sections
MORE

പന്തിനെ പഴിക്കാതെ കോലി; ഭാവിയില്‍ നന്നായിക്കോളുമെന്ന് യുവരാജും!

rishabh-pant-lords
ന്യൂസീലൻഡിനെതിരായ സെമി പോരാട്ടത്തിനു മുൻപായി പരിശീലനത്തിനിടെ ഋഷഭ് പന്ത്.
SHARE

മാഞ്ചസ്റ്റർ ∙ ന്യൂസീലൻഡിനെതിരെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്തായതിൽ ഋഷഭ് പന്തിനെ കുറ്റം പറയാതെ ക്യാപ്റ്റൻ കോലി. കരിയറിന്റെ തുടക്കത്തിൽ ഇത്തരം പിഴവുകൾ സ്വാഭാവികമാണെന്ന് കോലി അഭിപ്രായപ്പെട്ടു. തെറ്റുകളിൽനിന്ന് പാഠം പഠിച്ച് പന്ത് മികച്ച താരമായി വളരുമെന്നും കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കരിയറിന്റെ തുടക്കക്കാലത്ത് താനും ഇങ്ങനെ അമിതാവേശം കാണിച്ചിട്ടുണ്ടെന്ന് കോലി പറഞ്ഞു. ന്യൂസീലൻഡിനെതിരായ സെമി ഫൈനലിൽ 240 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ അഞ്ചു റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങുമ്പോഴാണ് ഋഷഭ് പന്ത് നാലാമനായി ക്രീസിലെത്തുന്നത്.

ഓപ്പണർമാരായ രോഹിത് ശർമ (ഒന്ന്), ലോകേഷ് രാഹുൽ (ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (ഒന്ന്) എന്നിവരാണ് പുറത്തായത്. തുടർന്ന് ദിനേഷ് കാർത്തിക്കിനൊപ്പം 19 റൺസിന്റെയും ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം 47 റൺസിന്റെ കൂട്ടുകെട്ടു സ്ഥാപിച്ച് പന്ത് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും പ്രതിസന്ധിയിൽ നിന്നു രക്ഷപ്പെടും മുൻപ് മിച്ചൽ സാന്റ്‌നറെ സ്ലോഗ് സ്വീപ്പിനു ശ്രമിച്ച് പുറത്തായി. 56 പന്തിൽ നാലുബൗണ്ടറി സഹിതം 32 റൺസായിരുന്നു സമ്പാദ്യം. ടീം പ്രതിസന്ധിയിൽ നിൽക്കെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പന്ത് പുറത്തായതിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പന്തിനെ പിന്തുണച്ച് ക്യാപ്റ്റന്റെ രംഗപ്രവേശം.

‘പന്ത് ഇപ്പോഴും ചെറുപ്പമാണ്. അതേ പ്രായത്തിൽ ഒട്ടേറെ പിഴവുകൾ ഞാനും വരുത്തിയിട്ടുണ്ട്. അതിൽ നിന്ന് പലതും പഠിച്ചു. സെമിഫൈനലിലെ തന്റെ പ്രകടനത്തെക്കുറിച്ചു പുനർവിചിന്തനം നടത്തുമ്പോൾ, ആ ഷോട്ടിനു പകരം വ്യത്യസ്തമായൊരു ഷോട്ടിനു ശ്രമിക്കാമായിരുന്നുവെന്ന് പന്തിനു തോന്നു. ഇക്കാര്യം അദ്ദേഹം ഇപ്പോൾത്തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്’ – കോലി പറഞ്ഞു.

ഓസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ, വിഡിയോ സ്റ്റോറി കാണാം

പിന്നീട് സാന്റ്നറുടെ പന്തിൽ വമ്പനടിക്കു ശ്രമിച്ച് ഹാർദിക് പാണ്ഡ്യയും പുറത്തായതോടെ ഇന്ത്യ ആറിന് 92 എന്ന നിലയിലായി. എന്നാൽ പന്തും ഹാർദിക്കും ചേർന്നുള്ള കൂട്ടുകെട്ടിനെ കോലി പ്രശംസിച്ചു.

‘നൈസർഗിക പ്രതിഭയുള്ള ക്രിക്കറ്റ് താരമാണ് ഋഷഭ് പന്ത്. ടീം തകർച്ചയിലേക്കു നീങ്ങിയ ആ സന്ദർഭത്തിലും മനഃസാന്നിധ്യം കൈവിടാതെ ചെറുത്തുനിൽക്കാൻ പന്തിനു കഴിഞ്ഞു. മൂന്നു വിക്കറ്റ് നഷ്ടമായിട്ടും അവർ ധൈര്യത്തോടെ കളിച്ചു. നല്ലൊരു കൂട്ടുകെട്ടുണ്ടാക്കി. അതു മുതലാക്കാനായില്ലെങ്കിലും. പിഴവുകളെക്കുറിച്ച് പുനർവിചിന്തനം നടത്തി പന്ത് ശക്തമായി തിരിച്ചുവരുമെന്ന് എനിക്കുറപ്പുണ്ട്’– കോലി പറഞ്ഞു.

‘രാജ്യത്തിനായി കളിക്കുന്നതിൽ ഏറ്റവുമധികം അഭിമാനമുള്ളവരാണ് ടീമിലെ താരങ്ങളെല്ലാം. അതുകൊണ്ടുതന്നെ പിഴവുകൾ സംഭവിക്കുമ്പോൾ ഏറ്റവും നിരാശയുണ്ടാകുന്നതും അവർക്കാണ്. പുറത്തുനിന്നു നോക്കുമ്പോൾ ഞങ്ങളെല്ലാം വലിയ പിഴവു വരുത്തിയതായി നിങ്ങൾക്കു തോന്നും. ഒന്നു പറയട്ടെ, ആ പിഴവിന്റെ പേരിൽ ഏറ്റവും വേദനിക്കുന്നത് പിഴവു വരുത്തിയ ഞങ്ങൾ തന്നെയാണ്’ – കോലി പറഞ്ഞു.

‘ഇവരെല്ലാം കഴിവുള്ള താരങ്ങളാൾ തന്നെയാണ്. ഉയരങ്ങളിലേക്കു കുതിക്കാനുള്ള പ്രതിഭയമുണ്ട്. ഋഷഭ് പന്ത് മാത്രമല്ല, ഹാർദിക് പാണ്ഡ്യയുടെ കാര്യവും അങ്ങനെതന്നെ. ചില സമയത്തെ ചില ഷോട്ട് സിലക്ഷനിൽ പാളിച്ച പറ്റും. ഇതൊക്കെ സ്പോർട്സിൽ സ്വാഭാവികമാണ്. ഇത്തരം തെറ്റുകൾ സംഭവിച്ചേക്കാം, ചില സമയത്തെ തീരുമാനങ്ങളിൽ പാളിച്ച വന്നേക്കാം. നാം അത് അംഗീകരിച്ചേ തീരൂ’ – കോലി പറഞ്ഞു.

∙ പിന്തുണയുമായി യുവരാജും

ന്യൂസീലൻഡിനെതിരെ മോശം ഷോട്ടിലൂടെ പുറത്തായ പന്തിനു പിന്തുണയുമായി മുൻ താരം യുവരാജ് സിങ്ങും രംഗത്തെത്തി. പന്തിനെ കുറ്റപ്പെടുത്തിയ ഇംഗ്ലണ്ട് മുൻ താരം കെവിൻ പീറ്റേഴ്സിനെ തിരുത്തിക്കൊണ്ടാണ് യുവിയുടെ രംഗപ്രവേശം.

‘എട്ട് രാജ്യാന്തര ഏകദിനങ്ങൾ മാത്രമാണ് പന്ത് ഇതുവരെ കളിച്ചത്. പരിചയം കൂടുന്തോറും പക്വതയാർജിച്ചോളും. പുറത്താകൽ ദയനീയമായിപ്പോയി എന്നൊന്നും പറയരുത്’. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സന്റെ ട്വീറ്റിനുള്ള മറുപടിയായിട്ടായിരുന്നു യുവരാജിന്റെ വാക്കുകൾ.

നേരത്തെ, നാലാം നമ്പർ സ്ഥാനത്തേക്ക് ഇന്ത്യ നടത്തുന്ന അന്വേഷണത്തിനുള്ള കൃത്യമായ ഉത്തരമാണ് ഋഷഭ് പന്തെന്ന് യുവരാജ് അഭിപ്രായപ്പെട്ടിരുന്നു. ഈ താരത്തെ വളർത്തിയെടുത്താൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുമെന്നായിരുന്നു യുവിയുടെ പരാമർശം.

‘ഐപിഎൽ മാതൃകയിൽ പ്ലേഓഫ് വേണം’

ലോകകപ്പിലും സെമിഫൈനലുകൾക്കു പകരം ഐപിഎൽ മാതൃകയിലുള്ള പ്ലേഓഫുകൾ നന്നായിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന ടീമുകൾക്ക് രണ്ടു ക്വാളിഫയർ മൽസരങ്ങൾ ലഭിക്കുന്ന രീതിയിലാണ് ഐപിഎൽ പ്ലേഓഫുകൾ. കിവീസിനെതിരെ തോൽവിക്കു ശേഷം ഇതേക്കുറിച്ചു ചോദിച്ചപ്പോഴാണ് കോലി അനുകൂലമായി പറഞ്ഞത്.

‘ഇതൊരു നല്ല നിർദേശമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തുന്നതിൽ ഒരു കാര്യവുമില്ല എന്ന സ്ഥിതി അപ്പോൾ മാറും. പക്ഷേ ഇതെല്ലാം എങ്ങനെ, എപ്പോൾ നടപ്പാക്കണമെന്ന് ഐസിസിയാണ് തീരുമാനിക്കേണ്ടത്..’– കോഹ്‌ലി പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സെമിഫൈനൽ ഫോർമാറ്റിന് അതിന്റേതായ ഭംഗിയുണ്ടെന്നും കോലി പറഞ്ഞു. ‘നിങ്ങൾ മുൻപു ചെയ്തതും നേടിയതുമെല്ലാം ഇവിടെ അപ്രസക്തമാണ്. പുതിയൊരു തുടക്കമായി സെമിഫൈനലിനെ കാണാം..’– കോലിയുടെ വാക്കുകൾ.

English Summary: Rishabh Pant will learn from his mistake: Virat Kohli

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA