sections
MORE

റായുഡു, 3 വിക്കറ്റ് കീപ്പർമാർ, 7–ാം നമ്പറിൽ ധോണി; ‘ഉത്തരം’ തേടി ബിസിസിഐ

ravi-shastri-kohli-jadeja
SHARE

മുംബൈ∙ കിരീടപ്രതീക്ഷയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യ ഫൈനൽ കാണാതെ പുറത്തുപോയതിനു പിന്നാലെ, ടീമിന്റെ പ്രകടനം വിലയിരുത്താനൊരുങ്ങി ബിസിസിഐ ഭരണസമിതി. സുപ്രീംകോടതി നിയോഗിച്ച വിനോദ് റായ് അധ്യക്ഷനായ സമിതിയാണ് പരിശീലകൻ രവി ശാസ്ത്രി, ടീം ക്യാപ്റ്റൻ വിരാട് കോലി, ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് എന്നിവരുമായി അവലോകന യോഗത്തിന് തയാറെടുക്കുന്നത്. ടീമംഗങ്ങൾ നാട്ടിൽ മടങ്ങിയെത്തിയശേഷമാകും അവലോകന യോഗമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടീം സിലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും താരങ്ങളുടെ പ്രകടനവുമാകും യോഗത്തിൽ ചർച്ച ചെയ്യുക എന്നാണ് സൂചന. ഓഗസ്റ്റ് ആദ്യ ആഴ്ച ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിനു മുന്നോടിയായി യോഗം നടക്കും.

ഇന്ത്യയുടെ പതിനഞ്ചംഗ ടീമിന്റെ തിരഞ്ഞെടുപ്പ്, ഇംഗ്ലണ്ടിൽ ടീമിന്റെ പ്രകടനം തുടങ്ങിയ കാര്യങ്ങളിൽ ഭരണസമിതിയുടെ ചോദ്യങ്ങൾക്ക് രവി ശാസ്ത്രിയും കോലിയും പ്രസാദും ഉത്തരം നൽകേണ്ടിവരും. റിസർവ് താരമായ അമ്പാട്ടി റായുഡുവിനെ ടീമിലേക്കു പരിഗണിക്കാതിരുന്നതും ഒരേസമയം മൂന്നു വിക്കറ്റ് കീപ്പർമാരെ കളിപ്പിച്ചതും സെമിയിൽ ധോണിയെ നേരത്തെ ഇറക്കാത്തതിനുമെല്ലാം ചർച്ചയ്ക്കു വരും.

അമ്പാട്ടി റായുഡു: അവലോകന യോഗത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് അമ്പാട്ടി റായുഡുവാകുമെന്നാണ് വിവരം. 15 അംഗ ടീമിൽ ഏറെക്കുറെ സ്ഥാനം ഉറപ്പിച്ചിരുന്ന റായുഡുവിനെ പരിഗണിക്കാതിരുന്നതും പിന്നീട് റിസർവ് താരമായി ഉൾപ്പെടുത്തിയെങ്കിലും രണ്ടു പേർ പരുക്കേറ്റു പുറത്തായപ്പോൾ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത മായങ്ക് അഗർവാളിനെ ടീമിലെടുത്തതുമെല്ലാം ഇവർക്കു മുന്നിൽ ചോദ്യങ്ങളായെത്തും.

വിജയ് ശങ്കറിനു പരുക്കേറ്റതിനു പിന്നാലെ റിസർവ് ടീമിൽ അംഗമല്ലാത്ത മായങ്ക് അഗർവാളിനെ ടീമിലെടുത്തതോടെ അമ്പാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. റായുഡുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ താൽപര്യമില്ലായിരുന്നുവെങ്കിൽ അതിനു തൊട്ടുമുൻപുള്ള ഓസീസ് പര്യടനം വരെ നാലാം നമ്പർ സ്ഥാനത്ത് താരത്തെ നിലനിർത്തിയതെന്തിന് എന്നും സിലക്ഷൻ കമ്മിറ്റി ചെയർമാൻ വിശദീകരിക്കണം. 

മൂന്ന് വിക്കറ്റ് കീപ്പർമാർ: ലോകകപ്പ് മൽസരങ്ങൾക്കുള്ള ടീമിൽ ഒരേസമയം മൂന്ന് സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാരെ കളിപ്പിച്ചതിനും ഇവർ മറുപടി നൽകേണ്ടി വരും. സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, മഹേന്ദ്രസിങ് ധോണി എന്നിവർ പല മൽസരങ്ങളിലും ഒരുമിച്ചു കളിച്ചിരുന്നു. സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർ അല്ലെങ്കിലും ലോകേഷ് രാഹുലും കൂടി ചേരുമ്പോൾ നാലു വിക്കറ്റ് കീപ്പർമാർ വരെ ഒരേ സമയം കളിച്ച മൽസരങ്ങളുണ്ട്.

ലോകകപ്പ് പോലൊരു വേദിയിൽ ഇത്തരമൊരു തീരുമാനത്തിലേക്ക് ടീം മാനേജ്മെന്റിനെ എത്തിച്ചത് തന്ത്രങ്ങളിലെ പാളിച്ചയാണോ എന്നാണ് ഉയരുന്ന സംശയം. വിക്കറ്റ് കീപ്പർമാരുടെ എണ്ണം കൂടിയതോടെ ആറാം ബോളർ എന്ന സാധ്യതയില്ലാതെയാണ് ഇന്ത്യ മിക്ക മൽസരങ്ങളിലും കളത്തിലിറങ്ങിയത്.

ഏഴാം നമ്പറിൽ ധോണി: ലോകകപ്പ് സെമിയിലെ തോൽവിക്കു പിന്നാലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യം മഹേന്ദ്രസിങ് ധോണിയെ ഏഴാമത് ബാറ്റിങ്ങിന് ഇറക്കിയതാണ്. അഞ്ചു റൺസിനിടെ മൂന്നു വിക്കറ്റും 24 റൺസിനിടെ നാലു വിക്കറ്റും നഷ്ടമാക്കി ടീം കൂട്ടത്തകർച്ചയിലേക്കു നീങ്ങുമ്പോഴും പരിചയസമ്പന്നനായ ധോണിയെ എന്തുകൊണ്ട് നേരത്തെ ഇറക്കിയില്ല എന്നതാണ് ചോദ്യം.

ധോണിയെ നേരത്തെ ഇറക്കാതിരുന്നത് തന്ത്രങ്ങളിലെ പാളിച്ചയാണെന്ന വിമർശനവുമായി മുൻതാരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.

English Summary: CoA to have World Cup review meeting with Virat Kohli and Ravi Shastri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA