sections
MORE

60 ഓവറിൽ 36 റൺസ് നോട്ടൗട്ട്; നായകസ്ഥാനം പോയതിൽ ഗാവസ്കറിന്റെ പ്രതിഷേധം?

sunil-gavaskar-file-picture
സുനിൽ ഗാവസ്‌കർ (ഒരു പഴയകാല ചിത്രം)
SHARE

1975ലെ പ്രഥമ ലോകകപ്പു മുതൽ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ വിടാതെ പിന്തുടരുന്നൊരു ദയനീയ തോൽവിയുണ്ട്. ഇംഗ്ലണ്ടിനെതിരെ വഴങ്ങിയ 202 റണ്‍സിന്റെ കൂറ്റൻ തോൽവി. ഇന്ത്യയുടെ ലിറ്റിൽ മാസ്‌റ്റർ സുനിൽ മനോഹർ ഗാവസ്‌കറിന്റെ കുപ്രസിദ്ധമായ ‘ഒച്ചിഴയും വേഗ’ത്തിലുള്ള ഇന്നിങ്സാണ് അന്ന് ഇന്ത്യയെ വമ്പൻ തോൽവിയിലേക്കു തള്ളിവിട്ടത്. ഗാവസ്‌കറാകട്ടെ, ഇന്നും അന്നു സംഭവിച്ച പിഴവിന്റെ (?) കരിനിഴലിലാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ നെടുംതൂണായി ഏറെക്കാലം രാജ്യാന്തര ക്രിക്കറ്റിൽ ശോഭിച്ച ഗാവസ്കർ അന്ന് ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ ഓപ്പണറായിറങ്ങി അവസാനം വരെ പുറത്താകാതെ നിന്നു നേടിയത് വെറും 36 റൺസാണ്! അതും ഏകദിന ക്രിക്കറ്റ് 60 ഓവർ മൽസരമായിരുന്ന കാലത്ത്.

രാജ്യാന്തര ക്രിക്കറ്റിൽ ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിലാക്കി, ഇന്ത്യയുടെ ആദ്യ സൂപ്പർതാരമായി മാറിയ ഗാവസ്‌കറെ ഇങ്ങനെയൊരു ഇന്നിങ്സ് കളിക്കാൻ പ്രേരിപ്പിച്ചത് എന്താവും? അതിന്റെ കാരണം തേടുകയാണ് ക്രിക്കറ്റ് ലോകം ഇന്നും. വർഷങ്ങളോളം നീണ്ട തന്റെ ക്രിക്കറ്റ് കരിയറിൽ ഏതെങ്കിലും തീരുമാനം പുനഃപരിശോധിക്കാൻ അവസരം ലഭിച്ചാൽ ആദ്യം തിരുത്തുക പ്രഥമ ലോകകപ്പിലെ ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിങ്‌സിലുടനീളം ബാറ്റു ചെയ്യുകയും വെറും 36 റൺസ് മാത്രം സംഭാവന ചെയ്യുകയും ചെയ്‌ത ആ ഇന്നിങ്‌സ് ആയിരിക്കുമെന്ന് ഗാവസ്‌കർ പല തവണ പറഞ്ഞുകഴിഞ്ഞു.

∙ 60 ഓവർ 174 പന്ത്, 36 റൺസ്!

1975 ജൂൺ 7. വേദി ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സ്. ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് 60 ഓവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 334 റൺസെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 132 റൺസിൽ അവസാനിച്ചു. 60 ഓവറും ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് ആകെ നഷ്ടമായത് മൂന്നു വിക്കറ്റ് മാത്രം! ഓപ്പണറായിറങ്ങി ഇന്നിങ്‌സിലുടനീളം ബാറ്റു ചെയ്‌ത്, 174 പന്തുകൾ നേരിട്ട സുനിൽ ഗാവസ്‌കർ ആകെ നേടിയത് 36 റൺസ്. അതിലുള്ളത് ഒരേയൊരു ബൗണ്ടറി. ഫലമോ, ഇന്ത്യയ്‌ക്ക് 202 റൺസിന്റെ കൂറ്റൻ തോൽവി. 40 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കനത്ത തോൽവി. 

ഇന്ത്യൻ തോൽവിയുടെ പ്രധാന കാരണം ലിറ്റിൽ മാസ്‌റ്ററുടെ ഈ മെല്ലെപ്പോക്കായിരുന്നു. ഒച്ചിഴയുന്ന വേഗത്തിലുളള ഈ പ്രകടനത്തിന് ഗാവസ്‌കർക്ക് നേരെ ഏറെ വിമർശനം ഉയർന്നു. കാണികളുടെ കൂക്കുവിളികളും കുപ്പിയേറും ലിറ്റിൽ മാസ്‌റ്ററെ പിന്തിരിപ്പിച്ചില്ല. ആരാധകരിൽ ഒരാൾ മൈതാനത്തിറങ്ങി കളി തടസപ്പെടുത്തുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി. അന്ന് ഗാവസ്‌കറിനൊപ്പം ബാറ്റു ചെയ്‌ത അൻഷുമാൻ ഗെയ്‌ക്ക്‌വാദിനു പോലും ഗാവസ്‌കർ എന്താണ് ചെയ്യുന്നതെന്ന് പിടികിട്ടിയില്ല. ടീമിൽ പുതുമുഖമായിരുന്ന ഗെയ്‌ക്ക്‌വാദിന് ഗാവ്‌സകറോട് തന്റെ നീരസം പ്രകടിപ്പിക്കാൻ ധൈര്യവുമുണ്ടായില്ല. 

∙ ന്യായീകരണം ഇങ്ങനെ

174 പന്തുകൾ നേരിട്ട് വെറും 36 റൺസുമാത്രം നേടിയ പ്രകടനത്തെക്കുറിച്ച് ഗാവസ്‌കർ നൽകിയ ന്യായീകരണം ഏറെക്കാലം ചർച്ച ചെയ്യപ്പെട്ടു: ‘ഞാൻ അൽപം ബാറ്റിങ് പ്രാക്‌ടീസ് നടത്തുകയായിരുന്നു. കാണികളുടെ കൂക്കുവിളികൾ എന്നെ അലോസരപ്പെടുത്തി. അടിച്ചു തകർക്കണമെന്ന് പലപ്പോഴും വിചാരിച്ചതാണ്. പക്ഷേ പന്ത് അടുത്തുവരുമ്പോൾ മനസ്സ് നാണിച്ചുപോയി. ഒരോ പ്രാവശ്യവും പന്ത് മുമ്പിൽ വരുമ്പോൾ അറിയാതെ പ്രതിരോധ ഷോട്ടിന് ബാറ്റ് നീങ്ങുകയായിരുന്നു’! 

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മോശമായ തീരുമാനങ്ങളിലൊന്നായിട്ടാണ് ഗാവസ്‌കർ ഈ സംഭവത്തെ പല അഭിമുഖങ്ങളിലും വിശദീകരിച്ചത്. ‘സണ്ണി ഡെയ്സ്’ എന്ന ആത്മകഥയിൽ ഇങ്ങനെ പറയുന്നു: ‘അറിഞ്ഞുകൊണ്ടുതന്നെ ഔട്ടാകാൻ പല തവണ ശ്രമിച്ചതാണ്, നടന്നില്ല. മൂന്നു ക്യാച്ചുകൾ എതിരാളികൾ കൈവിട്ടു. കാണികളുടെ ഒരു ദിവസം കളഞ്ഞതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’. 

∙ രണ്ടാം പന്തിൽ ഔട്ടായിരുന്നു!

ശ്യാം എ. ഭാട്ടിയ 2003ൽ രചിച്ച ‘പോർട്രെയ്‌റ്റ്‌സ്  ഓഫ് ദ് ഗെയിം’ എന്ന പുസ്‌തകത്തിൽ വിവാദമായ ആ ഇന്നിങ്‌സിലെ മറ്റൊരു സംഭവവും വെളിപ്പെടുത്തിയിരുന്നു. പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പിലാണു ഗാവസ്‌കർ താൻ പണ്ട് കാട്ടിയ കുസൃതി പുറംലോകത്തെ അറിയിക്കുന്നത്. കുപ്രസിദ്ധമായ ഈ ഇന്നിങ്‌സിനിടയിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ താൻ പുറത്തായിരുന്നു എന്ന ഗാവസ്‌കറുടെ  വെളിപ്പെടുത്തൽ  ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് കേട്ടത്.

ഇംഗ്ലീഷ് ഫാസ്‌റ്റ് ബൗളർ  ജെഫ് അർനോൾഡിന്റെ കുത്തിയുയർന്ന പന്ത് തന്റെ ബാറ്റിലുരസി വിക്കറ്റ് കീപ്പർ അലൻ നോട്ടിന്റെ കൈകളിലൊതുങ്ങിയിരുന്നെങ്കിലും ആരും അപ്പീൽ ചെയ്യാതിരുന്നതിനാൽ താൻ രക്ഷപ്പെടുകയായിരുന്നു എന്നാണു ഗാവസ്‌കറിന്റെ വെളിപ്പെടുത്തൽ. താൻ പുറത്തായത്  ആരും അന്ന് തിരിച്ചറിഞ്ഞില്ല. പന്തെറിഞ്ഞ അർനോൾഡ്‌ പോലും അപ്പീൽ ചെയ്‌തുമില്ല. അങ്ങനെ ഗാവസ്‌കർ  തന്റെ ഇന്നിങ്‌സ് തുടരാൻ തീരുമാനിക്കുകയായിരുന്നു. ഗാവസ്‌കറിന്റെ വെളിപ്പെടുത്തൽ താൻ ചെയ്‌ത കടുത്ത അപരാധത്തിനുള്ള കുമ്പസാരമായി ചിത്രീകരിക്കാമെങ്കിലും അന്ന് ഇന്ത്യയെ തോൽപ്പിച്ചതിന് ഇത് ന്യായീകരണമാകുന്നില്ല. 

∙ ഗാവസ്‌കറുടെ പ്രതിഷേധം?

ഒച്ചിഴയും വേഗത്തിലുള്ള ആ ഇന്നിങ്സിന് ഗാവസ്കറെ പ്രേരിപ്പിച്ച കാരണം എന്തായിരിക്കാം? ഏകദിനക്രിക്കറ്റിലെ പരിചയക്കുറവാണ് ആ ഇന്നിങ്‌സിനു പിന്നിലെന്ന് പറയുന്നത് ന്യായീകരിക്കാനാവില്ല. ഈസ്‌റ്റ് ആഫ്രിക്കയ്‌ക്കെതിരായ തൊട്ടടുത്ത മൽസരത്തിൽ ഗാവസ്‌കർ നേടിയത് പുറത്താവാതെ 65 റൺസ്.

ഗാവസ്‌കറിന്റെ മെല്ലേപ്പോക്കിന്റെ കാരണങ്ങളായി പറയപ്പെടുന്ന പ്രധാന വസ്‌തുതകൾ ഇവയാണ്:

1. തന്നെ ഒഴിവാക്കി എസ്. വെങ്കട്ടരാഘവനെ ക്യാപ്‌റ്റനാക്കിയ ബിസിസിഐയുടെ തീരുമാനത്തിലുള്ള പ്രതിഷേധം.

2. മികച്ച താരനിരയെ അവതരിപ്പിക്കാതെ സ്‌പിന്നർമാരെ നിറച്ച് ടീം രൂപീകരിച്ചതിലുള്ള പോരായ്മ

3.  ഏകദിന ക്രിക്കറ്റിലെ പരിചയക്കുറവും ടെസ്റ്റ് ശൈലി പിന്തുടർന്ന‌തും. 

∙ അന്വേഷണത്തിനായി ടീം മാനേജ്മെന്റ്

ഗാവസ്‌കറുടെ ഈ ഇന്നിങ്‌സിനെപ്പറ്റി അന്വേഷണം നടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ടീം മാനേജർ ജി.എസ്. രാംചന്ദ് ബിസിസിഐക്ക് റിപ്പോർട്ട് പോലും സമർപ്പിക്കുകയുണ്ടായി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് പുതുജീവൻ നൽകിയ ഗാവസ്‌കർക്കെതിരെ അന്വേഷണമൊന്നും വേണ്ട എന്ന നിലപാടിലായിരുന്നു ബിസിസിഐ.

English Summary:Why did Sunil Gavaskar score just 36 off 174 balls?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA