sections
MORE

ഇനി ‘പരീക്ഷണ കാലം’; മുൻനിരയിലും മധ്യനിരയിലും മാറ്റത്തിന് ‍കോലിയും സംഘവും

vijay-shankar-dinesh-karthik
വിജയ് ശങ്കറും ദിനേഷ് കാർത്തിക്കും പരിശീലനത്തിൽ.
SHARE

പാറ്റ് കമ്മിൻസിന്റെ ബൗൺസർ ഏൽപിച്ച ആഘാതത്തിൽ ആടിയുലയുകയാണ് ഇന്ത്യയുടെ ബാറ്റിങ് നിര. ഇടതുകയ്യിലെ തള്ളവിരലിൽ പരുക്കേറ്റ് ഓപ്പണർ ശിഖർ ധവാൻ പുറത്തായതോടെ, നാളെ ട്രെന്റ്ബ്രിജിൽ ന്യൂസീലൻഡിനെതിരെ മുൻനിരയിലും മധ്യനിരയിലും മാറ്റങ്ങൾ വരുത്താതെ ഇന്ത്യയ്ക്കു നിർവാഹമില്ല. രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ധോണി, രാഹുൽ, കേദാർ ജാദവ് എന്ന ക്രമത്തിലായിരുന്നു കഴിഞ്ഞ മത്സരത്തിൽ ബാറ്റിങ് നിര. നാളെ ഇതിൽ കാര്യമായ മാറ്റം വന്നേക്കാം. 

∙ നമ്പർ 2

രോഹിത് ശർമ കഴിഞ്ഞാൽ മുൻനിരയിലെ രണ്ടാമനായ ധവാനു പകരക്കാരനായി ഓപ്പണർ സ്ഥാനത്തു കെ.എൽ. രാഹുൽ ഇറങ്ങിയേക്കും. നാലാം നമ്പറിൽ രാഹുലിന്റെ പ്രകടനം വിജയകരമാണെങ്കിലും 15 അംഗ ടീമിൽ വേറെ ഓപ്പണർ ഇല്ലാത്തതിനാൽ മറ്റൊരു വഴിയില്ല 

∙ നമ്പർ 4

‌മൂന്നാം നമ്പറിൽ ക്യാപ്റ്റൻ വിരാട് കോലി തന്നെയെന്നതിൽ സംശയമില്ല. രാഹുൽ ഓപ്പണിങ് സ്ഥാനത്തേക്കു മാറിയാൽ നാലാം നമ്പറിൽ പുതിയ ആൾ വേണം. ഒന്നും രണ്ടുമല്ല 5 സാധ്യതകളാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. നാലാം നമ്പറിൽ ആരു കളിക്കുമെന്നതിനെ ആശ്രയിച്ചാകും തുടർന്നുള്ള ബാറ്റിങ് സ്ഥാനങ്ങളും തീരുമാനിക്കപ്പെടുക. 

എം.എസ്. ധോണി: തുടക്കത്തിൽ ഇന്ത്യയ്ക്കു വിക്കറ്റുകൾ നഷ്ടപ്പെട്ടാൽ ധോണിയെ നാലാം നമ്പറിൽ ഇറക്കി പിടിച്ചു നിൽക്കാനായിരിക്കും ശ്രമം. 

ഹാർദിക് പാണ്ഡ്യ: ഓസീസിനെതിരെ നാലാം നമ്പറിൽ ഇറങ്ങിയ പാണ്ഡ്യയുടെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. മികച്ച തുടക്കം കിട്ടിയാൽ ഇതേ തന്ത്രം വീണ്ടും പയറ്റാൻ സാധ്യതയുണ്ട്.

വിജയ് ശങ്കർ: നാലാം നമ്പർ സ്ഥാനത്തേക്കു സിലക്ടർമാർ കണ്ടെത്തിയ വിജയ് ശങ്കർ കഴിഞ്ഞ രണ്ടു കളികളിലും ഇടം നേടിയില്ല. ന്യൂസീലൻഡിനെതിരെ ഈ വർഷം ആദ്യം മധ്യനിരയിൽ കളിച്ച പരിചയവും ശങ്കറിനുണ്ട്.

ദിനേഷ് കാർത്തിക്: ധവാനു പകരം ടീമിൽ ഇടം നേടാൻ ഏറ്റവും സാധ്യതയുള്ള ഒരു താരം കാർത്തിക്കാണ്. ബാറ്റ്സ്മാൻ എന്ന നിലയിൽ കരുത്തു തെളിയിച്ചിട്ടുള്ള കാർത്തിക് മികച്ച ഫിനിഷർ കൂടിയാണ്. 

നമ്പർ 8

ധവാൻ പുറത്തായ സാഹചര്യത്തിൽ ഒരു ഓൾറൗണ്ടറെക്കൂടി ഉൾപ്പെടുത്തി ബാറ്റിങ് ശക്തമാക്കണമെന്നു തീരുമാനിച്ചാൽ 2 റിസ്റ്റ് സ്പിന്നർമാരിൽ ഒരാൾ പുറത്തിരിക്കേണ്ടി വരും. ഫോം പരിഗണിച്ചാൽ യുസ്‌വേന്ദ്ര ചെഹൽ ടീമിൽ തുടരാനും കുൽദീപ് യാദവ് പുറത്താകാനും സാധ്യതയുണ്ട്. പകരം എട്ടാം നമ്പർ സ്ഥാനത്ത് വിജയ് ശങ്കറോ രവീന്ദ്ര ജഡേജയോ വന്നേക്കാം.

English Summary: Indian Team to reshuffle batting line up in the match vs New Zealand in ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA