sections
MORE

സെമിയിലെ ഒരു റൺ വെറും ‘സിംഗിളല്ല’; രോഹിതിനെ ഒന്നാമനാക്കിയ ‘സുവർണ റൺ’

rohit-sharma-century
രോഹിത് ശർമ
SHARE

ലണ്ടൻ∙ ലോകകപ്പ് സെമി ഫൈനലിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ ഒരു റണ്ണേ നേടിയുള്ളൂ എന്നു പറഞ്ഞ് ഇനി പുച്ഛിക്കരുത്. ആ ഒരു റണ്ണിന് ഇപ്പോൾ പൊന്നും വിലയുണ്ട്. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവർക്കു ശേഷം ലോകകപ്പിൽ ടോപ് സ്കോററാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് രോഹിത്തിന് സമ്മാനിച്ചത് സെമി ഫൈനലിൽ നേടിയ ആ ‘ഒരു റണ്ണാ’ണ്! ഒൻപത് ഇന്നിങ്സിൽനിന്ന് 648 റൺസുമായാണ് രോഹിത് ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഡേവിഡ് വാർണർ 10 ഇന്നിങ്സുകളിൽനിന്ന് 647 റൺസുമായി തൊട്ടുപിന്നിലെത്തി.

സെമിയിൽ ന്യൂസീലൻഡിനെതിരെ 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ തകർച്ചയിലേക്കു തള്ളിവിട്ടാണ് ഒരു റണ്ണുമായി രോഹിത് പുറത്തായത്. നാല് പന്തുകളിൽനിന്ന് ഒരു റണ്ണെടുത്ത രോഹിത്, കിവീസ് പേസർ മാറ്റ് ഹെൻറിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ടാം ലാഥമിനു ക്യാച്ചു സമ്മാനിച്ചാണ് പുറത്തായത്. മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ ഓരോ റണ്ണെടുത്ത് പുറത്തായ ഈ മൽസരം ഇന്ത്യയ്ക്ക് ലോകകപ്പിൽനിന്നു പുറത്തേക്കുള്ള വഴികാട്ടി. പക്ഷേ, അന്നു നേടിയ ആ ഒരു റൺകൊണ്ട് ലോകകപ്പിലെ ടോപ് സ്കോറർ ആയി മാറിയിരിക്കുകയാണ് രോഹിത് ശർമ. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഡേവിഡ് വാർണർ ഒൻപതു റൺസാണ് നേടിയത്. ഇതോടെയാണ് താരത്തിന് 647 റൺസായത്. തലേന്നു നടന്ന സെമിയിൽ ഒരു റണ്ണെടുത്തതിന്റെ ആനുകൂല്യത്തിൽ 648 റണ്‍സുമായി രോഹിത് ടോപ് സ്കോററായി.

ലോകകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായെങ്കിലും ആരാധകർക്ക് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് രോഹിത് ശർമയുടേത്. അഞ്ച് സെഞ്ചുറികളും ഒരു അർധസെഞ്ചുറിയുമാണ് ഇത്തവണത്തെ ലോകകപ്പിൽ രോഹിത് സ്വന്തമാക്കിയത്. ഒരു ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ സ്വന്തമാക്കുന്ന ആദ്യത്തെ താരവുമായി.

അതേസമയം ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ‍് തകർക്കാൻ രോഹിതിനു സാധിച്ചില്ല. ന്യൂസീലൻഡിനെതിരെ 27 റൺസ് കൂടി നേടിയിരുന്നെങ്കിൽ സച്ചിന്റെ റെക്കോർഡ് രോഹിത് പഴങ്കഥയാക്കിയേനെ. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് ഒരു ലോകകപ്പിൽ ഇതുവരെയുള്ള ഉയർന്ന സ്കോർ. ഇനി സച്ചിന്റെ റെക്കോർഡ് ആര്‍ക്കെങ്കിലും തകർക്കണമെങ്കിൽ 2023 ലോകകപ്പ് വരെ കാത്തിരിക്കണം.

2019 ലോകകപ്പും പരിഗണിച്ചാൽ ഇന്ത്യൻ ബാറ്റ്സ്മാൻമാര്‍ ലോകകപ്പിൽ ടോപ് സ്കോറർ ആകുന്നത് നാലാം തവണയാണ്. 1996ലും 2003ലും സച്ചിൻ തെൻഡുൽക്കറായിരുന്നു ലോകകപ്പിലെ ഉയർന്ന റൺവേട്ടക്കാരൻ. 1999ൽ രാഹുൽ ദ്രാവിഡ് 461 റൺസുമായി ടോപ് സ്കോററായി. ലോകകപ്പ് ചരിത്രത്തിൽ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് രോഹിത്. 2003ൽ 673 റൺസ് നേടിയ സച്ചിനു പുറമെ 2007 ലോകകപ്പിൽ 659 റൺസ് നേടിയ ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡനും രോഹിതിനു മുന്നിലുണ്ട്.

2019 ലോകകപ്പിലെ ഉയര്‍ന്ന സ്കോർ നേടിയ ആദ്യ അഞ്ച് താരങ്ങൾ (താരം, ടീം, സ്കോർ, മൽസരം എന്ന ക്രമത്തില്‍)

1. രോഹിത് ശർമ (ഇന്ത്യ)– 648, 9

2. ഡേവിഡ് വാർണര്‍ (ഓസ്ട്രേലിയ)– 647, 10

3. ഷാക്കിബ് അൽ ഹസൻ (ബംഗ്ലദേശ്)– 606, 8

4. കെയ്ൻ വില്യംസൻ (ന്യൂസീലൻഡ്)– 578, 10

5. ജോ റൂട്ട് (ഇംഗ്ലണ്ട്)– 556, 11

English Summary: Rohit Sharma finishes with most runs in World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA