sections
MORE

ആ ഓവർത്രോയ്ക്ക് 6 അല്ല, 5 റൺസ് മാത്രം; ഒറ്റ റണ്ണിന്റെ വില ലോകകിരീടം!

kumar-dharmasena-world-cup-final
ലോകകപ്പ് ഫൈനലിനുശേഷം അംപയർ കുമാർ ധർമസേന പകർത്തിയ സെൽഫികളെന്ന പേരിൽ ട്വിറ്ററിൽ പ്രചരിക്കുന്ന രണ്ടു ചിത്രങ്ങളാണ് ആദ്യം. മാർട്ടിൻ ഗപ്‌ടിലിന്റെ ഓവർത്രോയിൽ ആറു റൺസ് എന്ന് ആംഗ്യം കാട്ടുന്ന ധർമസേനയുടെ ചിത്രം രണ്ടാമത്.
SHARE

ലോകകപ്പ് ഫൈനലിലെ ആ ഒരു റണ്ണിന്റെ പേരിൽ ക്രിക്കറ്റ് ലോകം വ്യത്യസ്ത അഭിപ്രായങ്ങളുടെ 2 ‘എൻഡു’കളിലാണ് ഇപ്പോൾ. മാർട്ടിൻ ഗപ്ടിലിന്റെ ത്രോ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലെത്തിയപ്പോൾ അംപയർ കുമാർ ധർമസേന ഇംഗ്ലണ്ടിന് അനുവദിച്ചത് 6 റൺസ്. എന്നാൽ, ധർമസേനയ്ക്കു തെറ്റിയെന്നു മുൻ രാജ്യാന്തര അംപയർമാർ പറയുന്നു. 5 റൺസ് കൊടുക്കേണ്ടിടത്ത് ഒരു റൺ ഇംഗ്ലണ്ടിനു കൂടുതൽ നൽകിയ ഫീൽഡ് അംപയർമാർ കിവീസിന്റെ വിജയസാധ്യത ഇല്ലാതാക്കിയെന്നാണ് ആരോപണം.

അവസാന ഓവറിലെ 3–ാം പന്ത് തട്ടിയിട്ടശേഷം സ്റ്റോക്സ് രണ്ടാം റണ്ണിനു ശ്രമിക്കവേയാണ് അംപയർമാർ പരാമർശിക്കുന്ന വിവാദ സംഭവമുണ്ടായത്. മാർട്ടിൻ ഗപ്ടിലിന്റെ ത്രോ വരുന്നതുകണ്ട് സ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിലേക്ക് സ്റ്റോക്സ് പറന്നുചാടി. അതിനിടെ, സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ഗപ്ടിലെറിഞ്ഞ ത്രോ ഫോറായി. ഇംഗ്ലണ്ട് ഓടിയെടുത്ത 2 റൺസും ഫോറും ചേർത്ത് ധർമസേന അവർക്ക് 6 റൺസ് അനുവദിച്ചു.

എന്നാൽ, ഫീൽഡിൽ വേണ്ടത്ര ശ്രദ്ധിക്കാതെയാണു ധർമസേന 6 റൺസ് അനുവദിച്ചതെന്നു മുൻ അംപയർമാരായ ഓസ്ട്രേലിയയുടെ സൈമൺ ടഫലും ഇന്ത്യയുടെ കെ. ഹരിഹരനും ആരോപിച്ചു. ഗപ്ടിൽ ത്രോ ചെയ്യുന്ന സമയത്ത് സ്റ്റോക്സും ആദിൽ റാഷിദും രണ്ടാമത്തെ റണ്ണിനായി പിച്ചിൽ ക്രോസ് ചെയ്തിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു. ടിവി റീപ്ലേയിൽ അതു വ്യക്തമാണ്.

ഫീൽഡറുടെ കയ്യിൽനിന്നു പന്ത് റിലീസ് ആകുമ്പോഴോ അതിനു മു‍ൻപോ ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്തെങ്കിൽ മാത്രമേ ആ റൺ ഓവർത്രോയ്ക്കൊപ്പം കൂട്ടാൻ പാടുള്ളൂവെന്നാണു നിയമം. സംഭവത്തെപ്പറ്റി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗികമായി പ്രതികരിച്ചില്ല.

∙ ആ റൺ നിയമവിരുദ്ധം 

കെ. എൻ. രാഘവൻ (മുൻ രാജ്യാന്തര അംപയർ) 

ക്രിക്കറ്റ് നിയമം അനുസരിച്ച്, ഫീൽഡർ ബോൾ കൈക്കലാക്കി സ്റ്റംപ് ലക്ഷ്യമാക്കി എറിയുന്ന സമയത്ത്, റണ്ണിനായി ഓടുന്ന ബാറ്റ്സ്മാൻമാർ പരസ്പരം ക്രോസ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രമേ ആ റൺ അനുവദിക്കാൻ പാടുള്ളൂ. എന്നാൽ, ഫൈനലിൽ ന്യൂസീലൻഡ് ഫീൽഡർ മാർട്ടിൻ ഗപ്ടിൽ പന്ത് ത്രോ ചെയ്യുമ്പോൾ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാരായ ബെൻ സ്റ്റോക്സും ആദിൽ റാഷിദും രണ്ടാം റണ്ണിനായുള്ള ഓട്ടത്തിൽ പരസ്പരം ക്രോസ് ചെയ്തിരുന്നില്ല. ബോൾ വിക്കറ്റിന് അടുത്തേക്ക് എത്തുമ്പോഴാണു സ്റ്റോക്സ് ഡൈവ് ചെയ്തത്.

എന്നിട്ടും ക്രീസിൽ എത്തിയില്ലെന്നു മാത്രമല്ല, സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബോൾ ഓവർത്രോയായി ബൗണ്ടറിയിലേക്കു പോവുകയും ചെയ്തു. സ്റ്റോക്സ് ക്രീസിലെത്തിയെങ്കിലും ഫീൽഡർ ത്രോ ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാൻമാർ ക്രോസ് ചെയ്തിട്ടില്ലാത്തതിനാൽ രണ്ടാം റൺ അനുവദിക്കാനാവില്ലെന്നാണു നിയമം.

ചുരുക്കത്തിൽ, ഓവർത്രോയായി കിട്ടിയ 4 റൺസിനു പുറമേ ഓടി പൂർത്തിയാക്കിയ ഒരു റണ്ണും ചേർത്ത് 5 റൺസിനു മാത്രമേ ഇംഗ്ലണ്ടിനു നിയമപരമായി അർഹതയുള്ളൂ. രണ്ടാം റൺ അനുവദിച്ചതു നിയമ വിരുദ്ധമാണ്. ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഫീൽഡ് അംപയർക്കു മൂന്നാം അപയറുടെ അഭിപ്രായം തേടാമായിരുന്നു. പ്രത്യേകിച്ചും ഒരു റണ്ണിന് ലോകകപ്പിന്റെതന്നെ വിലയുള്ള സന്ദർഭത്തിൽ.

∙ ഫീൽഡ് അംപയർമാരായ കുമാർ ധർമസേനയ്ക്കും മറെയ്സ് എറാസ്മസിനും പിഴവുപറ്റി. കാര്യങ്ങൾ അവർ ശരിക്കും കണ്ടില്ലെന്നു വയ്ക്കുക. അങ്ങനെയെങ്കിൽ, തേഡ് അംപയറുടെ സഹായം തേടേണ്ടതായിരുന്നു. ആ അധിക റൺ കളിയുടെ ഫലത്തെ സ്വാധീനിച്ചു. – സൈമൺ ടഫൽ, മുൻ അംപയർ 

∙ ‌അധികമായി ഒരു റൺ അനുവദിച്ചതിലൂടെ കുമാർ ധർമസേന ഫൈനലിനെ കൊന്നു. ക്രിക്കറ്റ് നിയമത്തെപ്പറ്റി ധാരണയില്ലാത്ത അംപയർമാർ കളിയെ ഇല്ലാതാക്കുന്നതു സങ്കടകരമായ കാഴ്ചയാണ്. – കെ. ഹരിഹരൻ, മുൻ അംപയർ 

English Summary: Umpires Made Mistake in Awarding England Six Runs, Not Five in ICC World Cup 2019 Final, England Vs New Zealand: Simon Taufel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA