sections
MORE

ധോണി ടീം മാറാൻ തയാറുണ്ടോ? കിവീസ് ടീമിൽ പരിഗണിക്കാം: വില്യംസൻ

ms-dhoni
ന്യൂസീലൻഡിനെതിരെ എം.എസ്. ധോണി പുറത്തായപ്പോൾ
SHARE

മാഞ്ചസ്റ്റർ∙ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായതിനു പിന്നാലെ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളും സജീവമാണ്. സെമിയിൽ ന്യൂസീലൻഡിനെതിരെ അർധസെഞ്ചുറി നേടിയെങ്കിലും സമൂഹമാധ്യമങ്ങളിൽ ധോണിക്കെതിരായ വിമർശനങ്ങൾക്കു കുറവില്ല. ഇതിനിടെ ധോണിക്കു പിന്തുണയുമായി എത്തിയിരിക്കുകയാണ് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ. ധോണി ലോകോത്തര താരമാണെന്നും അദ്ദേഹത്തിന്റെ പരിചയസമ്പത്ത് വിലമതിക്കാനാകാത്തതാണെന്നും വില്യംസൻ ചൂണ്ടിക്കാട്ടി. മൽസരശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് വില്യംസൻ നിലപാട് വ്യക്തമാക്കിയത്.

ധോണിക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തെ അനുകൂലിച്ച് വില്യംസന്റെ പ്രതികരണം. ന്യൂസീലൻഡിനെതിരായ മൽസരത്തിനു ശേഷവും ധോണിക്കെതിരെ വിമർശനങ്ങളുയരുന്ന കാര്യം ചൂണ്ടിക്കാട്ടിയ ഒരു മാധ്യമപ്രവർത്തകൻ, താങ്കളാണ് ഇന്ത്യൻ ക്യാപ്റ്റനെങ്കിൽ ധോണിയെ ടീമിലെടുക്കുമോ എന്നും ചോദ്യമുന്നയിച്ചു. ഇതിന് വില്യംസന്റെ മറുപടി ഇങ്ങനെ:

‘അദ്ദേഹമൊരു ലോകോത്തര കളിക്കാരനാണ്. ഈ മൽസരത്തിൽ രവീന്ദ്ര ജഡേജയ്ക്കൊപ്പം ധോണി നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഇരു ടീമുകളിലെയും താരങ്ങളെ പരിഗണിച്ചാൽ ഏറ്റവും മികച്ച രീതിയിൽ കളിച്ച താരങ്ങളിലൊരാൾ കൂടിയാണ് ധോണി. രാജ്യം മാറാൻ തയാറെങ്കിൽ അദ്ദേഹത്തെ ഞങ്ങൾ ടീമിലെടുക്കാം.’

ധോണിയുടെ റണ്ണൗട്ടാണ് മൽസരത്തിൽ നിർണായകമായതെന്നും വില്യംസൻ അഭിപ്രായപ്പെട്ടു. ഇതുപോലുള്ള സമ്മർദ്ദ ഘട്ടങ്ങളിൽ ധോണി ടീമിനെ വിജയകരമായി ലക്ഷ്യത്തിലെത്തിക്കുന്നതു നമ്മൾ പലതവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീർത്തും വ്യത്യസ്തമായൊരു പ്രതലമായിരുന്നു അത്. അതുകൊണ്ടുതന്നെ ഒന്നും പ്രതീക്ഷിക്കാനുമാകില്ല. ഏതുവിധത്തിലും ധോണിയെ പുറത്താക്കുക എന്നതായിരുന്നു പ്രധാനം. ഗപ്റ്റിലിന്റെ നേരിട്ടുള്ള ഏറിൽ ധോണി റണ്ണൗട്ടായതു തന്നെയാണു വഴിത്തിരിവായതെന്നും വില്യംസൻ പറഞ്ഞു.

ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് തോല്‍വി, ലോകകപ്പിൽനിന്നു പുറത്ത്, വിഡിയോ സ്റ്റോറി കാണാം

നേരത്തേ, 240 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ അമ്പേ പരാജയപ്പെട്ടെങ്കിലും മധ്യനിര താരങ്ങളുടെ ചെറുത്തുനിൽപ്പ് പ്രതീക്ഷ പകർന്നതാണ്. രവീന്ദ്ര ജഡേജ (77), എം.എസ്. ധോണി (50) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങൾ ഇന്ത്യയെ 200 കടത്തുകയും ചെയ്തു. എന്നാൽ ഇരുവരെയും പുറത്താക്കി ന്യൂസീലൻ‍ഡ് മൽസരം തിരിച്ചുപിടിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണു കിവീസ് ലോകകപ്പ് ഫൈനലിലെത്തുന്നത്.

English Summary: Is MS Dhoni changing nationalities? We will consider him for New Zealand team: Kane Williamson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA