sections
MORE

തോറ്റതിന് ഗാലറിയിൽ തീയിട്ട ചരിത്രവുമുണ്ട്; ഇന്ത്യയുടെ സെമി തോൽവികളിലൂടെ !

india-vs-sri-lanka-1996-world-cup-semi-final
1996 ലെ ഇന്ത്യ–ശ്രീലങ്ക ലോകകപ്പ് മൽസരത്തിൽ ശ്രീലങ്കയെ വിജയകളായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യൻ ആരാധകർ ഗാലറിയിൽ തീയിട്ടപ്പോൾ.
SHARE

ലോഡ്സിൽ വീണ്ടുമൊരിക്കൽക്കൂടി ലോകകിരീടം ഉയർത്താമെന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടിയായത് ന്യൂസീലൻഡുമായുള്ള സെമിഫൈനൽ. ഇന്ത്യയ്ക്ക് പലപ്പോഴും ഭാഗ്യംകൊണ്ടുവന്ന മാഞ്ചസ്റ്റർ  ഓൾഡ് ട്രാഫഡാണ് ‘ഇന്ത്യൻ ട്രാജഡിക്ക്’ വേദിയായത്. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏഴാം സെമി പ്രവേശമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഇതിൽ മൂന്നു തവണ ഫൈനലിലേക്ക് കുതിച്ചെങ്കിലും നാലു തവണ തോൽവി സമ്മതിച്ച ചരിത്രമാണ് ഇന്ത്യൻ ക്രിക്കറ്റിന്റേത്. 

ന്യൂസീലൻഡിനോടടക്കം ഇതിൽ  മൂന്ന് തോൽവികൾക്കും ഏറെക്കുറെ സമാനസ്വഭാവമാണുള്ളത്. മൂന്നിലും ഇന്ത്യ തോറ്റത് കാര്യമായ എതിരാളികളേയല്ലായിരുന്ന ടീമുകളോട‌ാണ്. 1987ൽ ഓസ്ട്രേലിയയോടും 1996ൽ  ശ്രീലങ്കയോടും ഇക്കുറി കിവീസിനോടും സെമിയിലേറ്റ തിരിച്ചടികൾക്ക് സാമ്യമേറെ. ജയത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു അന്നും പതറിയത് എന്ന് മറ്റൊരു പ്രത്യേകത. 

തോല്‍വി വഴങ്ങിയ സെമികളിലൂടെ

∙ 1987

ഇന്ത്യ– ഇംഗ്ലണ്ട്

വേദി: മുംബൈ

ഫലം: ഇന്ത്യയ്ക്ക് 35 റൺസിന്റെ തോൽവി

സ്കോർ

ഇംഗ്ലണ്ട്: 254/6

ഇന്ത്യ: 219 (45.3 ഓവറുകൾ) 

നാലാം ലോകകപ്പിന് ആതിഥ്യമരുളിയത് ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി. അന്ന് കിരീടം ഉറപ്പിച്ചവരിൽ മുന്നിൽ ആതിഥേയരായ ഇന്ത്യയും പാക്കിസ്ഥാനുമായിരുന്നു. പ്രാഥമിക റൗണ്ടിലെ ആറു മൽസരങ്ങളിൽ അഞ്ചിലും ഇന്ത്യയ്ക്ക് ജയം. ന്യൂസീലൻഡിനെയും സിംബാബ്‍വെയെയും രണ്ടു തവണ വീതം തോൽപിച്ച  ഇന്ത്യ ഓസ്ട്രേലിയയോട് ഒരു ജയവും ഒരു തോൽവിയും വഴങ്ങി. ഒരു റണ്ണിന്റെ തോൽവിയായിരുന്നു ഓസിസിനെതിരെ ഇന്ത്യ വഴങ്ങിയത്. സെമിയിൽ ഇംഗ്ലണ്ട് ആയിരുന്നു എതിരാളികവ്‍. മുംബൈ വേദിയൊരുക്കി. 1983 സെമിയുടെ ആവർത്തനം. ഇംഗ്ലീഷ് ടീമിനെ നിസാരമായി കണ്ടതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇക്കുറി ഭാഗ്യം ഇംഗ്ലണ്ടിനൊപ്പം.

ടോസ് നേടിയ ഇന്ത്യൻ  നായകൻ കപിൽദേവ് ഇംഗ്ലീഷുകാരെ ബാറ്റിങ്ങിനയച്ചു. ഓപ്പണർ ഡേവിഡ് ഗൂച്ചിന്റെ സെഞ്ചുറിയും നായകൻ മൈക്ക് ഗാറ്റിങ്ങിന്റെ അർധസെഞ്ചുറിയും ഇംഗ്ലണ്ടിനെ 254 എന്ന മാന്യമായ സ്കോറിലെത്തിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യമേ പ്രഹരം. ഓപ്പണർ സുനിൽ ഗാവസ്കർ നാലു റൺസുമായി പുറത്ത്. 31ൽനിൽക്കെ ശ്രീകാന്തും പവലിയനിലേക്ക്. പ്രതീക്ഷയോടെ  ഇന്ത്യ നോക്കിക്കണ്ട അസ്ഹറുദ്ദീൻ 64ന് പുറത്ത്. നായകൻ കപിൽ ആത്മവിശ്വാസത്തോടെ ബാറ്റുവീശിയെങ്കിലും 30 റൺസിന് ഔട്ടായത് ഇന്ത്യയുടെ ഗതി നിർണയിച്ചു. ഹെമ്മിങ്സിന്റെ പന്തിൽ ഗാറ്റിങ് ക്യാച്ചെടുത്തതോടെയാണ് കപിൽ കളംവിട്ടത്. ഹെമിങ്സ് നേടിയ നാലു വിക്കറ്റുകൾ കളിയിൽ നിർണായകമായി. ഇംഗ്ലണ്ടിന് 35 റൺസ് ജയം. ഗൂച്ച് മാൻ ഓഫ് ദ് മാച്ച്

∙ 1996

ഇന്ത്യ– ശ്രീലങ്ക

വേദി: കൊൽക്കത്ത

ഫലം: കാണികളുടെ ബഹളത്തെത്തുടർന്ന് കളി പൂർത്തിയാക്കാനാവാത്തതിനാൽ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു

സ്കോർ

ശ്രീലങ്ക: 251/8

ഇന്ത്യ: 120/8 (34.1 ഓവറുകൾ)

1996 ലോകകപ്പിന് വേദിയൊരുക്കിയത് ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങൾ സംയുക്തമായി. ആതിഥേയർക്കായിരുന്നു ഇക്കുറിയും മേൽക്കൈ. പ്രാഥമിക ഘട്ടത്തിൽ  കെനിയ, വെസ്റ്റിൻഡീസ്, സിംബാബ്‍വെ എന്നിവരെ തോൽപിച്ചപ്പോൾ ഓസ്ട്രേലിയയോടും ശ്രീലങ്കയോടും ഇന്ത്യ അടിയറവു പറഞ്ഞു. ക്വാർട്ടറിൽ പാക്കിസ്ഥാനെതിരെ 39 റൺസിന്റെ ജയം. ഇന്ത്യ സെമിയിൽ. കൊൽക്കത്ത ഈഡൻ ഗാർഡൻസ് മൽസരത്തിന് ആതിഥ്യമരുളി.

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക്  251/8 എന്ന സ്കോർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏറെ മുന്നോട്ടുപോയെങ്കിലും സച്ചിൻ വീണതോടെ കളി മാറി. 98/1 എന്ന നിലയിൽനിന്ന്  34.1 ഓവറുകൾ കഴിഞ്ഞപ്പോൾ ഇന്ത്യൻ സ്കോർ120/8. സച്ചിനടക്കം മൂന്നുപേരെയാണ് ജയസൂര്യ പവലിയനിലേക്കയച്ചത്. ഒന്നിനുപിറകെ ഒന്നായി ഇന്ത്യൻ താരങ്ങൾ മടങ്ങിയപ്പോൾ കാണികൾ ഗ്രൗണ്ടിലേക്ക് കുപ്പിയും മറ്റുംവലിച്ചെറിഞ്ഞു. കളി തടസപ്പെട്ടു. കാണികളുടെ ബഹളത്തെത്തുടർന്ന് കളി പൂർത്തിയാക്കാനാവാത്തതിനാൽ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചു. ഫൈനലിൽ കടന്ന ലങ്ക ഓസ്ട്രേലിയയെ കീഴടക്കി കിരീടമുയർത്തി. 

∙ 2015

വേദി: സിഡ്നി 

ഫലം: ഓസ്ട്രേലിയയ്ക്ക് 95 റൺസ് ജയം

സ്കോർ

ഓസ്ട്രേലിയ: 328/7

ഇന്ത്യ: 233 (46.5 ഓവറുകൾ)

ഓസ്ട്രേലിയയും ന്യൂസീലൻഡും ചേർന്ന് വേദിയൊരുക്കിയ ലോകകപ്പ്. പ്രാഥമിക റൗണ്ടിലെ എല്ലാ മൽസരങ്ങളും ജയിച്ച ഇന്ത്യ ക്വാർട്ടറിൽ ബംഗ്ലാദേശിനെ 109 റൺസിന് തോൽപിച്ചു. സിഡ്നിയിൽ നടന്ന രണ്ടാം സെമിയിൽ ആതിഥേയർ ഇന്ത്യയെ നേരിട്ടു. ഓസീസ് കെട്ടിപ്പടുത്തത് 328 എന്ന കൂറ്റൻ ഇന്നിങ്സ്. ഓസിസ് ബോളർമാർക്കുമുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കാര്യമായി പിടിച്ചുനിൽക്കാനായില്ല. ഇന്ത്യയ്ക്ക് 95 റൺസിന്റെ തോൽവി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കു സ്‌റ്റീവൻ സ്‌മിത്തിന്റെ സെഞ്ചുറി (105) കരുത്തേകി. ഓപ്പണർ ആരോൺ ഫിഞ്ച് (81) പിന്തുണ നൽകി. 

മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം നന്നായെങ്കിലും കൂട്ടുകെട്ടുകൾ ഉണ്ടായില്ല. ഓപ്പണിങ് വിക്കറ്റിൽ ശിഖർ ധവാനും രോഹിത് ശർമയും ചേർന്ന് 76 റൺസ് നേടി. തോൽവിയുടെ ദുരന്തത്തിന്റെ ഭാരം അൽപം കുറച്ചത് 65 റൺസെടുത്ത ക്യാപ്‌റ്റൻ എം.എസ്. ധോണിയാണ്, ക്യാപ്റ്റൻ തന്നെ ഇന്ത്യയുടെ ടോപ് സ്‌കോററും. 

English Summary: India's World Cup Semi Final Loses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA