sections
MORE

നാളെ ഇന്ത്യ X കിവീസ് (മഴ പെയ്തില്ലെങ്കിൽ); മത്സരവേദിയിൽ യെലോ അലർട്ട്!

174248408
ശ്രീലങ്ക–ബംഗ്ലദേശ് മൽസരം നടക്കേണ്ടിയിരുന്ന ബ്രിസ്റ്റളിലെ സ്റ്റേഡിയം.
SHARE

ലണ്ടൻ ∙ കാലം തെറ്റി പെയ്യുന്ന കനത്ത മഴ ലോകകപ്പിനു ഭീഷണി. വ്യാഴാഴ്ച ട്രെന്റ് ബ്രിജിൽ നടക്കുന്ന ഇന്ത്യ–ന്യൂസീലൻഡ് പോരാട്ടം ഉൾപ്പെടെ ഈയാഴ്ചത്തെ പല കളികളും മഴ തടസ്സപ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ലോകകപ്പിൽ ഇതുവരെ 3 കളികൾ പൂർണമായും ഒരു കളി ഭാഗികമായും മഴ മൂലം തടസ്സപ്പെട്ടിട്ടുണ്ട്.

‌ന്യൂനമർദത്തെത്തുടർന്ന് ബ്രിട്ടന്റെ ദക്ഷിണ, ഉത്തരമേഖലകളിൽ 2 ദിവസമായി പെയ്യുന്ന മഴ വാരാന്ത്യം വരെ തടരുമെന്നാണ് സൂചന. ഇന്നലത്തെ ബംഗ്ലദേശ് – ശ്രീലങ്ക മത്സരത്തിനു പുറമേ, കഴിഞ്ഞ ഏഴിന് പാക്കിസ്ഥാൻ– ശ്രീലങ്ക കളിയും 10ന് ദക്ഷിണാഫിക്ക– വെസ്റ്റിൻഡീസ് മത്സരവും ഉപേക്ഷിച്ചു. 4നു നടന്ന ശ്രീലങ്ക–അഫ്ഗാനിസ്ഥാൻ മത്സരത്തിന്റെ ഓവറുകൾ വെട്ടിച്ചുരുക്കേണ്ടി വന്നു.

ട്രെന്റ്ബ്രിജ് സ്റ്റേഡിയം ഉൾപ്പെടുന്ന നോട്ടിങ്ങാം മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബർമിങ്ങാം, പീറ്റർബറോ, ന്യൂകാസിൽ മേഖലകളിലും മുന്നറിയിപ്പു നിലവിലുണ്ട്. ചില പ്രദേശങ്ങളിൽ ആഴ്ചകൾ കൊണ്ടു പെയ്യേണ്ട മഴ രണ്ടോ മൂന്നോ ദിവസത്തിനകം ലഭിക്കുമെന്നും കാലാവസഥ ഓഫിസ് അറിയിച്ചു. ഇതൂമൂലം വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായേക്കാം.

∙ മഴഭീഷണി ഇങ്ങനെ 

∙ ഇന്ന്: ഓസീസ്– പാക്ക് മത്സരം, ടോണ്ടൻ

മത്സരം ആരംഭിക്കുന്ന പ്രാദേശിക സമയം രാവിലെ പത്തരയ്ക്ക് മഴ പെയ്യാൻ 50% സാധ്യത. ഉച്ചയോടെ കൂടുതൽ മഴയെത്തുമെങ്കിലും വൈകുന്നേരത്തോടെ തെളിയും. ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിനു സാധ്യത. 

∙ നാളെ: ഇന്ത്യ–കിവീസ്, നോട്ടിങ്ങാം

ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കാനായി യെലോ വാണിങ് പുറപ്പെടുവിച്ചിട്ടുണ്ട്. 

∙ വെള്ളി: ഇംഗ്ലണ്ട്–വിൻഡീസ്, സതാംപ്ടൻ

താരതമ്യേന ഭേദമാണ് സ്ഥിതി. കളി തുടങ്ങുമ്പോൾ മഴയ്ക്കു 10% സാധ്യതയേ ഉള്ളൂ. ഉച്ചയോടെ വീണ്ടും മഴയ്ക്കു കളമൊരുങ്ങുമെങ്കിലും പിന്നീട് മേഘങ്ങൾ അകലുമെന്നാണ് സൂചന. 

∙ ഇടിയോടു കൂടിയ മഴയ്ക്കും സാധ്യത

ഇംഗ്ലണ്ടിന്റെ ദക്ഷിണ, ഉത്തര മേഖലകളിൽ കനത്ത മഴയ്ക്കു കാരണം മധ്യ യൂറോപ്പിൽ അനുഭവപ്പെടുന്ന കനത്ത ചൂടും ദക്ഷിണ ഭാഗത്തു നിന്ന് ബ്രിട്ടനിലേക്കു നീങ്ങുന്ന ന്യൂനമർദവും. ന്യൂനമർദം അടുക്കുമ്പോൾ കരയിലെ ചൂടുകാറ്റുമായി ചേരും. ഇതു മഴമേഘങ്ങൾ രൂപപ്പെടാനും ഇടിയോടു കൂടിയ കനത്ത മഴയ്ക്കും വഴിയൊരുക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 

∙ ഇങ്ങനെയൊക്കെ പെയ്യാമോ?

പന്ത്രണ്ടാം ലോകകപ്പിന്റെ നടത്തിപ്പു തന്നെ മഴയിൽ ഒലിച്ചുപോകുന്ന അവസ്ഥ. ഇംഗ്ലണ്ടിൽ വേനലാണ് ഇപ്പോൾ. ഇവിടെ എല്ലാ കാലത്തും മഴ പെയ്യാറുണ്ടെങ്കിലും ഇത്തവണ ലോകകപ്പ് കാലത്ത് പൊതുവേ വരണ്ട കാലാവസ്ഥ എന്നായിരുന്നു പ്രവചനം. മഴ പെയ്താൽത്തന്നെ കളി മുടങ്ങിപ്പോകുമെന്ന് കരുതിയതുമില്ല.

പക്ഷേ, ന്യൂനമർദത്തിന്റെ വരവോടെയാണ് കണക്കുകൂട്ടലുകൾ പിഴച്ചത്. ജയസാധ്യതയുള്ള കളികളിൽ പോയിന്റു പങ്കുവയ്ക്കേണ്ടതിന്റെ സങ്കടത്തിലാണ് ശക്തരായ ടീമുകൾ. അതേ സമയം, ദുർബല ടീമുകൾക്ക് ഉപേക്ഷിക്കപ്പെട്ട കളികളിൽ ഒരു പോയിന്റു വീതം ലഭിച്ചതിന്റെ സന്തോഷവുമുണ്ട്. മഴമൂലം പോയിന്റുകൾ നഷ്ടപ്പെട്ടതു വിനയാകുമോ എന്ന ആശങ്കയും ബാക്കിയാണ്. 

English Summary: India - New Zealand Match in ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA