sections
MORE

അവസരോചിത ബാറ്റിങ്, അസാമാന്യ നേതൃപാടവം; മുൻപേ പറക്കുന്ന വില്യംസൻ!

virat-kohli-kane-williamson
സെമി ഫൈനലിനു ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ ആശ്ലേഷിക്കുന്ന ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ.
SHARE

ലോക ക്രിക്കറ്റിലെ വമ്പൻമാർക്കൊപ്പം തന്റെ പേരും പറയുന്നതെന്തുകൊണ്ടെന്ന് ഓരോ മത്സരം പിന്നിടുന്തോറും തെളിയിക്കുകയാണ് കെയ്ൻ വില്യംസൻ. ഇന്ത്യയുടെ വിരാട് കോലി, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് എന്നിവർക്കൊപ്പം അതേ തലയെടുപ്പോടെ നിൽക്കുന്ന താരമായാണ് കാലം വില്യംസനെയും വാഴ്ത്തുന്നത്. പൂരത്തിന് നിരന്നുനിൽക്കുന്ന പ്രൗഢിയുള്ള നാലാനകൾ! ഇവരിലാരുടെ മുകളിലാകും തിടമ്പേറ്റുക എന്ന സംശയം മാത്രമേയുള്ളൂ ആരാധകർക്ക്.

എന്തായാലും ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയെ വീഴ്ത്തിയ പ്രകടനത്തിലൂടെ വില്യംസൻ വീണ്ടും താരമായി. മികച്ച ബാറ്റിങ്ങിലൂടെ ടീമിനെ പൊരുതാവുന്ന ടോട്ടലിലെത്തിച്ച ശേഷം പേരുകേട്ട ഇന്ത്യൻ ബാറ്റിങ്ങിനെ കീറിമുറിച്ച നേതൃപാടവം. ആ സ്ഥിരതയാർന്ന മികവിനു നൽകണം, ഗംഭീര കയ്യടി.

രണ്ടു ദിവസങ്ങളിലായി നടന്ന സെമിഫൈനലിൽ 18 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യം ബാറ്റ് ചെയ്ത് 239 റൺസെടുത്ത കിവികൾക്കെതിരെ ഇന്ത്യൻ പോരാട്ടം 221 റൺസിൽ അവസാനിച്ചു. ഇരു ടീമുകളുടേയും ബോളർമാർ മികച്ചുനിന്ന മൽസരത്തിൽ അർധസെഞ്ചുറി നേടിയത് വില്യംസൻ അടക്കം നാലു ബാറ്റ്സ്മാൻമാർ മാത്രം. വില്യംസൺ (67), റോസ് ടെയ്‌ലർ (74), രവീന്ദ്ര ജഡേജ (77), എം.എസ്. ധോണി (50) എന്നിവരാണ് മുട്ടിടിക്കാതെ ബാറ്റ് ചെയ്തവർ.

kohli-williamson-cover

ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും തകർത്തു പന്തെറിഞ്ഞുകൊണ്ടിരിക്കെ ക്രീസിലെത്തിയതാണ് വില്യംസൻ. ആദ്യം പിടിച്ചുനിൽക്കൽ, പിന്നെ റൺനിരക്കുയർത്തൽ. രണ്ടാം വിക്കറ്റിൽ നിക്കോൾസനൊപ്പം 68 റൺസും മൂന്നാം വിക്കറ്റിൽ ടെയ്‌ലർക്കൊപ്പം 65 റൺസും കൂട്ടിച്ചേർത്ത ശേഷമാണ് വില്യംസൻ മടങ്ങിയത്. രക്ഷാപ്രവർത്തനത്തിനിടെ 95 പന്ത് നേരിട്ട ക്യാപ്റ്റൻ ആറു ബൗണ്ടറികൾ സഹിതം 67 റൺസെടുത്തു. സെഞ്ചുറിയേക്കാൾ മൂല്യമുള്ള അർധസെഞ്ചുറി! 

ഈ ലോകകപ്പിൽ കിവികളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയത് വില്യംസന്റെ ബാറ്റിങ്ങാണ്. ഒൻപതു കളികളിൽനിന്ന് 548 റൺസാണ് വില്യംസൻ ഇതിനകം അടിച്ചൂകൂട്ടിയത്. ശരാശരിയാകട്ടെ 91.33 ഉം! തുടർച്ചയായി നേടിയ രണ്ടു സെഞ്ചുറികളും (ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ 106, വെസ്റ്റിൻഡീസിനെതിരെ 148) രണ്ട് അർധസെഞ്ചുറികളും അടങ്ങിയ കിടിലൻ പ്രകടനം. അവരുടെ നിരയിൽ രണ്ടാം സ്ഥാനത്തുള്ള റോസ് ടെയ്‌ലർക്ക് ആകെ റൺസ് 335 ആണെന്നോർക്കണം.

kane-williamson-1

ക്രിക്കറ്റ് ലോകത്തിനു ന്യൂസീലൻഡ് സമ്മാനിച്ച താരങ്ങളിൽ തലപ്പത്താണ് ഈ വലംകയ്യൻ ബാറ്റ്സ്മാന്റെ സ്ഥാനം. പേസ് ബോളിങ്ങിനെയും സ്പിൻ ബോളിങ്ങിനെയും നേരിടുന്നതിൽ അസാമാന്യ മികവാണ് ഈ 28 വയസ്സുകാരന്. അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ബോളറുമാണ്. 2014ൽ നിയമവിരുദ്ധ ആക്ഷന്റെ പേരിൽ ബോളിങ്ങിൽനിന്ന് വിലക്കപ്പെട്ടിരുന്നു.

20–ാം വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി നേടി വരവറിയിച്ച വില്യംസൻ, ഏകദിനത്തിലും മികവു കാട്ടി. 3000 ടെസ്റ്റ്, ഏകദിന റൺസുകൾ തികയ്ക്കുന്ന പ്രായം കുറഞ്ഞ ന്യൂസീലൻഡ് താരമായി മാറിയതും പൊടുന്നനെയണ്. 2015 ലെ വെല്ലിങ്ടൺ ടെസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ കന്നി ഇരട്ട സെഞ്ചുറി ന്യൂസീലൻഡ് വിജയത്തിൽ നിർണായകമായിരുന്നു. പിന്നിൽ നിന്ന ശേഷമായിരുന്നു വില്യംസന്റെ 242 റൺസിന്റെ ബലത്തിൽ കിവികൾ ടെസ്റ്റ് ജയിച്ചത്.

kane-williamson-practice

147 ഏകദിനങ്ങൾ കളിച്ച വില്യംസൻ 48നടുത്ത് ശരാശരിയിൽ 6035 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 13 സെഞ്ചുറികളും ഉൾപ്പെടുന്നു. 72 ടെസ്റ്റുകളിൽനിന്ന് 20 സെഞ്ചുറി സഹിതം 6139 റൺസും നേടി. ശരാശരി 53.38. രാജ്യാന്തര ട്വന്റി20യിൽ 57 മൽസരങ്ങളിലായി ഒൻപത് അർധസെഞ്ചുറികൾ സഹിതം 1505 റൺസും അക്കൗണ്ടിലുണ്ട്. ഏകദിനത്തിൽ 37ഉം ടെസ്റ്റിൽ 29ഉം ട്വന്റി20യിൽ ആറും വിക്കറ്റുകളും നേടി. മികച്ചൊരു ഫീൽഡർ കൂടിയായ വില്യംസന്റെ കൈകൾ അത്രയെളുപ്പം ചോരാറുമില്ല.

ബ്രണ്ടൻ മക്കല്ലം വിരമിച്ചതോടെ 2016 ട്വന്റി20 ലോകകപ്പിലാണ് വില്യംസൻ ന്യൂസീലൻഡിന്റെ നായകനായത്. പിന്നീട് തിളക്കമുള്ള വിജയങ്ങൾ സമ്മാനിച്ച യാത്ര ഇപ്പോഴിതാ ലോകകപ്പ് ഫൈനൽ വരെയെത്തി നിൽക്കുന്നു. ന്യൂസീലൻഡിനു ലോകകപ്പ് നേടിക്കൊടുക്കുന്ന ആദ്യ നായകനാകാനുള്ള നിയോഗം കയ്യെത്തും ദൂരത്താണ്. മാർട്ടിൻ ക്രോ അടക്കമുള്ള മഹാരഥന്മാർക്കു കഴിയാത്ത കാര്യം ഇക്കുറി നേടാനുള്ള തീവ്രയത്നത്തിലാണ് വില്യംസനും സംഘവും.

English Summary: Kane Williamson leading New Zealand into Finals of ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA