ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ അവസാന നിമിഷം വരെയും മുൻതൂക്കം ന്യൂസീലൻഡിനായിരുന്നു. മൽസരം അവസാന രണ്ട് ഓവറിലേക്കു കടക്കുമ്പോൾ ഇംഗ്ലണ്ടിന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 24 റൺസാണ്. ഓവറിൽ ശരാശരി 12 റൺസ്. കൈവശമുണ്ടായിരുന്നത് നാലു വിക്കറ്റും. 49–ാം ഓവർ എറിഞ്ഞ ജിമ്മി നീഷം ഒൻപതു റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തതോടെ അവസാന ഓവറിൽ വിജയലക്ഷ്യം 15 റൺസായി. അതും രണ്ടു വിക്കറ്റ് ബാക്കിനിൽക്കെ.
ഈ രണ്ട് ഓവറുകളിൽ ന്യൂസീലൻഡ് താരങ്ങൾക്കു സംഭവിച്ച രണ്ടു പിഴവുകളാണ് അന്തിമ ഫലത്തിൽ നിർണായകമായത്. ന്യൂസീലൻഡിന് കപ്പിനും ചൂണ്ടിനുമിടയിൽ വിജയം വഴുതിപ്പോകാൻ കാരണമായ ആ രണ്ടു പിഴവുകൾ ഇതാ:
ഇംഗ്ലണ്ട് ക്രിക്കറ്റിലെ ലോകരാജാക്കൻമാർ, വിഡിയോ സ്റ്റോറി കാണാം
∙ ബോൾട്ടിന്റെ അശ്രദ്ധ
ജിമ്മി നീഷം എറിഞ്ഞ 49–ാം ഓവർ. ഈ ഓവറിലെ നാലാം പന്തിൽ ബെൻ സ്റ്റോക്സിന്റെ സിക്സെന്ന് ഉറപ്പിച്ച ഷോട്ട് ബൗണ്ടറി വൈഡ് ലോങ് ഓണിൽ ലൈനിൽ ട്രെന്റ് ബോൾട്ടിന്റെ കൈകളിലെത്തി. ക്യാച്ച് അനായാസം കയ്യിലൊതുക്കിയെങ്കിലും ബോൾട്ടിന്റെ കാൽ അപ്രതീക്ഷിതമായി ബൗണ്ടറി ലൈനിൽ തട്ടി. പന്തു കയ്യിലൊതുക്കിയ ഉടനെ ഓടിയെത്തിയ മാർട്ടിൻ ഗപ്ടിലിന് എറിഞ്ഞുകൊടുക്കാനുള്ള സമയമുണ്ടായിരുന്നെങ്കിലും, ബൗണ്ടറി ലൈനിനു തൊട്ടടുത്താണ് താൻ എന്ന കാര്യം ബോൾട്ട് അറിഞ്ഞില്ല. ഫലം, ക്യാച്ചെടുത്തതിന്റെ ആയത്തിൽ പിന്നിലേക്കു കാൽവച്ചത് നേരെ ബൗണ്ടറി ലൈനിന്റെ മുകളിലായിപ്പോയി.
അപകടം മണത്ത ബോൾട്ട് പന്ത് ഗ്രൗണ്ടിലേക്ക് എറിഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. ചെറിയൊരു ശ്രദ്ധക്കുറവിനു ലഭിച്ച ശിക്ഷ പക്ഷേ, കനത്തതായിപ്പോയി. സ്റ്റോക്സ് പുറത്തായില്ലെന്നു മാത്രമല്ല, ഇംഗ്ലണ്ടിന് 6 റൺസും ലഭിച്ചു. വിൻഡീസിനെതിരെ നീഷത്തിന്റെ തന്നെ 49–ാം ഓവറിൽ കാർലോസ് ബ്രാത്ത്വെയ്റ്റിനെ ബൗണ്ടറിലൈനിൽ ക്യാച്ചെടുത്ത് കിവീസിനെ വിജയത്തിലെത്തിച്ച ബോൾട്ടിന് ഇക്കുറി പിഴച്ചു!
∙ ഗപ്ടിലിന്റെ ആവേശം
ട്രെന്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ ന്യൂസീലൻഡിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 15 റൺസാണ്. ആദ്യ രണ്ടു പന്ത് ബോൾട്ട് ഡോട്ട് ബോളാക്കിയെങ്കിലും മൂന്നാം പന്തിൽ സ്റ്റോക്സ് സിക്സർ പായിച്ചു. എന്നാൽ നിർണായകമായത് നാലാം പന്താണ്. ഈ പന്തിൽ രണ്ടാം റണ്ണിനോടിയ സ്റ്റോക്സിനെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടാക്കാൻ ശ്രമിച്ച മാർട്ടിൻ ഗപ്ടിലിന് പിഴച്ചു.
പന്തു വരും മുൻപ് ക്രീസിലെത്താനുള്ള തത്രപ്പാടിൽ ബെൻ സ്റ്റോക്സിന്റെ മുഴുനീളെ ഡൈവ്. ക്രീസിലേക്ക് നിരങ്ങിയെത്തിയ സ്റ്റോക്സിന്റെ കൈയ്യിൽ മുൻപിലേക്കു നീണ്ടുനിന്ന ബാറ്റിൽത്തട്ടി ഗതി മാറി പന്ത് നേരെ ബൗണ്ടറിയിലേക്ക്. ഇതോടെ ഇംഗ്ലണ്ടിന് ലഭിച്ചത് ഓടിയെടുത്ത രണ്ടു റൺസ് സഹിതം ആറു റൺസ്. ഇംഗ്ലണ്ട് മൽസരത്തിലേക്കു പൂർണമായി തിരിച്ചെത്തിയതും ന്യൂസീലൻഡ് പതിയെ ചിത്രത്തിൽനിന്ന് പുറത്തായിത്തുടങ്ങിയതും ഇവിടം മുതലാണ്.
അവസാന രണ്ടു പന്തിൽ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം മൂന്നു റൺസായി ചുരുങ്ങി. അഞ്ചാം പന്തിൽ രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ ആദിൽ റഷീദ് റണ്ണൗട്ടായി. ഇതോടെ, ഒരു വിക്കറ്റ് ബാക്കിനിൽക്കെ അവസാന പന്തിൽ ഇംഗ്ലണ്ടിനു വിജയത്തിലേക്കു വേണ്ടിയിരുന്നത് രണ്ടു റൺസ്. രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർക്ക് വുഡ് റണ്ണൗട്ടായതോടെയാണ് മൽസരം ടൈയിൽ അവസാനിച്ചത്. ഫലത്തിൽ, ഇന്ത്യയ്ക്കെതിരായ സെമി പോരാട്ടത്തിൽ പവർപ്ലേ ഓവറുകളിലെ പേസ് ബോളിങ് വിസ്ഫോടനത്തിലൂടെ ശ്രദ്ധ കവർന്ന ട്രെന്റ് ബോൾട്ടും മഹേന്ദ്രസിങ് ധോണിയെ റണ്ണൗട്ടാക്കിയ ‘ഡയറക്ട് ഹിറ്റി’ലൂടെ താരമായ മാർട്ടിൻ ഗപ്ടിലും ഫൈനലിൽ വില്ലന്മാരായി മാറി.
English Summary: Cricket World Cup 2019: Key moments in the dramatic New Zealand v England Final Match