sections
MORE

അനായാസം ഇംഗ്ലണ്ട്, ഫൈനലിൽ കിവീസിന് എതിരെ; കിരീടത്തിന് പുതിയ അവകാശി

ഓസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ, വിഡിയോ സ്റ്റോറി കാണാം

SHARE

ബർമിങ്ങാം∙ സെമിഫൈനലിന്റെ സമ്മർദ്ദമൊക്കെ മറന്ന് ഇത്രമേൽ അനായാസം ലോകകപ്പ് ഫൈനലിൽ കടക്കാൻ പറ്റുമോ? അതും നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തോൽപ്പിച്ച്. സാധിക്കുമെന്ന് ഇംഗ്ലണ്ട് തെളിയിച്ചിരിക്കുന്നു! ഈ ലോകകപ്പിലെ ഏറ്റവും അനായാസ ജയങ്ങളിലൊന്നുമായി ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ. ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലിഷ് മുന്നേറ്റം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. ഓസീസ് ബാറ്റ്സ്മാൻമാർ നിലയുറപ്പിക്കാൻ പാടുപെട്ട അതേ പിച്ചിൽ ഇംഗ്ലിഷ് ബാറ്റ്സ്മാൻമാർ തകർത്തടിച്ചതോടെ അവർ അനായാസം വിജയത്തിലെത്തി. 107 പന്തും എട്ടു വിക്കറ്റും അപ്പോഴും ബാക്കി! എട്ട് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി ഓസീസിന്റെ മൂന്നു വിക്കറ്റ് പിഴുത ക്രിസ് വോക്സാണ് കളിയിലെ കേമൻ.

65 പന്തിൽ ഒൻപതു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 85 റൺസെടുത്ത റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. അംപയറിന്റെ തെറ്റായ തീരുമാനത്തിൽ പുറത്തായ റോയിക്ക് അർഹിച്ച സെഞ്ചുറിയാണ് നഷ്ടമായത്. ബെയർസ്റ്റോ 43 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 34 റൺസെടുത്തു. തുടർച്ചയായ മൂന്നാം മൽസരത്തിലും ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടു തീർത്ത ഇരുവരും 124 റൺസടിച്ചാണ് പിരിഞ്ഞത്. ഇവർ പുറത്തായശേഷമെത്തിയ ജോ റൂട്ട്, ക്യാപ്റ്റൻ ഒയിൻ മോർഗൻ എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. റൂട്ട് 46 പന്തിൽ എട്ടു ബൗണ്ടറി സഹിതം 49 റൺസോടെയും മോർഗൻ 39 പന്തിൽ എട്ടു ബൗണ്ടറി സഹിതം 45 റൺസോടെയും പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും 79 റൺസാണ് കൂട്ടിച്ചേർത്തത്.

ഞായറാഴ്ച ലോഡ്സിൽ നടക്കുന്ന ഫൈനലിൽ, ഇന്ത്യയെ തോൽപ്പിച്ചെത്തുന്ന ന്യൂസീലൻഡാണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഇംഗ്ലണ്ട് – ന്യൂസീലൻഡ് ഫൈനലിനു കളമൊരുങ്ങിയതോടെ, ഇക്കുറി ലോകകിരീടത്തിന് പുതിയ അവകാശികളെത്തുമെന്നും ഉറപ്പായി. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലൻഡിന് തുടർച്ചയായ രണ്ടാം ഫൈനലും. 1979, 1987,1992 വർഷങ്ങളിൽ ഫൈനൽ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം ആദ്യമായി ഫൈനൽ കളിച്ച ന്യൂസീലൻഡ് ആകട്ടെ, ഓസ്ട്രേലിയയോടു തോൽക്കുകയും ചെയ്തു. അതേസമയം, ലോകകപ്പിൽ എട്ടാം സെമി ഫൈനൽ കളിച്ച ഓസീസിന്റെ ആദ്യ തോൽവിയാണിത്.

∙ ജേസൺ റോയി, ഇംഗ്ലണ്ടിന്റെ ‘ബോയ്’

224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങുമ്പോൾ, ഓസ്ട്രേലിയൻ താരങ്ങൾ നിലയുറപ്പിക്കാ‍ൻ പെടാപ്പാടു പിച്ചിൽ ഇംഗ്ലണ്ടും പതറുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇംഗ്ലണ്ട് ഓപ്പണർമാരായ ജെയ്സൺ റോയിയും ബെയർസ്റ്റോയും അതീവ ശ്രദ്ധയോടെയാണ് തുടക്കമിട്ടതും. എന്നാൽ, പിച്ചിൽ പേടിക്കാനൊന്നുമില്ലെന്ന് വ്യക്തമായതോടെ ഇരുവരും തനിനിറം പുറത്തെടുത്തു.

പിന്നീട് ഓസീസ് ബോളർമാരെ ഇരുവരും മൈതാനത്തിനു നാലു ചുറ്റും പായിക്കുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടിൽ. 9.5 ഓവറിൽ ഇരുവരും ചേർന്ന് ഇംഗ്ലണ്ടിനെ 50 കടത്തി. അവിടെനിന്ന് നൂറിലെത്താൻ വേണ്ടിവന്നത് 34 പന്തുമാത്രം. ജെയ്സൻ റോയിയായിരുന്നു കൂടുതൽ അപകടകാരി. 50 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും സഹിതം റോയി 19–ാം ഏകദിന അർധസെഞ്ചുറി പൂർത്തിയാക്കി. ഈ ലോകകപ്പിൽ 50 കടക്കുന്നത് നാലാം തവണ.

കൂട്ടുകെട്ടു പിരിക്കാനെത്തിയ ഓസീസ് ഇന്നിങ്സിലെ ടോപ് സ്കോറർ കൂടിയായ സ്റ്റീവ് സ്മിത്തിന്റെ ഒരു ഓവറിൽ ഹാട്രിക് സിക്സ് സഹിതം 21 റൺസാണ് റോയി അടിച്ചെടുത്തത്. ഇതിനിടെ ഇരുവരും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. 15.3 ഓവറിലാണ് ഇംഗ്ലണ്ട് 100 കടന്നത്. ഈ ലോകകപ്പിൽ തുടർച്ചയായ മൂന്നാം മൽസരത്തിലാണ് ബെയർസ്റ്റോ – റോയി സഖ്യം 100 കടക്കുന്നത്. ലോകകപ്പിലാകെ നാലാം തവണയും. ഇതിനു മുൻപു നടന്ന ന്യൂസീലൻഡിനെതിരായ മൽസരത്തിലും (123), ഇന്ത്യയ്ക്കെതിരായ മൽസരത്തിലും (160) ഇവർ സെഞ്ചുറി കൂട്ടുകെട്ട് തീർത്തിരുന്നു.

∙ റെക്കോർഡ് ബുക്കിൽ സ്റ്റാർക്ക്

സ്കോർ 124ൽ നിൽക്കെ ജോണി ബെയർസ്റ്റോയെ എൽബിയിൽ കുരുക്കി മിച്ചൽ സ്റ്റാർക്കാണ് കൂട്ടുകട്ടു പൊളിച്ചത്. റിവ്യൂവിനു പോയെങ്കിലും ഫലമുണ്ടായില്ല. 43 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 34 റണ്‍സായിരുന്നു ബെയർസ്റ്റോയുടെ സമ്പാദ്യം. ഇതോടെ, 10 മൽസരങ്ങളിൽനിന്ന് 27 വിക്കറ്റ് പിഴുത സ്റ്റാർക്ക്, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 2007 ലോകകപ്പിൽ 26 വിക്കറ്റ് പിഴുത ഓസ്ട്രേലിയയുടെ തന്നെ ഗ്ലെൻ മഗ്രായുടെ റെക്കോർഡാണ് സ്റ്റാ‍ർക്ക് തിരുത്തിയത്.

23 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും തകർപ്പൻ ഫോമിൽ കളിച്ചുവന്ന ജെയ്സൺ റോയി അംപയറിന്റെ തെറ്റായ തീരുമാനത്തിൽ പുറത്തായി. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്താണ് പുറത്തായതെങ്കിലും, പന്ത് റോയിയുടെ ബാറ്റിൽ കൊണ്ടില്ലെന്ന് റീപ്ലേയിൽ വ്യക്തമായി. അംപയറിന്റെ തെറ്റായ തീരുമാനത്തിൽ അനിഷ്ടം പ്രകടിപ്പിച്ച് ക്രീസിൽ നിന്ന റോയിയെ പിന്നീട് അംപയർമാർ നിർബന്ധിച്ചാണ് പറഞ്ഞയച്ചത്.

തുടർന്ന് ക്രീസിൽ ഒരുമിച്ച ജോ റൂട്ട് – ഒയിൻ മോർഗൻ സഖ്യം കാര്യമായ അധ്വാനം കൂടാതെ തന്നെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു. 12.3 ഓവറിൽ (75 പന്ത്) 79 റൺസാണ് ഇരുവരും ചേർന്ന് ഇംഗ്ലണ്ട് സ്കോർ ബോർഡിൽ എത്തിച്ചത്. ജെയ്സൺ ബെഹ്റെൻഡോർഫിനെ ബൗണ്ടറി കടത്തി ഒയിൻ മോർഗനാണ് ടീമിന് വിജയം സമ്മാനിച്ചത്. റൂട്ട് 46 പന്തിൽ എട്ടു ബൗണ്ടറി സഹിതം 49 റൺസോടെയും റോയി 39 പന്തിൽ എട്ടു ബൗണ്ടറി സഹിതം 45 റൺസോടെയും പുറത്താകാതെ നിന്നു.

∙ ദയനീയം, ഓസീസ് !

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49 ഓവറിൽ 223 റൺസിന് എല്ലാവരും പുറത്തായി. 14 റൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടമാക്കിയ ഓസീസിന്, നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത് – അലക്സ് കാരി സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 21.1 ഓവർ ക്രീസിൽ നിന്ന സഖ്യം 103 റൺസാണ് ഓസീസ് സ്കോർ ബോർഡിൽ ചേർത്തത്. 119 പന്തിൽ ആറു ബൗണ്ടറി സഹിതം 85 റൺസെടുത്ത സ്മിത്താണ് ഓസീസിന്റെ ടോപ് സ്കോറർ. അലക്സ് കാരി 70 പന്തിൽ നാലു ബൗണ്ടറി സഹിതം 46 റൺസെടുത്തു.

ഗ്ലെൻ മാക്സ്‍വെൽ (23 പന്തിൽ 22), മിച്ചൽ സ്റ്റാർക്ക് (36 പന്തിൽ 29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എട്ടാം വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കിനൊപ്പം സ്മിത്ത് കൂട്ടിച്ചേർത്ത 51 റൺസ് കൂട്ടുകെട്ടാണ് ഓസീസ് സ്കോർ 200 കടത്തിയത്. ഓസീസ് നിരയിൽ ആറു പേർ രണ്ടക്കം കാണാതെ പുറത്തായി.

ഓപ്പണർ ആരോൺ ഫിഞ്ച് (0), ഡേവിഡ് വാർണർ (11 പന്തിൽ 9), ഈ ലോകകപ്പിലെ ആദ്യ മൽസരം കളിക്കുന്ന പീറ്റർ ഹാൻഡ്സ്കോംബ് (12 പന്തിൽ നാല്), മാർക്കസ് സ്റ്റോയ്നിസ് (0), പാറ്റ് കമ്മിൻസ് (10 പന്തിൽ ആറ്), ജെയ്സൺ ബെഹ്റെൻഡോർഫ് (ഒന്ന്) എന്നിവരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. നേഥൻ ലയോൺ അഞ്ചു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവർ മൂന്നും ജോഫ്ര ആർച്ചർ രണ്ടും മാർക്ക് വുഡ് ഒന്നും വിക്കറ്റ് വീഴ്ത്തി. സ്റ്റീവ് സ്മിത്ത് റണ്ണൗട്ടായി.

∙ ലോകകപ്പ് സെമിയിൽ ഏറ്റവും കൂടുതൽ പന്ത് ബാക്കിനിർത്തി നേടിയ വിജയങ്ങൾ

188 ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ, 1975
119 വെസ്റ്റിൻഡീസ് ന്യൂസീലൻഡിനെതിരെ, 1975
111 ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്കെതിരെ, 2007
107 ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്കെതിരെ, 2019

∙ ലോകകപ്പ് സെമികളിൽ ഓസീസിന്റെ പ്രകടനം


1975 – ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് ജയം
1987 – പാക്കിസ്ഥാനെതിരെ 18 റൺസ് ജയം
1996 – വെസ്റ്റിൻഡീസിനെതിര അഞ്ചു റൺസ് ജയം
1999– ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടൈ (ഫൈനലിൽ കടന്നു)
2003 – ശ്രീലങ്കയ്ക്കെതിരെ 48 റൺസ് ജയം
2007 – ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴു വിക്കറ്റ് ജയം
2015 – ഇന്ത്യയ്ക്കെതിരെ 95 റൺസ് ജയം
2019 – ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റ് തോൽവി (സെമി ഫൈനലിൽ ആദ്യ തോൽവി)

∙ ഒരു ലോകകപ്പിൽ കൂടുതൽ വിക്കറ്റ്

27 മിച്ചൽ സ്റ്റാർക്ക് (2019)
26 ഗ്ലെൻ മഗ്രോ (2007)
23 ചാമിന്ദ (2003)
23 ഷോൺ ടെയ്റ്റ് (2007)
23 മുത്തയ്യ മുരളീധരൻ (2007)

∙ ലോകകപ്പ് നോക്കൗട്ട് മൽസരങ്ങളിൽ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം

65 പാക്കിസ്ഥാനെതിരെ, 2015
105 ഇന്ത്യയ്ക്കെതിരെ, 2015
56* ന്യൂസീലൻഡിനെതിരെ, 2015
85 ഇംഗ്ലണ്ടിനെതിരെ, 2019

English Summary: England Vs Australia ICC World Cup 2019, 2nd Semi Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA