മുംബൈ∙ ഓപ്പണർമാരായ രോഹിത് ശർമ, പേസ് ബോളർ ജസ്പ്രീത് ബുമ്ര എന്നിവർക്കു മാത്രം ഇടം നൽകിയ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ലോകകപ്പ് ഇലവനു പകരം സ്വന്തം ലോകകപ്പ് ഇലവനുമായി സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ച സച്ചിന്റെ ലോകകപ്പ് ഇലവനിൽ മഹേന്ദ്ര സിങ് ധോണിക്ക് ഇടമില്ല. ഐസിസി ലോകകപ്പ് ഇലവന്റെ നായകനായ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനാണ് സച്ചിന്റെ ലോക ഇലവന്റെയും നായകൻ.
ഐസിസി ലോകകപ്പ് ഇലവനിൽ രോഹിത് ശർമയ്ക്കൊപ്പം ഇംഗ്ലണ്ടിന്റെ ജെയ്സൺ റോയിയാണ് ഓപ്പണറുടെ വേഷത്തിൽ എത്തുന്നതെങ്കിൽ, സച്ചിന്റെ ഇലവനിൽ ഇംഗ്ലണ്ട് ടീമിൽ റോയിയുടെ സഹ ഓപ്പണറായ ജോണി ബെയർസ്റ്റോയാണ് രോഹിതിനൊപ്പം ഓപ്പണറാകുക. വിക്കറ്റ് കീപ്പറും ബെയർസ്റ്റോ തന്നെ.
ഐസിസി ഇലവനിലെ വൺഡൗണായ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ തന്നെ സച്ചിന്റെ ഇലവനിലും വൺഡൗൺ. ലോകകപ്പിൽ നാലാം നമ്പർ സ്ഥാനം ഇന്ത്യയ്ക്ക് ഏറെ തലവേദന സൃഷ്ടിച്ചെങ്കിലും സച്ചിന്റെ ലോകകപ്പ് ഇലവനിലെ നാലാം നമ്പർ സ്ഥാനത്ത് ഇന്ത്യക്കാരനാണ്, വിരാട് കോലി! ഐസിസി ഇലവനിലേതിനു സമാനമായി ഓൾറൗണ്ടർമാരായ ഷാക്കിബ് അൽ ഹസൻ, ബെൻ സ്റ്റോക്സ് എന്നിവരാണ് അഞ്ച് ആറ് സ്ഥാനങ്ങളിൽ.
ഏഴ്, എട്ട് സ്ഥാനങ്ങളിൽ ഇന്ത്യൻ ഓൾറൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെയാണ് സച്ചിൻ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐസിസിയുടെ ലോക ഇലവനിൽ സ്ഥാനം കിട്ടാതെ പോയവരാണ് ഇവർ. ലോകകപ്പിൽ രണ്ടു മൽസരം മാത്രം കളിച്ചാണ് രവീന്ദ്ര ജഡേജ സച്ചിന്റെ ലോകകപ്പ് ഇലവനിൽ ഇടംപിടിച്ചതെന്നതും ശ്രദ്ധേയം.
പേസ് ബോളിങ് വിഭാഗത്തിൽ ഐസിസി ലോകകപ്പ് ഇലവനിലെ ത്രിമൂർത്തികൾ തന്നെ സച്ചിന്റെ ഇലവനിലെയും താരങ്ങൾ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയ ഓസീസ് താരം മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ട് താരം ജോഫ്ര ആർച്ചർ, ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര എന്നിവർ.
സച്ചിന്റെ ലോകകപ്പ് ഇലവൻ: രോഹിത് ശർമ, ജോണി ബെയർസ്റ്റോ (വിക്കറ്റ് കീപ്പർ), കെയ്ൻ വില്യംസൻ (ക്യാപ്റ്റൻ), വിരാട് കോലി, ഷാക്കിബ് അൽ ഹസൻ, ബെൻ സ്റ്റോക്സ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മിച്ചൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുമ്ര.
ഐസിസിയുടെ ലോകകപ്പ് ഇലവൻ: രോഹിത് ശർമ, ജെയ്സൺ റോയി, കെയ്ൻ വില്യംസൻ (ക്യാപ്റ്റൻ), ജോ റൂട്ട്, ഷാക്കിബ് അൽ ഹസൻ, ബെൻ സ്റ്റോക്സ്, അലക്സ് കാരി, മിച്ചൽ സ്റ്റാർക്ക്, ജോഫ്ര ആർച്ചർ, ലോക്കി ഫെർഗൂസൻ, ജസ്പ്രീത് ബുമ്ര.
English Summary: Sachin Tendulkar Announces His Own World Cup XI with Five Indian Players