sections
MORE

ഏകദിനത്തിൽ ഒരു ടീമിന് 500 റൺസ്; ഈ ലോകകപ്പിൽ അതു സംഭവിക്കുമോ?

england-players
പാക്കിസ്ഥാനെതിരായ മൽസരത്തിനിടെ ഇംഗ്ലണ്ട് താരങ്ങൾ.
SHARE

ബാറ്റ്സ്മാൻമാർക്കു കൈത്തരിപ്പ്, ബോളർമാർക്കു നെഞ്ചിടിപ്പ്; ഈ ലോകകപ്പിന്റെ ഏറ്റവും നല്ല പരസ്യവാചകം ഇതാകും. വെടിക്കെട്ട് ബാറ്റിങ്ങിന്റെ പൊടിപൂരമാകും ഈ ലോകകപ്പെന്നാണ് വീണ്ടും വീണ്ടും വ്യക്തമാകുന്ന സൂചനകൾ. ടൂർണമെന്റിനു മുന്നോടിയായി നടക്കുന്ന ഇംഗ്ലണ്ട്–പാക്കിസ്ഥാൻ ഏകദിന പരമ്പരയിലെ രണ്ടു കളികളിൽ മാത്രം ഇരു ടീമുകളും കൂടി 1448 റൺസ് അടിച്ചുകൂട്ടിക്കഴിഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് കഴിഞ്ഞ ജൂണിൽ ഇംഗ്ലണ്ട് കുറിച്ച 481 റൺസ് ആണ് ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ. ട്രെന്റ്ബ്രിജിലായിരുന്നു ആ അഴി‍ഞ്ഞാട്ടം. പവർ ഹിറ്റർമാരടങ്ങുന്ന അതിശക്തരായ ബാറ്റിങ് ടീമുകൾ താരതമ്യേന ദുർബലരായ ടീമുകളെ നേരിടുന്ന കളികളും ലോകകപ്പിലുള്ളതിനാൽ 500 റൺസെന്ന മാന്ത്രികസംഖ്യയുടെ പിറവി ക്രിക്കറ്റിന്റെ ജന്മനാടു കൂടിയായ ഇംഗ്ലണ്ടിൽ തന്നെയാകാൻ സാധ്യതയേറെ.

∙ പിടി കൊടുക്കാത്ത ഹിറ്റിങ്

വമ്പനടിക്കാർ പലർ ഒരു ടീമിലുണ്ടാകുമ്പോഴാണ് കൂറ്റൻ സ്കോറുകൾ ഏറെയും പിറക്കുന്നത്. പാക്കിസ്ഥാനെതിരെ രണ്ടാം ഏകദിനത്തിൽ ഇംഗ്ലിഷ് കീപ്പർ ജോസ് ബട്‌ലർ ട്വന്റി20 ശൈലിയിലാണ് കത്തിക്കയറിയത്. 55 പന്തിൽ 110 റൺസ്. മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ ആ റോൾ ഏറ്റെടുത്തു. 93 പന്തിൽ 128 റൺസ്.

പാക്കിസ്ഥാനു വേണ്ടി ഓപ്പണർമാരായ ഫഖർ സമാൻ, ഇമാമുൽ ഹഖ് എന്നിവരും അടിച്ചു തകർത്തു. ആന്ദ്രെ റസ്സൽ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പർ പവർ ഹിറ്റർമാരും രോഹിത് ശർമയെയും മാർട്ടിൻ ഗപ്ടിലിനെയും പോലുള്ള ഡബിൾ സെഞ്ചുറി സ്പെഷലിസ്റ്റുകളും കൂടി ലോകകപ്പിനെത്തുമ്പോൾ പിന്നെ കാര്യം പറയേണ്ടതുമില്ല.

∙ സ്ട്രൈക്ക്  ബോളിങ്

പവർഹിറ്റർമാർ ഉർത്തുന്ന ഭീഷണി ചെറുക്കാൻ മറുതന്ത്രങ്ങൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. അഞ്ചു തവണ ലോകകിരീടം നേടിയ പാരമ്പര്യമുള്ള ഓസ്ട്രേലിയയും കന്നിക്കിരീടം മോഹിച്ചു വരുന്ന ദക്ഷിണാഫ്രിക്കയുമാണ് വമ്പനടിക്കാരെ പൂട്ടാനുള്ള തന്ത്രങ്ങൾ ഒരുക്കുന്നവരുടെ മുൻനിരയിൽ. 

ബിഗ് ഹിറ്റിങ്ങിന് ചുട്ട മറുപടി സ്ട്രൈക്ക് ബോളിങ് ആണെന്നാണ് ടീം ഓസീസിന്റെ വിലയിരുത്തൽ. പവർപ്ലേകളിലെ അതിവേഗ സ്കോറിങ്ങിനെയല്ല ടീമുകൾ ഭയപ്പെടുന്നത്. എതിരാളികൾ വൻ സ്കോറിലേക്കു കുതിക്കുന്നതു മധ്യ ഓവറുകളിലും നിരന്തരം തുടരുന്ന ഹിറ്റിങ്ങിലൂടെയാണ്.

പുതിയ തന്ത്രത്തിന്റെ ഭാഗമായി ഓസീസിന്റെ പ്രധാന സ്ട്രൈക്ക് ബോളർമാരായ മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ആദ്യ പത്ത് ഓവറുകളിലെ പവർ പ്ലേക്കു പകരം മധ്യ ഓവറുകളി‍ൽ ഉപയോഗിക്കാനാണ് ആലോചന. വിക്കറ്റുകൾ വീഴ്ത്താൻ ശേഷിയുള്ള ലെഗ്സ്പിന്നർ ആദം സാപയുടെ മികവും പവർ ഹിറ്റിങ്ങിനു ബ്രേക്കിടാൻ സഹായിക്കുമെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു.പ്രധാന ബോളറായ റബാദയെ ഓസ്ട്രേലിയൻ മാതൃകയിൽ മധ്യഓവറുകളിൽ ഉപയോഗിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കും പദ്ധതിയുണ്ട്.

∙ ഇന്ത്യയുടെ മിശ്രമാർഗം

മധ്യഓവറുകളി‍ൽ നിർണായക വിക്കറ്റുകൾ വീഴ്ത്തുന്ന സ്പിൻ മികവാണ് ഇന്ത്യയുടെ കരുത്ത്. യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും രവീന്ദ്ര ജ‍ഡേജയും സമീപകാലത്ത് ഈ റോളുകൾ ഭംഗിയാക്കിയിട്ടുമുണ്ട്. എന്നാൽ, മുഖ്യ സ്ട്രൈക്ക് ബോളറായ ജസ്പ്രിത് ബുമ്രയെ വ്യത്യസ്ത ഘട്ടങ്ങളിൽ ഉപയോഗിക്കാനും ഇന്ത്യൻ നായകൻ മടി കാട്ടാറില്ല.

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുടക്കത്തിൽ പേസ് ബോളിങ്, മധ്യ ഓവറുകളിൽ സ്പിന്നർമാർ, ഡെത്ത് ഓവറുകളിൽ വീണ്ടും പേസ് എന്ന പരമ്പരാഗത മാതൃക പിന്തുടരുന്നവരാണ്. അതേസമയം, അഫ്ഗാനിസ്ഥാന്റെ സ്പിന്നർമാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും പവർപ്ലേ ഓവറുകളിലും മികവു കാട്ടാറുണ്ട്.

∙ ഉയർന്ന 10 ടീം സ്കോറുകൾ

(ടീം, സ്കോർ, എതിരാളി, തീയതി)

ഇംഗ്ലണ്ട് – 481ന് 6 – ഓസീസ് – 19–06–18

ഇംഗ്ലണ്ട് – 373ന് 3 – പാക്ക് – 11–05–19

പാക്കിസ്ഥാൻ – 361ന് 7 – ഇംഗ്ലണ്ട് – 11–05–19

ഇംഗ്ലണ്ട് – 359ന് 4 – പാക്ക് – 14–05–19

പാക്കിസ്ഥാൻ – 358ന് 9 – ഇംഗ്ലണ്ട് – 15–05–19

ഇംഗ്ലണ്ട് – 342ന് 8 – ഓസീസ് – 16–06–18

ഇംഗ്ലണ്ട് – 322ന് 7 – ഇന്ത്യ – 14–07–18

ഇംഗ്ലണ്ട് – 314ന് 4 – ഓസീസ് – 21–06–18

ഓസീസ് – 310ന് 8 – ഇംഗ്ലണ്ട് – 21–06–18

ഓസീസ്  – 304 – ഇംഗ്ലണ്ട് – 16–06–18

English Summary: Will Any Team Score Above 500 Runs in A Single Match in ODI For First Time in ICC World Cup 2019?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA