sections
MORE

'ആരെയും തോൽപിക്കും, ആരോടും തോൽക്കും'; പ്രവചനാതീതം പാക്ക് പട

pak-team
ബാബർ അസം ,ഫഖർ സമാൻ , സർഫ്രാസ് അഹമ്മദ്
SHARE

ആരെയും തോൽപിക്കും, ആരോടും തോൽക്കും! ഇങ്ങനെ ഒരു ടീം ക്രിക്കറ്റ് ലോകത്തുണ്ടെങ്കിൽ അത് പാക്കിസ്ഥാൻ മാത്രമാണ്. ഒരു കാലത്തും പ്രവചനങ്ങൾക്കു പിടികൊടുക്കാത്തവർ. പരാജയത്തിന്റെ കയ്പുനീരിന്റെ കഥകൾ പലതുണ്ടെങ്കിലും ഈ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഇംഗ്ലണ്ടിൽ നടന്ന അവസാന ബഹുരാഷ്ട്ര ടൂർണമെന്റായ ചാംപ്യൻസ് ട്രോഫിയിൽ അവർ കിരീടജേതാക്കളായിരുന്നു.

ഇന്ത്യയടക്കമുള്ളവരെ തോൽപ്പിച്ചു നേടിയ ആ ജയത്തിന്റെ ഓർമകളാകും ഇത്തവണ പാക്കിസ്ഥാന് ആത്മവിശ്വാസം പകരുക. പരിചയസമ്പന്നനായ ഇടങ്കയ്യൻ ഫാസ്റ്റ്ബോളർ മുഹമ്മദ് ആമിറിനെ ഉൾപ്പെടുത്താതെ പ്രഖ്യാപിച്ച പ്രാഥമിക 15 അംഗ ടീമിൽ പേസർ ഉസ്മാൻ ഷിൻവാരിയും ഇടം കണ്ടില്ല.

അതിവേഗക്കാരനായ കൗമാരക്കാരൻ മുഹമ്മദ് ഹസ്നൈൻ, ഷാഹീൻ ഷാ അഫ്രീദി, ഹസൻ അലി, ജുനൈദ് ഖാൻ എന്നിവരാണ് ഫാസ്റ്റ് ബോളർമാർ. ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫഖർ സമാൻ, ഇമാമുൽ ഹഖ്, ആബിദ് അലി, ബാബർ അസം, മുഹമ്മദ് ഹഫീസ്, വെറ്ററൻ താരം ശുഐബ് മാലിക്, ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് എന്നിവരിലാണ് പ്രതീക്ഷ.

STRENGTH- നിലവാരമുള്ള മൂന്ന് ബോളിങ് ഓൾറൗണ്ടർമാരെ ടീമിലുൾപ്പെടുത്തിയത് പാക്കിസ്ഥാന് നേട്ടമായേക്കും. ഇടങ്കയ്യൻ സ്പിന്നറായ ഇമാദ് വാസിം പിൻനിരയിൽ വേഗം സ്കോർ ചെയ്യാനും മിടുക്കനാണ്. വിക്കറ്റ്‌വേട്ടയിൽ മുൻപന്തിയിലല്ലെങ്കിലും റൺസ് അധികം വിട്ടുകൊടുക്കാതെ ബാറ്റ്സ്മാൻമാരെ വരിഞ്ഞുമുറുക്കാൻ കഴിവുണ്ട്. ലെഗ്സ്പിന്നർ ഷദാബ് ഖാനും മോശമല്ലാത്ത സ്കോറിങ് പാടവമുള്ള താരമാണ്. ബാറ്റ്സ്മാൻമാരെ ആശയക്കുഴപ്പത്തിലാക്കുന്ന, അതിവേഗം കുത്തിത്തിരിയുന്ന ഗൂഗ്ലികളും ഷദാബിന്റെ ആവനാഴിയിലുണ്ട്. നല്ല വേഗത്തിൽ പന്തെറിയുന്ന ഓൾറൗണ്ടർ ഫഹീം അഷ്റഫും പിൻനിര ബാറ്റിങ്ങിൽ കരുത്തു കാട്ടിയിട്ടുണ്ട്.


WEAKNESS- ബാറ്റിങ് നിരയിലെ മിക്കവരും ക്രിക്കറ്റിങ് ഷോട്ടുകൾ കളിക്കുന്നവരാണ്. പവർ ഹിറ്റർമാർ നിശ്ചിത ഓവർ ക്രിക്കറ്റിന്റെ ഭാഗധേയം നിർണയിക്കുന്ന ഇക്കാലത്ത് അത്തരമൊരു താരം പാക്ക് ടീമിലില്ല. അടുത്ത കാലത്തായി ഇംഗ്ലണ്ടിലെ പിച്ചുകൾ മിക്കവയും ബാറ്റിങ്ങിനെ തുണയ്ക്കുന്ന സാഹചര്യത്തിൽ, വമ്പനടിക്കാരുടെ അസാന്നിധ്യം തിരിച്ചടിയായേക്കും. 10 പന്തിൽ ഇരുപത്തഞ്ചോ മുപ്പതോ റൺസ് അടിച്ചെടുക്കേണ്ട സാഹചര്യത്തിലാണ് പ്രശ്നം പ്രകടമാവുക. സ്വാഭാവികമായി പവർ ഹിറ്റർമാരല്ലാത്തവർ വമ്പനടിക്കു മുതിർന്ന് അപകടത്തിൽ ചാടാനും സാധ്യതയുണ്ട്.

OPPORTUNITY- രണ്ടു പതിറ്റാണ്ടായി രംഗത്തുള്ള ശുഐബ് മാലിക്കിന്റെ അവസാന ഏകദിന അരങ്ങാണ് ലോകകപ്പ്. ഉയർച്ചയും വീഴ്ചയും ഒട്ടേറ കണ്ട കരിയറിലെ ഒടുവിലത്തെ അവസരം. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് അവിസ്മരണീയമാക്കിയാൽ, കളിജീവിതത്തിൽ മു‍ൻപു വന്നു പോയ പിഴവുകളെല്ലാം മറന്ന് ആരാധകർ മാലിക്കിനെ ഇതിഹാസ താരങ്ങളുടെ ശ്രേണിയിലേക്ക് ഉയർത്തും. പ്രതിഭയോടു നീതി പുലർത്തുന്ന പ്രകടനം കാട്ടിയില്ലെങ്കിൽ ഇടങ്കയ്യൻ ഫാസ്റ്റ് ബോളർ ജുനൈദ് ഖാനും ലോകകപ്പിനു ശേഷം ഇനിയൊരു അവസരം ലഭിച്ചേക്കില്ല.

THREAT- കായികക്ഷമതയാണ് പാക്കിസ്ഥാൻ നേരിടുന്ന പ്രധാന ഭീഷണി. ഇമാദ് വാസിം, ബാബർ അസം, മുഹമ്മദ് ഹഫീസ് എന്നിവർ പരുക്കിന്റെ പിടിയിലായിരുന്നു. 15 അംഗ ടീം പ്രഖ്യാപിച്ചതിനു പിന്നാലെ ഷദാബ് ഖാൻ മഞ്ഞപ്പിത്തം ബാധിച്ചു കിടപ്പിലായി.  വൈറസ് ബാധയിൽനിന്നു മോചിതനായ ഷദാബ് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പരമ്പരയിൽ ടീമിനൊപ്പം ഉടൻ ചേരുമെന്നാണു റിപ്പോർട്ടുകൾ. ലോകകപ്പിനു മുൻപ് താരങ്ങൾ പൂർണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിയില്ലെങ്കിൽ പാക്കിസ്ഥാനു പ്രയാണം എളുപ്പമാകില്ല.

TEAM

 സർഫ്രാസ് അഹമ്മദ്
 (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ)
 ഫഖർ സമാൻ
 ഇമാമുൽ ഹഖ്
 ആബിദ് അലി
ബാബർ അസം
 ശുഐബ് മാലിക്
 മുഹമ്മദ് ഹഫീസ്
 ഷദാബ് ഖാൻ
 ഇമാദ് വാസിം
 ഹാരിസ് സുഹൈൽ
 ഹസൻ അലി
 ഫഹീം അഷ്റഫ്
 ഷാഹീൻ അഫ്രീദി
 ജുനൈദ് ഖാൻ
 മുഹമ്മദ് ഹസ്നൈൻ


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA