മഴ ‘ജയിച്ചു’, കളി ഉപേക്ഷിച്ചു; ഇന്ത്യയ്ക്കും കിവീസിനും ഓരോ പോയിന്റ്

india-vs-new-zealand-trent-bridge
മഴ നിമിത്തം ഇന്ത്യ–ന്യൂസീലൻഡ് മൽസരം വൈകിയതിനെ തുടർന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകർ. മഴ മാറാതെ വന്നതോടെ മൽസരം ഉപേക്ഷിച്ചു.
SHARE

നോട്ടിങ്ങാം∙ ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം ചോർത്തി മഴ ‘കളി’ തുടരുന്നു. ആരാധകരുടെ പ്രാർഥനകളോട് നിർദ്ദാക്ഷിണ്യം മുഖം തിരിച്ച് നോട്ടിങ്ങാമിലെ ട്രെന്റ്ബ്രിജിൽ മഴമേഘങ്ങൾ നിന്നു പെയ്തതോടെ ഇന്ത്യ–ന്യൂസീലൻഡ് മൽസരവും ഉപേക്ഷിച്ചു. ടോസ് ഇടാൻ പോലും സാധിക്കാതെയാണ് മൽസരം ഉപേക്ഷിച്ചത്. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടത്തിയ പരിശോധനയിലും കളി നടക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതായി അംപയർമാർ അറിയിച്ചത്. ഇതോടെ ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. ഈ ലോകകപ്പിൽ അജയ്യരെന്ന പരിവേഷവും ഇന്ത്യയും ന്യൂസീലന്‍ഡും നിലനിർത്തി. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലൻഡ് ഏഴു പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യ മൂന്നു കളികളിൽനിന്നും അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.

ഓവറുകൾ വെട്ടിച്ചുരുക്കിയിട്ടെങ്കിലും മൽസരം നടത്താനാകുമോയെന്ന് പലതവണ പരിശോധിച്ചെങ്കിലും എല്ലാം വെറുതെയായി. പെയ്തും തോർന്നും വീണ്ടും പെയ്തും മഴ ‘കളം പിടിച്ചതോടെ’ കളി ഉപേക്ഷിക്കാൻ അംപയർമാർ നിർബന്ധിതരായി. ഇതോടെ ഈ ലോകകപ്പിൽ മഴമൂലം ഉപേക്ഷിക്കപ്പെട്ട മൽസരങ്ങളുടെ എണ്ണം നാലായി. ബംഗ്ലദേശും ശ്രീലങ്കയും തമ്മിലുള്ള കഴിഞ്ഞ മൽസരം ഉപേക്ഷിച്ചപ്പോൾ തന്നെ ഏറ്റവും കൂടുതൽ മൽസരങ്ങൾ മഴ മൂലം ഉപേക്ഷിക്കപ്പെട്ട ലോകകപ്പെന്ന ‘റെക്കോർഡ്’ ഈ ലോകകപ്പിനു സ്വന്തമായിരുന്നു. ശ്രീലങ്ക–പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക – വെസ്റ്റിൻഡീസ് മൽസരങ്ങളും മഴ മൂലം ഉപേക്ഷിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം മൽസരമാണ് മഴമൂലം ഉപേക്ഷിക്കപ്പെടുന്നത്. 1992ലെ അഞ്ചാം ലോകകപ്പിൽ ശ്രീലങ്കയുമായുള്ള മൽസരമാണ് ഇതിനു മുൻപ് മഴ മൂലം പൂർത്തിയാക്കാനാകാതെ പോയത്. ഓസ്ട്രേലിയയിലെ മക്‌കേയ്‍യായിരുന്നു വേദി. മൽസരത്തലേന്നും രാവിലെയുമായി പെയ്ത കനത്ത മഴമൂലം ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നു. അഞ്ചു മണിക്കൂറിനുശേഷം 20 ഓവറായി പരിമിതപ്പെടുത്തി മൽസരം തുടങ്ങാന്‍ പിന്നീട് തീരുമാനിച്ചു.

ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓവർ ചുരുക്കിയതോടെ പരമാവധി റൺസ് നേടുക എന്ന ലക്ഷ്യത്തോടെ ശ്രീകാന്തിനൊപ്പം ഓപ്പണറായത് കപിൽദേവ്. ആദ്യ ഓവറിലെ രണ്ടു പന്തുകൾ കഴിഞ്ഞപ്പോൾത്തന്നെ വീണ്ടും മഴയെത്തി. രണ്ടു പന്തുകൾ നേരിട്ട ഇന്ത്യ ഒരു റൺസുമായി നിൽക്കവേ മൽസരം ഉപേക്ഷിക്കപ്പെട്ടതായി പ്രഖ്യാപനം വന്നു.

LIVE UPDATES

English Summary: India Vs New Zealand World Cup Cricket Match, Live Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA