sections
MORE

വില്യംസനുണ്ട്, ഗപ്റ്റിലുണ്ട്, ടെയ്‌ലറുണ്ട്...; കിരീടം കൊത്തുമോ കിവിക്കൂട്ടം?

new-zealand-world-cup-team
ന്യൂസീലൻഡ് ലോകകപ്പ് ടീം.
SHARE

കഴിഞ്ഞ ലോകകപ്പിൽ ന്യൂസീലൻഡ് വലിയ ആവേശത്തിലായിരുന്നു. സ്വന്തം നാട്ടിലും ഓസ്ട്രേലിയയിലുമായി പരിചിത സാഹചര്യങ്ങളിൽ ടൂർണമെന്റ് നടക്കുന്നത് അനുകൂല ഘടകമായിരുന്നു. അതിനുമപ്പുറം അനുപമമായ വിജയതൃഷ്ണയുള്ള സംഘമായിരുന്നു കിവീസിനു വേണ്ടി കളത്തിലിറങ്ങിയത്. ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരെ ഫൈനലിൽ കീഴടങ്ങും വരെ അവർ പൊരുതി നിന്നു.

ഇത്തവണ അത്രയും പ്രതീക്ഷ ആർക്കുമില്ല. പക്ഷേ, ഈ ലോകകപ്പിൽ ന്യൂസീലൻഡിനെ പ്രതിനിധീകരിക്കേണ്ടത് ആരൊക്കെയാണെന്ന കാര്യത്തിൽ അവർക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. മറ്റു ടീമുകളെല്ലാം പ്രാഥമിക ടീം തീരുമാനിക്കുന്നതിന് ആഴ്ചകൾക്കു മുൻപേ കിവീസിന്റെ 15 അംഗ സംഘം പ്രഖ്യാപിക്കപ്പെട്ടിരുന്നു. കെയ്ൻ വില്യംസൻ നയിക്കുന്ന ടീം കടലാസിൽ കരുത്തർ തന്നെയാണ്.

കഴിഞ്ഞ ലോകകപ്പിൽ ഇരട്ട സെഞ്ചുറി കുറിച്ച മാർട്ടിൻ ഗപ്ടിലും ഉജ്വല ഫോമിലേക്കു തിരിച്ചെത്തിയ വെറ്ററൻ താരം റോസ് ടെയ്‍ലറും നയിക്കുന്ന ബാറ്റിങ് നിരയും 2015ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ 2 താരങ്ങളിലൊരാളായ ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിലുള്ള ബോളർമാരും അടങ്ങുന്ന ടീം സമതുലിതമാണ്. കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാന്റ്നർ, ജിമ്മി നീഷം എന്നീ ഓൾറൗണ്ടർമാർ കൂടി ചേരുമ്പോൾ ലോകകപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി ഇവർ പരിഗണിക്കപ്പെടേണ്ടതാണ്.

∙ കരുത്ത്

മികച്ച ഓൾറൗണ്ടർമാരുടെ സാന്നിധ്യം ബോളിങ്ങിനു കരുത്തു കൂട്ടുന്നു. മുൻനിര ബോളർമാർ നിറംമങ്ങിയാൽ ആ കുറവു നികത്താൻ രണ്ടാമതൊന്ന് ആലോചിക്കാതെ വില്യംസന് ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. മിക്ക മത്സരങ്ങളിലും എട്ടോ പത്തോ ഓവറുകൾ ഇവർ കൈകാര്യം ചെയ്യുന്നതിനാൽ ബോളിങ്ങിൽ ധൈര്യപൂർവം പരീക്ഷണങ്ങളും നടത്താം. വിവിധ പൊസിഷനുകളിൽ ബാറ്റ് ചെയ്യാൻ കഴിവുള്ള ടോം ലാതം, ഹെൻറി നിക്കോൾസ് എന്നിവരുടെ സാന്നിധ്യം ബാറ്റിങ്ങിനു കരുത്തു പകരും.

∙ ദൗർബല്യം

മറ്റു ടീമുകളെക്കാൾ വാലറ്റത്തിനു നീളം അൽപം കൂടുതലാണ്. എട്ടാം നമ്പറിൽ ഇറങ്ങുന്ന ടിം സൗത്തി കഴിഞ്ഞാൽ ബാറ്റിങ്ങിൽ ആശ്രയിക്കാവുന്ന ആരുമില്ല. ഇഷ് സോധി, ബോൾട്ട്, ലോക്കി ഫെർഗുസൻ എന്നിവർ ബാറ്റിങ്ങിന് ഇറങ്ങുന്നതിനു പിന്നാലെ തിരിച്ചത്തുന്നതാണ് പതിവ്. ലെഗ് സ്പിന്നർമാരെ നേരിടുന്നതിൽ കിവീസ് ബാറ്റിങ് നിരയുടെ അപര്യാപ്തത ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ ടീമുകളെ നേരിടുമ്പോൾ പ്രശ്നമായേക്കും.

∙ അവസരം

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഉജ്വല ഫോമിൽ ബാറ്റ് ചെയ്യുന്ന മുപ്പത്തഞ്ചുകാരൻ റോസ് ടെയ്‍ലർക്ക് ഇത് അവസാന ലോകകപ്പായേക്കും. നിലവിൽ ലോകത്തെ ഏറ്റവും മികച്ച നാലാം നമ്പർ ബാറ്റ്സ്മാൻമാരിലൊരാളായ ടെയ്‌ലറുടെ മികവായിരിക്കും മധ്യനിരയുടെ മികവ് നിർണയിക്കുക. സമീപ കാലത്ത് ഫോമിലല്ലാതിരുന്ന ഓപ്പണർ ഗപ്ടിലിനും ലോകകപ്പിലെ പ്രകടനം നിർണായകമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ലോകകപ്പിന്റെ രണ്ടാം പകുതിയിൽ സ്പിന്നിനെ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. അതു പരിഗണിക്കുമ്പോൾ, ഇന്ത്യൻ വംശജനായ ലെഗ്സ്പിന്നർ ഇഷ് സോധിക്ക് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ലഭിക്കുന്ന അവസരം കൂടിയാണ് ടൂർണമെന്റ്.

∙ ഭീഷണി

ക്യാപ്റ്റൻ വില്യംസൻ ഫോമിന്റെ അടുത്തെങ്ങുമല്ല എന്നതു ന്യൂസീലൻഡിനു തലവേദനയാണ്. മുൻനിരയിൽ നങ്കൂരക്കാരനാകാൻ വില്യംസനു കഴി‍ഞ്ഞില്ലെങ്കിൽ സ്കോറിങ്ങിനെ കാര്യമായി ബാധിച്ചേക്കും. വ്യക്തിപരമായ ഫോം നഷ്ടത്തെക്കാൾ ടീമെന്ന നിലയിലുള്ള വീഴ്ചകളാണ് പ്രശ്നം. ഏകദിനങ്ങളിൽ വ്യക്തിപരമായ മികച്ച പ്രകടനങ്ങളുണ്ടായങ്കിലും ടീമിനു പരാജയമായിരുന്നു ഏറെയും.

∙ ടീം

കെയ്ൻ വില്യംസൻ (ക്യാപ്റ്റൻ)
ടോം ബ്ലൻഡൽ
കോളിൻ ഡി ഗ്രാൻഡ്ഹോം
ലോക്കി ഫെർഗൂസൻ
ഇഷ് സോധി
ട്രെന്റ് ബൗൾട്ട്
മാർട്ടിൻ ഗപ്ടിൽ
മാറ്റ് ഹെൻറി
ടിം സൗത്തി
റോസ് ടെയ്‍ലർ
ടോം ലാതം (വിക്കറ്റ്കീപ്പർ)
ഹെൻറി നിക്കോൾസ്
ജിമ്മി നീഷം
മിച്ചൽ സാന്റ്നർ
കോളിൻ മൺറോ

English Summary: Team Analysis of New Zealand Cricket Team for ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA