sections
MORE

ഓർക്കുക, ക്രിക്കറ്റ് ദയയില്ലാത്ത കളിയാണ്; ‘എങ്കിലു’കൾക്ക് ഇവിടെ പ്രസക്തിയില്ല !

CRICKET-WORLDCUP-IND-NZL/
SHARE

നിലവിലെ ഫോമിലും പ്രകടനങ്ങളുടെ ആധികാരികതയിലും ഈ ലോകകപ്പിലെ ഒന്നാം നമ്പർ ടീമായ വിരാട് കോലിയുടെ ഇന്ത്യ സെമിഫൈനലിൽ പുറത്തായി. റൗണ്ട് റോബിൻ ഘട്ടത്തിൽ‍ ഇന്ത്യ ഏറ്റുമുട്ടാത്ത ഏക ടീമും അപ്രതീക്ഷിത പ്രകടനങ്ങളുടെ ആശാന്മാരുമായ ന്യൂസീലൻഡ് അവരെ അട്ടിമറിച്ചു. ക്രിക്കറ്റിൽ 220നും 250നും ഇടയിലുള്ള ടാർഗറ്റ്, പലപ്പോഴും ഒരു ട്രിക്കി ടാർഗറ്റാണ്. പിന്തുടരുന്നവർക്ക് അത് തീരെ ചെറിയ ലക്ഷ്യമല്ല. ഡിഫൻഡ് ചെയ്യുന്ന ടീമിന് ബാറ്റ്സ്മാന്മാരുടെ തലയറുക്കുന്നതുപോലെ ബോൾ ചെയ്താൽ മാത്രമെ രക്ഷയുള്ളൂ. ലോകക്രിക്കറ്റിലെ മികച്ച രണ്ടു സീം ബോളർമാരായ ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻട്രിയും അതു ചെയ്തു. തലേന്നു മഴ പെയ്തതോടെ വിക്കറ്റ് അവരെ ഒന്നാന്തരമായി തുണച്ചു. അഞ്ചു റൺസിനു മൂന്നുവിക്കറ്റ് നഷ്ടപ്പെട്ടാൽ, പിന്നെ ഒരു ടീം കളി ജയിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. രവീന്ദ്ര ജഡേജയിലൂടെ അത്തരമൊരു മിറക്കിൾ സംഭവിക്കുമെന്ന് ഓരോ ഇന്ത്യൻ ആരാധകനും പ്രതീക്ഷിച്ചു. പക്ഷേ, ഇന്നലെ കിവീസിന്റെ ദിനമായിരുന്നു.

അഞ്ചു റൺസിനിടെ നഷ്ടമായ ആ മൂന്നു വിക്കറ്റുകൾ ഇന്ത്യയ്ക്ക് അമൂല്യമായിരുന്നു. അഞ്ചു സെഞ്ചുറികൾ കുറിച്ച് ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ രോഹിത് ശർമ, കഴിഞ്ഞ കളിയിൽ സെഞ്ചുറി കണ്ടെത്തി തന്റെ പ്രതിഭയോട് നീതി പുലർത്തിത്തുടങ്ങിയ ലോകേഷ് രാഹുൽ, ലോക ഒന്നാം നമ്പർ ബാറ്റ്സ്മാൻ വിരാട് കോലി... ലോക റാങ്കിങ്ങിലെ ആദ്യ രണ്ടു കളിക്കാർ നിങ്ങളുടെ ടീമിലുണ്ടാകുക എന്നത് അഭിമാനകരമാണ്. പക്ഷേ, അതേ കോലിയും അതേ രോഹിതും ഒറ്റ റൺ വീതം നേടി പുറത്തായി എന്നത് ടീമിനെ ഞെട്ടിക്കുന്നതും പ്രതിരോധത്തിലാക്കുന്നതുമാണ്. ആ ഞെട്ടലിൽ നിന്നു പൂർണമായും കരകയറാൻ ഇന്നലെ ഇന്ത്യയ്ക്കായില്ല.

ആ മൂന്നുപേരിൽ ഒരാളുടെ ബാറ്റ് മാത്രം ഗർജിച്ചാൽ എത്തിപ്പിടിക്കാവുന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, 240. ഏകദിനത്തിൽ ഒറ്റയ്ക്ക് 260നു മുകളിൽ നേടിയിട്ടുള്ള താരമാണ് രോഹിത് ശർമ. ഈ ടൂർണമെന്റിൽ തുടക്കം മുതൽ ഇന്ത്യയ്ക്കുണ്ടായിരുന്ന ദൗർബല്യം നിർണായ കഘട്ടത്തിൽ തിരിച്ചടിച്ചു. ടോപ്പ് ഓർഡറിലെ തോക്കുകൾ നിശബ്ദമായാൽ പിന്നെ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. മധ്യനിരയിൽ ഒരു സോളി‍ഡ് ബാറ്റ്സ്മാനുണ്ടായില്ല. അജിങ്ക്യ രഹാനെയോ അമ്പാട്ടി റായിഡുവോ ഈ ടീമിലുണ്ടായിരുന്നെങ്കിലോ? ക്രിക്കറ്റ് ദയയില്ലാത്ത കളിയാണ്. അതുകൊണ്ട് തന്നെ ‘എങ്കിലു’കൾക്ക് ഇവിടെ പ്രസക്തിയില്ല.

മഹേന്ദ്രസിങ് ധോണിക്കു പകരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന നിലയിൽ ദിനേഷ് കാർത്തിക്കിന് ഈ ഇന്ത്യൻ ടീമിൽ ഇടമുണ്ട്. എന്നാൽ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രം ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കാൻ പോന്ന താരമാണോ കാർത്തിക്? മതിയായ അവസരങ്ങൾ ടൂർണമെന്റിൽ കിട്ടിയില്ലെന്നൊക്കെ പറയാം. പക്ഷേ, തന്റെ  പ്രകടനം ഇന്ത്യൻ ടീമിന് ഏറ്റവും ആവശ്യമുള്ള ദിവസം ആറു റൺസുമായി കാർത്തിക് മടങ്ങി. ഹാർദിക് പാണ്ഡ്യയും (32) ഋഷഭ് പന്തും (32) കിട്ടിയ നല്ല തുടക്കങ്ങൾ കളഞ്ഞുകുളിച്ചു. ഏതു ഗെയിമിലും അനുഭസമ്പത്ത് സൃഷ്ടിക്കുന്ന പാകത എന്ന ഗുണമുണ്ട്. ഈ രണ്ടു കളിക്കാരും അതാർജിക്കുമായിരിക്കും. പക്ഷേ, മാഞ്ചസ്റ്ററിൽ അവർക്ക് അതിനു സാധിച്ചില്ല. അതിനു കൊടുക്കേണ്ടിയിരുന്ന വില വലുതായിപ്പോയി.

രവീന്ദ്ര ജഡേജ! ലോകകപ്പ് സെമിയിലെ ഈ കളിക്കാരന്റെ പ്രകടനത്തെ കോരിത്തരിപ്പോടെ മാത്രമേ ഇന്ത്യൻ ആരാധകർക്ക് എക്കാലത്തും ഓർമിക്കാൻ കഴിയൂ. മധ്യ ഓവറുകളിൽ ന്യൂസീലൻഡിനെ കെട്ടിയിട്ട ബോളിങ് മികവ്, ഫീൽഡിൽ മിന്നൽപ്പിണർ. എട്ടാമതായി ജഡ്ഡു ബാറ്റ് ചെയ്യാൻ എത്തുമ്പോഴേയ്ക്കും ഇന്ത്യയുടെ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചിരുന്നു. അവിടെനിന്ന് അയാളും ധോണിയും കൂടി ഇന്ത്യയുടെ തിരിച്ചുവരവിലേക്ക് ബാറ്റ് വീശിത്തുടങ്ങി. അതു ലോകക്രിക്കറ്റിലെ എക്കാലത്തെയും മഹത്തായ തിരിച്ചുവരവാകുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ, ഇന്ത്യൻ ഗാലറികളെ നിശബ്ദമാക്കി ജഡേജ (77) മടങ്ങി. എക്കാലവുമെന്നപോലെ ഇക്കുറിയും ധോണി (50) ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, മനസ്സെത്തുന്നിടത്ത് ശരീരമെത്തുന്നില്ലെന്ന തോന്നൽ മുപ്പത്തിയെട്ടാം വയസിലെ പ്രകടനം ദ്യോതിപ്പിച്ചു.

മനോഹരമായി സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യുന്നുണ്ടായിരുന്നു മഹി. പക്ഷേ, അദ്ദേഹത്തിന്റെ സിംഗിളുകൾ ജഡേജയിൽ സമ്മർദ്ദം ഇരട്ടിപ്പിച്ചു. വമ്പനടിക്കുള്ള ആ ശ്രമവും പുറത്താകലും അതിന്റെ ബാക്കിപത്രമായിരുന്നു. അപ്പോഴും രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ കളത്തിലുണ്ടെന്നത് ഇന്ത്യൻ ആരാധകരിൽ പ്രതീക്ഷ നിറച്ചു. പക്ഷേ, വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ ചാംപ്യനായ ധോണിയെ അതേ ഓട്ടം ഇന്നലെ തുലച്ചു. ടൂർണമെന്റിലൂടനീളം ബാറ്റ്സ്മാനെന്ന നിലയിൽ മങ്ങിയ മാർട്ടിൻ ഗുപ്ടിലിന്റെ ഡയറക്ട് ഹിറ്റ് ഇന്ത്യൻ പ്രതീക്ഷകൾക്കു മേലെ ഒരു ചാട്ടൂളി പോലെ പതിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ‘തല’ തലകുനിച്ച് ഡ്രസിങ് റൂമിലേക്കു മടങ്ങി. പിന്നീട് ഔപചാരികതകൾ മാത്രം ബാക്കിയായി. 

വിജയിക്കാനുള്ള അദമ്യമായ ദാഹം ഇന്നലെ ന്യൂസീലൻഡ് പ്രകടിപ്പിച്ചു. എന്തുകൊണ്ടാണ് താൻ ലോകക്രിക്കറ്റിൽ ഏറ്റവും  ആദരിക്കപ്പെടുന്ന ക്യാപ്റ്റനായി കണക്കാക്കപ്പെടുന്നതെന്നു കെയിൻ വില്യംസൻ തെളിയിച്ചു. ഇന്ത്യയെപ്പോലെ ഒരു മികച്ച ടീമിനെ നേരിടുന്നതിന്റെ സമ്മർദ്ദം ബാറ്റ് ചെയ്യുന്ന ഘട്ടത്തിൽ ന്യൂസീലൻഡ് നിരയിൽ പ്രകടമായിരുന്നു. എന്നാൽ, അതിനെ അതിജീവിക്കാവുന്ന അനുഭസമ്പത്തും പ്രതിഭയുമുള്ള വില്യംസനും (67) റോസ് ടെയ്‌ലറും (74) അവരെ ഭേദപ്പെട്ട ടോട്ടലിൽ‍ ഒരു വിധം എത്തിച്ചു. ശേഷം ടീമിനെയാകെ പ്രചോദിപ്പിച്ചും, തന്ത്രപരമായ ബോളിങ് ചെയ്‍ഞ്ചുകൾ കൊണ്ടുവന്നും വില്യംസൻ കളി നിയന്ത്രിച്ചു.

മറുവശത്ത് കോലി പുറത്തായപ്പോൾ തന്റെ വികാരപ്രകടനങ്ങളാകെ കോലിയിൽ നിന്നുണ്ടായി. സങ്കടകരമാണ് അദ്ദേഹത്തിന്റെ ടീമിന്റെ കാര്യം. അവർ ഈ ലോകകപ്പിൽ ഒന്നാന്തരമായി കളിച്ചു. കപ്പ് നേടാൻ കഴിയുന്ന തരത്തിൽ തന്നെ കളിച്ചുകൊണ്ടിരുന്നു. ചെറുപ്പക്കാരുടെ ഈ സംഘം കളിയോടുള്ള അദമ്യമായ വാഞ്ഛയിലും പ്രതിഭാവിലാസത്തിലും ഒത്തൊരുമ കൊണ്ടും ആരാധകരുടെയാകെ മനസിൽ മായ്ക്കാത്ത ഇടം നേടി. അത് ഈ ലോകകപ്പിന്റെ ശേഷിക്കുന്ന, പ്രതീക്ഷാനിർഭരമായ ബാക്കി പത്രമാണ്. എന്തെങ്കിലും കാട്ടിക്കൂട്ടിയോ, ഭാഗ്യം ഒന്നുകൊണ്ടു മാത്രമോ സെമിഫൈനൽ വരെ എത്തിയ ടീമായിരുന്നില്ല കോലിയുടെ ടീം ഇന്ത്യ. അവർ മനോഹരമായും ഉജ്വലമായും കളിച്ചു. സെമിയിലും അതു ചെയ്തു. പാളിച്ചകളും പിഴവുകളും ഇല്ലെന്നല്ല. മറ്റേതു ടീമുമായി താരതമ്യപ്പെടുത്തുമ്പോൾ അതു  കുറവായിരുന്നു. 

പക്ഷേ, ക്രിക്കറ്റ് കരുണയില്ലാത്ത കളിയാണ്. കളിയിലെ ഒരു സെഷനിൽ മോശമായാൽ മറ്റെല്ലാ സെഷനിലും മികച്ചുനിന്നാലും നിങ്ങൾ തോറ്റേക്കാം. മാഞ്ചസ്റ്ററിൽ ക്രൂരമായ ആ യാഥാർഥ്യം സംഭവിച്ചു. 

ഉമ്മകൾ ടീം ഇന്ത്യ !

English Summary: India Vs New Zealand ICC World Cup 2019 Semi Final, Analytical Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA