sections
MORE

ക്രിക്കറ്റിൽ ‘പുലി’യാണ് കോലി; ലോകകപ്പ് നോക്കൗട്ടുകളിൽ മാത്രം ‘എലി’യും !

virat-out
ന്യൂസീലൻഡിനെതിരെ പുറത്തായി മടങ്ങുന്ന വിരാട് കോലിയുടെ നിരാശ.
SHARE

മാഞ്ചസ്റ്റർ∙ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യൻ ക്യാപ്്റ്റൻ വിരാട് കോലി പുറത്തായത് ഒറ്റ റണ്ണോടെ. ലോകകപ്പിൽ മികച്ച ഫോമിലായിരുന്ന രോഹിത് ശർമ ഒരു റണ്ണുമായി മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യൻ നായകനും അതേ സ്കോറിൽ മടങ്ങിയത്. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയതിനു പിന്നാലെ കോലി റിവ്യൂവിനു പോയെങ്കിലും ഫലമുണ്ടായില്ല. ‘അംപയേഴ്സ് കോളി’ന്റെ ആനുകൂല്യത്തിൽ ന്യൂസീലൻഡിന് വിക്കറ്റ്.

ഇതോടെ, ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനായി ഇംഗ്ലണ്ടിലെത്തിയ കോലി മടങ്ങുന്നത് ഒരു സെഞ്ചുറി പോലുമില്ലാതെയാണ്. മാത്രമല്ല, ഒറ്റ സെഞ്ചുറി പോലുമില്ലാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡിന് അരികിലുമെത്തി, കോലി. ഈ ടൂർണമെന്റിൽ അർധ സെഞ്ചുറികൾ മാത്രം നേടിയ കോലിലുടെ ആകെ സമ്പാദ്യം 443 റൺസാണ്. 2007ൽ ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്തും സെഞ്ചുറിയടിക്കാതെ 443 റൺസ് നേടിയിരുന്നു. 1987ൽ സെഞ്ചുറി ഒന്നു പോലുമില്ലാതെ 447 റൺസെടുത്ത ഓസ്ട്രേലിയയുടെ ഡേവിഡ് ബൂണിനാണു റെക്കോർഡ്.

∙ നോക്കൗട്ടിൽ നിറംമങ്ങുന്ന കോലി !

ഇന്ത്യ എപ്പോഴും ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന താരമാണെങ്കിലും സുപ്രധാന മൽസരങ്ങളിൽ കോലി നിറംമങ്ങുന്നത് ഇതാദ്യമല്ല. മുൻ ലോകകപ്പുകളിലെ നിർണായക മൽസരങ്ങളിലും ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ഫൈനലിലുമെല്ലാം കോലി വലിയ ഇന്നിങ്സുകൾ കളിക്കാനാകാതെ മടങ്ങിയിട്ടുണ്ട്. ഇത്തരം പുറത്താകലുകൾ സമ്മർദങ്ങളെ അതിജീവിക്കുന്നതിനുള്ള ഇന്ത്യൻ നായകന്റെ കഴിവിനെക്കൂടിയാണ് പ്രതിരോധത്തിലാക്കുന്നത്.

സച്ചിൻ തെൻഡുൽക്കർ ഉൾപ്പെടെയുള്ളവരുടെ റെക്കോർഡുകൾ പഴങ്കഥയാക്കി സൂപ്പർമാൻ സ്റ്റൈലിൽ കുതിക്കുന്ന കോലിയും ഒരു മനുഷ്യനാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇത്തരം കണക്കുകൾ. ബാറ്റിങ്ങിൽ ‘പുലി’യായ കോലി ലോകകപ്പ് വേദികളിലെ നോക്കൗട്ട് മൽസരങ്ങളിൽ ‘എലി’യാകുന്നത് ലോകകപ്പിലെ പതിവു കാഴ്ചയാണെന്നു വെറുതെ പറയുന്നതല്ല. കണക്കുകൾ സാക്ഷി!

∙ 2011 ലോകകപ്പ് – 24, 9, 35

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് ടീമുകൾ സംയുക്തമായി ആതിഥ്യം വഹിച്ച 2011 ലോകകപ്പിൽ ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ചാംപ്യൻമാരായെങ്കിലും നോക്കൗട്ട് മൽസരങ്ങളിൽ കോലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ക്വാർട്ടറിലും സെമിയിലും കോലി നേടിയത് യഥാക്രമം 24, 9 റണ്‍സ് മാത്രം. ഓസ്ട്രേലിയയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ കോലി 33 പന്തില്‍ നേടിയത് 24 റൺസ്. ഇതിലുള്ളത് ഒരേയൊരു ബൗണ്ടറി മാത്രം. ഈ കളിയില്‍ ഡേവി‍ഡ് ഹസിയുടെ പന്തിൽ മൈക്കൽ ക്ലാർക്കിനു ക്യാച്ച് നൽകിയാണ് കോലി പുറത്തായത്. സച്ചിൻ തെൻഡുൽക്കർ (53), ഗൗതം ഗംഭീർ (50), യുവ്‍രാജ് സിങ് (57) എന്നിവര്‍ ഈ മൽസരത്തിൽ അർധസെഞ്ചുറി നേടി. ഓസീസിനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി സെമിയിലെത്തി.

സെമി ഫൈനലിൽ പാക്കിസ്ഥാനായിരുന്നു ഇന്ത്യയുടെ എതിരാളികൾ. അന്ന് കോലി അടിച്ചത് വെറും ഒൻപതു റൺസ്. 21 പന്തുകൾ നേരിട്ട കോലി വഹാബ് റിയാസിന്റെ പന്തിൽ ഉമർ അക്മലിന് ക്യാച്ച് നല്‍കി മടങ്ങി. സച്ചിന്റെ അർധസെഞ്ചുറി (85) പ്രകടനത്തിൽ ഇന്ത്യ പാക്കിസ്ഥാനെ 29 റൺസിനു തോൽപിച്ച് ഫൈനലിലെത്തി.

ഫൈനലിൽ പക്ഷേ കോലി കുറച്ചുകൂടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 49 പന്തുകളിൽനിന്ന് നേടിയത് 35 റണ്‍സ്. നാല് ബൗണ്ടറി കൾ സഹിതമാണിത്. ഗൗതം ഗംഭീറിന്റെയും (97), ക്യാപ്്റ്റൻ എം.എസ്. ധോണിയുടെയും അർധസെഞ്ചുറി പ്രകടനത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യ ലോകകപ്പ് ഉയര്‍ത്തി.

ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് തോല്‍വി, ലോകകപ്പിൽനിന്നു പുറത്ത്, വിഡിയോ സ്റ്റോറി കാണാം

∙ 2015 ലോകകപ്പ് – 1, 3

2011 നെ അപേക്ഷിച്ച് 2015ലെ നോക്കൗട്ട് മൽസരങ്ങളിൽ പരിതാപകരമായിരുന്നു കോലിയുടെ പ്രകടനം. ക്വാർട്ടർ ഫൈനലിൽ ബംഗ്ലദേശായിരുന്നു ഇന്ത്യയുടെ എതിരാളികൾ. ഈ മൽസരത്തിൽ കോലി മൂന്ന് റൺസിന് പുറത്തായി. റൂബൽ ഹുസൈന്റെ പന്തിൽ വിക്കറ്റ് കീപ്പർ മുഷ്ഫിഖർ റഹിമിന് ക്യാച്ച് നൽകിയായിരുന്നു കോലിയുടെ പുറത്താകൽ. രോഹിത് ശര്‍മയുടെ സെഞ്ചുറിക്കരുത്തിൽ (137) ബംഗ്ലദേശിനെ ഇന്ത്യ 105 റൺസിനു തോൽപിച്ചു.

പക്ഷേ സെമിഫൈനലില്‍ ഇന്ത്യയ്ക്കു കാലിടറി. ഓസ്ട്രേലിയ 95 റൺസിനാണ് ഇന്ത്യയെ തോൽപിച്ചത്. ആ മൽസരത്തിൽ കോലി സ്വന്തമാക്കിയത് 13 പന്തില്‍ ഒരു റൺ മാത്രം. 11 മിനിറ്റ് മാത്രം ഗ്രൗണ്ടില്‍നിന്ന കോലി വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിന് ക്യാച്ച് നൽകിയാണു മടങ്ങിയത്. ഇത്തവണ ന്യൂസീലൻഡിനെതിരായ പുറത്താകലും കൂടി ചേർത്ത് ലോകകപ്പ് നോക്കൗട്ടുകളിൽ കോലി നേടിയത് 73 റൺസാണ്. ശരാശരി 12.16, സ്ട്രൈക്ക് റേറ്റ് 56.15

∙ ഇടംകയ്യൻമാർക്കെതിരെ ‘വിറച്ച്’ കോലി

ലോകകപ്പില്‍ വിരാട് കോലിയുടെ പുറത്താകലുകള്‍ക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. നോക്കൗട്ട് ഘട്ടത്തിൽ ഭൂരിഭാഗം മൽസരങ്ങളിലും കോലിയെ പുറത്താക്കിയതു ഇടംകയ്യൻ പേസ് ബോളർമാരാണ്. 2011ൽ പാക്കിസ്ഥാനെതിരെ വഹാബ് റിയാസ്, 2015ൽ ഓസ്ട്രേലിയയ്ക്കെതിരെ മിച്ചല്‍ ജോൺസൺ, ഇത്തവണ ലോകകപ്പ് സെമിയിലും കോലിയെ പുറത്താക്കിയത് ഒരു ഇടംകയ്യൻ പേസറാണ്. ന്യൂസീലൻഡിന്റെ ട്രെന്റ് ബോള്‍ട്ട്!

2017 ചാംപ്യൻസ് ട്രോഫി ഫൈനലില്‍ കോലി വീണത് പാക്കിസ്ഥാന്റെ ഇടംകയ്യൻ പേസര്‍ മുഹമ്മദ് ആമിറിന്റെ പന്തിലാണ്. കോലി അഞ്ച് റൺസിനു പുറത്തായപ്പോൾ ആ കളിയിൽ പാക്കിസ്ഥാനോട് ഇന്ത്യ 180 റൺസിനു തോല്‍ക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA