sections
MORE

ഒടുവിൽ മഞ്ജരേക്കർ തുറന്നു സമ്മതിക്കുന്നു: ജഡേജ എന്നെ തേച്ചൊട്ടിച്ചു!

ravindra-jadeja-sanjay-manjrekar
രവീന്ദ്ര ജഡേജ, സഞ്ജയ് മഞ്ജരേക്കർ
SHARE

മാഞ്ചസ്റ്റർ ∙ സെമിഫൈനലിൽ ന്യൂസീലൻഡിനെതിരെ വീരോചിത പ്രകടനത്തിലൂടെ രവീന്ദ്ര ജഡേജ തന്നെ വലിച്ചു കീറിയെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. സെമിക്കു മുൻപ് ജഡേജ ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന കളിക്കാരനാണെന്നു പറഞ്ഞ് മഞ്ജരേക്കർ വിവാദത്തിൽ ചാടിയിരുന്നു. ഇതിനു ജഡേജ ട്വിറ്ററിലൂടെ തന്നെ ഉശിരൻ മറുപടി നൽകുകയും ചെയ്തു. പിന്നീട് ജഡേജയുടെ പേരു പറഞ്ഞ് തന്നെ ട്രോളിയ മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണിനെ മഞ്ജരേക്കർ ട്വിറ്ററിൽ ബ്ലോക്ക് ചെയ്യുകയും ചെയ്തു. എന്നാൽ ന്യൂസീലൻഡിനെതിരെ മത്സര ശേഷം മഞ്ജരേക്കർ തന്റെ തെറ്റു സമ്മതിച്ചു.

‘ഉജ്വലമായ മികവു കൊണ്ട് ജഡേജ എന്നെ പൊട്ടും പൊടിയുമായി വലിച്ചു കീറി. മുൻപുള്ള ജഡേജയെ അല്ല ഇത്തവണ കണ്ടത്. കഴിഞ്ഞ 40 ഇന്നിങ്സുകളിൽ ജഡേജയുടെ ഉയർന്ന സ്കോർ 33 മാത്രമായിരുന്നു. ഇത്തവണ പക്ഷേ അദ്ദേഹം കലക്കി. റൺസ് വഴങ്ങാതെയുള്ള ബോളിങ്ങും അർധസെഞ്ചുറി നേടുമ്പോഴുള്ള ആഘോഷവുമെല്ലാം ഉജ്വലം’– മഞ്ജരേക്കർ പറഞ്ഞു.

അർധസെഞ്ചുറി പൂർത്തിയാക്കിയ ശേഷം പതിവുരീതിയിൽ വാള്‍ ചുഴറ്റുന്നതുപോലെ ബാറ്റ് ചുഴറ്റി ആഘോഷിച്ച ജഡേജ അതിനു തൊട്ടുമുൻപ് സ്റ്റാൻഡിലേക്കു ചൂണ്ടി എന്തൊ ആംഗ്യം കാട്ടിയിരുന്നു. ഇതു മഞ്ജരേക്കറിനെ ഉദ്ദേശിച്ചല്ലേയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘അർധ സെഞ്ചുറി തികച്ചപ്പോൾ അദ്ദേഹം എന്നെയാകും തിരഞ്ഞിട്ടുണ്ടാവുക. പക്ഷേ ഞാൻ അവിടെയുണ്ടായിരുന്നില്ല. ലോഞ്ചിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു..’– മഞ്ജരേക്കർ പറഞ്ഞു. മഞ്ജരേക്കറുടെ വിമർശനം ജഡേജയുടെ ചോരത്തിളപ്പു കൂട്ടിയെന്ന് ഒളിംപിക് സ്വർണ മെഡൽ ജേതാവായ ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ട്വിറ്ററിലെഴുതി.

∙ ശരിക്കും സംഭവിച്ചതെന്ത്?

എജ്ബാസ്റ്റനിൽ ഇന്ത്യ–ഇംഗ്ലണ്ട് മൽസരം നടക്കുമ്പോഴാണ് കമന്ററി ബോക്സിൽ മഞ്ജരേക്കർ വിവാദ പരാമർശം നടത്തിയത്. രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഇത്തരം ‘പൊട്ടും പൊടിയും’ മാത്രം അറിയാവുന്ന താരങ്ങളെ തനിക്ക് ഇഷ്ടമല്ലെന്ന് മഞ്ജരേക്കർ വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ കൈക്കുഴ സ്പിൻ ദ്വയം ഒട്ടേറെ റൺസ് വിട്ടുകൊടുത്ത സാഹചര്യത്തിലാണ് ഇവരിലൊരാൾക്കു പകരം ജഡേജയെ കളിപ്പിക്കുന്നതിനെക്കുറിച്ച് കമന്ററി ബോക്സിൽ ചർച്ച രൂപപ്പെട്ടത്. മഞ്ജരേക്കറിന്റെ വാക്കുകളിലൂടെ:

ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് തോല്‍വി, ലോകകപ്പിൽനിന്നു പുറത്ത്, വിഡിയോ സ്റ്റോറി കാണാം

‘ഏകദിന ക്രിക്കറ്റിൽ രവീന്ദ്ര ജഡേജയെപ്പോലുള്ള ‘പൊട്ടും പൊടിയും’ മാത്രമറിയുന്ന താരങ്ങളിൽ എനിക്കത്ര താൽപര്യമില്ല. ടെസ്റ്റിൽ അദ്ദേഹം ബോളർ മാത്രമാണ്. പക്ഷേ ഏകദിനത്തിൽ ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനും സ്പെഷലിസ്റ്റ് സ്പിന്നറുമാണ് വേണ്ടത്.’

‘സ്പിന്നർമാർ ഇത്തരത്തിൽ പ്രഹരമേറ്റുവാങ്ങുന്നത് വല്ലപ്പോഴും സംഭവിക്കുന്നതാണ്. ഇത്തരം അപൂർവ സംഭവങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തലുകൾ നടത്തരുത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോൽവി ഒരു അപൂർവ സംഭവമാണ്. സ്പിന്നർമാർ ഇത്തരത്തിൽ റൺസ് വഴങ്ങുന്നതും അപൂർവമാണ്. അതു മനസ്സിലാക്കിയേ മതിയാകൂ.’

∙ ആദ്യ മറുപടി ട്വിറ്ററിൽ

മഞ്ജരേക്കറിന്റെ വിമർശനത്തിനെതിരെ രൂക്ഷവിമർശനവുമായി ജഡേജ തന്നെ നേരിട്ട് രംഗത്തെത്തി. ട്വിറ്ററിലൂടെ ജഡേജ നടത്തിയ പ്രതികരണം ഇങ്ങനെ:

‘നിങ്ങൾ കരിയറിൽ ആകെ കളിച്ച മൽസരങ്ങളേക്കാൾ കൂടുതൽ ഞാൻ ഇതിനകം കളിച്ചിട്ടുണ്ട്. ഇപ്പോഴും കളി തുടരുകയും ചെയ്യുന്നു. ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തിട്ടുള്ളവരെ ബഹുമാനിക്കാൻ പഠിക്കണം. നിങ്ങളുടെ വായാടിത്തത്തെക്കുറിച്ച് മുൻപേ കേട്ടിട്ടുണ്ട്..’

∙ അടുത്ത മറുപടി കളത്തിൽ

‘പൊട്ടും പൊടിയും’ വിവാദത്തിനു ശേഷം ആദ്യമായി ഇന്ത്യ കളത്തിലിറങ്ങിയ മൽസരമായിരുന്നു ന്യൂസീലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടം. ജഡേജയെ ഇന്ത്യ ടീമിൽ നിലനിർത്തുകയും ചെയ്തു. പിന്നീട് കളത്തിൽ പിറന്നത് ചരിത്രമാണ്. സെമി പോരാട്ടത്തിൽ ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ബോളിങ്ങിലുമെല്ലാം ന്യൂസീലൻഡിനെതിരെ ഏറ്റവും തിളങ്ങിയത് ജഡേജയായിരുന്നു. 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും കുറച്ചു റൺസ് വിട്ടുകൊടുത്ത താരം. ഇക്കാര്യത്തിൽ ജസ്പ്രീത് ബുമ്രയെപ്പോലും കടത്തിവെട്ടി, ജഡേജ. ഫീൽഡിങ്ങിൽ കെയ്ൻ വില്യംസൻ, ടോം ലാഥം എന്നിവരെ പുറത്താക്കിയ ക്യാച്ചുകളും റോസ് ടെയ്‌ല‌റിനെ ഡയറക്ട് ഹിറ്റിലൂടെ റണ്ണൗട്ടാക്കിയ മികവും മതി അദ്ദേഹത്തിന്റെ മൂല്യമറിയാൻ.

പിന്നീട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഈ മൽസരത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചതും ജഡേജ തന്നെ. ഈ മൽസരത്തിൽ ബാറ്റ് ചെയ്ത മറ്റെല്ലാ താരങ്ങളും ചേർന്ന് (ഇന്ത്യ, കിവീസ് താരങ്ങൾ ചേർത്ത്) ആകെ നേടിയത് രണ്ടു സിക്സാണ്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ ജഡേജ ഒറ്റയ്ക്ക് നാലു സിക്സാണ് അടിച്ചെടുത്തത്. ഇരു ടീമിലുമായി ഏറ്റവും കുറഞ്ഞത് 20 റൺസെങ്കിലും നേടിയ താരങ്ങളിൽ നൂറിനു മുകളിൽ സ്ട്രൈക്ക് റേറ്റുള്ള ഏക താരവും ജഡേജ തന്നെ. ഇതിനു പിന്നാലെയാണ് വിവാദത്തെക്കുറിച്ച് മഞ്ജരേക്കറിന്റെ പ്രതികരണമെത്തിയത്.

English Summary: Ravindra Jadeja has ripped me apart by bits and pieces of sheer brilliance: Sanjay Manjrekar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA