sections
MORE

ഗാവസ്കറിന്റെ ‘ഏക’ 100, ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക്; കിവീസ് നല്ല ലക്ഷണമാണ്!

indian-cricket-team-at-oval
SHARE

ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യ ഇന്ന് നോട്ടിങ്ങാമിൽ ന്യൂസീലൻഡിനെ നേരിടുമ്പോൾ മനസിലേക്ക് ഓടിയെത്തുക മൂന്നു പതിറ്റാണ്ടുമുൻപ് ഇതേ എതിരാളികൾ നാലാം ലോകകപ്പിൽ ഏറ്റുമുട്ടിയതിന്റെ ഓർമകൾ. അന്ന് പിറന്നത് ക്രിക്കറ്റിലെ പുതിയ ചരിത്രവും. 

1987 ലോകകപ്പിൽ ആതിഥേയരായ ഇന്ത്യയുൾപ്പെട്ട പൂളിലായിരുന്നു ന്യൂസീലൻഡും. കരുത്തരായ ഓസ്ട്രേലിയയും ദുർബലരായ സിംബാബ്‍വെയുമായിരുന്നു ഒപ്പം. നിലവിലെ ലോകചാംപ്യൻമാർ എന്ന നിലയിൽ ഇന്ത്യയ്ക്കായിരുന്നു ഗ്രൂപ്പിൽ മുൻതൂക്കം. ഗ്രൂപ്പിലെ ഒരോ ടീമും രണ്ടു തവണ പരസ്പരം ഏറ്റുമുട്ടുക എന്നതായിരുന്നു പ്രാഥമിക റൗണ്ട്. ആദ്യമെത്തുന്ന രണ്ടു ടീമുകൾ സെമയിൽ കടക്കും.  ഓസ്ട്രേലിയയോട് ഒരു മൽസരത്തിൽ തോൽക്കുകയും മറ്റൊന്നിൽ ജയിക്കുകയും ചെയ്ത ഇന്ത്യ സിംബാബ്‍വെയെ രണ്ട‌ു തവണയും തോൽപിച്ചു. ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ആദ്യ മൽസം ബെംഗളൂരുവിലായിരുന്നു. ഫലം: ഇന്ത്യയ്ക്ക് 16 റൺസ് ജയം.

പ്രാഥമിക റൗണ്ടിലെ അവസാന മൽസരം ഇന്ത്യയും ന്യൂസീലൻഡും തമ്മിലായിരുന്നു, നാഗ്പൂരിൽ. ഈ മൽസരത്തിന് ഒരു കാര്യത്തിൽ മാത്രമായിരുന്നു പ്രസക്തി. ഓസീസും ആതിഥേയരായ ഇന്ത്യയും എ പൂളിൽനിന്ന് സെമി ഉറപ്പിച്ചിരുന്നെങ്കിലും റൺ റേറ്റിൽ മുന്നിൽ വരുന്ന ടീമിന്റെ സെമി മൽസരം മുംബൈയിലാണ് നടക്കുക. രണ്ടാമതെത്തുന്ന ടീമിന്റെ സെമി പോരാട്ടം ലാഹോറിലും. പാക്കിസ്ഥാന്റെ മണ്ണിൽ സെമി കളിച്ച് ഫൈനലിലെത്തുക ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി. റൺ േററ്റിൽ ഒന്നാമതെത്തിയാൽ സ്വന്തം നാട്ടുകാരുടെ മുന്നിൽ മുംബൈയിൽ കളിക്കാം എന്നതായിരുന്നു ഇന്ത്യയ്ക്കുള്ള ‘ബോണസ്’. അതിനായി ന്യൂസീലൻഡിനെ മികച്ച മാർജിനിൽ തോൽപിക്കണം. ഇതായിരുന്നു കപിൽദേവിന്റെ ഇന്ത്യയ്ക്കു മുൻപിലുള്ള വെല്ലുവിളി. 

1987 ഒക്ടോബർ 31. നാഗ്പൂർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം. തലേന്നു വീണ മഞ്ഞുതുള്ളികൾ ഔട്ട് ഫീൽഡിനെ കനപ്പിച്ചിരുന്നു. ടോസ് നേടിയത് ന്യൂസീലൻഡ് ക്യാപ്റ്റൻ ജെഫ് ക്രോ. ബാറ്റിങ്ങിനിറങ്ങിയ കിവീസ് 221/9 എന്ന നിലയിൽ തകർന്നു. ഓപ്പണർ ജോൺ  റൈറ്റിനും (35) ഇന്ത്യൻ വംശജനായ സ്പിന്നർ ദീപക് പട്ടേലിനും (40) മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33–ാം ഓവറിൽ ജയം കൈപ്പിടിയിലൊതുക്കി.  ഉയർന്ന റൺറേറ്റിന്റെ ബലത്തിൽ പൂളിലെ ഒന്നാമതായി ഇന്ത്യ. സ്വപ്നം കണ്ടതുപോലെ മുംബൈയിൽ സെമി ഉറപ്പിച്ചു (നിർഭാഗ്യവശാൽ സെമിയിൽ ഇംഗ്ലീഷുകാരോട് ഇന്ത്യയ്ക്ക് അടിപതറുകയും ചെയ്തു). 

എന്നാൽ നാഗ്പൂരിലെ ഈ മൽസരത്തിനിടയ്ക്ക് പിറന്ന രണ്ട് ചരിത്രനിമിഷങ്ങൾ ഇന്നും ലോകകപ്പിലും ഇന്ത്യൻ ക്രിക്കറ്റിലും മായാതെ നിൽക്കുന്നു. സുനിൽ ഗാവ്സകർ എന്ന മഹാനായ ക്രിക്കറ്റ് താരത്തിന്റെ ഏകദിന ക്രിക്കറ്റിലെ ഒരേയൊരു സെഞ്ചുറി ഈ മൽസരത്തിലാണ് പിറന്നത്. 88 പന്തുകളിൽനിന്ന് ഗാവസ്കർ നേടിയത് പുറത്താവാതെ 103 റൺസ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിങ് റെക്കോർഡുകളും നേരത്തെതന്നെ സ്വന്തമാക്കിയ ഗാവസ്കർ പക്ഷേ ഏകദിന ക്രിക്കറ്റിൽ അതുവരെ മൂന്നക്കം കടന്നിരുന്നില്ല. ടെസ്റ്റിൽ 1983ല്‍ത്തന്നെ സർ ഡോൺ ബ്രാഡ്മാന്റെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡ് മറികടന്നിരുന്നു. ഇതുകൂടാതെ മിക്ക ബാറ്റിങ് റെക്കോർഡുകളും ലിറ്റിൽ മാസ്റ്റർക്ക് അന്ന് സ്വന്തമായിരുന്നു.

ഏകദിനത്തിലെ സെഞ്ചുറിയുടെ കുറവ് ഈ മൽസരത്തിലാണ് ഗാവസ്കർ നികത്തിയത്. ഗാവസ്കർ നേടിയ ഈ  സെഞ്ചുറി നേരിട്ടു കണ്ട മുൻ  വെസ്റ്റിൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ് പിന്നീട് അഭിപ്രായപ്പെട്ടത് ഇങ്ങനെ: ഗാവസ്കറുടെ സെഞ്ചുറി കാണാൻ  6000 മൈൽ അകലെനിന്നെത്തിയതിൽ പൂര്‍ണ സംതൃപ്തി. ഈ മൽസരം കഴിഞ്ഞു നടന്ന സെമിയോടെ ഗാവസ്കർ ഏകദിന ക്രിക്കറ്റിനോടു വിടപറയുകയും ചെയ്തു. 108 ഏകദിനങ്ങൾ കളിച്ച ഗാവസ്കറുടെ പേരിലുള്ള ഏക സെഞ്ചുറിയുമായി ഈ മൽസരം ഇന്നും ചരിത്രത്തിൽ. 

ഇന്ത്യൻ ക്രിക്കറ്റിന് അഭിമാനിക്കാൻ മറ്റൊന്നുകൂടി ഈ മൽസരത്തിൽ പിറന്നു: ഒരു ഹാട്രിക്ക്. ഹരിയാനക്കാരൻ ചേതൻ ശർമയുടെ വകയായിരുന്നു ലോകകപ്പിലെതന്നെ ആദ്യ ഹാട്രിക്ക്. ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ ആദ്യ ഹാട്രിക്ക് എന്നതും പ്രത്യേകത. നേരത്തെ പാക്കിസ്ഥാന്റെ ജലാലുദ്ദീനും ഓസിസ് താരം ബ്രൂസ് റീഡും മാത്രമാണ് ഏകദിനത്തിൽ ഹാട്രിക്ക് സ്വന്തമാക്കിയവർ. ആ പട്ടികയിലേക്ക് ഒരു ഇന്ത്യക്കാരനും പേരെഴുതി.

രണ്ടാം സ്പെല്ലിന് വിളിക്കപ്പെട്ട ചേതന്‍ ഇന്ത്യയുടെ 41–ാം ഓവറിലാണ് ചരിത്രത്തിലേക്ക് നടന്നത്. മൂന്നു പന്തുകളിൽ മൂന്ന് കിവീസ് താരങ്ങളാണ് വീണത്– കെൻ  റൂതർഫോഡ്, ഇയാൻ സ്മിത്, ഇവാൻ ചാറ്റ്ഫീൽഡ് എന്നിവരായിരുന്നു അവർ. 182/5 എന്ന നിലയിൽനിന്ന് 182/8 എന്നതിലേക്ക് കിവീസ് ഇന്നിങ്സ് കൂപ്പുകുത്തി. മൽസരം അവസാനിക്കുമ്പോൾ അവരുടെ സ്കോർ 221/9 . സെഞ്ചുറി നേട്ടക്കാരനെയും ഹാട്രിക്ക് ഉടമയെയും ഒരേപോലെ ആദരിക്കാൻ സംഘാടകർ മറന്നില്ല. ഗാവസ്കറും ചേതൻ ശർമയും കളിയിലെ കേമൻമാരായി തിരഞ്ഞെടുക്കപ്പെട്ടു.

English Summary: Chetan Sharma 1st Hat Trick and Sunil Gavaskar only ODI Century Vs New Zealand in 1987 World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA