Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയെയും ‍ഞെട്ടിക്കുന്ന കാർത്തിക്കിന്റെ ‘മിന്നൽ സ്റ്റംപിങ്’! – വിഡിയോ

Karthik-Stumping രാജസ്ഥാൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ സ്റ്റംപു ചെയ്തു പുറത്താക്കുന്ന കൊൽക്കത്ത താരം ദിനേഷ് കാർത്തിക്. (വിഡിയോ ദൃശ്യം)

ജയ്പുർ∙ സീസണിലെ മൂന്നാം ജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയുടെ തലപ്പത്തേക്ക് കൊൽക്കത്ത കുതിച്ചെത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. അതിനിടെയിതാ, ആരാധകർക്കിടയിൽ വൈറലായി ക്യാപ്റ്റൻ ദിനേഷ് കാർത്തിക്കിന്റെ വിഡിയോ. സാക്ഷാൽ മഹേന്ദ്രസിങ് ധോണിയെപ്പോലും അതിശയിക്കുന്ന കാർത്തിക്കിന്റെ സ്റ്റംപിങ്ങാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ്, ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിൽ തകർപ്പൻ തുടക്കമിട്ട് മുന്നേറുന്നതിനിെടയായിരുന്നു കാർത്തിക്കിന്റെ അദ്ഭുത പ്രകടനം. നിതീഷ് റാണയുടെ പന്തു കളിക്കാൻ മുന്നോട്ടുകയറിയ രഹാനെയെ പുറത്താക്കാനായിരുന്നു കാർത്തിക്കിന്റെ ‘പറക്കും ഫീൽഡിങ്’.

രാജസ്ഥാൻ ഇന്നിങ്സിലെ ഏഴാം ഓവറിലായിരുന്നു ഇത്. അപ്പോൾ 5.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 54 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. തകർ‌പ്പൻ ഇന്നിങ്സിന് അടിത്തറയിട്ട് മുന്നേറുകയായിരുന്ന രാജസ്ഥാൻ ക്യാപ്റ്റനെ പുറത്താക്കാനാകാതെ കൊൽക്കത്ത പതറുമ്പോഴായിരുന്നു രക്ഷകനായി കാർത്തിക് അവതരിച്ചത്.

നിതീഷ് റാണയുടെ പന്ത് കളിക്കാനായി ക്രീസിനു പുറത്തേക്കു കയറിവന്ന രഹാനെയ്ക്ക് ഉദ്ദേശിച്ച രീതിയിൽ ഷോട്ടുതിർക്കാനായില്ല. രഹാനെയുടെ ദേഹത്തു തട്ടിയ പന്ത് തൊട്ടപ്പുറത്തേക്കു തെറിച്ചുവീണു. രഹാനെ തിരികെ ക്രീസിലേക്ക് ബാറ്റു കുത്താൻ ആയും മുൻപേ, ഓടിയെത്തിയ കാർത്തിക് മിന്നൽവേഗത്തിൽ പന്തു കയ്യിലെടുത്ത് സ്റ്റംപിലേക്കിട്ടു. 19 പന്തിൽ 36 റൺസുമായി രഹാനെ കൂടാരം കയറിയതോടെ രാജസ്ഥാന്റെ തകർച്ച ആരംഭിക്കുകയും െചയ്തു. പിന്നീട് ബാറ്റിങ്ങിലും തിളങ്ങിയ കാർത്തിക് 42 റൺസോടെ പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലേക്കു നയിക്കുകയും ചെയ്തു.

related stories