sections
MORE

കോലി പുറത്ത്, രോഹിതും ബുമ്രയും അകത്ത്; ഈ ഐസിസി ഇലവൻ എങ്ങനെ?

kohli-rohit-bumrah
വിരാട് കോലിയും രോഹിത് ശർമയും, ജസ്പ്രീത് ബുമ്ര
SHARE

ലണ്ടൻ∙ ലോകകപ്പിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ച ലോകകപ്പ് ഇലവനിൽ ഏകദിനത്തിലെ ഒന്നാം നമ്പർ താരവും ഇന്ത്യൻ ടീം നായകനുമായ വിരാട് കോലിക്ക് ഇടമില്ല. ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് മേധാവിത്തം പുലർത്തുന്ന ടീമിൽ ഇന്ത്യയിൽനിന്ന് ഇടം കണ്ടെത്തിയത് രണ്ടു പേർ മാത്രം; ഓപ്പണർ രോഹിത് ശർമയും ഏകദിനത്തിലെ ഒന്നാം നമ്പർ ബോളർ കൂടിയായ പേസർ ജസ്പ്രീത് ബുമ്രയും. ന്യൂസീലൻഡിനെ ലോകകപ്പ് ഫൈനലിലെത്തിച്ച് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട കെയ്ൻ വില്യംസനാണ് ലോക ഇലവന്റെ നായകൻ. ഞായറാഴ്ച ലോഡ്സിൽ ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസീലൻഡ് ടീമുകളിൽനിന്ന് ആറു പേരാണ് ലോക ഇലവനിൽ ഇടംപിടിച്ചത്. അതിൽത്തന്നെ നാലു പേർ ഇംഗ്ലണ്ട് ടീമിൽനിന്നാണ്. ലോക ഇലവനിലേക്ക് ഏറ്റവും കൂടുതൽ താരങ്ങളെ സംഭാവന ചെയ്തതും ഇംഗ്ലണ്ട് തന്നെ.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ആദരിക്കുന്നതിനായി ഐസിസി നിയോഗിച്ച പ്രത്യേക സമിതിയാണ് ലോക ഇലവനെ തിരഞ്ഞെടുത്തത്. റണ്ണേഴ്സ് അപ്പായ ന്യൂസീലൻഡിനു പുറമെ സെമിയിൽ പുറത്തായ ഇന്ത്യ, ഓസ്ട്രേലിയ ടീമുകളിൽനിന്നും രണ്ടു താരങ്ങൾ വീതം ലോകകപ്പ് ഇലവനിൽ ഇടംപിടിച്ചു. ഇവർക്കു പുറമെ മറ്റു ടീമുകളിൽനിന്നായി ടീമിൽ ഇടംപിടിച്ചത് ഉജ്വല ഓൾറൗണ്ട് പ്രകടനവുമായി കയ്യടി നേടിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസൻ മാത്രം. പാക്കിസ്ഥാൻ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, വെസ്റ്റിൻഡീസ് ടീമുകളിൽനിന്ന് ലോക ഇലവനിൽ ആരുമില്ല!

∙ ടീമംഗങ്ങൾ ഇവർ

ലോകകപ്പിൽ ഒൻപത് ഇന്നിങ്സുകളിൽനിന്നായി 648 റൺസോടെ ടോപ് സ്കോററായ രോഹിത് ശർമയെ, ഇംഗ്ലണ്ടിന്റെ ജെയ്സൺ റോയിക്കൊപ്പം ഓപ്പണറുടെ റോളിലാണ് ടീമിൽ ഉൾപ്പെടുത്തിയത്. ഓപ്പണർമാരുടെ റോളിൽ റോയിയും രോഹിതും ലോക ഇലവനിലെത്തിയതോടെ മികച്ച പ്രകടനം കാഴ്ചവച്ച ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ പുറത്തായി. ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട, ടീമിന്റെ നായകൻ കൂടിയായ കെയ്ൻ വില്യംസനാണ് വൺഡൗണായെത്തുന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടം കെയ്ൻ വില്യംസൻ ഈ ലോകകപ്പിൽ സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടി അവരുടെ കിരീടവിജയത്തിൽ നിർണായക പങ്കുവഹിച്ച ജോ റൂട്ടാണ് നാലാം നമ്പറിൽ എത്തുന്നത്. പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെ സെഞ്ചുറി നേടിയതിനു പുറമെ മൂന്ന് അർധസെഞ്ചുറിയും നേടിയ റൂട്ട്, ലോകകപ്പിലെ ടോപ് സ്കോറർമാരിൽ അഞ്ചാമതാണ്. കളിച്ച എട്ടു മൽസരങ്ങളിൽ ഏഴിലും 50 പിന്നിട്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസനാണ് അഞ്ചാമതെത്തുക. ലോകകപ്പിൽ താരം മൂന്നാം നമ്പറിലാണ് ഇറങ്ങിയതെങ്കിലും കരിയറിൽ ഏറിയ പങ്കും അഞ്ചാം നമ്പറിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. ടീമിന്റെ സ്പിൻ മുഖം കൂടിയാണ് ഷാക്കിബ്. ലോകകപ്പിൽ 600 റൺസും 10 വിക്കറ്റും പിന്നിട്ട ഷാക്കിബ് ലോക റെക്കോർ‍ഡ് സ്ഥാപിച്ചിരുന്നു.

ലോകകപ്പ് ഫൈനലിലുൾപ്പെടെ ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളിൽ നെടുനായകത്വം വഹിച്ച ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് ആറാമൻ. വിക്കറ്റ് കീപ്പറുടെ റോളിൽ ഓസീസ് താരം അലക്സ് കാരിയെത്തും. ബാറ്റുകൊണ്ട് കാഴ്ചവച്ച ശ്രദ്ധേയ പ്രകടനങ്ങൾക്കു പുറമെ 20 പേരെ പുറത്താക്കുന്നതിലും കാരി പങ്കുവഹിച്ചിരുന്നു. വിക്കറ്റിനു പിന്നിൽ കാരിയേക്കാൾ കൂടുതൽ പേരെ പുറത്താക്കിയത് കിവീസ് വിക്കറ്റ് കീപ്പർ ടോം ലാഥം മാത്രം. കാരി 60 റൺസിലധികം ശരാശരിയിൽ 375 റൺസും നേടിയിരുന്നു.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന (27) റെക്കോർഡ് സ്വന്തമാക്കിയ ഓസീസിന്റെ ഇടംകയ്യൻ പേസർ മിച്ചൽ സ്റ്റാർക്കാണ് പേസ് ഡിപ്പാർഡ്മെന്റിനെ നയിക്കുക. ഇംഗ്ലിഷ് മുന്നേറ്റത്തിൽ മൂർച്ചയുള്ള പന്തുകളുമായി നിർണായക സാന്നിധ്യമായ ജോഫ്ര ആർച്ചർ കൂട്ടിനെത്തും. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളിൽ രണ്ടാമനും മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ വിദഗ്ധനുമായ ലോക്കി ഫെർഗൂസനാണ് പത്താമൻ. ഫൈനലിൽ തകർപ്പൻ ക്യാച്ചുമായും ഫെർഗൂസൻ ശ്രദ്ധ നേടിയിരുന്നു. ലോകകപ്പിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിൽ ഏറ്റവും കുറച്ച് റൺസ് വിട്ടുകൊടുത്ത ജസ്പ്രീത് ബുമ്രയാണ് പതിനൊന്നാമൻ. ഡെത്ത് ഓവർ സ്പെഷലിസ്റ്റെന്ന ലേബലുമുണ്ട്, ബുമ്രയ്ക്ക്.

കിവീസ് മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ച ട്രെന്റ് ബോൾട്ടാണ് ടീമിലെ പന്ത്രണ്ടാമൻ. ക്രിക്കറ്റ് കമന്റേറ്റർമാരും മുൻ താരങ്ങളുമായ ഇയാൻ ബിഷപ്പ്, ഇയാൻ സ്മിത്ത്, ഇസ ഗുഹ എന്നിവർക്കൊപ്പം കളിയെഴുത്തുകാരായ ലോറൻസ് ബൂത്ത്, ഐസിസി പ്രതിനിധിയായി ജനറൽ മാനേജർ ജെഫ് അലാർഡൈസ് എന്നിവർ ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്.

ടീം: ജയ്സൻ റോയ് (ഇംഗ്ലണ്ട്), രോഹിത് ശർമ (ഇന്ത്യ), കെയ്ൻ വില്യംസൻ (ന്യൂസീലൻഡ്), ജോ റൂട്ട് (ഇംഗ്ലണ്ട്), ഷാക്കിബ് അൽ ഹസൻ (ബംഗ്ലദേശ്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), അലക്സ് കാരി (വിക്കറ്റ് കീപ്പർ–ഓസ്ട്രേലിയ), മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), ജോഫ്ര ആർച്ചർ (ഇംഗ്ലണ്ട്), ലോക്കി ഫെർഗുസൻ (ന്യൂസീലൻഡ്), ജസ്പ്രീത് ബുമ്ര (ഇന്ത്യ). പന്ത്രണ്ടാമൻ: ട്രെന്റ് ബോൾട്ട് (ന്യൂസീലൻഡ്)

English Summary: Rohit Sharma, Jasprit Bumrah only Indians in ICC World Cup XI, winners England dominate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA