sections
MORE

ഓസ്ട്രേലിയ വീണ്ടും വിജയവഴിയിൽ; പാക്കിസ്ഥാനെ തോൽപ്പിച്ചു

australian-players-celebrate-wicket-vs-pakistan
പാക്കിസ്ഥാൻ താരം മുഹമ്മദ് ഹഫീസിനെ പുറത്താക്കിയ ആരോൺ ഫിഞ്ചിന് സഹതാരങ്ങളുടെ അഭിനന്ദനം.
SHARE

ടോണ്ടൻ∙ ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനൊപ്പം ഉത്തരവാദിത്തത്തോടെ ക്രീസിൽ നിൽക്കാൻ ഒരാൾ കൂടിയുണ്ടായിരുന്നെങ്കിൽ...! പാക്കിസ്ഥാൻ ആരാധകർ ഇങ്ങനെ ആഗ്രഹിച്ചു പോയാൽ കുറ്റം പറയാനാകില്ല. ഓസ്ട്രേലിയയ്ക്കെതിരായ ലോകകപ്പ് മൽസരത്തിൽ ഇഞ്ചോടിഞ്ചു പോരാടിയ പാക്കിസ്ഥാന് 41 റൺസിന്റെ പരാജയം. ഓസ്ട്രേലിയ ഉയർത്തിയ 308 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 45.4 ഓവറിൽ 266 റൺസിന് എല്ലാവരും പുറത്തായി. മികച്ച റണ്‍റേറ്റ് ഉണ്ടായിരുന്നെങ്കിലും അനാവശ്യമായി വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് പാക്കിസ്ഥാന് വിനയായത്. 48 പന്തിൽ 45 റൺസുമായി പിടിച്ചുനിന്ന സർഫറാസ് പത്താമനായി റണ്ണൗട്ടായി. അർധസെഞ്ചുറി നേടിയ ഓപ്പണർ ഇമാം ഉൾ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.

നേരത്തെ, ഓപ്പണർമാരായ ഡേവിഡ് വാർണറിന്റെ സെഞ്ചുറിയുടെയും ആരോൺ ഫിഞ്ചിന്റെ അർധസെഞ്ചുറിയുടെയും കരുത്തിലാണ് ഓസീസ് 49 ഓവറിൽ 307 റൺസെടുത്തത്. വാർണറാണ് കളിയിലെ കേമൻ. 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിറിന്റെ പ്രകടനം പാഴായി. നാലു മൽസരങ്ങളിൽ ഓസീസിന്റെ മൂന്നാം വിജയമാണിത്. ഇന്ത്യയോടു മാത്രമാണ് അവർ ഇതുവരെ തോറ്റത്. നാലു മൽസരങ്ങളിൽനിന്ന് ആറു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അവർ. നാലു കളികളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ പാക്കിസ്ഥാൻ മൂന്നു പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ശ്രീലങ്കയ്ക്കെതിരായ മൽസരം ഉപേക്ഷിച്ചതുവഴിയാണ് അവർക്ക് ഒരു പോയിന്റ് ലഭിച്ചത്.

200 റണ്‍സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയ പാക്കിസ്ഥാനെ എട്ടാം വിക്കറ്റിൽ 64 റൺസ് കൂട്ടുകെട്ടുമായി സർഫറാസ് അഹമ്മദ് – വഹാബ് റിയാസ് സഖ്യം കരകയറ്റിയതാണ്. 44 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് എന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. മൂന്നു വിക്കറ്റും 36 പന്തും ബാക്കിയിരിക്കെ വിജയത്തിലേക്കു വേണ്ടിയിരുന്നത് 45 റൺസ് മാത്രം. എന്നാൽ, മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 45–ാം ഓവറിന്റെ രണ്ടാം പന്തിൽ റിയാസ് പുറത്തായത് വഴിത്തിരിവായി. സ്റ്റാർക്കിന്റെ പന്തിൽ അലക്സ് കാരി റിയാസിനെ പിടികൂടിയെങ്കിലും അംപയർ ഔട്ട് നിഷേധിച്ചതാണ്. എന്നാൽ, അംപയറുടെ തീരുമാനം റിവ്യൂ ചെയ്ത ഓസീസ് വിക്കറ്റും വിജയവും ‘പിടിച്ചെടുക്കുകയായിരുന്നു’. 39 പന്തിൽ രണ്ടു ബൗണ്ടറിയും മൂന്നു സിക്സും സഹിതം 45 റൺസെടുത്ത റിയാസ് പോയതോടെ പാക്കിസ്ഥാന്റെ പോരാട്ടവും അവസാനിച്ചു. മുഹമ്മദ ആമിർ നേരിട്ട രണ്ടാം പന്തിൽ സംപൂജ്യനായതിനു പിന്നാലെ സർഫറസ് റണ്ണൗട്ടായി.

ഫഖർ സമാൻ (പൂജ്യം), ശുഐബ് മാലിക്ക് (പൂജ്യം), ആസിഫ് അലി (അഞ്ച്) എന്നിവർക്കു തിളങ്ങാനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി. ബാബർ അസം (28 പന്തിൽ 30), മുഹമ്മദ് ഹഫീസ് (49 പന്തൽ 46), ഹസൻ അലി (15 പന്തിൽ 32) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഷഹീൻ അഫ്രീദി ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഓസീസിനായി പാറ്റ് കമ്മിൻസ് 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റു വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, കെയ്ൻ റിച്ചാർഡ്സൻ എന്നിവർ രണ്ടും നേഥൻ കോൾട്ടർനൈൽ, ആരോൺ ഫി‍ഞ്ച് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ കരുത്തായി വാർണർ, ഫിഞ്ച്

നേരത്തെ, ഉജ്വല ബാറ്റിങ് പ്രകടനവുമായി കളം നിറഞ്ഞ ഡേവിഡ് വാർണർ – ആരോൺ ഫിഞ്ച് സഖ്യത്തിന്റെ മികവിലാണ് ഓസീസ് പാക്കിസ്ഥാനു മുന്നിൽ 308 റൺസ് വിജയലക്ഷ്യമുയർത്തിയത്. വാർണർ ഈ ലോകകപ്പിൽ ഓസീസ് താരത്തിന്റെ ആദ്യ സെഞ്ചുറി കുറിച്ചപ്പോൾ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തകർപ്പൻ അർധസെഞ്ചുറിയുമായി തുടക്കം ഗംഭീരമാക്കി. ക്യാച്ചുകൾ കൈവിട്ടതുള്‍പ്പെടെ പാക്ക് താരങ്ങളുടെ ദയനീയ ഫീൽഡിങ്ങും ഓസീസിനു തുണയായി. അവസാന ഓവറുകളിൽ പാക്ക് പേസർ മുഹമ്മദ് ആമിറിന്റെ അഞ്ചു വിക്കറ്റ് പ്രകടനത്തിനു മുന്നിൽ ചൂളിയതോടെ 49 ഓവറിൽ ഓസീസ് 307 റൺസിന് ഓൾഔട്ടായി. ആമിർ 10 ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഏകദിനത്തിൽ ആമിറിന്റെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്.

വാർണർ 111 പന്തിൽ 11 ബൗണ്ടറിയും ഒരു സിക്സും സഹിതം 107 റൺസെടുത്തു. ഈ ലോകകപ്പിൽ പിറക്കുന്ന ഏഴാമത്തെ സെഞ്ചുറിയാണ് വാർണറിന്റേത്. നാലു കളിയിൽ വാർണറിന്റെ ആദ്യ സെ‍ഞ്ചുറിയും. കഴിഞ്ഞ മൽസരത്തിൽ ഇന്ത്യയ്‌ക്കെതിരെ വാർണർ അർധസെഞ്ചുറി നേടിയിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 146 റൺസ് കൂട്ടിച്ചേർത്ത് ഓസീസിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. 1996നു ശേഷം ഇതാദ്യമായാണ് പാക്കിസ്ഥാനെതിരെ ഏതെങ്കിലും രാജ്യം ലോകകപ്പ് വേദിയിൽ ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർക്കുന്നത്. ഫിഞ്ച് 84 പന്തിൽ ആറു ബൗണ്ടറിയും നാലു സിക്സും സഹിതം 82 റൺസും നേടി.

തുടക്കം ഗംഭീരമായെങ്കിലും അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്കുയർത്താൻ ഓസീസിനായില്ല. ഓപ്പണർമാർ പുറത്തായതിനുശേഷം ഓസീസ് നിരയിൽ ടോപ് സ്കോററായത് 26 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 23 റൺസെടുത്ത ഷോൺ മാർഷാണ്. സ്റ്റീവ് സ്മിത്ത് (13 പന്തിൽ 10), ഗ്ലെൻ മാക്സ്‍വെൽ (10 പന്തിൽ 20), ഉസ്മാൻ ഖവാജ (16 പന്തിൽ 18), നേഥൻ കൂൾട്ടർനൈൽ (മൂന്നു പന്തിൽ രണ്ട്), പാറ്റ് കമ്മിൻസ് (ആറു പന്തിൽ രണ്ട്), അലക്സ് കാരി (21 പന്തിൽ 20), മിച്ചൽ സ്റ്റാർക്ക് (മൂന്ന്), ജൈ റിച്ചാർഡ്സൻ (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഓപ്പണിങ് വിക്കറ്റിലെ സെഞ്ചുറി കൂട്ടുകെട്ടിനു ശേഷം ഒരു അർധസെഞ്ചുറി കൂട്ടുകെട്ടു പോലും ഓസീസ് ഇന്നിങ്സിൽ പിറന്നില്ല. രണ്ടാം വിക്കറ്റിൽ വാർണർ – സ്മിത്ത് സഖ്യം കൂട്ടിച്ചേർത്ത 43 റൺസാണ് രണ്ടാമത്തെ മികച്ച കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റിൽ ഷോൺ മാർഷ് – ഉസ്മാൻ ഖവാജ സഖ്യം 35 റൺസും മൂന്നാം വിക്കറ്റിൽ വാർണർ – മാക്സ്‌വെൽ സഖ്യം 34 റൺസും കൂട്ടിച്ചേർത്തു.

10 ഓവറിൽ രണ്ട് മെയ്ഡൻ ഓവറുകൾ സഹിതം 30 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ആമിറിന്റെ പ്രകടനം പാക്ക് നിരയിൽ ശ്രദ്ധേയമായി. ഷഹീൻ അഫ്രീദിക്ക് രണ്ടു വിക്കറ്റ് ലഭിച്ചെങ്കിലും 10 ഓവറിൽ 70 റൺസ് വഴങ്ങി. ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവർ ഓരോ വിക്കറ്റെടുത്തു. തുടർച്ചയായ നാലാം മൽസരത്തിലാണ് അഫ്രീദി 70 റണ്‍സോ അതിലധികമോ വഴങ്ങുന്നത്. ഇതും റെക്കോർഡാണ്. 2015ൽ തുടർച്ചയായി മൂന്നു മൽസരങ്ങളിൽ 70 റൺസിലധികം വഴങ്ങിയ ഇംഗ്ലിഷ് സ്പിന്നർ ആദിൽ റഷീദിന്റെ പേരിലുണ്ടായിരുന്ന നാണക്കേടിന്റെ റെക്കോർഡാണ് അഫ്രീദിയുടെ പേരിലായത്.

English Summary: Australia Vs Pakistan 17th Match ICC Cricket World Cup 2019, Live Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA