sections
MORE

സ്വകാര്യ ചാറ്റിൽ പറഞ്ഞത് പരസ്യമാക്കിയത് ആരെന്നറിയില്ല: ഡിവില്ലിയേഴ്സ്

ab-devilliers
എ.ബി. ഡിവില്ലിയേഴ്‌സ്
SHARE

ജൊഹാനാസ്ബർഗ്∙ ലോകകപ്പ് ക്രിക്കറ്റിൽ അവിശ്വസനീയമായ തകർച്ചയിലൂടെ അപ്രതീക്ഷിതമായി തകർന്നടിഞ്ഞ് സെമി കാണാതെ പുറത്തായ ടീമാണ് ദക്ഷിണാഫ്രിക്ക. കിരീട സാധ്യതകളിൽ വരെ മുൻപന്തിയിലുണ്ടായിരുന്നിട്ടും ബംഗ്ലദേശ് ഉൾപ്പെടെയുള്ള ടീമുകളോട് തോറ്റ് അവർ സെമിപോലും കാണാതെ മടങ്ങി. ലോകകപ്പിൽ തുടർ തോൽവികളുമായി ഉഴറുന്ന സമയത്ത്, ദക്ഷിണാഫ്രിക്കൻ ടീമുമായി ബന്ധപ്പെട്ട് ഒരു വിവാദം കത്തിപ്പടർന്നിരുന്നു. ടീമിന് ആവശ്യമെങ്കിൽ വിരമിക്കൽ തീരുമാനം മാറ്റി ലോകകപ്പിനായി തിരിച്ചുവരാൻ തയാറാണെന്ന മുൻ താരം എ.ബി. ഡിവില്ലിയേഴ്സിന്റെ വാഗ്ദാനം ടീം നിരാകരിച്ചെന്ന റിപ്പോർട്ടിനെ ചൊല്ലിയായിരുന്നു ഇത്.

ലോകകപ്പിൽ ഡിവില്ലിയേഴ്സ് ഉണ്ടായിരുന്നെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് പരിതപിച്ച് ഈ വിവാദത്തിന് പ്രചുരപ്രചാരം നൽകിയവരും ഒട്ടനവധിയാണ്. എന്നാൽ, വിവാദം കത്തിപ്പടരുമ്പോഴും ഇതേക്കുറിച്ച് പ്രതികരിക്കാൻ ഡിവില്ലിയേഴ്സ് തയാറായിരുന്നില്ല. വിവാദത്തെക്കുറിച്ച് ആരാഞ്ഞപ്പോഴെല്ലാം മൗനമായിരുന്നു മറുപടി. എന്നാൽ, ദക്ഷിണാഫ്രിക്ക ലോകകപ്പിൽനിന്നു പുറത്തായ പശ്ചാത്തലത്തിൽ വിവാദത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് വിവാദങ്ങളിൽ തനിക്കു പറയാനുള്ളത് ഡിവില്ലിയേഴ്സ് നീണ്ട കുറിപ്പിലൂടെ വിശദീകരിച്ചിരിക്കുന്നത്.

ഡിവില്ലിയേഴ്സിന്റെ കുറിപ്പ് വായിക്കാം...

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ക്യാംപയിൻ അവസാനിച്ചിരിക്കുന്നു. ഇനി എന്റെ പ്രതികരണം ടീമിനെ ഒരു തരത്തിലും ബാധിക്കില്ല. അതുകൊണ്ടുതന്നെ ലോകകപ്പിനിടെ എനിക്കെതിരെ ഉയർന്ന അനാവശ്യ വിവാദത്തെക്കുറിച്ച് പ്രതികരിക്കുന്നു.

ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിക്കുന്നതിനു മുൻപ് ഒരു സ്വകാര്യ സംഭാഷണത്തിനിടെ ഞാൻ പറഞ്ഞ ചില കാര്യങ്ങൾ പുറത്തുവന്നതിനെക്കുറിച്ച് എന്റെ പ്രതികരണമാരാഞ്ഞ് കുറേപ്പേർ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാവർക്കുമുണ്ടായ സംശയം ദുരീകരിക്കാൻ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാം.

ഒന്നാമതായി, 2018ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി ഞാൻ പ്രഖ്യാപിച്ചത്. ഇത്, ജോലിഭാരം കുറയ്ക്കുന്നതിനും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനും വേണ്ടിയായിരുന്നു. എന്നിട്ടും പണം സമ്പാദിക്കാനാണ് ഞാൻ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് നേരത്തെ വിരമിച്ചതെന്ന് ചിലർ പ്രചരിപ്പിച്ചു. അതു ശരിയല്ല. പണമുണ്ടാക്കാനാണെങ്കിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒട്ടേറെ മികച്ച ഓഫറുകൾ എനിക്കു ലഭിച്ചതാണ്. അതെല്ലാം ഞാൻ നിരാകരിക്കുകയായിരുന്നു. എട്ടു മാസം വരെ വീട്ടിൽനിന്ന് മാറിനിൽക്കുന്ന രീതി അവസാനിപ്പിക്കുന്നതിനും ഇതു പരമാവധി മൂന്നു മാസം വരെയായി ചുരുക്കുന്നതിനുമാണ് അങ്ങനെ ചെയ്തത്.

വിരമിക്കലിനു ശേഷം ഒരുപാടു കാലത്തേക്ക് ഞാനും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും തമ്മിൽ യാതൊരു വിധ കരാറുകളും ഉണ്ടായിരുന്നില്ല. ഞാൻ അവരെയോ അവർ എന്നെയോ ഇക്കാലയളവിൽ വിളിച്ചിട്ടില്ല. ഞാൻ എന്റെ തീരുമാനങ്ങളുമായും ടീം അവരുടെ പരിപാടികളുമായും മുന്നോട്ടുപോയി. പരിശീലകൻ ഓട്ടിസ് ഗിബ്സന്റെ മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചും ഫാഫ് ഡുപ്ലേസിയുടെ ഉജ്വല ക്യാപ്റ്റൻസിക്കു കീഴിലും അവർ ഒട്ടേറെ വിജയങ്ങളും നേടി.

സ്കൂളിൽ ഒരുമിച്ചു പഠിക്കുന്ന കാലം മുതലേ ഞാനും ഫാഫും (ഡുപ്ലേസി) സുഹൃത്തുക്കളാണ്. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിനു രണ്ടു ദിവസം മുൻപ് ഞങ്ങൾ തമ്മിൽ ഫോൺവഴി ചാറ്റു ചെയ്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഞാൻ മികച്ച ഫോമിലായിരുന്നതുകൊണ്ട് ഒരു വർഷം മുൻപു പറഞ്ഞ കാര്യം ഇത്തവണയും ആവർത്തിച്ചു. ആവശ്യമെങ്കിൽ, ആവശ്യമെങ്കിൽ മാത്രം ടീമിന് എന്റെ സേവനം ലഭ്യമാക്കാൻ സന്നദ്ധനാണെന്നായിരുന്നു അത്.

ഇതിന് ഞാൻ യാതൊരു ഉപാധികളും വച്ചിരുന്നില്ല. ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിനു തൊട്ടുമുൻപ് ടീമിൽ കയറിക്കൂടാൻ ഞാൻ ആരിലും സമ്മർദ്ദം ചെലുത്തിയിട്ടില്ല. മാത്രമല്ല, ടീമിൽ ഇടംപിടിക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. എന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദ്ദമോ നീതിയല്ലാത്ത പെരുമാറ്റമോ ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.

ഇതെല്ലാം കഴിഞ്ഞ്, ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മൽസരവും കൈവിട്ട് ദക്ഷിണാഫ്രിക്ക തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയതിനു പിന്നാലെ ഞങ്ങൾ നടത്തിയ സ്വകാര്യ ചാറ്റിന്റെ ഭാഗങ്ങൾ പുറത്തുവരാൻ തുടങ്ങി. അധികം വൈകാതെ ഇതു മൊത്തം മാധ്യമങ്ങളിൽ വരികയും എന്നെ അനാവശ്യമായി സംശയത്തിന്റെ നിഴലിൽ നിർത്തുകയും ചെയ്തു. ഇക്കാര്യം എന്തായാലും ഞാനായിട്ടു പുറത്തുവിട്ടതല്ല. ഞാനുമായി ബന്ധപ്പെട്ടവർക്കോ ഫാഫിനോ ഇതിൽ പങ്കില്ല. വിമർശനങ്ങളെ വഴിതിരിച്ചുവിടാൻ ആഗ്രഹമുള്ള ആരെങ്കിലുമാകും ഇതു ചെയ്തത്. എനിക്കറിയില്ല.

ഇതോടെ ഞാൻ ധിക്കാരിയും സ്വാർഥനും മനസ്സുറപ്പില്ലാത്തവനുമായി ചിത്രീകരിക്കപ്പെട്ടു. എങ്കിലും എല്ലാ ആദരവോടും കൂടി പറയട്ടെ, എന്റെ മനസാക്ഷി ശുദ്ധമാണ്. ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് സത്യസന്ധമായ കാര്യങ്ങൾക്കു വേണ്ടി മാത്രമാണ്. ലോകകപ്പിൽ ടീമിനു വേണ്ടി കളിക്കാൻ തയാറാണോ എന്ന് ആരാഞ്ഞപ്പോൾ, അതു നിരാകരിച്ചില്ല എന്നതു സത്യമാണ്. ഇക്കാര്യത്തിൽ ടീം ഒരു തീരുമാനമെടുക്കുകയും മുന്നോട്ടു പോവുകയും ചെയ്തു. എനിക്കതിൽ ആരോടും യാതൊരു പരിഭവവുമില്ല.

ജീവിതത്തിന്റെ ഈ ഘട്ടത്തിൽ കുടുംബത്തോടൊപ്പം തന്നെ സമയം ചെലവഴിച്ച് മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം. ഇതിനു പുറമെ, ദക്ഷിണാഫ്രിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി തിരഞ്ഞെടുത്ത ചില ട്വന്റി20 പരമ്പരകളിലും തുടർന്നും കളിക്കും. രാജ്യാന്തര ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിക്കാനും ചില മൽസരങ്ങളിൽ നയിക്കാനും അവസരം ലഭിച്ചതിൽ അതിയായി അഭിമാനിക്കുന്ന ആളാണ് ഞാൻ. ദക്ഷിണാഫ്രിക്കൻ ടീമിലെ സഹതാരങ്ങളുമായുള്ള എന്റെ ബന്ധം ഇപ്പോഴും പഴയപടി തന്നെ തുടരുന്നുമുണ്ട്. ദക്ഷിണാഫ്രിക്കൻ ടീമിൽ ഇനി വരുന്ന തലമുറയേയും പിന്തുണയ്ക്കാനും സഹായിക്കാനും തയാറുമാണ്.

അവസാനമായി, ഈ അനാവശ്യ വിവാദത്തിൽ എന്റെ നിലപാട് തുറന്നു പ്രഖ്യാപിക്കുന്നതിലൂടെ, ടീമിനുള്ള എന്റെ ഉറച്ച പിന്തുണ തുടർന്നും ഉറപ്പു നൽകുന്നു. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ, എനിക്ക് ഒട്ടേറെ ഗാഢസൗഹൃദങ്ങളും അവിസ്മരണീയ അവസരങ്ങളും സമ്മാനിച്ച കളിയാണല്ലോ ക്രിക്കറ്റ്.

English Summary: I did not demand to be included in World Cup squad - De Villiers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA