ഇന്ത്യയ്ക്ക് തിരിച്ചടിയായി ശിഖർ ധവാന്റെ പരുക്ക്; മൂന്ന് ആഴ്ചത്തേക്ക് പുറത്ത്

shikhar-dhawan-1
SHARE

മുംബൈ∙ ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റു പുറത്ത്. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിനിടെ കൈവിരലിനേറ്റ പരുക്കാണ് തിരിച്ചടിയായത്. ഓസീസ് താരം പാറ്റ് കമ്മിൻസിന്റെ ബൗൺസർ പതിച്ചാണ് ധവാനു പരുക്കേറ്റത്. വിരലിന് പൊട്ടലുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായ സാഹചര്യത്തിൽ കുറഞ്ഞത് മൂന്ന് ആഴ്ചത്തേക്ക് ധവാന് കളത്തിലിറങ്ങാനാകില്ലെന്നാണ് വിവരം. അതേസമയം, ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല.

ഐസിസി ടൂർണമെന്റുകളിൽ മികച്ച റെക്കോർഡുള്ള ധവാന്റെ പരുക്ക് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിൽ സെഞ്ചുറി നേടിയ ധവാൻ ഫോം തെളിയിച്ചതിനു പിന്നാലെയാണ് നിരാശാജനകമായ ഈ വാർത്ത വരുന്നത്. ഓസീസിനെതിരെ ഓവലിൽ 109 പന്തിൽ 117 റൺ‌സ് നേടിയ ധവാനാണ് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയതും ധവാനായിരുന്നു.

ഓസീസിനെതിരെ ബാറ്റു ചെയ്യുമ്പോൾ പരുക്കേറ്റ ധവാൻ, വേദന സഹിച്ചും ബാറ്റു ചെയ്ത് സെഞ്ചുറിയുമായാണ് തിരികെ കയറിയത്. അതേസമയം, ഓസീസ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ധവാൻ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. പകരം രവീന്ദ്ര ജഡേജയാണ് ഫീൽഡിങ്ങിനെത്തിയത്. മൽസരത്തിനുശേഷം നടത്തിയ വിശദമായ സ്കാനിങ്ങിലാണ് കൈവിരലിനു പൊട്ടലുണ്ടെന്ന് തെളിഞ്ഞത്. ഇതോടെ മൂന്ന് ആഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ധവാൻ ശേഷിക്കുന്ന മൽസരങ്ങളിൽനിന്നു പുറത്തായാൽ ബിസിസിഐ പകരക്കാരനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കും. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയവർക്കാണ് മുൻതൂക്കം. 

ഈ സാഹചര്യത്തിൽ ഈ മാസം നടക്കേണ്ട ലോകകപ്പ് മൽസരങ്ങളെല്ലാം ധവാനു നഷ്ടമാകുമെന്ന് ഉറപ്പായി. ന്യൂസീലൻഡിനെതിരെ വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മൽസരം. അതിനു പിന്നാലെ വരുന്ന പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ്, ഇംഗ്ലണ്ട് മൽസരങ്ങളെല്ലാം ധവാനു നഷ്ടമാകും.

English Summary: Indian Opener Shikhar Dhawan Ruled Out Of World Cup With Injury, Setback for India.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA