Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൊഹാലി വീണ്ടും കണ്ടു, ആ പഴയ ധോണിയെ!

MS-Dhoni-1 എം.എസ്. ധോണിയുടെ പ്രകടനത്തെ പുകഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.

മൊഹാലി∙ എത്ര നാളായി ധോണിയെ ഇതുപോലൊന്നു കണ്ടിട്ട്! 2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച ആ  പടുകൂറ്റൻ സിക്സ് സമ്മാനിച്ച രോമാഞ്ചമൊന്നും ഇപ്പോഴും മാറിയിട്ടില്ല. അതേ ആവേശത്തോടെ എതിരാളികളെ തച്ചുതകർക്കുന്ന ധോണിയെ ആരാധകർ ഒരിക്കൽക്കൂടി കണ്ടു, കിങ്സ് ഇലവൻ പഞ്ചാബിനെതിരായ ഐപിഎൽ മൽസരത്തിൽ.

‘ബെസ്റ്റ് ഫിനിഷർ’ക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും, ഈ മൽസരത്തിലെ ധോണിയുടെ പ്രകടനത്തിന് നൂറു മാർക്കും നൽകും ആരാധകർ. അത്ര ആവേശോജ്വലമായിരുന്നു അവസാന പന്തുവരെയുള്ള ധോണിയുെട പോരാട്ടം. 44 പന്തിൽ ആറു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 79 റൺസുമായി ധോണി ഇന്നിങ്സ് അവസാനിപ്പിക്കുമ്പോൾ, പഞ്ചാബ് സ്കോറിനു നാലു റൺസ് മാത്രം അകലെയായിരുന്നു ചെന്നൈ. ഈ സീസണിൽ ചെന്നൈയുടെ ആദ്യ തോൽവിയാണിത്. പഞ്ചാബിന്റെ രണ്ടാം ജയവും.

ഉജ്വലമായിരുന്നു ഈ മൽസരം. കിങ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ പോരാട്ടം 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 193 റൺസിൽ അവസാനിച്ചെങ്കിലും, ആരാധകർക്ക് തകർപ്പനൊരു പോരാട്ടം കണ്ടതിന്റെ ആവേശമായിരുന്നു. അവസാന പന്തുവരെ അസാമാന്യ പോരാട്ടവീര്യം പ്രകടമാക്കിയ ചെന്നൈ ക്യാപ്റ്റൻ ധോണി, 44 പന്തിൽ ആറു ബൗണ്ടറിയും അഞ്ചു സിക്സും ഉൾപ്പെടെ 79 റൺസുമായി പുറത്താകാതെ നിന്നു.

തിരിച്ചടിച്ച് ‘ധോണിയുടെ ആയുധം’

മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ ചെന്നൈയ്ക്ക് വിജയത്തിലേക്ക് 17 റൺസ് വേണ്ടിയിരുന്നെങ്കിലും അവസാന പന്തിൽ ധോണി നേടിയ സിക്സ് ഉൾപ്പെടെ 12 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.

ഐപിഎൽ വേദികളിലൂടെ ഡെത്ത് ഓവർ സ്പെഷലിസ്റ്റാക്കി മോഹിത് ശർമയെന്ന താരത്തെ വളർത്തിയ ധോണി, അതേ താരത്തിനു മുന്നിലാണ് ഇന്നലെ ചെറുതായെങ്കിലും തോറ്റുപോയത്. വിജയത്തിനരികെ നിൽക്കെ പല ടീമുകളെയും മോഹിത് ശർമയെന്ന ആയുധമുപയോഗിച്ച് തോൽപ്പിച്ചിട്ടുള്ള ധോണിക്ക്, ഇന്നലെ അതേ ആയുധം തിരിച്ചടിയായി.

ധോണിയുടെ ശക്തിദൗർബല്യങ്ങൾ ശരിക്കു മനസ്സിലാക്കിയ മോഹിത് ശർമ, അവസാന ഓവറിൽ മൂന്ന് ഡോട് ബോളുകളാണ് എറിഞ്ഞത്. ധോണിക്കെതിരെ എറിഞ്ഞ ഈ ഡോട് ബോളുകളാണ് മൽസരഫലം നിർണയിച്ചതും. മൂന്നാമത്തെയും അവസാനത്തെയും പന്തുകൾ ബൗണ്ടറിയിലെത്തിച്ച് ധോണി കരുത്തു കാട്ടിയെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു.

ആവേശം വിതറിയ ചെയ്സിങ്

പഞ്ചാബ് ഉയർത്തിയ 198 റൺസ് വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ചെന്നൈയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 17 റൺസുള്ളപ്പോൾ ഷെയ്ൻ വാട്സൻ പുറത്ത്. ഒൻപതു പന്തിൽ രണ്ടു ബൗണ്ടറികളോടെ 11 റൺസെടുത്ത വാട്സിനെ മോഹിത് ശർമ പുറത്താക്കി. പിന്നാലെ സീസണിലാദ്യമായി അവസരം ലഭിച്ച മുരളി വിജയും മടങ്ങി. 10 പന്തിൽ ഒരു സിക്സുൾപ്പെടെ 12 റൺസെടുത്ത വിജയിനെ ആൻഡ്രൂ ടൈയാണ് പുറത്താക്കിയത്.

കഴിഞ്ഞ മൽസരത്തിലെ കേമൻ സാം ബില്ലിങ്സും കാര്യമായ പോരാട്ടം കൂടാതെ മടങ്ങുമ്പോൾ ചെന്നൈ സ്കോർ 6.4 ഓവറിൽ മൂന്നു വിക്കറ്റിന് 56 റൺസ്. എന്നാൽ, നാലാം വിക്കറ്റിൽ ഒരുമിച്ച അമ്പാട്ടി റായിഡു–ധോണി സഖ്യം ചെന്നൈയെ മൽസരത്തിലേക്കു തിരിച്ചുകൊണ്ടു വന്നു. അതിവേഗം സ്കോർ ചെയ്ത ഇരുവരും നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്തു. 57 റൺസായിരുന്നു ഇരുവരുടെയും സമ്പാദ്യം.

സ്കോർ 113ൽ നിൽക്കെ റായിഡു റണ്ണൗട്ടായതാണ് മൽസരത്തിൽ നിർണായകമായത്. 35 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 49 റൺസെടുത്ത റായിഡുവിനെ അശ്വിനാണ് പുറത്താക്കിയത്. രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് ധോണി വീണ്ടും പൊരുതി. അഞ്ചാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 50 റൺസ്. 13 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും പായിച്ച ‍ജഡേജ 19–ാം ഓവറിൽ പുറത്തായെങ്കിലും ചെന്നൈ പ്രതീക്ഷയിലായിരുന്നു. ക്രീസിലെത്തുന്നത് ബ്രാവോയാണല്ലോ.

എന്നാൽ, ബ്രാവോയും ധോണിയും ക്രീസിൽ നിൽക്കുന്നതിന്റെ സമ്മർദ്ദമേതുമില്ലാതെ അവസാന ഓവർ എറിഞ്ഞ മോഹിത് ശർമയാണ് ചെന്നൈയുടെ കയ്യകലത്തെത്തിയ വിജയം പഞ്ചാബിന് പിടിച്ചുവാങ്ങി നൽകിയത്. ഈ ഓവറിൽ ജയിക്കാൻ 17 റൺസ് വേണ്ടയിരുന്നെങ്കിലും ധോണിക്കും ചെന്നൈയ്ക്കും 12 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ സീസണിലെ രണ്ടാം ജയം കുറിച്ച് അശ്വിനും സംഘവും തിരിച്ചുകയറി. പഞ്ചാബിനായി ടൈ രണ്ടും മോഹിത് ശർമ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

സീസണിലാദ്യമായി, ‘ഗെയിലാട്ടം’

നേരത്തെ, ക്രിസ് ഗെയ്‍ലിന്റെ ബാറ്റിങ് വെടിക്കെട്ടിന്റെ കരുത്തിൽ കൂറ്റൻ സ്കോറിലേക്കു കുതിച്ച കിങ്സ് ഇലവൻ പഞ്ചാബിനെ അവസാന ഓവറുകളിൽ ചെന്നൈ പിടിച്ചുകെട്ടുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെടുത്തു. സീസണിൽ ആദ്യമായി കളിക്കാനിറങ്ങിയ ക്രിസ് ഗെയിൽ 33 പന്തിൽ ഏഴു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 63 റൺസെടുത്തു.

ഒന്നാം വിക്കറ്റിൽ ഗെയിൽ–രാഹുൽ സഖ്യം 97 റൺസ് ചേർത്തതോടെ ഒരു ഘട്ടത്തിൽ പഞ്ചാബ് 250 കടക്കുമെന്ന് തോന്നിച്ചെങ്കിലും, അവസാന ഓവറുകളിലെ നിയന്ത്രിത ബോളിങ്ങിലൂടെ ചെന്നൈ അവരെ 200നു താഴെ ഒതുക്കുകയായിരുന്നു. വെറും 48 പന്തുകളിലാണ് രാഹുൽ–ഗെയിൽ സഖ്യം 96 റൺസെടുത്തത്. സ്കോർ 96ൽ നിൽക്കെ രാഹുൽ പുറത്തായെങ്കിലും 8.4 ഓവറിൽ പഞ്ചാബ് 100 കടന്നു. 22 പന്തിൽ ഏഴു ബൗണ്ടറികളോടെ 37 റൺസ് നേടിയ ശേഷമായിരുന്നു രാഹുലിന്റെ മടക്കം.

രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളിനൊപ്പം 31 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ക്രിസ് ഗെയിൽ പുറത്തായതാണ് പഞ്ചാബിന്റെ സ്കോർ നിരക്കു കുറച്ചത്. 33 പന്തിൽ ഏഴു ബൗണ്ടറിയും നാലു സിക്സും ഉൾപ്പെടെ 63 റൺസെടുത്ത ഗെയിലിനെ ഷെയിൻ വാട്സനാണ് പുറത്താക്കിയത്.

പിന്നീട് വന്നവർക്കാർക്കും സ്കോർ നിരക്ക് ഉയർത്താനായില്ല. അഗർവാൾ 19 പന്തിൽ രണ്ടു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 20 റൺസെടുത്തു മടങ്ങി. കരുൺ നായർ 17 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 29 റൺസെടുത്തു. യുവരാജ് സിങ് (13 പന്തിൽ 20), അശ്വിൻ (11 പന്തിൽ 14), ആരോൺ ഫിഞ്ച് (0), ആൻഡ്രൂ ടൈ (നാലു പന്തിൽ പുറത്താകാതെ മൂന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ചെന്നൈയ്ക്കായി ഇമ്രാൻ താഹിർ, ഷാർദുൽ താക്കൂർ എന്നിവർ രണ്ടും ഹർഭജൻ സിങ്, ഷെയ്ൻ വാട്സൻ, ബ്രാവോ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.