sections
MORE

ഒടുവിൽ പന്തിന് അവസരം; ധവാനു ‘കവർ’ ആയി ഉടൻ ടീമിനൊപ്പം ചേരും

rishabh-pant
SHARE

നോട്ടിങ്ങാം ∙ ഓപ്പണർ ശിഖർ ധവാനു പരുക്കേറ്റ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക്. ധവാന്റെ പരുക്കു ഭേദമാകാതെ വന്നാൽ പകരം പന്തിനെ 15 അംഗ ടീമിൽ ഉൾപ്പെടുത്തും. ഓസ്ട്രേലിയയ്ക്കെതിരെ ഞായറാഴ്ച നടന്ന മത്സരത്തിനിടെ ഇടതു കയ്യിലെ പെരുവിരലിനു പരുക്കേറ്റ ധവാന്റെ നില ബിസിസിഐ മെഡിക്കൽ സംഘം നിരീക്ഷിച്ചു വരികയാണ്. ഇന്ത്യയുടെ അടുത്ത മുന്നു കളികളിൽ ധവാൻ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ഇന്ന് ന്യൂസീലൻഡിനെതിരെ ഇറങ്ങുന്ന ടീമിനൊപ്പം പന്ത് ചേരില്ല. പാക്കിസ്ഥാനെതിരെ 16നു നടക്കുന്ന കളിക്കു മുൻപ് താരം മാഞ്ചസ്റ്ററിൽ ഇന്ത്യൻ സംഘത്തിന്റെ ഭാഗമാകും.

ഓപ്പണറായി ധവാനു പകരമെത്തുന്ന കെ. എൽ. രാഹുൽ ഉത്തരവാദിത്തം ഭംഗിയാക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. രാഹുലിനെ ആദ്യം 15 അംഗ ടീമിൽ ഉൾപ്പെടുത്തിയതും ഓപ്പണർമാരുടെ പകരക്കാരനായാണ്. പക്ഷേ, അവസാന നിമിഷം രാഹുലിനെ നാലാം നമ്പറിൽ സ്ഥിരപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആവശ്യമെങ്കിൽ നാലാം നമ്പറിലും കളിക്കാൻ കഴിയുന്ന പന്തിനെ ഇംഗ്ലണ്ടിലക്കു വിളിച്ചുവരുത്തിയത്.

നിലവിൽ ധവാൻ മാത്രമാണ് ബാറ്റിങ് നിരയിലെ ഏക ഇടംകയ്യൻ ബാറ്റ്സ്മാൻ എന്നതും പകരക്കാരനായി പന്തിനെ പരിഗണിക്കാൻ കാരണമായി. ഓസ്ട്രേലിയയുടെ ലെഗ് സ്പിന്നിർ ആഡം സാംപയുടെ ബോളിങ്ങിനെ ധവാൻ അനായാസം നേരിട്ടതാണ് ആ കളിയിൽ നിർണായകമായ ഒരു ഘടകം.

∙ പന്ത് ധവാന് ‘കവർ’ ആകുന്നതെങ്ങനെ?

ഋഷഭ് പന്ത് നിലവിൽ ശിഖർ ധവാന് പകരക്കാരൻ (replacement) ആയിട്ടില്ല. അത്യാവശ്യം വന്നാൽ ഉപയോഗിക്കുന്ന രക്ഷാകവചം (cover) പോലെയാണ് പന്ത് ഇപ്പോൾ. ലോകകപ്പ് ടീമിൽനിന്ന് ധവാൻ പുറത്താകും വരെ ഇതാകും റോൾ. ധവാൻ കളിക്കാൻ പറ്റില്ലെന്ന് ഉറപ്പായില്ലെങ്കിൽ പന്തിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തും. അതിനായി ഐസിസിക്ക് പ്രത്യേകം അപേക്ഷ നൽകണം

ഫാസ്റ്റ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പിൽനിന്ന് പുറത്തായപ്പോൾ ബ്യൂറൻ ഹെൻഡ്രിക്സിനെ ദക്ഷിണാഫ്രിക്ക പകരക്കാരനായി ഉൾപ്പെടുത്തിയത് ഉദാഹരണം.

∙ പന്തിൽ പ്രതീക്ഷ

കഴിഞ്ഞ ഒക്ടോബറിൽ വെസ്റ്റിൻഡീസിനെതിരെ അരങ്ങേറിയ പന്ത് അഞ്ച് ഏകദിനങ്ങളിൽ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങി. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയിൽ ഈ വർഷം നടന്ന പരമ്പരയിലും ടീമിലുണ്ടായിരുന്നു. എന്നാൽ, ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തപ്പോൾ ദിനേഷ് കാർത്തിക്കിനെ രണ്ടാം വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്താനായിരുന്നു സിലക്‌ഷൻ കമ്മിറ്റിയുടെ തീരുമാനം. ലോകകപ്പിനിടെ എം.എസ്. ധോണിക്കു പരുക്കേൽക്കുന്ന സാഹചര്യമുണ്ടായാലേ പന്തിന് എന്തെങ്കിലും സാധ്യതയുള്ളൂ എന്നാണ് അന്ന് സിലക്‌ഷൻ കമ്മിറ്റി അധ്യക്ഷൻ എം.എസ്.കെ. പ്രസാദ് പറഞ്ഞത്.

അടുത്ത കാലത്ത് ഏറ്റവും പ്രതീക്ഷ നൽകിയ ഈ ഇരുപത്തൊന്നുകാരനെ 15 അംഗ ടീമിൽ ഉൾപ്പെടുത്താത്തത് വിവാദമായിരുന്നു. ഇംഗ്ലണ്ട്. ഓസ്ട്രേലിയ പര്യടനങ്ങളിൽ ടെസ്റ്റ് സെഞ്ചുറികൾ കുതിച്ച് താരോദയമായ പന്തിനെ ഒഴിവാക്കിയതിനെതിരെ ഒട്ടേറെ പേർ രംഗത്തെത്തിയിരുന്നു. ധവാന്റെ പരുക്കു ഭേദമാകാതെ വന്നാൽ പകരം പന്തിനെ ടീമിലെടുക്കണമെന്ന് സുനിൽ ഗാവസ്കർ അടക്കമുള്ളവർ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA