മുംബൈ∙ ആധുനിക ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ താരങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിക്കെതിരെ സഹതാരം കുൽദീപ് യാദവിന്റെ ഒളിയമ്പ്. ‘പലപ്പോഴും ധോണിയുടെ തീരുമാനങ്ങൾ പിഴയ്ക്കാറുണ്ട്, എന്നാൽ ഇക്കാര്യം ധോണിയോടു മാത്രം പറയാനാകില്ല,’–
കരിയറിൽ എപ്പോഴെങ്കിലും ധോണിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തോടുള്ള കുൽദീപ് യാദവിന്റെ പ്രതികരണം ഇങ്ങനെ. മത്സരത്തിനിടെ അധികം സംസാരിക്കാത്ത പ്രകൃതമാണു ധോണിയുടേതെന്നും ഏന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താനുണ്ടെങ്കിൽ മാത്രമാണു ധോണി സംസാരിക്കാറുള്ളതെന്നും കുൽദീപ് പറഞ്ഞു. ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണിക്കൊപ്പം ഇരുപത്തിനാലുകാരനായ കുൽദീപുമുണ്ട്.
ദേഷ്യം വരുമ്പോൾ ധോണി മറ്റൊരാളാകുന്നോ..?
ധോണി ഫുൾടൈം കൂളല്ല എന്നു കുൽദീപ് യാദവ് പറഞ്ഞുവച്ചതോടെ ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചർച്ചകൾക്കു തുടക്കമായിക്കഴിഞ്ഞു. കളിക്കിടെയുള്ള സ്ഥിരം തണുപ്പൻ ശൈലി ധോണി ഉപേക്ഷിച്ച സന്ദർഭങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇതിൽ രണ്ടു തവണയും കുൽദീപ് യാദവിനോടാണ് ധോണി ‘കലിപ്പു’തീർത്തതും.
1. ധോണി x കുൽദീപ്: 2018 ഏഷ്യ കപ്പിലെ ഇന്ത്യ– അഫ്ഗാനിസ്ഥാൻ മത്സരം. നായകൻ രോഹിത് ശർമയ്ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതോടെ ധോണി സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ. അഫ്ഗാനിസ്ഥാൻ ബാറ്റ്സ്മാൻമാർ തകർത്തടിച്ചതോടെ ഫീൽഡിങ് പൊസിഷനിൽ മാറ്റംവരുത്താൻ ബോളർ കുൽദീപ് യാദവിന്റെ ആവശ്യത്തോട് ധോണി പ്രതികരിച്ചതിങ്ങനെ, ‘ബോൾ എറിയുന്നോ, അതോ ബോളറെ മാറ്റണോ’ ? ധോണിയുടെ ചൂടൻ മറുപടി കേട്ട ഉടൻ കുൽദീപ് ബോളിങ് എൻഡിലേക്കു നടന്നു .ഇരുവരുടെയും സംഭാഷണം സ്റ്റംപ് മൈക്രോഫോണിലും പതിഞ്ഞിരുന്നു. മത്സരം ടൈയായി.
2. ധോണി x കുൽദീപ്: 2017ലെ ഇന്ത്യ– ശ്രീലങ്ക ട്വന്റി20. ശ്രീലങ്കൻ ബാറ്റ്സ്മാൻമാർ കുൽദീപിനെ തലങ്ങും വിലങ്ങും ബൗണ്ടറിയടിച്ചതോടെ ഫീൽഡിൽ മാറ്റം വരുത്തണോയെന്നു ധോണിയുടെ ചോദ്യം. വേണ്ട എന്ന് അതേ നാണയത്തിൽ കുൽദീപിന്റെ മറുപടി. ധോണിയുടെ പ്രതികരണം– ‘എനിക്കു തലയ്ക്കു സുഖമില്ലെന്നാണോ കരുതുന്നത്? 300 ഏകദിനങ്ങൾ കളിച്ചിട്ടുള്ളയാളാണ് ഞാൻ’ (ഏഷ്യ കപ്പ് സംഭവത്തിനുശേഷം കുൽദീപ് പങ്കുവച്ച അനുഭവം)
3. ധോണി x ദീപക് ചാഹർ: ഐപിഎൽ സീസണിലെ ചെന്നൈ– പഞ്ചാബ് മത്സരം. പഞ്ചാബിനു ജയിക്കാൻ 2 ഓവറിൽ 38 റൺസ് വേണമെന്നിരിക്കെ ചെന്നൈ പേസർ ദീപക് ചാഹറിന്റെ 19–ാം ഓവർ.
ആദ്യ 2 പന്ത് നോബോൾ എറിഞ്ഞ ചാഹർ ഫ്രീഹിറ്റിൽ ബൗണ്ടറിയും വഴങ്ങി. തനിക്കു നേരെ ക്ഷുഭിതനായി നടന്നടുത്ത ധോണിയെക്കണ്ടു ചാഹർ ഭയന്നു പിന്നോട്ടുമാറി. എന്നാൽ ചാഹറിന്റെ ഞെട്ടൽ കണ്ട ധോണി പെട്ടെന്നു തണുത്തു. തുടർന്നു ധോണിയുടെ ഉപദേശപ്രകാരം ഉജ്വലമായി പന്തെറിഞ്ഞ ചാഹർ ഡേവിഡ് മില്ലറുടെ വിക്കറ്റ് നേടിയതോടെ ചെന്നൈയ്ക്ക് 22 റൺസ് ജയം. ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഋഷഭ് പന്തിന്റെ ക്യാച്ച് വിട്ടുകളഞ്ഞതിനും ധോണി ചാഹറിനോടു ക്ഷോഭിച്ചിരുന്നു
4. ധോണി x അംപയർ: ഐപിഎൽ സീസണിലെ രാജസ്ഥാൻ ചെന്നൈ മത്സരം. ചെന്നൈ ബാറ്റിങ്ങിനിടെ (അവസാന ഓവറിൽ) ഫീൽഡ് അംപയർ വിളിച്ച നോ ബോൾ ലെഗ് അംപയർ കണക്കിലെടുത്തില്ലെന്ന് അരോപിച്ച് ഫീൽഡിലേക്കു ധോണിയുടെ കടന്നുകയറ്റം. പിന്നീട് അംപയർമാരുമായി തർക്കം.
ഫീൽഡ് അംപയറുടെ നോ ബോൾ തീരുമാനം നിലനിർത്തണമെന്നായിരുന്നു ആവശ്യം. ചട്ടലംഘനത്തിനു ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയ ബിസിസിഐ നടപടി കുറഞ്ഞുപോയെന്ന് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകർ. അവസാന പന്തിൽ മിച്ചൽ സാന്റ്നെർ നേടിയ സിക്സിൽ ചെന്നൈയാണ് മത്സരം ജയിച്ചത്.