sections
MORE

ചതി, ജയിൽ (ഒരാൾക്ക്), വിലക്ക്, കണ്ണീർ; തിരിച്ചുവരവിൽ ലോകകപ്പിന്റെ താരങ്ങൾ!

warner-amir
ഇന്നലെ നടന്ന മൽസരത്തിനിടെ ഡേവിഡ് വാർണറും മുഹമ്മദ് ആമിറും.
SHARE

ലണ്ടൻ ∙ ഒരാൾക്ക് ഒത്തുകളിച്ചുവെന്ന നാണക്കേട്. മറ്റൊരാൾക്ക് പന്തിൽ കൃത്രിമം കാട്ടിയെന്ന നാണക്കേടും. ദേശം രണ്ടെങ്കിലും മാതൃരാജ്യത്തെ വഞ്ചിച്ചുവെന്ന കുറ്റത്തിൽ രണ്ടുപേരും ‘ഒറ്റക്കെട്ട്’. കാലാവധിയിൽ വ്യത്യാസമുണ്ടെങ്കിലും ക്രിക്കറ്റിൽ നിന്ന് വിലക്കപ്പെട്ടതിന്റെ നാണക്കേട് വേറെ. പറഞ്ഞുവരുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിറിനെയും ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിനെയും കുറിച്ചാണ്. ലോകകപ്പിൽ ഇന്നലെ നടന്ന പാക്കിസ്ഥാൻ – ഓസ്ട്രേലിയ മൽസരത്തിൽ മിന്നും പ്രകടനത്തോടെ താരങ്ങളായ രണ്ടുപേർ! ഓസീസിന്റെ വിജയക്കുതിപ്പിന് ഇന്ധനമായ വാർണർ സെഞ്ചുറിക്കരുത്തുമായി കളിയിലെ കേമനായപ്പോൾ, ടീമിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും പോരാട്ടവീര്യത്തിന്റെ പ്രതീകമായി ആമിർ ഏകദിനത്തിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. 

രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിൽനിന്ന് ഒരിക്കൽ കണ്ണീരൊഴുക്കി ഇറങ്ങിപ്പോയവരാണ് ആമിറും വാർണറും. ടീമിനെയും മാതൃരാജ്യത്തെയും വഞ്ചിച്ച് ഒത്തുകളിച്ചുവെന്നതായിരുന്നു ആമിറിനെതിരായ കുറ്റം. ഒടുവിൽ ലഭിച്ചത് ജയിൽശിക്ഷയും അഞ്ചു വർഷത്തെ വിലക്കും. പന്തിൽ കൃത്രിമം കാട്ടി ക്രിക്കറ്റിനെ വഞ്ചിച്ചുവെന്നതായിരുന്നു വാർണറിനെതിരായ കുറ്റം. ലഭിച്ചത് ഒരു വർഷത്തെ വിലക്ക്. എല്ലാറ്റിനുമൊടുവിൽ ലോകകപ്പിനു തൊട്ടുമുൻപു മാത്രമാണ് വാർണർ ക്രിക്കറ്റ് കളത്തിലേക്കു മടങ്ങിയെത്തിയത്.

നാണക്കേടിന്റെ ഭാരവും പേറി ക്രിക്കറ്റ് കളങ്ങളിൽനിന്ന് തിരസ്കൃതരായ ഇവർ രണ്ടുപേരുമാണ് ഇന്ന് ലോകകപ്പിന്റെ താര രാജാക്കൻമാർ. ലോകകപ്പിൽ ഇരു ടീമുകളും നാലു മൽസരങ്ങൾ പൂർത്തിയാക്കുമ്പോൾ വിക്കറ്റ് വേട്ടയിൽ മുന്നിൽ ആമിറാണ്. ഇതുവരെ നേടിയത് 10 വിക്കറ്റ്. ശ്രീലങ്കയ്ക്കെതിരായ മൽസരം മഴമൂലം ഉപേക്ഷിച്ചതിനാൽ മൂന്നു മൽസരങ്ങളിൽനിന്നാണ് ആമിറിന്റെ 10 വിക്കറ്റ് നേട്ടം. വെസ്റ്റിൻഡീസിനെതിരെ 3/26, ഇംഗ്ലണ്ടിനെതിരെ 2/67, ഓസീസിനെതിരെ 5/30 എന്നിങ്ങനെയാണ് ആമിറിന്റെ പ്രകടനം.

ബാറ്റിങ്ങിൽ ടോപ് സ്കോറർമാരുടെ പട്ടികയിൽ വെറും അഞ്ചു റൺസിനാണ് വാർണർ രണ്ടാമതു നിൽകുന്നത്. 260 റൺസുമായി ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ ഒന്നാമതു നിൽക്കുമ്പോൾ 255 റൺസുമായി വാർണർ തൊട്ടു പിന്നിലുണ്ട്. ലോകകപ്പിൽ കളിച്ച നാലു മൽസരങ്ങളിൽ വാർണറിന്റെ പ്രകടനമിങ്ങനെ: പുറത്താകാതെ 89 (അഫ്ഗാനിസ്ഥാനെതിരെ), മൂന്ന് (വിൻഡീസിനെതിരെ), 56 (ഇന്ത്യയ്ക്കെതിര), 107 (പാക്കിസ്ഥാനെതിരെ)

∙ ആമിറിന്റെ തിരിച്ചുവരവ്

അഞ്ചു വർഷത്തെ വിലക്കും ജയിൽവാസവും കഴിഞ്ഞ് തിരിച്ചെത്തിയ മുഹമ്മദ് ആമിർ ഏറെ ബുദ്ധിമുട്ടിയാണ് ടീമിന്റെ മുഖ്യധാരയിലേക്കെത്തിയത്. വിലക്കു കഴിഞ്ഞിട്ടും പാക്ക് ടീമിലെ മുതിർന്നവരുടെ ‘അയിത്ത’മായിരുന്നു പ്രധാന പ്രശ്നം. മുതിർന്നവർ തനിക്കെതിരെ കൽപിച്ച ‘അയിത്ത’ത്തിന്റെ വേദനയിൽ മുഹമ്മദ് ആമിർ ക്യാംപിൽ പൊട്ടിക്കരഞ്ഞു. ടീമിനോടു ക്ഷമ ചോദിച്ചു. ആ വേദനയിൽ കളിക്കാരുടെ മനസ്സലിഞ്ഞു. അവർ ആമിറിനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

പാക്ക് ക്രിക്കറ്റിന്റെ അദ്ഭുത ബാലനായി പതിനേഴാം വയസ്സിൽ ടീമിൽ ഇടംപിടിച്ച ഇടംകയ്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ആമിറിന്റെ ലോകം പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽനിന്ന് അന്ധകാരത്തിലേക്കു കൂപ്പുകുത്തിയതു പെട്ടെന്നായിരുന്നു.

mohammad-amir-vs-australia

2010ൽ ആണ് മുഹമ്മദ് ആമിർ അന്നത്തെ പാക്ക് ക്യാപ്റ്റൻ സൽമാൻ ബട്ട്, പേസർ മുഹമ്മദ് ആസിഫ് എന്നിവരോടൊപ്പം ഒത്തുകളി വിവാദത്തിൽപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ മനപ്പൂർവം നോബോൾ എറിയുകയായിരുന്നു ആമിറിന്റെ ‘റോൾ’. ലോർഡ്സ് തന്നെയായിരുന്നു അന്നും വേദി. ആമിർ കുറ്റം സമ്മതിച്ചു. സൽമാൻ ബട്ടിന് 10 വർഷവും മുഹമ്മദ് ആസിഫിന് ഏഴുവർഷവും ആമിറിന് അഞ്ചുവർഷവും വിലക്കു ലഭിച്ചു. ക്യാപ്റ്റനെ ഉൾപ്പെടെ ഒത്തുകളി വിവാദത്തിൽ നഷ്ടമായ പാക്ക് ക്രിക്കറ്റും നാണംകെട്ടു.

പിന്നെ കാത്തിരിപ്പിന്റെ, അനിശ്ചിതത്വത്തിന്റെ ആറുവർഷം. വിലക്കിന്റെ കാലവും ‘പുനരധിവാസ കാലവും’ കഴിഞ്ഞ് 2015 സെപ്റ്റംബറിലാണു വീണ്ടും പാക്ക് ടീമിലേക്കു പരിഗണിക്കപ്പെടാൻ ആമിർ യോഗ്യത നേടിയത്. എന്നാൽ, ടെസ്റ്റ് ടീമിലേക്കു കുറിവീഴാൻ പിന്നെയും വൈകി. ഒടുവിൽ, ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക്ക് ടീമിലെത്തി. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന്റെ വിക്കറ്റ്. ഒടുവിൽ ഇംഗ്ലണ്ടിന്റെ അവസാന ബാറ്റ്സ്മാൻ ജേക്ക് ബോളിന്റെ കുറ്റി തെറിപ്പിച്ചു തന്റെ രാജ്യത്തിന് എന്നും ഓർക്കാനൊരു ടെസ്റ്റ് ജയം. പാപക്കറയെല്ലാം കഴുകിക്കളഞ്ഞ് ആമിറിന്റെ തിരിച്ചുവരവ് സ്വപ്നതുല്യമായി. ഒപ്പം പാക്ക് ക്രിക്കറ്റിനു ജീവവായുവായി ലോർഡ്സിൽ എന്നുമെന്നും ഓർക്കാൻ തകർപ്പനൊരു ജയവും.

mohammed-amir-sarfaraz-ahmed

പിന്നീട് 2017ൽ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി പാക്കിസ്ഥാൻ ചാംപ്യൻമാരാകുമ്പോള്‍ കരുത്തായത് ആമിറിന്റെ ഇടംകയ്യൻ പേസായിരുന്നു. രണ്ടു വർഷത്തിനിപ്പുറം ലോകകപ്പിനുള്ള പാക്ക് സാധ്യതാ ടീം പ്രഖ്യാപിക്കുമ്പോൾ ആദ്യം ആമിറിനു ടീമിൽ ഇടമുണ്ടായിരുന്നില്ല. കടുത്ത പ്രതിഷേധവും വിമർശവും പകരക്കാരായെത്തിയ താരങ്ങളുടെ മോശം പ്രകടനവും എല്ലാം ചേർന്ന് ആമിർ വീണ്ടും ടീമിലെത്തി. ബാക്കി ചരിത്രം!

∙ ഇംഗ്ലിഷ് മണ്ണിലെ വാർണർ ഷോ

ഓസീസ് ക്രിക്കറ്റിനെ നാണക്കേടിന്റെ പടുകുഴിയിലേക്കു തള്ളിവിട്ട പന്തുചുരണ്ടൽ വിവാദത്തിന് ആമിറിനെ പ്രതിക്കൂട്ടിൽ നിർത്തിയ ഒത്തുകളി വിവാദത്തിന്റെയത്ര പഴക്കമില്ല. പന്തു ചുരണ്ടൽ വിവാദവും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ആരാധകർ മറക്കാറായിട്ടുമില്ല. ഓസീസ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, കാമറൺ ബാൻക്രോഫ്റ്റ് എന്നിവരുൾപ്പെടുന്ന പന്തു ചുരണ്ടൽ വിവാദം ഉടലെടുത്തത്. 

david-warner-vs-pakistan

പന്തിലെ കള്ളക്കളിയെക്കുറിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിനു സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വാർണറിനെതിരായ പ്രധാന കണ്ടെത്തലുകൾ ഇവയായിരുന്നു: പന്തിൽ കൃത്രിമം കാട്ടിയ സംഭവത്തിന്റെ സൂത്രധാരൻ. ടീമിലെ യുവതാരങ്ങളിലൊരാളെ ചുമതല ഏൽപിക്കണമെന്ന നിർദേശം വച്ചതും വാർണർ തന്നെ. ഹോട്ടലിൽവച്ച് ഇതിന്റെ റിഹേഴ്സലും നടപ്പിലാക്കി. പന്തിൽ ടേപ്പുകൊണ്ട് ഉരച്ച് മിനുസ്സം നഷ്ടപ്പെടുത്തേണ്ടത് എങ്ങനെയെന്ന് വാർണറാണ് ബാൻക്രോഫ്റ്റിനു കാണിച്ചുകൊടുത്തത്. സാൻഡ് പേപ്പർ ഹോട്ടലിലെത്തിച്ചതും വാർണർ തന്നെ. വിക്കറ്റ് കീപ്പർ ടിം പെയ്ൻ കളിക്കിടെ ബാൻക്രോഫ്റ്റിനു പന്തു നൽകിയത് വാർണറുടെ നിർദേശ പ്രകാരമാണ്. മൽസരശേഷം മാച്ച് റഫറിയോടും കള്ളം പറഞ്ഞു.

അന്വേഷണത്തിനൊടുവിൽ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഒരു വർഷത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. സീനിയർ താരങ്ങളുടെ നിർദേശപ്രകാരം പന്തിൽ കൃത്രിമം നടത്തിയ യുവതാരം കാമറൺ ബാൻക്രോഫ്റ്റിനെ ഒൻപതു മാസവും വിലക്കി. വാർണറെ ആജീവനാന്തം ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കില്ലെന്നും തീരുമാനമുണ്ട്. പിഴയായി നൂറുമണിക്കൂർ സാമൂഹികസേവനവും വിധിച്ചു.

david-warner-century-vs-pakistan

പിന്നീട് കുറ്റമേറ്റു പറഞ്ഞും മാപ്പിരന്നും വാർണർ നടത്തിയ വാർത്താ സമ്മേളനത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൽ ഇനി കളിക്കാനാകുമെന്ന പ്രതീക്ഷയില്ലെന്നാണ് താരം വ്യക്തമാക്കിയത്. സംഭവിച്ചതു പക്ഷേ തിരിച്ചാണ്. പഴയതിലും കരുത്തനായാണ് വാർണർ ടീമിൽ മടങ്ങിയെത്തിയത്. ക്ലബ് ക്രിക്കറ്റിലൂടെ മൽസരക്കളത്തിൽ തിരിച്ചെത്തിയ വാർണർ അതിവേഗ സെഞ്ചുറിയോടെയാണ് തന്റെ ഫോം തെളിയിച്ചത്. ക്ലബ് ടീം റാൻഡി പീറ്റ്സിനു വേണ്ടി പെൻറിത്തിനെതിരെ 77 പന്തുകളിൽ 7 സിക്സറും 4 ബൗണ്ടറിയുമായി വാർണർ സെഞ്ചുറി തികച്ചു. പിന്നീട് ഐപിഎല്ലിലായിരുന്നു വാർണർ ഷോ. കൊടിയിറങ്ങും മുൻപ് നാട്ടിലേക്കു മടങ്ങിയെങ്കിലും വാർണർ തന്നെ ടൂർണമെന്റിലെ ടോപ് സ്കോറർ. 12 കളികളിൽ 692 റൺസ് അടിച്ചു കൂട്ടിയ വാർണർ ലോകകപ്പിനുള്ള തയാറെടുപ്പ് ഗംഭീരമാക്കി. ഇതിനുശേഷമാണ് ലോകകപ്പിനായുള്ള വരവ്. ബാക്കി ചരിത്രം!

English Summary: Australia's David Warner and Pakistan's Mohammad Amir Make Strong Come Back to inter national cricket through ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA