sections
MORE

ബെൻ സ്റ്റോക്സ്, ജഡേജ...; ഈ ലോകകപ്പിനെ അടയാളപ്പെടുത്തുന്ന പോരാളികൾ!

ravindra-jadeja-ben-stokes
രവീന്ദ്ര ജഡേജ, ബെൻ സ്റ്റോക്സ്
SHARE

ലോകകപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് ഇതിൽപ്പരം നാടകീയമായൊരു കലാശക്കൊട്ട് സാധ്യമാകുമോ? സംശയമാണ്. ഇതുവരെയുള്ള ലോകകപ്പ് ചരിത്രത്തിലൊന്നും ഇടം പിടിക്കാത്ത തരത്തിലുള്ള ആവേശത്തിനും അനിശ്ചിതത്വത്തിനുമാണ് ഇംഗ്ലണ്ടിലെ ലോഡ്സ് മൈതാനം സാക്ഷ്യം വഹിച്ചത്. എന്തൊരു ഫൈനലായിരുന്നു അത്. ഈ ലോകകപ്പിൽ നിറഞ്ഞുനിന്ന മികച്ച രണ്ടു ടീമുകളായിരുന്നല്ലോ മുഖാമുഖം; ഇംഗ്ലണ്ടും ന്യൂസീലൻഡും.

ഫൈനലായാൽ ഇങ്ങനെ വേണം. ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാനാകാത്ത വിധം കയറില്ലാതെ കെട്ടിയിടണം. പൊട്ടിപ്പോകുമെന്നവണ്ണം നെഞ്ച് പടപടാ മിടിച്ചുകൊണ്ടിരിക്കണം. കണ്ണടച്ചാൽ പൂക്കാലം നഷ്ടപ്പെടുമെന്ന മട്ടിൽ കൺതുറന്നേയിരിക്കാൻ പ്രേരിപ്പിക്കണം... എല്ലാ അർഥത്തിലും സമ്പന്നമായ ഒരു ഫൈനലിനൊടുവിൽ ന്യൂസീലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന് അവരുടെ കന്നി ലോകകപ്പ്. സത്യം പറയാം. കലാശപ്പോരിൽ ജയിച്ചത് ഇംഗ്ലണ്ട് മാത്രമായിരുന്നില്ല. ന്യൂസീലൻഡും വിജയികൾ തന്നെയാണ്. ഇത്രയും പൊരുതി കണക്കിൽ മാത്രം പിഴച്ചതിന് അവരെങ്ങനെ പരാജിതരാകും?

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് കുറിച്ചത് 8 വിക്കറ്റിന് 241 റൺസ്. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 241ന് എല്ലാവരും പുറത്ത്. വിജയിയെ തീരുമാനിക്കാനുള്ള സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എടുത്തത് 15 റൺസ്. 16 റൺസ് ലക്ഷ്യവുമായിറങ്ങിയ ന്യൂസീലൻഡ് 15 റൺസ്. വിജയ റണ്ണിനോടിയ ഗപ്ടിൽ റണ്ണൗട്ടായതോടെ സ്കോർ വീണ്ടും സമാസമം. പിന്നെയായിരുന്നു കണക്കിലെ കളി. സൂപ്പർ ഓവറിലും ടൈ ആയതിനാൽ അടിച്ച ഫോറുകളുടെയും സിക്സറുകളുടെയും എണ്ണത്തിൽ മുന്നിലുള്ളവർ ജേതാക്കളാകും. അക്കാര്യത്തിൽ മികച്ചുനിന്നത് ആതിഥേയരായതിനാൽ കിരീടം ഇംഗ്ലണ്ടിനു സ്വന്തം. ഇംഗ്ലണ്ട് 26 ഉം ന്യൂസീലൻഡ് 17 നും ഷോട്ടുകളായിരുന്നു ബൗണ്ടറി കടത്തിയത്. 

ben-stokes-selfie-with-fans

ഒട്ടേറെ പോരാളികളെയാണു ഫൈനൽ‌ സമ്മാനിച്ചത്. ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, ലിയാം പ്ലങ്കറ്റ്, ഹെൻറി നിക്കോൾസ്, കെയ്ൻ വില്യംസൻ, ടോം ലാഥം, ക്രിസ് വോക്സ്, ലോക്കി ഫെർഗൂസൻ, ജിമ്മി നീഷം... ബാറ്റുകൊണ്ടും ബോളുകൊണ്ടും ആവതു ശ്രമിച്ചവരേറെ. പക്ഷേ, പിരിമുറുക്കങ്ങളുടെ സൂനാമിക്കിടയിലും പതറാതെ വഞ്ചി തുഴഞ്ഞ ബെൻ സ്റ്റോക്സായിരുന്നു ഇരുടീമുകൾക്കിടയിലെയും അന്തരം. അത് വലിയൊരന്തരമായിരുന്നുതാനും.

ലോകകപ്പിന്റെ ഉദ്ഘാടന ദിനത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൽസരത്തിൽ തകർത്തുതുടങ്ങിയതാണു സ്റ്റോക്സ്. 79 പന്തിൽ 89 റൺസും രണ്ടു വിക്കറ്റുകളും രണ്ടു ക്യാച്ചുകളും ഒരു റണ്ണൗട്ടിൽ പങ്കാളിത്തവുമായി കളം നിറ‍ഞ്ഞ സ്റ്റോക്സിനെപ്പറ്റി അന്നേ സൂചിപ്പിച്ചിരുന്നു– ‘ആരാണല്ലേ, ഇങ്ങനെയൊരു താരത്തെ ടീമിൽ വേണമെന്നാഗ്രഹിക്കാത്തതെന്ന്....’! കലാശപ്പോരിലും അതു സത്യമായി.

ben-stokes-wonder-catch-vs-sa

ഉദ്ഘാടന മൽസരത്തിൽ പെഹ്‌ലുക്‌വായോയെ പുറത്താക്കാൻ വായുവിലുയർന്ന് ഒറ്റക്കയ്യാൽ പറന്നെടുത്ത സുന്ദരൻ ക്യാച്ച് ലോകശ്രദ്ധ നേടിയിരുന്നു. കലാശപ്പോരാട്ടത്തിലും ആ ബാറ്റിങ് അവിസ്മരണീയമായ അനുഭവമായി. 98 പന്ത് നേരിട്ട സ്റ്റോക്സ് 84 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. അഞ്ചു ഫോറുകളും രണ്ടു സിക്സുകളും അടങ്ങിയ ആ ഇന്നിങ്സാണ് നാലു വിക്കറ്റിന് 86 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ കിവീസിന് ഒപ്പമെത്തിച്ചത്. പിന്നീട്, സൂപ്പർ ഓവറിലും ഇംഗ്ലണ്ടിനായി ബാറ്റേന്തിയത് സ്റ്റോക്സും ബട്‌ലറും തന്നെ. 

നാടകീയതകളുടെ കൂത്തരങ്ങായിരുന്നു ഫൈനൽ. കയ്യയച്ച് അടിക്കാൻ ഒരു ബാറ്റ്സ്മാനെയും സമ്മതിക്കാത്ത തരത്തിൽ ശക്തമായിരുന്നു ഇരുടീമുകളുടേയും ബോളിങ്. കിവികളുടെ സ്കോർ 241ൽ ഒതുങ്ങിയപ്പോൾ ഇംഗ്ലണ്ട് അനായാസം കപ്പടിക്കും എന്ന നിലയിലായിരുന്നു ആരാധകർ. സെമിഫൈനലിൽ ഓസ്ട്രേലിയയെ അവർ കീഴടക്കിയത് ആ വിധമായിരുന്നല്ലോ. എന്നാൽ ജെയ്സൻ റോയിയും ജോ റൂട്ടും ക്യാപ്റ്റൻ ഓയിൻ മോർഗനും ജോണി ബെയർസ്റ്റോയും പോയതോടെ കിരീടം ന്യൂസീലൻഡിനെന്ന പ്രതീതിയായി. സ്റ്റോക്സും ബട്‌ലറും കളം പിടിച്ചതോടെ വീണ്ടും ഇംഗ്ലണ്ട്.

butler-neesham-stokes

ബട്‌ലർ പോവുകയും വിക്കറ്റുകൾ തുരുതുരാ വീഴുകയും ചെയ്തതോടെ അവസാനചിരി കിവികളുടേതെന്ന തോന്നൽ. അവസാന രണ്ടോവറിൽ നാലു വിക്കറ്റ് കയ്യിലിരിക്കെ ഇംഗ്ലണ്ടിന് ലക്ഷ്യം 24 റൺസ്. ജിമ്മി നീഷമിന്റെ ഓവറിൽ കിട്ടിയത് 9 റൺസ്; വീണത് രണ്ടു വിക്കറ്റും. അവസാന ഓവറിൽ രണ്ടു വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ലക്ഷ്യം 15. ബോൾട്ടിന്റെ നാടകീയ ഓവർ. ആദ്യ രണ്ടു പന്തിലും സ്റ്റോക്സിന് റൺ നേടാനായില്ല. മൂന്നാം പന്ത് സിക്സർ. നാലാം പന്ത് ഓവർത്രോ ഫോറിലൂടെ സിക്സർ. അഞ്ചാം പന്തിൽ രണ്ടാം റൺസിനുള്ള ശ്രമത്തിൽ ആദിൽ റഷീദ് റണ്ണൗട്ട്. അവസാന പന്തിൽ സ്റ്റോക്സ് ക്രീസിൽ നിൽക്കെ ജയത്തിലേക്കു വേണ്ടത് 2 റൺസ്. വിജയറണ്ണിനായുള്ള ഓട്ടത്തിൽ മാർക്‌ വുഡ് റണ്ണൗട്ട്. മത്സരം ടൈയിൽ. പിന്നെയായിരുന്നു സൂപ്പർ ഓവറും അടുത്ത ടൈയും ബൗണ്ടറിക്കണക്കിലെ ഇംഗ്ലിഷ് വിജയവും. 

∙ ഭാഗ്യമില്ലാക്കിവികൾ 

ഭാഗ്യക്കേടായിരുന്നു ന്യൂസീലൻഡിന്റെ വില്ലൻ. അല്ലെങ്കിൽ അവസാന ഘട്ടത്തിൽ ഒരു ക്യാച്ച് സിക്സറായും ഓവർ ത്രോ ഫോറായും മാറില്ലായിരുന്നല്ലോ. നീഷമിന്റെ 49–ാം ഓവറിലെ നാലാം പന്തിൽ ബൗണ്ടറി ലൈനിൽ ട്രെന്റ് ബോൾട്ട് മാൻ ഓഫ് ദ് മാച്ച് സ്റ്റോക്സിനെ പിടികൂടിയതായിരുന്നു. പന്തു പിടിയിലൊതുക്കിയെങ്കിലും കാൽ ലൈനിൽ തൊട്ട് സിക്സറായി. പിന്നീട് അവസാന ഓവറിൽ ഗപ്ടിലിന്റെ ത്രോ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ഫോറാകുകയും ചെയ്തു. ഓടിക്കിട്ടിയ രണ്ടും കൂടി ചേരുമ്പോൾ ഭാഗ്യ സിക്സർ! ഓടിക്കിട്ടിയ രണ്ടാം റണ്ണാകട്ടെ വിവാദത്തിലുമാണിപ്പോൾ. 

∙ സ്റ്റോക്സിനെപ്പോലെ  ജഡേജയും

നാടിന്റെ ഹീറോയായി മാറിയ ബെൻ സ്റ്റോക്സിനെപ്പോലെ മിന്നിനിന്നേനെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയും. സെമിയിൽ ന്യൂസീലൻഡിനെതിരെ വീരോചിത പോരാട്ടം നടത്തിയ ജഡേജ ഇന്ത്യയെ അവിശ്വസനീയമായ ഒരു ജയത്തിന്റെ വക്കിലെത്തിച്ച ശേഷമാണ് പുറത്തായത്. രണ്ടേ രണ്ടു കളികളിൽ മാത്രം ടീമിലുൾപ്പെട്ട ജഡേജ എത്രയോ കളികളിൽ പകരക്കാരൻ ഫീൽഡറായി വന്ന് കയ്യടി വാങ്ങി. അവസരം കിട്ടിയ രണ്ടു കളികളിലും ബോളിങ്ങിലും മികവുകാട്ടി. ഫീൽഡിങ്ങിലാകട്ടെ പറയുകയും വേണ്ട.

ഫൈനലിൽ ന്യൂസീലൻഡിനെതിരെ സ്റ്റോക്സ് നടത്തിയ ഒറ്റയാൾ പോരാട്ടം ഇന്ത്യൻ ആരാധകരെ ഓർമിപ്പിക്കുന്നതും സെമിയിലെ ജഡേജയുടെ പ്രകടനത്തെത്തന്നെ. സെമിയിൽ 59 പന്തിൽ 77 റൺസായിരുന്നു ജഡ്ഡുവിന്റെ ബാറ്റ് അടിച്ചെടുത്തത്.  ലോകകപ്പിൽ 2 വിക്കറ്റും 5 ക്യാച്ചും ഒരു റണ്ണൗട്ടും കൂടി ജഡ്ഡു സ്വന്തം പേരിലെഴുതി. ഫീൽഡറെന്ന നിലയിൽ തടഞ്ഞത് 41 റൺസും! 

ഈ ലോകകപ്പിനെ കാലം ഓർക്കുന്നത് ഇത്തരം പോരാളികളുടെ പേരിലായിരിക്കും.

English Summary: Ravindra Jadeja, Ben Stokes, Carlos Brathwaite - The fighting spirit of ICC World Cup 2019

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA