sections
MORE

നഴ്സുണ്ട്, ലയണുണ്ട്, ബോൾട്ടുണ്ട്, ടെയ്‌ലറുണ്ട്...; ഇതു ഫുൾ ജോർ സ്ക്വാഡാ..!

butler-lungi-nurse
ജോസ് ബട്‌ലർ, ലുങ്കി എൻഗിഡി, ആഷ്‌ലി നഷ്‌സ് എന്നിവരുടെ കാരിക്കേച്ചർ.
SHARE

ഇംഗ്ലിഷ് ക്രിക്കറ്റിന്റെ തലതൊട്ടപ്പനായ ഡബ്ലിയു. ജി. ഗ്രേസ് ഒരു ഡോക്ടറായിരുന്നു. പക്ഷേ ക്രിക്കറ്റ് ചരിത്രത്തിൽ തനിക്കു കൂട്ടായി ഒരു നഴ്സിനെ കിട്ടാൻ ഗ്രേസിന് ഒരു നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. വെസ്റ്റ് ഇൻഡീസിനായി 29 ടെസ്റ്റ് മത്സരങ്ങൾ‌ കളിച്ച സെയ്മോർ നഴ്സ്. കഴിഞ്ഞ മാസമാണ് നഴ്സ് ജീവിതത്തോടു വിടപറഞ്ഞത്. സാരമില്ല, അപ്പോഴേക്കും മറ്റൊരു നഴ്സ് വിൻഡീസ് ക്രിക്കറ്റിൽ വരവറിയിച്ചിരുന്നു. ലോകകപ്പ് കളിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമിലുള്ള ആഷ്‌ലി നഴ്സ്.

ഡോക്ടറും നഴ്സും മാത്രമല്ല, കുക്കും സ്മിത്തുമെല്ലാം ക്രിക്കറ്റിലുണ്ട്. ഇത്തവണ ലോകകപ്പിൽ ഇങ്ങനെ രസകരമായ പേരുള്ളവരെ ഒരുമിച്ചു കൂട്ടിയാൽ ഒരു ‘ഫുൾ ജോർ സ്ക്വാഡാ’യി! 

∙ കുക്കറി ഷോ

പേരുകളുടെ ഫൈവ്സ്റ്റാർ ഹോട്ടലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ബെല്ലും കുക്കുമെല്ലാം വിരമിച്ചെങ്കിലും ഇപ്പോഴും ഒരു പഞ്ഞവുമില്ല. ബാറ്റ്സ്മാൻമാരെ കശാപ്പു ചെയ്യുന്ന ജോഫ്ര ‘ആർച്ചർ’, സ്വാദിഷ്ടമായ വെടിക്കെട്ട് ഇന്നിങ്സുകൾ പാകം ചെയ്യുന്ന ജോസ് ‘ബട്‌ലർ’, ഇന്നിങ്സിന് അടിവേരിടുന്ന ജോ ‘റൂട്ട്’, അടുപ്പിൽ തീയെരിയാൻ മാർക് ‘വുഡ്’– ഇംഗ്ലണ്ടുകാർക്ക് വേണമെങ്കിൽ ഒരു കുക്കറി ഷോ നടത്താം. 

jos-butler

പേരിൽ ഇംഗ്ലണ്ടിനൊപ്പമെത്തും വിൻഡീസ്. ഉടക്കി നിൽക്കുന്ന എല്ലാ സൂപ്പർ താരങ്ങളെയും ചേർത്തു പിടിക്കുന്ന ജെയ്സൻ ‘ഹോൾഡറാ’ണ് അവരുടെ ക്യാപ്റ്റൻ. ടീമിനു പ്രതീക്ഷയായി ഷായ് ‘ഹോപ്പുണ്ട്’. പിന്നെ നേരത്തെ പറഞ്ഞ നഴ്സും. 

∙ ഏതാ ഈ ദാസൻ?

ദക്ഷിണാഫ്രിക്കൻ ടീമിലെ ഒരാളുടെ പേരു കേട്ടാൽ നമ്മൾ അറിയാതെ ചോദിച്ചു പോകും; ഏതാ ഈ ദാസൻ? റാസീ വാൻ ഡർ ദസ്സനാണ് കക്ഷി. ഇന്ത്യാക്കാർക്ക് ഇഷ്ടം തോന്നുന്ന പേരുകാർ ഇനിയും ദക്ഷിണാഫ്രിക്കൻ ടീമിലുണ്ട്. ലുങ്ങി എൻഗിഡി ഐപിഎല്ലിൽ ചെന്നൈ ടീമിൽ കളിച്ചപ്പോൾ ‘ലുങ്കി’ എന്നാണ് ആരാധകർ വിളിച്ചത്.

hashim-amla

ഓപ്പണർ ഹാഷിം ‘അംല’ ഹിന്ദിക്കാരനായിരുന്നെങ്കിൽ ‘നെല്ലിക്ക’ എന്നു മലയാളികൾ വിളിച്ചേനെ. അംലയ്ക്ക് അറിഞ്ഞിട്ട പേരാണോ അതെന്നു തോന്നിപ്പോകും കളി കണ്ടാൽ: ആദ്യം ചവർക്കും, പിന്നെ മധുരിക്കും! 

∙ കുരുവിയും സിംഹവും

കുരുവി പറഞ്ഞത് സിംഹം അനുസരിക്കുന്ന ടീമേതെന്നതറിയാമോ..? ഓസ്ട്രേലിയ! അവരുടെ ക്യാപ്റ്റൻ ആരോൺ ‘ഫിഞ്ച്’ ആണ്. ടീമിലെ സ്പിന്നർമാരിലൊരാൾ നേഥൻ ‘ലയണും’. ഗ്ലെൻ മാക്സ്‌വെൽ സെഞ്ചുറിയടിച്ചാൽ തോളിൽ തട്ടി പറയാം– മാക്സ് വെൽഡൺ! സ്റ്റീവൻ ‘സ്മിത്തി’ന്റെ ബാറ്റിങ്ങു കണ്ടാൽ‌ പൊന്നുരുക്കിയെടുക്കുന്ന പോലെ തോന്നില്ലേ..?

glenn-maxwell

തൊട്ടാൽ പുതഞ്ഞു പോകുന്ന ഒരാളും ടീമിലുണ്ട്. ഷോൺ ‘മാർഷ്’. ചതുപ്പുനിലം എന്നർഥം. അയൽക്കാരായ ന്യൂസീലൻഡും ഒട്ടും മോശമല്ല. എതിർ ബാറ്റ്സ്മാൻമാരുടെ നട്ടും ബോൾട്ടുമിളക്കാൻ അവർക്ക് ട്രെന്റ് ബോൾട്ടുണ്ട്. ഇന്നിങ്സ് തുന്നിയെടുക്കാൻ റോസ് ‘ടെയ്‌ലറും’. 

∙ പേരെന്താ, നാടോ?

ഊരും പേരും ചോദിച്ചാൽ ഒരുത്തരം പറയുന്ന ഒരാൾ അഫ്ഗാനിസ്ഥാൻ ടീമിലുണ്ട്– അസ്ഗർ അഫ്ഗാൻ. മൂന്നു സാദ്രാൻമാരും അവരുടെ ടീമിലുണ്ട്– നൂർ അലി, മുജീബുർ റഹ്മാൻ, ദൗലത്ത്. മുജീബിന്റെ അമ്മാവനാണ് നൂർ എന്ന കൗതുകവുമുണ്ട്. പ്രവാചകനായ ‘മുഹമ്മദ് നബി’യുടെ അതേ പേരാണ് അവരുടെ മുൻ ക്യാപ്റ്റൻ. പെരുന്നാൾ ദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ നാലു വിക്കറ്റോടെ നബി തിളങ്ങിയെങ്കിലും അഫ്ഗാന് ‘നബി ദിനം’ പോലെ ആഘോഷിക്കാനായില്ല.

muhammed-nabi-wicket-celebration-vs-srilanka

ലങ്കൻ ടീമിലുമുണ്ട് ഒരേ പേരുള്ള രണ്ടു പേർ. കുശാൽ മെൻഡിസും കുശാൽ പെരേരയും. പക്ഷേ കാര്യങ്ങൾ കുശാലാവണമെങ്കിൽ അവർ ഉറ്റു നോക്കുന്നത് മറ്റൊരാളെയാണ്– മാലാഖയെപ്പോലെ പലപ്പോഴും രക്ഷകനാവാറുള്ള ഏയ്ഞ്ചലോ മാത്യൂസ്! 

English Summary: Curious Names of Cricket Players in ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA