Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ഒത്തുകളി?; ചെന്നൈ–കൊൽക്കത്ത ഫൈനലിന്റെ പ്രമോ വിഡിയോ പുറത്ത്

CSK-vs-KKR-Final കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക്കും ചെന്നൈ ക്യാപ്റ്റൻ ധോണിയും. (ട്വിറ്റർ ചിത്രം)

മുംബൈ∙ ഒത്തുകളി വിവാദത്തിന്റെ നിഴലിൽനിന്ന് പുറത്തുവരാനുള്ള ശ്രമങ്ങൾക്കിടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും മറ്റൊരു ഒത്തുകളി വിവാദം. ഐപിഎൽ 11–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടുമെന്ന് വ്യക്തമാക്കുന്ന ഹോട്‌സ്റ്റാർ വിഡിയോ പുറത്തായതോടെയാണ് വീണ്ടും ഒത്തുകളി വിവാദം ഉയരുന്നത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, ഐപിഎല്ലിൽ വീണ്ടും ഒത്തുകളിക്ക് കളമൊരുങ്ങുന്നുവെന്ന പ്രചാരണം വ്യാപകമായി.

ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. അതേസമയം, ഫൈനലിലെ രണ്ടാമത്തെ ടീമിന്റെ കാര്യം വെള്ളിയാഴ്ച വൈകിട്ടു നടക്കുന്ന സൺറൈസേഴ്സ്–കൊൽക്കത്ത മൽസരത്തോടെ മാത്രമേ വ്യക്തമാകൂ. അതിനിടെയാണ് ചെന്നൈയെ നേരിടുക കൊൽക്കത്തയാകുമെന്ന് ‘പ്രവചിക്കുന്ന’ ഹോട്‌സ്റ്റാറിന്റെ പ്രമോ വിഡിയോ പുറത്തായത്.

ഒത്തുകളി വിവാദത്തെ തുടർന്ന് രണ്ടു വർഷത്തെ വിലക്കു നേരിട്ട് തിരിച്ചെത്തിയിരിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ഇക്കുറിയും വിവാദത്തിന്റെ ഒരു വശത്തുണ്ടെന്നത് കൗതുകകരമാണ്. അതേസമയം, ഈ വിഡിയോകളുടെ ആധികാരികത ഇനിയും ഉറപ്പിച്ചിട്ടില്ല. മാത്രമല്ല, ഒത്തുകളി നടക്കുന്നുവെന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്ന മറുവാദങ്ങളും ഒരു വശത്ത് ഉയരുന്നുണ്ട്.

ഐപിഎൽ ക്വാളിഫയർ മൽസരങ്ങളും ഫൈനലും തമ്മിൽ കാര്യമായ അകലമില്ലാത്തതിനാൽ, സമയം ലാഭിക്കുന്നതിന് ഹോട്‌സ്റ്റാർ സാധ്യതയുള്ള ഫൈനലുകളുടെ പ്രമോ വിഡിയോ നേരത്തെ ചെയ്തു വച്ചതാകാമെന്ന് ഒരുകൂട്ടർ ചൂണ്ടിക്കാട്ടുന്നു. പുറത്തുവന്നത് ചെന്നൈ–കൊൽക്കത്ത ഫൈനലിന്റെ പ്രമോ വിഡിയോ ആണെങ്കിലും ഇതുപോലെ തന്നെ ചെന്നൈ–ഹൈദരാബാദ് ഫൈനലിന്റെ പ്രമോ വിഡിയോയും ഹോട്സ്റ്റാർ ചെയ്തു വച്ചിരിക്കാമെന്നും ഇവർ പറയുന്നു. ഈ വാദത്തെ സാധൂകരിക്കാൻ ചെന്നൈ–ഹൈദരാബാദ് ഫൈനലിന്റെ പ്രമോ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.