sections
MORE

പരിശീലകൻ ശാസ്ത്രി, നായകൻ കോലി, വിക്കറ്റ് കീപ്പർ ധോണി; ‘തല’ മാറുമോ?

ms-dhoni-ravi-shastri-virat-kohli
മഹേന്ദ്രസിങ് ധോണി, രവി ശാസ്ത്രി, വിരാട് കോലി എന്നിവർ.
SHARE

ലോകകപ്പ് സെമിയി‍ൽ തോറ്റു പുറത്തായ ടീം ഇന്ത്യയ്ക്കു പുതിയ പരിശീലക സംഘത്തെത്തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചതോടെ ആരുടെയൊക്കെ തലയുരുളുമെന്ന ചോദ്യം സജീവം. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ബോളിങ് പരിശീലകൻ ഭരത് അരുൺ, ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാർ, ഫീൽഡിങ് പരിശീലകൻ ആർ. ശ്രീധർ എന്നിവർക്ക് ഓഗസ്റ്റിലെ വെസ്റ്റിൻഡീസ് പര്യടനം കഴിയുന്നതുവരെ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ടീം ഫിസിയോ തെറപ്പിസ്റ്റിന്റെ ഒഴിവിലേക്കും പുതിയ ആൾ വരും.

ക്രിക്കറ്റ് ഉപദേശക സമിതിയാകും പരിശീലകരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. പരിശീലകസംഘം മാറുന്നതോടെ ക്യാപ്റ്റനെ മാറ്റുന്നതുൾപ്പെടെയുള്ള പരീക്ഷണങ്ങൾക്കു സിലക്ടർമാർ മുതിരുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. വിരാട് കോലിക്കു പകരം രോഹിത് ശർമയെ വച്ചുകൊണ്ടുള്ള പരീക്ഷണം പ്രതീക്ഷിക്കാമെന്നും ഓരോ ഫോർമാറ്റിനും ഓരോ ക്യാപ്റ്റൻ എന്ന രീതി കൊണ്ടുവരാമെന്നും വിദഗ്ധർ നിർദേശിക്കുന്നുണ്ട്. 

∙ യോഗ്യത

മുഖ്യപരിശീലകൻ

∙ പ്രായം: 60 വയസ്സിനു താഴെ (ശാസ്ത്രിക്ക് 57) 

∙ ജോലി പരിചയം: ഏതെങ്കിലും ടെസ്റ്റ് രാജ്യത്തെ 2 വർഷമെങ്കിലും പരിശീലിപ്പിച്ചിരിക്കണം. അല്ലെങ്കിൽ അസോഷ്യേറ്റ് അംഗം, എ ടീം, ഐപിഎ‍ൽ ടീം എന്നിവയിൽ 3 വർഷത്തെ പരിചയം. 

∙ കളി പരിചയം: 30 ടെസ്റ്റ് അല്ലെങ്കിൽ 50 ഏകദിനം. 

സഹപരിശീലകർ

∙ പ്രായം: 60 വയസ്സിനു താഴെ 

∙ ജോലി പരിചയം: ഏതെങ്കിലും ടെസ്റ്റ് രാജ്യത്തെ 2 വർഷമെങ്കിലും പരിശീലിപ്പിച്ചിരിക്കണം. അല്ലെങ്കിൽ അസോഷ്യേറ്റ് അംഗം, എ ടീം, ഐപിഎ‍ൽ ടീം എന്നിവയിൽ 3 വർഷത്തെ പരിചയം. 

∙ കളി പരിചയം: 10 ടെസ്റ്റോ അല്ലെങ്കിൽ 25 ഏകദിനങ്ങളോ. 

∙ അവസാന തീയതി: ജൂലൈ 30 

∙ കോലിയുടെ ഭാവി

അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ജേതാക്കളാകുമ്പോൾ ക്യാപ്റ്റനായിരുന്നു വിരാട് കോലി. സീനിയർ ടീമിലെത്തി 2012ൽ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി. 2014ൽ ധോണി ടെസ്റ്റ് കുപ്പായമഴിച്ചതു മുതൽ ക്യാപ്റ്റൻ സ്ഥാനത്ത്. 2017ന്റെ തുടക്കത്തിൽ ധോണിക്കു പകരം ഏകദിന ടീമിന്റെയും നായകനായി. അതിവേഗം റെക്കോർഡുകൾ വെട്ടിപ്പിടിക്കുന്ന ബാറ്റിങ് പ്രതിഭയാണു കോലി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമൻ. ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡുകൾ ഓരോന്നും കോലിക്കു മുന്നിൽ വഴിമാറുന്നു.

virat-kohli

പക്ഷേ, ക്യാപ്റ്റനെന്ന നിലയി‍ൽ കോലി ടീമിൽ ഗ്രൂപ്പുകളുണ്ടാക്കുന്നുവെന്ന് ആരോപണമുണ്ട്. ഇഷ്ടക്കാർക്കു മാത്രമേ ടീമിൽ ഇടംകൊടുക്കൂ (അമ്പാട്ടി റായുഡു സംഭവം ഉദാഹരണം). പല തീരുമാനങ്ങൾക്കും ഇപ്പോഴും ധോണിയെ ആശ്രയിക്കുന്നു. ഐസിസി ടൂർണമെന്റുകളിൽ പ്രധാന ഘട്ടങ്ങളിൽ ടീം വീണുപോകുന്നു. ലോകകപ്പ് സെമിയിൽ വീണു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനോടു തോറ്റു. നാട്ടിലും വിദേശത്തും പരമ്പര വിജയങ്ങൾ സ്വന്തമാക്കി കണക്കുകളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനെന്ന ഖ്യാതിയിലേക്കു നീങ്ങുമ്പോഴും ആ ‘വലിയ കപ്പ്’ സ്വന്തമാക്കാൻ കോലിക്കു കഴിയുന്നില്ല. 

കരുത്ത്: ക്യാപ്റ്റൻ സ്ഥാനത്തിനൊപ്പം പ്രതിസന്ധികളിൽ ടീമിനെ തോളിലേറ്റുന്ന ബാറ്റ്സ്മാൻമാനായും തിളങ്ങാൻ കഴിയുന്നു. 

ദൗർബല്യം: ഐസിസി ടൂർണമെന്റുകളിൽ ഇതുവരെ ഇന്ത്യയെ ജേതാക്കളാക്കാൻ കഴിഞ്ഞിട്ടില്ല. 

ക്യാപ്റ്റൻ കരിയർ

ഏകദിനം (ആകെ മത്സരം, ജയം, തോൽവി, വിജയശതമാനം) 

77 56 19 74.34 

ടെസ്റ്റ് (ആകെ മത്സരം, ജയം, തോൽവി, വിജയശതമാനം) 

46 26 10 56.52 

∙ ശാസ്ത്രിയുടെ സമയം

1983ൽ പ്രഥമ ലോകകപ്പ് കിരീടമുയർത്തിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നെങ്കിലും കൂടുതൽ മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലിരിക്കാനായിരുന്നു രവി ശാസ്ത്രിയുടെ യോഗം. പക്ഷേ, 2 വർഷത്തിനുശേഷം നടന്ന ലോക ചാംപ്യൻഷിപ്പിൽ മാൻ ഓഫ് ദ് സീരിസ് പട്ടം സ്വന്തമാക്കി ശാസ്ത്രി താരമായി. സമ്മാനമായി കിട്ടിയത് ഔഡി കാറാണ്. ക്രിക്കറ്റ് കരിയറിനുശേഷം കമന്റേറ്ററുടെ വേഷത്തിൽ കാണികളെ കോരിത്തരിപ്പിച്ചു. 2007ൽ ബംഗ്ലദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലകനായി. 2014 മുതൽ 2016 വരെ ടീം ഇന്ത്യയുടെ ക്രിക്കറ്റ് ഡയറക്ടറായി.

ravi-shastri

പിന്നീട്, അനിൽ കുംബ്ലെയെ മാറ്റി 2017 ജൂലൈയിൽ 2 വർഷത്തേക്കു പരിശീലകനായി ശാസ്ത്രിയെ നിയമിച്ചു. വീരേന്ദർ സേവാഗ്, ടോം മൂഡി എന്നിവർ ഉൾപ്പെടെയുള്ളവരെ തഴഞ്ഞാണു ശാസ്ത്രിക്ക് അവസരം നൽകിയത്. ടീം ഡയറക്ടർ, പരിശീലകൻ എന്നീ പദവികൾ ശാസ്ത്രി അലങ്കരിച്ചപ്പോഴാണു ടീം ഇന്ത്യ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയയി‍ൽ പോയി ഓസീസിനെ കീഴടക്കി. ശ്രദ്ധേയമായ ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കി. പക്ഷേ, ലോകകപ്പ് സെമിയിലെ തോൽവിക്കുശേഷം ഒരു ചോദ്യമുയരുന്നു: മധ്യനിരയുടെ കരുത്ത് കൂട്ടാനുള്ള ശേഷിപോലും ഇല്ലാത്തയാളാണോ ഇന്ത്യൻ പരിശീലകൻ? 

കരുത്ത്: സൂപ്പർതാരങ്ങളെയും ചെറുപ്പക്കാരെയും നിയന്ത്രിച്ചു കൊണ്ടുപോകാൻ കഴിയുന്നു. 

ദൗർബല്യം: സൂപ്പർതാരങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന പരിശീലകനെന്ന ചീത്തപ്പേര്. 

കോച്ച് കരിയർ

ടെസ്റ്റ് (ആകെ മത്സരം, ജയം, തോൽവി, വിജയശതമാനം) 

29 13 10 44.82 

ഏകദിനം (ആകെ മത്സരം, ജയം, തോൽവി, വിജയശതമാനം) 

61 43 18 70.49 

∙ ധോണി കൂൾ

ക്യാപ്റ്റനായാലും വിക്കറ്റ് കീപ്പറായാലും ബാറ്റ്സ്മാനായാലും ഏതു റോളിലും കൂൾ കൂളാണ് എം.എസ്.ധോണി. റാഞ്ചിയിൽനിന്നു വന്ന സ്വർണത്തലമുടിക്കാരൻ ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷറായി മാറിയതു ക്രിക്കറ്റ് ആരാധകരെ ഹരംകൊള്ളിച്ചാണ്. ഏതു സമ്മർദത്തിലും പതറാതെ നിൽക്കുന്ന ധോണിയെന്ന വിസ്മയം എത്ര തലമുറകളെ അതിശയിപ്പിച്ചുണ്ടാകും. ഏതു വലിയ സ്കോറിനെ പിന്തുടരുമ്പോഴും അച‍ഞ്ചലനായി ക്രീസിൽനിന്ന്, ടീമിനെ സ്വന്തം തോളിലേറ്റി, ക്ലിനിക്കൽ ഫിനിഷിന്റെ മനോഹാരിതയിലേക്കു ധോണിയെന്ന താരം അനേകം കളികളിൽ ഇന്ത്യയെ നയിച്ചു, ജയിപ്പിച്ചു. ട്വന്റി20 ലോകകപ്പും ചാംപ്യൻസ് ട്രോഫിയും ലോകകപ്പും നേടിയ ഒരൊറ്റ നായകനെന്ന അപൂർവ റെക്കോർഡ് ധോണിയുടെ പേരിലാണെന്നറിയുക.

ms-dhoni

പക്ഷേ, കാലം കടന്നുപോവുകയാണ്. പ്രായം മുപ്പത്തിയെട്ടായി. വിക്കറ്റിനു പിന്നിൽ വേഗമില്ലെന്നും ബാറ്റിങ് ഇഴയുന്നുവെന്നും വിമർശനം ഉയർത്തിയവരുടെ കൂട്ടത്തിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ പോലുമുണ്ട്. 

കരുത്ത്: സമ്മർദം അതിജീവിക്കാനുള്ള മനക്കട്ടി. 

ദൗർബല്യം: പ്രായം വെറുമൊരു സംഖ്യ മാത്രമല്ലെന്നു തെളിയിക്കാനുള്ള അവസരങ്ങൾ തുടരെ പാഴാക്കുന്നു. 

കരിയർ കണക്ക് 

ടെസ്റ്റ് (ആകെ മത്സരം, റൺസ്, ശരാശരി) 

90 48 76 38.09 

ഏകദിനം (ആകെ മത്സരം, റൺസ്, ശരാശരി) 

350 10,773 50.57 

English Summary: BCCI to Re-Build Team India After World Cup Semi Final Exit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA