sections
MORE

ധോണി വരേണ്ടിയിരുന്നത് 7–ാം നമ്പറിലോ?; തന്ത്രങ്ങളിലെ പിഴവെന്ന് ആക്ഷേപം

ms-dhoni-vs-new-zealand
SHARE

ലണ്ടൻ∙ ന്യൂസീലൻഡിനെതിരായ ലോകകപ്പ് ക്രിക്കറ്റ് സെമി പോരാട്ടത്തിൽ വീരോചിതം പൊരുതിയാണ് ഇന്ത്യ തോൽവി സമ്മതിച്ചത്. തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്കുശേഷം ആദ്യം ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരും പിന്നീട് രവീന്ദ്ര ജഡേജ – മഹേന്ദ്രസിങ് ധോണി സഖ്യവും കാഴ്ചവച്ച പോരാട്ടവീര്യമാണ് കൂറ്റൻ തോൽവിയെന്ന നാണക്കേടിൽനിന്ന് പോരാളികളെന്ന ലേബലിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. ഇഞ്ചോടിഞ്ചു പൊരുതി അവസാനം തോൽവി വഴങ്ങിയെങ്കിലും ഇന്ത്യ പുറത്തെടുത്ത പോരാട്ടവീര്യം തീർച്ചയായും കയ്യടി അർഹിക്കുന്നതുതന്നെ.

എന്നാൽ, തന്ത്രങ്ങളിൽ കുറച്ചുകൂടി സൂക്ഷ്മതയും ബാറ്റിങ് ലൈനപ്പ് നിർണയിക്കുന്നതിൽ കുറച്ചുകൂടി തന്ത്രജ്ഞതയും കാട്ടിയിരുന്നെങ്കിൽ മൽസലഫലം തന്നെ മാറുമായിരുന്നു എന്ന് സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണും ഉൾപ്പെടെയുള്ള മുൻ താരങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ആദ്യത്തെ മൂന്നു ബാറ്റ്സ്മാൻമാരും അഞ്ചു റൺസിനിടെ പുറത്തായിട്ടും പരിചയസമ്പന്നനും ഇത്തരം സന്നിഗ്ധ ഘട്ടങ്ങൾ നേരിട്ട് തഴക്കവും പഴക്കവും വന്ന  മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ ഇറക്കാതിരുന്നതാണ് വീഴ്ചയായി ഇവർ ചൂണ്ടിക്കാട്ടുന്നത്.

മൂന്നിന് അഞ്ചു റൺസ് എന്ന നിലയിൽ ഇന്ത്യ പരീക്ഷിച്ചത് ദിനേഷ് കാർത്തിക്കിനെയാണ്. ഇന്ത്യൻ ഏകദിന ടീമിൽ അത്ര പതിവുകാരനല്ലാത്ത, ഈ ലോകകപ്പിൽ ചുരുക്കം അവസരങ്ങൾ മാത്രം ലഭിച്ച കാർത്തിക്കിനു പകരം ധോണിയെയായിരുന്നു ഇറക്കേണ്ടിയിരുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കുറച്ചധികം നേരം പ്രതിരോധിച്ചുനിന്നെങ്കിലും നങ്കൂരമിട്ടു കളിക്കാൻ കാർത്തിക്കിനായില്ല. പവർപ്ലേ അവസാനിക്കുമ്പോഴേയ്ക്കും ഇന്ത്യ നാലിന് 24 റൺസ് എന്ന നിലയിൽ തകരുകയും ചെയ്തു.

∙ കോലിയുടെ ന്യായീകരണം

ആദ്യത്തെ കുറച്ചു മൽസരങ്ങൾക്കുശേഷം മധ്യനിരയിലെ അവസാനക്കാർ മുതൽ വാലറ്റക്കാർ വരെയുള്ളവർക്കൊപ്പം കളിക്കാനുള്ള ചുമതലയാണ് ധോണിക്കു നൽകിയിരുന്നത്. അതായിരുന്നു ഞങ്ങളുടെ ഗെയിം പ്ലാൻ. ആറോ ഏഴോ വിക്കറ്റ് പോയാലും കൂറ്റനടികളിലൂടെ ധോണിക്കു ജയിപ്പിക്കാനും കഴിയും. ജഡേജയ്ക്കൊപ്പം ധോണി മികച്ച രീതിയിൽ ബാറ്റു ചെയ്തു എന്നാണ് ഞാൻ കരുതുന്നത്. ടീമിന് ബാലൻസ് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമായിരുന്നു. ഒരാൾ ആക്രമിച്ചു കളിക്കുന്നുണ്ടെങ്കിൽ രണ്ടാമൻ പിന്തുണ കൊടുക്കുന്നതാണ് നല്ലത്.’

∙ സൗരവ് ഗാംഗുലി

ധോണി നേരത്തേ ഇറങ്ങേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഇന്നിങ്സിലുടനീളം ബാറ്റു ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞേനെ. മാത്രമല്ല, ക്രീസിൽ നിൽക്കുന്ന യുവതാരങ്ങൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാനും ധോണിക്കു കഴിയുമായിരുന്നു. ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളിൽ കാറ്റും ഒരു നിർണായക ഘടകമാണ്. പന്തിനൊപ്പം ധോണിയാണ് ക്രീസിലുണ്ടായിരുന്നതെങ്കിൽ കാറ്റു വീശുന്നതിന്റെ എതിർ ദിശയിൽ അത്തരമൊരു ഷോട്ടു കളിക്കാൻ അനുവദിക്കുമായിരുന്നില്ല. മാത്രമല്ല, പന്തിന്റെ കളിയെ അദ്ദേഹത്തിന്റെ ശൈലിക്ക് അനുസൃതമായും മറ്റു സാഹചര്യങ്ങൾ പരിഗണിച്ചും ക്രമപ്പെടുത്താനും ധോണിക്കു കഴിയുമായിരുന്നു. ധോണിക്കു ശേഷം രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക് എന്നിവർ വരാനുള്ളപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പവുമാകുമായിരുന്നു. നാലോ അഞ്ചോ ഓവറിൽ മികച്ച രീതിയിൽ റൺസ് നേടാൻ കെൽപ്പുള്ളവരാണ് ഇവരെല്ലാം, പ്രത്യേകിച്ചും കാർത്തിക്. കൂട്ടത്തകർച്ചയ്ക്കിടെ ക്രീസിലെത്തുമ്പോൾ മാത്രം പതറുന്ന താരമാണ് കാർത്തിക്.

∙ സച്ചിൻ തെൻഡുൽക്കർ

ഹാർദിക് പാണ്ഡ്യയ്ക്കു പകരം ധോണിയാണ് അഞ്ചാം നമ്പറിൽ എത്തിയിരുന്നതെങ്കിൽ ഒരുപക്ഷേ, മൽസരഫലം തന്നെ മാറുമായിരുന്നു. തീർച്ചയായും ഈ സമയത്ത് നങ്കൂരമിട്ടു കളിക്കാൻ ധോണിക്കു സാധിക്കുമായിരുന്നു. മാത്രമല്ല, തനിക്കൊപ്പമുള്ളയാള്‍ക്ക് മാർഗദർശിയുമാകുമായിരുന്നു. ടീം തകർച്ചയിലേക്കു നീങ്ങുമ്പോൾ ധോണിയെ ഇറക്കി മൽസരം നിയന്ത്രണത്തിലാക്കുകയല്ലേ വേണ്ടത്? അവസാന ഘട്ടമായപ്പോൾ ജഡേജയുമായി സംസാരിച്ച് ധോണി കാര്യങ്ങൾ നിയന്ത്രിക്കുന്നുമുണ്ടായിരുന്നു. വളരെ ചടുലമായാണ് ധോണി സ്ട്രൈക്ക് കൈമാറിക്കൊണ്ടിരുന്നത്.

∙ വി.വി.എസ്. ലക്ഷ്മൺ

ധോണിയെ ബാറ്റിങ് ലൈനപ്പിൽ താഴേയ്ക്കു മാറ്റിയത് തന്ത്രപരമായ പിഴവു തന്നെയാണ്. ഹാർദിക് പാണ്ഡ്യയ്ക്കും ദിനേഷ് കാർത്തിക്കിനും മുൻപു വരേണ്ടിയിരുന്നത് ധോണിയാണ്. ധോണിയുടെ അനുഭവ സമ്പത്തും ബാറ്റിങ് ശൈലിയും ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള സമയമായിരുന്നു അത്. ധോണി നേരത്തെ വന്നിരുന്നെങ്കിൽ ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമാകാതെ നോക്കാമായിരുന്നു. മാത്രമല്ല, ഋഷഭ് പന്തിനൊപ്പം മികച്ച കൂട്ടുകെട്ടു തീർക്കാനുള്ള സാധ്യതയും ധോണിക്കുണ്ടായിരുന്നു. 2011 ലോകകപ്പ് ഫൈനലിൽ യുവരാജ് സിങ്ങിനു പകരം നാലാം നമ്പറിൽ എത്തി കളി ജയിപ്പിച്ചയാളാണ് ധോണിയെന്നു മറക്കരുത്.

English Summary:  Dhoni Coming In At No. 5 Would've Made A Difference: Former Players After India's World Cup Exit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA