sections
MORE

ആ 4 റൺസ് വേണ്ടെന്ന് സ്റ്റോക്സ് അംപയറോടു പറ‍ഞ്ഞതാണ്: ആൻഡേഴ്സൻ

ben-stokes-vs-new-zealand
ന്യൂസീലൻഡിനെതിരായ ഫൈനൽ പോരാട്ടത്തിനിടെ ബെൻ സ്റ്റോക്സ്.
SHARE

ലണ്ടൻ∙ ആതിഥേയരായ ഇംഗ്ലണ്ടിന്റെ കിരീടധാരണത്തോടെ ലോകകപ്പ് ക്രിക്കറ്റിന് തിരശീല വീണ് ദിവസങ്ങൾ പിന്നിടുമ്പോഴും, ക്രിക്കറ്റ് ലോകം ഇപ്പോഴും ആ ‘സിക്സിനു’ പിന്നാലെയാണ്. ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ പിറന്ന ആ ‘അപ്രതീക്ഷിത സിക്സി’നു പിന്നാലെ. മൽസരം അതിനിർണായക ഘട്ടത്തിൽ നിൽക്കെ, ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്ടിലിന്റെ  ത്രോ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലെത്തിയപ്പോൾ ശ്രീലങ്കക്കാരനായ അംപയർ കുമാർ ധർമസേന ഇംഗ്ലണ്ടിന് അനുവദിച്ചതാണ് ആ ‘സിക്സ്’. മൽസര ഫലത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഘടകവും ഇതായിരുന്നു.

ഓവർത്രോ ബൗണ്ടറി കടന്നതുവഴി ലഭിച്ച നാലു റൺസും ഓടിയെടുത്ത രണ്ടു റൺസും സഹിതമാണ് അംപയർ ഇംഗ്ലണ്ടിന് ആറു റൺസ് അനുവദിച്ചത്. ഇതോടെ മൽസരം ടൈയിൽ അവസാനിക്കുകയും സൂപ്പർ ഓവറിലേക്കു നീളുകയും ചെയ്തു. അവിടെയും 15 റൺസ് വീതമെടുത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മൽസരത്തിലും സൂപ്പർ ഓവറിലുമായി നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാൽ, ഇംഗ്ലണ്ടിന് ആറു റൺസ് അനുവദിച്ചതിൽ ധർമസേനയ്ക്കു തെറ്റിയെന്ന് ചൂണ്ടിക്കാട്ടി മുൻ അംപയർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, ഏറെ വിവാദങ്ങൾക്കു തിരികൊളുത്തിയ ആ ആറു റൺസിൽ ഓവർത്രോ വഴി ലഭിച്ച നാലു റണ്‍സ് വേണ്ടെന്ന് ഫൈനലിൽ ഇംഗ്ലണ്ടിന്റെ വിജയശിൽപിയായ ബെൻ സ്റ്റോക്സ് അംപയറോട് ആവശ്യപ്പെട്ടതായി ഇതാ, പുതിയ വെളിപ്പെടുത്തൽ. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് താരവും ബെൻ സ്റ്റോക്സിന്റെ സുഹൃത്തുമായ പേസ് ബോളർ ജിമ്മി ആൻഡേഴ്സനാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയത്.

റണ്ണൗട്ടിൽനിന്നു രക്ഷപ്പെടാൻ ക്രീസിലേക്ക് ഡൈവ് ചെയ്ത സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയാണ് ഗപ്ടിലിന്റെ ത്രോ നേരെ ബൗണ്ടറിയിലേക്കു പോയത്. വീണിടത്തുനിന്ന് എണീറ്റ സ്റ്റോക്സ് ഇരു കൈകളും വശങ്ങളിലേക്കു നീട്ടി അതു മനഃപൂർവം സംഭവിച്ചതല്ലെന്ന് ആംഗ്യം കാട്ടിയിരുന്നു. ഇതിനു പിന്നാലെ ആ ബൗണ്ടറി വേണ്ടെന്ന് സ്റ്റോക്സ് അംപയറോടു പറഞ്ഞെന്നാണ് ആൻഡേഴ്സന്റെ വെളിപ്പെടുത്തൽ.

‘കഴിഞ്ഞ ദിവസം ഈ സംഭവത്തേക്കുറിച്ച് ഞാൻ മൈക്കൽ വോണുമായി (മുൻ ഇംഗ്ലണ്ട് നായകനും കമന്റേറ്ററും) സംസാരിച്ചിരുന്നു. ഓവർത്രോയിലൂടെ ലഭിച്ച ആ നാലു റൺസ് വേണ്ടെന്ന് അപ്പോൾത്തന്നെ അംപയറോടു പറഞ്ഞതായി മൽസരശേഷം കണ്ടപ്പോൾ സ്റ്റോക്സ് വോണിനോടു പറഞ്ഞുവത്രേ. വോൺ ഇക്കാര്യം എന്നോടും പറഞ്ഞു. എന്നാൽ നിയമമനുസരിച്ച് ആ ഓവർത്രോയ്ക്ക് നാലു റൺസ് കൂട്ടിയല്ലേ തീരൂ.’ – ആൻഡേഴ്സൻ പറഞ്ഞു.

‘ക്രിക്കറ്റിലെ മര്യാദയനുസരിച്ച് സ്റ്റംപു ലക്ഷ്യമാക്കി എറിഞ്ഞ പന്ത് ബാറ്റ്സ്മാന്റെ ദേഹത്തോ ബാറ്റിലോ തട്ടി ഗതിമാറിയാൽ വീണ്ടും റണ്ണിനായി ശ്രമിക്കാറില്ല. എന്നാൽ, പന്തു നേരെ ബൗണ്ടറി കടന്നാൽ നിയമമനുസരിച്ച് നാലു റൺസ് നൽകണം. ഇക്കാര്യത്തിൽ ആർക്കുമൊന്നും ചെയ്യാനില്ല’ – ആൻഡേഴ്സൻ പറഞ്ഞു.

മൽസരശേഷം ഇക്കാര്യം താരങ്ങളുടെയിടയിലും ചർച്ചയായെന്ന് ആൻഡേഴ്സൻ വെളിപ്പെടുത്തി. ബാറ്റ്സ്മാന്റെ ദേഹത്തു തട്ടി പന്തു ഗതിമാറിയാൽ അത് ഡെഡ് ബോൾ വിളിക്കുന്നതാണ് ഉചിതമെന്ന രീതിയിലാണ് അഭിപ്രായങ്ങൾ ഉരുത്തിരിഞ്ഞതെന്നും ആൻഡേഴ്സൻ വെളിപ്പെടുത്തി. ന്യൂസീലൻഡിൽ ജനിച്ച്, 13 വയസ്സുവരെ അവിടെ വളർന്ന സ്റ്റോക്സും ആ ഓവർത്രോ ബൗണ്ടറിയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ പേരിൽ ശേഷിക്കുന്ന കാലമത്രയും താൻ ഖേദിക്കുമെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസനോട് പറഞ്ഞതായും സ്റ്റോക്സ് വെളിപ്പെടുത്തിയിരുന്നു.

English Summary: World Cup 2019: Stokes asked umpire to take off four overthrows during final, claims Anderson

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
FROM ONMANORAMA