ലണ്ടൻ ∙ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ ലോകകപ്പിലെ ഓരോ മത്സരവും പൂർത്തിയാക്കിയത് അർധ സഹോദരൻ വെടിയേറ്റു മരിച്ചതിന്റെ സങ്കടം കടിച്ചമർത്തി. ആർച്ചറുടെ അതേ പ്രായക്കാരനായ കസിൻ അഷാന്റിയോ ബ്ലാക്ക്മാൻ (24) ബാർബഡോസിലെ വീടിനു മുന്നിൽ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടത് ജൂലൈ ഒന്നിനാണ്; ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ പിറ്റേന്ന്.
ലോകകപ്പ് തുടങ്ങുന്നതിനു മുൻപ് ആർച്ചറുടെ ഫോണിലേക്ക് ബ്ലാക്ക്മാൻ ആശംസ അയച്ചിരുന്നു. ബാർബഡോസിൽനിന്ന് ഇംഗ്ലണ്ടിലേക്കു വന്നെങ്കിലും ഇരുവരും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്ന് ആർച്ചറുടെ പിതാവ് ഫ്രാങ്ക് പറഞ്ഞു. മരണവാർത്തയറിഞ്ഞതു മുതൽ ആർച്ചർ അസ്വസ്ഥനായിരുന്നു. എങ്കിലും ഏറെ പ്രയാസപ്പെട്ടു നേടിയ ദേശീയ കുപ്പായമായതിനാൽ കളിയിൽ ശ്രദ്ധിക്കാൻ തീരുമാനിച്ചു. ഫൈനലിലെ സൂപ്പർ ഓവറിൽ മനക്കരുത്ത് കൈവിടാതെ പന്തെറിഞ്ഞ് കിവീസിനെ പിടിച്ചുകെട്ടുകയും ചെയ്തു.
ബാർബഡോസിൽ ജനിച്ചു വളർന്ന ആർച്ചർ ആദ്യം വെസ്റ്റിൻഡീസ് അണ്ടർ 19 ടീമിനൊപ്പമാണു കളിച്ചത്. ആർച്ചറും ബ്ലാക്ക്മാനും ഒരുമിച്ചാണു ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ബ്രിട്ടിഷ് പൗരനായ പിതാവിനൊപ്പം ആർച്ചർ പിന്നീട് ഇംഗ്ലണ്ടിലേക്കെത്തി. നിയമം മാറ്റിയെഴുതി ആർച്ചറെ ഇംഗ്ലണ്ട് ദേശീയ ടീമിലെടുക്കുകയും ചെയ്തു.