും ആറാം നമ്പർ ബാറ്റ്സ്മാൻ കേദാർ ജാദവും തീർത്തും നിറംമങ്ങിയത് ഇന്ത്യയുടെ തന്ത്രങ്ങളെ ബാധിക്കുമോ ?

ജാദവ് ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി 162 റൺസും ശങ്കർ സൺറൈസേഴ്സിനു വേണ്ടി 244 റൺസും മാത്രമാണ് സ്കോർ ചെയ്തത്. അപ്രതീക്ഷിതമായ നിറംമങ്ങൽ. ജാദവിനു പരുക്കേറ്റതും ആശങ്കയുയർത്തുന്നു.

പ്രതീക്ഷ: നാലാം നമ്പറിൽ തിളങ്ങാൻ ശേഷിയുളള താരമാണ് താനെന്ന് കെ.എൽ. രാഹുൽ തെളിയിച്ചിരിക്കുന്നു. ശങ്കറിനു പകരം ലോകകപ്പിന്റെ തുടക്കം മുതൽ രാഹുലിനെ പരീക്ഷിച്ചാലും അദ്ഭുതപ്പെടാനില്ല. ജാദവ് പരുക്കിൽനിന്നു മോചിതനാകാതെ വരികയോ, സന്നാഹ മത്സരങ്ങളിൽ ഫോം വീണ്ടെടുക്കാൻ കഴിയാതെ വരിക ചെയ്താൽ പകരക്കാരനായി ദിനേഷ് കാർത്തിക്കിനെ ഉപയോഗപ്പെടുത്താം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA