Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു മൽസരം ജയിപ്പിച്ചാൽ മതി, അവർക്കായി മുടക്കിയ കാശ് മുതലാകും: സേവാഗ്

Yuvraj-Sehwag-Gayle

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയിൽ ലീഗിന്റെ പുതിയ സീസണിൽ കുറഞ്ഞത് രണ്ടു മൽസരങ്ങൾ വീതം ജയിപ്പിക്കാനായാൽ യുവരാജ് സിങ്, ക്രിസ് ഗെയ്‍‌ൽ എന്നിവർക്കായി ടീം മുടക്കിയ പണം മുതലാക്കാമെന്ന് കിങ്സ് ഇലവൻ പഞ്ചാബിന്റെ മെന്ററും മുൻ ഇന്ത്യൻ താരവുമായ വീരേന്ദർ സേവാഗ്. ഇരുവരെയും അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കാണ് ഐപിഎൽ താരലേലത്തിൽ പഞ്ചാബ് ടീം സ്വന്തമാക്കിയത്. ഇരുവർക്കുമായി പണം ചെലവഴിക്കാൻ മറ്റു ടീമുകൾ കാര്യമായി ശ്രമിക്കാതെ പോയതോടെയാണ് അടിസ്ഥാന വിലയ്ക്ക് ഇരുവരെയും പഞ്ചാബിനു ലഭിച്ചത്.

ഇരുവരെയും പഞ്ചാബിന് അടിസ്ഥാന വിലയ്ക്ക് ലഭിച്ചത് വലിയ കാര്യമാണ്. ഇതു തീർച്ചയായും ഒരു വിലപേശൽ തന്നെയാണ്. ഇരുവർക്കുമായി കൂടുതൽ പണം മുടക്കാൻ മറ്റു ടീമുകൾ രംഗത്തുണ്ടായിരുന്നെങ്കിൽ വില കുതിച്ചുകയറിയേനെ. ഇരുവരും രാജ്യാന്തര ക്രിക്കറ്റിലെ പേരുകേട്ട താരങ്ങളാണ്. കളികൾ ജയിപ്പിക്കാൻ കഴിവുള്ളവരുമാണ്. രണ്ടോ മൂന്നോ മൽസരങ്ങൾ ജയിപ്പിക്കാൻ സാധിച്ചാൽതന്നെ അവർക്കായി മുടക്കിയ പണം മുതലാക്കാവുന്നതേയുള്ളൂ – സേവാഗ് പറഞ്ഞു.

ഇക്കുറി ആരും വിളിക്കാനില്ലാതെ പോയ ക്രിസ് ഗെയ്‌ലിനെ അവസാന ഘട്ടത്തിലാണ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. അതേസമയം, വിളിക്കാൻ മറ്റു ടീമുകൾ രംഗത്തെത്താതിരുന്നതോടെയാണ് യുവിയെയും ‘ചുളു വില’യ്ക്ക് പഞ്ചാബ് പോക്കറ്റിലാക്കിയത്.

ഓപ്പണർ സ്ഥാനത്തേക്ക് പഞ്ചാബ് ടീം കണ്ടുവച്ച ഓസീസ് താരം ആരോൺ ഫിഞ്ച് ആദ്യ മൽസരത്തിൽ കളിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇത്തവണ തുടക്കത്തിൽത്തന്നെ ഗെയിലിന് അവസരം ലഭിക്കാനാണ് സാധ്യത. വിവാഹമായതിനാലാണ് ഫിഞ്ച് ടീമിൽനിന്ന് വിട്ടുനിൽക്കുന്നത്.

ആദ്യ മൽസരത്തിൽ ഫിഞ്ച് കളിക്കാൻ സാധ്യതയില്ലാത്തതിനാൽ പകരം ഗെയിൽ കളിക്കുമെന്ന് സേവാഗ് സൂചന നൽകി. അതേസമയം, ഫിഞ്ച് കൂടി തിരിച്ചെത്തുന്നതോടെ ടീം തിരഞ്ഞെടുപ്പ് വലിയൊരു തലവേദനയാകുമെന്നും സേവാഗ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ടീമംഗങ്ങളെല്ലാം കൂടിയിരുന്ന് ഒരു തീരുമാനത്തിലെത്തുമെന്ന് സേവാഗ് വ്യക്തമാക്കി. ഫിഞ്ചിനെ ഏതു പൊസിഷനിലും കളിപ്പിക്കാനാകുമെന്നും സേവാഗ് ചൂണ്ടിക്കാട്ടി.

ടീമിന്റെ ഘടനവച്ച് ഇക്കുറി കിങ്സ് ഇലവൻ പഞ്ചാബ് കിരീടം നിലനിർത്താൻ സാധ്യതയേറെയാണെന്നും സേവാഗ് അവകാശപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ടീമാണിത്. ഇത്തവണ വൻതോതിൽ പണമെറിഞ്ഞ കിങ്സ് ഇലവൻ ഒരുപിടി മിന്നും താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ചെന്നൈയിൽനിന്നും സ്വന്തമാക്കിയ രവിചന്ദ്രൻ അശ്വിനാണ് ഈ സീസണിൽ പഞ്ചാബിനെ നയിക്കുന്നത്. അക്സർ പട്ടേൽ, കരുൺ നായർ, ലോകേഷ് രാഹുൽ, ബരീന്ദർ സ്രാൻ, മോഹിത് ശർമ, അഗർവാൾ തുടങ്ങിയവരാണ് ടീമിലെ ഇന്ത്യൻ സാന്നിധ്യങ്ങൾ. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൃദ്ധിമാൻ സാഹയും അക്സർ പട്ടേലുമൊഴികെ മറ്റു മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാൻ ഞങ്ങൾക്കായിട്ടില്ല. അതൊരു പ്രശ്നമായിരുന്നു. ഐപിഎൽ ജയിക്കാൻ മികച്ച ഇന്ത്യൻ താരങ്ങൾ കൂടിയേ തീരൂ. ഇക്കുറി അത്തരത്തിലുള്ള അഞ്ചോ ആറോ താരങ്ങൾ ഞങ്ങൾക്കുണ്ട് – സേവാഗ് പറഞ്ഞു.

ഇന്ത്യൻ ബാറ്റ്സ്മാരെ കിട്ടാത്തതും ഞങ്ങൾക്കു പ്രശ്നമായിരുന്നു. ഇത്തവണ ലോകേഷ് രാഹുൽ, കരുൺ നായർ, മനോജ് തിവാരി തുടങ്ങിയവർ മധ്യനിരയിൽ കളിക്കാനുണ്ട്. ക്രിസ് ഗെയ്‍ൽ, ആരോൺ ഫിഞ്ച് തുടങ്ങിയ വമ്പനടിക്കാരും ടീമിലുണ്ട്. ഇവർക്കു പുറമെ ഡേവിഡ് മില്ലറും ടീമിലുണ്ട്. ഇത്തവണ സ്പിന്നർമാരെ നേരിടാൻ ഞങ്ങൾക്കു മികച്ച താരങ്ങളുണ്ടെന്നാണ് വിശ്വാസം – സേവാഗ് പറഞ്ഞു.

ബോളർമാർ ക്യാപ്റ്റൻമാരാകുന്നതാണ് എപ്പോഴും നല്ലതെന്നും സേവാഗ് പറഞ്ഞു. കപിൽ ദേവ്, ഇമ്രാൻ ഖാൻ, വസിം അക്രം തുടങ്ങിയവരുടെ കാര്യം എടുത്തുപറഞ്ഞ സേവാഗ് ഇത്തവണ അശ്വിനു കീഴിൽ പഞ്ചാബ് കിരീടം നേടുമെന്നും അവകാശപ്പട്ടു.

related stories