sections
MORE

ലോകകപ്പിൽ പേടിച്ചത് ‘നാലിന്റെ പണി’; സെമിയിൽ കിട്ടിയത് ‘ഏഴിന്റെ പണി’!

dhoni-run-out-vs-new-zealand
ന്യൂസീലൻഡിനെതിരായ മൽസരത്തിൽ ധോണി റണ്ണൗട്ടാകുന്നു.
SHARE

ജഴ്സിയിൽ ഏഴാം നമ്പറുകാരനായ ധോണി, ലോകകപ്പ് സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയത് പലരെയും അതിശയിപ്പിച്ചു. ഇന്ത്യ 3ന് 5 എന്ന നിലയിൽ പരുങ്ങിയ നേരത്ത് ധോണി ക്രീസിലെത്തിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ഇങ്ങനെയൊരു തോൽവിയുണ്ടാകില്ലെന്നാണ് പലരുടെയും വാദം. ധോണിയുടെ പരിചയസമ്പത്തിനു പകരം ദിനേഷ് കാർത്തിക്കിന്റെ പരിഭ്രമം കലർന്ന ബാറ്റിങ്ങിനെയാണ് കോച്ച് രവി ശാസ്ത്രിയും ക്യാപ്റ്റൻ കോലിയും ആശ്രയിച്ചത്. ടീം മാനേജ്മെന്റിന്റെ ഈ തലതിരിഞ്ഞ തീരുമാനത്തെ മുൻതാരങ്ങളടക്കം ചോദ്യം ചെയ്തു കഴിഞ്ഞു. 

∙ നങ്കൂരമിടാൻ ആര്

ആടിയുലയുന്ന ബാറ്റിങ് നിരയെ ഒറ്റയ്ക്കു താങ്ങിനിർത്താൻ പോന്ന മൂന്നേ മൂന്നു പേരെ ഇപ്പോൾ ഇന്ത്യൻ ടീമിലുള്ളു. ഇതിൽ ക്യാപ്റ്റൻ കോലി (ഒന്ന്), വൈസ് ക്യാപ്റ്റൻ രോഹിത് (ഒന്ന്) എന്നിവർ തുച്ഛമായ സ്കോറിൽ പുറത്തായതോടെ ‘സൂപ്പർ ക്യാപ്റ്റൻ’ ധോണി ഫോമിലേക്ക് ഉയരേണ്ടത് ഇന്ത്യൻ ജയത്തിന് അനിവാര്യമായി.

എന്നാൽ ധോണിയെ ‘കരുതിവച്ച’ ടീം മാനേജ്മെന്റ് ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരെ വിശ്വാസത്തിലെടുത്തു. വേഗത്തിൽ സ്കോർ ചെയ്തു ശീലമുള്ള ഇരുവർക്കും സന്ദർഭത്തിന് അനുസരിച്ചു കളിക്കാൻ സാധിച്ചില്ല. ഇവരിൽ ഒരാൾക്കൊപ്പം നങ്കൂരമിട്ടു കളിക്കുന്ന ധോണി ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, മത്സരഫലംതന്നെ മാറിയേനെ എന്ന വിലയിരുത്തലാണ് ഭൂരിഭാഗം പേർക്കും. 

∙ പാളിയ പദ്ധതി

അവസാന ഓവറുകളിൽ കളി നിയന്ത്രിച്ച ശേഷം ആവശ്യമെങ്കിൽ ആഞ്ഞടിക്കാനാണ് ധോണിയുടെ വരവ് വൈകിച്ചതെന്നാണ് മത്സരശേഷം മാധ്യമസമ്മേളനത്തിൽ ക്യാപ്റ്റൻ കോലി പറഞ്ഞത്. മുൻനിരയെ ആശ്രയിക്കുകയെന്ന ‘പ്ലാൻ എ’യുമായി ലോകകപ്പിനെത്തിയ ഇന്ത്യയ്ക്കു സെമിവരെ കാര്യമായ പരീക്ഷണം നേരിടേണ്ടി വന്നില്ല.

ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് തോല്‍വി, ലോകകപ്പിൽനിന്നു പുറത്ത്, വിഡിയോ സ്റ്റോറി കാണാം

സെമിയിലാവട്ടെ, ധോണിയെ ഏഴാം നമ്പറിൽ ഇറക്കുക എന്ന ഒരേയൊരു പ്ലാൻ ബി ടീം ടീം മാനേജ്മെന്റ് പയറ്റി. പക്ഷേ, ധോണിയും ഒപ്പം ജ‍ഡേജയും കളി ഒരു വിധം തീരത്തടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. 

∙ ധവാന്റെ പരുക്ക്

ഓപ്പണർ ശിഖർ ധവാൻ പരുക്കേറ്റു പുറത്തായത് ഇന്ത്യയുടെ പദ്ധതികളുടെ പാളം തെറ്റിച്ചത്. അതോടെ, നാലാം നമ്പരുകാരൻ രാഹുൽ ഓപ്പണറായി. പകരം വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് എന്നിവരെ നാലാം നമ്പറിൽ മാറി മാറി പരീക്ഷിച്ചു. ആരും മെച്ചപ്പെട്ട പ്രകടനം നടത്തിയില്ല. ഇതോടെ, അഞ്ച്, ആറ് നമ്പറുകളിലെ ബാറ്റിങ് സമവാക്യവും മാറി.

ലോകകപ്പിൽ ഇങ്ങനെയൊരു പരീക്ഷണത്തിനു മുതിരേണ്ടി വന്നത് ഇന്ത്യയ്ക്കു വലിയ തിരിച്ചടിയായി. കേദാർ ജാദവും ജാദവിനു പകരം ടീമിലെത്തിയ ദിനേഷ് കാർത്തിക്കും നിരാശപ്പെടുത്തുക കൂടി ചെയ്തതോടെ എല്ലാം പൂർത്തിയായി! 

∙ ലോകകപ്പിൽ നാലാം നമ്പറിൽ ബാറ്റുചെയ്ത ഇന്ത്യൻ താരങ്ങളുടെ പ്രകടനം (താരം, ഇന്നിങ്സ്, റൺസ്, ശരാശരി, ഉയർന്ന സ്കോർ) 

രാഹുൽ 1 26 26.00 26 

ഹാർദിക് 2 74 37.00 48 

ശങ്കർ 2 43 21.50 29 

പന്ത് 4 116 29.00 48 

∙ കേദാർ ജാദവ്, ദിനേഷ് കാർത്തിക് എന്നിവരുടെ പ്രകടനം (താരം, ഇന്നിങ്സ്, റൺസ്, ശരാശരി, ഉയർന്ന സ്കോർ )

കേദാർ ജാദവ് 5 80 40.0 52 

ദിനേഷ് കാർത്തിക് 2 14 7.00 8 

∙ മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ ലോകകപ്പിലെ ബോളിങ് പ്രകടനം (താരം, കളി, വിക്കറ്റ്, ശരാശരി, ഇക്കോണമി) 

മുഹമ്മദ് ഷമി 4 14 13.78 5.48 

യുസ്‌വേന്ദ്ര ചെഹൽ 8 12 36.83 5.97 

കുൽദീപ് യാദവ് 7 6 56.16 5.02 

രവീന്ദ്ര ജഡേജ 2 2 74 37.00 3.70 

English Summary: Experts and Former Brothers blast decision to send Dhoni at number 7

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA