Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷുദിന വെടിക്കെട്ടുമായി സഞ്ജു, വീണ്ടും രാജസ്ഥാൻ!

Sanju-Vs-RCB ബാംഗ്ലൂരിനെതിരായ മൽസരത്തിൽ കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയ സഞ്ജുവിനെ അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രം.

ബെംഗളൂരു∙ തട്ടുപൊളിപ്പൻ ബാറ്റിങ്ങുമായി മിന്നിത്തിളങ്ങിയ സഞ്ജു സാംസന്റെ മികവിൽ ഐപിഎല്ലിൽ രാജസ്ഥാൻ കുറിച്ചത് തുടർച്ചയായ രണ്ടാം ജയം. 19 റൺസിനായിരുന്നു രാജസ്ഥാന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ സ‍ഞ്ജുവിന്റെ ഉജ്വല അർധസെഞ്ചുറിയുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തപ്പോൾ, കോഹ്‍ലിയുടെയും സംഘത്തിന്റെയും പോരാട്ടം 20 ഓവറിൽ ആറു വിക്കറ്റിന് 198 റൺസിൽ അവസാനിച്ചു.

വിരാട് കോഹ്‍ലിയെയും സംഘത്തെയും അവരുടെ മടയിലെത്തി നേരിട്ട രാജസ്ഥാൻ റോയൽസിനായി വിഷുദിനത്തിൽ മലയാളി താരം സഞ്ജു സാംസൻ പുറത്തെടുത്ത തട്ടുപൊളിപ്പൻ ബാറ്റിങ്ങായിരുന്നു മൽസരത്തിലെ ഹൈലൈറ്റ്. ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ പതിച്ച 10 പടുകൂറ്റൻ സിക്സുകളുടെ അകമ്പടിയോടെ സഞ്ജു നേടിയ അർധസെഞ്ചുറി മികവിൽ റോയൽ ചാലഞ്ചേഴ്സിനു മുന്നിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയത് 218 റൺസ് വിജയലക്ഷ്യം. 45 പന്തുകൾ നേരിട്ട സഞ്ജു 10 സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 92 റൺസെടുത്ത് പുറത്താകാതെ നിന്നു. ഈ ഇന്നിങ്സിന്റെ മികവിൽ തുടർച്ചയായ രണ്ടാം മൽസരത്തിലും കളിയിലെ കേമൻ പട്ടം സഞ്ജു നേടി. ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഓറഞ്ച് തൊപ്പിയും സഞ്ജുവിന് സ്വന്തം. മൂന്നു മൽസരങ്ങളിൽനിന്ന് 178 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.

നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി ക്യാപ്റ്റൻ വിരാട് കോഹ്‍ലി, എബി ഡിവില്ലിയേഴ്സ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയ യുവതാരം ശ്രേയസ് ഗോപാലിന്റെ ബോളിങ്ങും രാജസ്ഥാന് ജയം സമ്മാനിക്കുന്നതിൽ നിർണായകമായി. ബാംഗ്ലൂരിനായി കോഹ്‍ലി അർധസെഞ്ചുറി നേടി തിരിച്ചടിച്ചെങ്കിലും രാജസ്ഥാൻ സ്കോർ മറികടക്കാനായില്ല. കോഹ്‍ലി 30 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 57 റൺസെടുത്തു.

പൊരുതിതോറ്റ് റോയൽ ചാലഞ്ചേഴ്സ്

രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റെടുത്ത ബാംഗ്ലൂരിന്റെ തുടക്കം തീർത്തും മോശമായിരുന്നു. സ്കോർ ബോർഡിൽ നാലു റൺസ് മാത്രമുള്ളപ്പോൾ ബ്രണ്ടൻ മക്കല്ലം പുറത്തായി. ആദ്യ ഓവറിൽ നേടിയ ഒരു ബൗണ്ടറി മാത്രമായിരുന്നു മക്കല്ലത്തിന്റെ സമ്പാദ്യം. എന്നാൽ, രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഡികോക്ക്–കോഹ്‍ലി സഖ്യം ബാംഗ്ലൂരിനായി തിരിച്ചടിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 77 റൺസ്! വെറും 44 പന്തിൽനിന്നായിരുന്നു ഇത്. 19 പന്തിൽ നാലു ബൗണ്ടറി ഉൾ‌പ്പെടെ 26 റൺ‌സുമായി ഡികോക്ക് മ‍ടങ്ങിയെങ്കിലും ഡിവില്ലിയേഴ്സിനെ കൂട്ടുപിടിച്ച് കോഹ്‍ലി ആക്രമണം തുടർന്നു.

സ്കോർ 100 പിന്നിട്ടതിനു പിന്നാലെ കോഹ്‍ലിയും മടങ്ങി. 30 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 57 റൺസെടുത്ത കോഹ്‍ലിയെ ശ്രേയസ് ഗോപാലാണ് മടക്കിയത്. ഈ വിക്കറ്റാണ് കളിയുടെ ഗതി നിർണയിച്ചതും. മറ്റു രാജസ്ഥാൻ ബോളർമാരെല്ലാം നിർബാധം തല്ലുവാങ്ങിയപ്പോഴും ഗോപാലിന്റെ പ്രകടനം വേറിട്ടുനിന്നു.

തന്റെ അടുത്ത ഓവറിൽ ഡിവില്ലിയേഴ്സിനെയും പവലിയനിലെത്തിച്ച ഗോപാൽ രാജസ്ഥാന്റെ വിജയം ഏതാണ്ടുറപ്പാക്കി. 18 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ 20 റൺസെടുത്ത ഡിവില്ലിയേഴ്സിനെ ഗോപാൽ ഉനദ്ഘടിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ പവൻ നേഗിയും പുറത്തായി. ബെൻ ലാഫ്‌ലിന് മൽസരത്തിലെ ആദ്യവിക്കറ്റ് സമ്മാനിച്ച് കൂടാരം കയറുമ്പോൾ നേഗിയുടെ സമ്പാദ്യം നാലു പന്തിൽ മൂന്നു റൺസ്.

പോരാട്ടം തീർന്നെന്ന് രാജസ്ഥാന്‍ ആരാധകർ കരുതിയിരിക്കെ വാഷിങ്ടൻ സുന്ദറിനെ കൂട്ടുപിടിച്ച് മൻദീപ് സിങ് പോരാട്ടം വീണ്ടും രാജസ്ഥാൻ ക്യാംപിലേക്കു നയിച്ചു. ആറാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്തത് 56 റൺസ്. അതും വെറും 28 പന്തിൽ. 19 പന്തിൽ ഒരു ബൗണ്ടറിയും മൂന്നു സിക്സും ഉൾപ്പെടെ 35 റൺസെടുത്ത സുന്ദറിനെ സ്റ്റോക്സ് പുറത്താക്കിയതോടെ മൽസരം രാജസ്ഥാൻ വീണ്ടെടുത്തു. രാജസ്ഥാൻ മൽസരം സ്വന്തമാക്കുമ്പോഴും 25 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 47 റൺ‌സുമായി മൻദീപ് സിങ് പുറത്താകാതെ നിന്നു.

പേരുകേട്ട രാജസ്ഥാൻ താരങ്ങളെല്ലാം തല്ലുമേടിച്ചു മടുത്തപ്പോൾ, നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത കർണാടകക്കാരൻ ശ്രേയസ് ഗോപാലിന്റെ ബോളിങ് പ്രകടനമായിരുന്നു രാജസ്ഥാൻ ഇന്നിങ്സിൽ നിർണായകമായത്. 11 പന്തുകളിൽ റണ്ണെടുക്കാൻ ബാംഗ്ലൂരിനെ അനുവദിക്കാതിരുന്ന ഗോപാൽ, ആകെ വിട്ടുകൊടുത്തത് ഒരു ബൗണ്ടറിയും സിക്സും മാത്രം. കോഹ്‍ലി, ഡിവില്ലിയേഴ്സ് എന്നീ അപകടകാരികളെ പുറത്താക്കുകയും ചെയ്തു. നാല് ഓവറിൽ 36 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ കൃഷ്ണപ്പ ഗൗതവും മികവുകാട്ടിയപ്പോൾ, മറ്റു രാജസ്ഥാൻ ബോളർമാരെല്ലാം ഓവറിൽ 10 റൺസിനു മുകളിൽ വഴങ്ങി.

ടോസ് നഷ്ടം, എന്നിട്ടും...

ടോസ് നേടിയ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‍ലി പതിവുപോലെ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാനായി ഇക്കുറിയും ഇന്നിങ്സ് ഓപ്പൺ ചെയ്യാനെത്തിയത് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ഓസീസ് താരം ഡാർസി ഷോർട്ടും. ഒന്നാം വിക്കറ്റിൽ മികച്ച ബാറ്റിങ് കെട്ടഴിച്ച ഇരുവരും രാജസ്ഥാന് സമ്മാനിച്ചത് തകർപ്പൻ തുടക്കം.

ഒന്നാം വിക്കറ്റിൽ 49 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ അജിങ്ക്യ രാഹനെ മടങ്ങി. ഷോർട്ടിനെ ഒരറ്റത്തുനിർത്തി തകർത്തടിച്ച രഹാനെ 20 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 36 റൺസെടുത്താണ് പുറത്തായത്. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. സ്കോർ 53ൽ എത്തിയപ്പോൾ ഷോർട്ടും വീണു. 17 പന്തിൽ ഒരു ബൗണ്ടറി ഉൾപ്പെടെ 11 റൺസെടുത്ത ഷോർട്ടിനെ ചാഹൽ മടക്കി.

പിന്നീടായിരുന്നു രാജസ്ഥാൻ ഇന്നിങ്സിന്റെ ഗതി നിർണയിച്ച സഞ്ജു സാംസൺ–ബെൻ സ്റ്റോക്സ് കൂട്ടുകെട്ട്. മൂന്നാം വിക്കറ്റിൽ തകർത്തടിച്ച ഇരുവരും രാജസ്ഥാൻ സ്കോറിലേക്ക് കൂട്ടിച്ചേർത്തത് 49 റൺസ്. ടീം ടോട്ടൽ 100 കടന്നതിനു പിന്നാലെ സ്റ്റോക്സ് മടങ്ങി. 21 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 27 റൺസെടുത്ത സ്റ്റോക്സിനെയും ചാഹൽ മടക്കി.

കൂട്ടായി ജോസ് ബട്‌ലർ എത്തിയതോടെ സഞ്ജു കൂടുതൽ ആക്രമണകാരിയായി. തുടർച്ചയായി സിക്സുകൾ കണ്ടെത്തിയ സഞ്ജു രാജസ്ഥാന്റെ സ്കോർ കുത്തനെ ഉയർത്തി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 73 റൺസ്. ബട്‌ലർ 14 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 23 റൺസെടുത്തു.

ബട്‌ലർ‌ പുറത്തായ ശേഷമെത്തിയ രാഹുൽ ത്രിപാഠിയെ കൂട്ടുപിടിച്ചാണ് സഞ്ജു രാജസ്ഥാൻ സ്കോർ 200 കടത്തിയത്. 10 പന്തുകൾ മാത്രം നേരിട്ട ഈ കൂട്ടുകെട്ട് രാജസ്ഥാൻ സ്കോറിലേക്ക് സംഭാവന ചെയ്തത് 42 റൺസ്! ത്രിപാഠി അഞ്ചു പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 14 റൺസുമായി പുറത്താകാതെ നിന്നു. സഞ്ജു 45 പന്തിൽ 10 സിക്സും രണ്ടു ബൗണ്ടറിയും സഹിതം 92 റൺസെടുത്തു.

related stories