Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിന്നസ്വാമിയെ ‘ചുംബിച്ച’ 10 സിക്സുകൾ, സഞ്ജു വക!

Sanju-Samson-1 റോയൽ ചാലഞ്ചേഴ്സിനെതിരെ സഞ്ജുവിന്റെ ബാറ്റിങ്. (ട്വിറ്റർ ചിത്രം)

ബാംഗ്ലൂർ∙ വിഷുദിന സ്പെഷൽ വെടിക്കെട്ടുമായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ താണ്ഡവമാടിയ മലയാളി താരം സഞ്ജു സാംസണിന്റെ മികവിൽ രാജസ്ഥാൻ റോയൽസ് സീസണിലെ തുടർച്ചയായ രണ്ടാം ജയം കുറിക്കുമ്പോൾ ഒന്നുറപ്പ്, സഞ്ജുവിനായി രാജസ്ഥാൻ മുടക്കിയ എട്ടു കോടി വെള്ളത്തിൽ കളഞ്ഞ പണമല്ല! താരനിബിഡമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സഞ്ജു കളിച്ച ഇന്നിങ്സ് വെറുമൊരു ഇന്നിങ്സല്ല. ഈ സീസണിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോരാണ് സഞ്ജുവിന്റെ 92 റൺസ്.

ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേൽക്കൂരയെ ചുംബിച്ച 10 പടുകൂറ്റൻ സിക്സുകൾ ഉൾപ്പെടെ 92 റൺസ് നേടിയ സഞ്ജുവിന് അർഹിച്ച സെഞ്ചുറി നഷ്ടമായത് നിർഭാഗ്യം കൊണ്ടു മാത്രമാണ്. അന്നത്തെ അസാമാന്യ ഫോമിൽ കുറഞ്ഞത് മൂന്നു പന്തുകൾ കൂടി കിട്ടിയിരുന്നെങ്കിൽ സഞ്ജു അനായാസം സെഞ്ചുറിയിലെത്തിയേനെ!

തുടർച്ചയായ രണ്ടാം മൽസരത്തിലും കളിയിലെ കേമൻ പട്ടം സ്വന്തമാക്കിയ സഞ്ജുവിന്റെ മികവിൽ രാജസ്ഥാൻ വിജയം കൊത്തിപ്പറക്കുമ്പോൾ അങ്ങേത്തലയ്ക്കൽ വിഷണ്ണനായി നിന്നത് മറ്റാരുമല്ല, സാക്ഷാൽ വിരാട് കോഹ്‍ലിയാണ്! അങ്ങനെയൊന്നും തോൽക്കാൻ കൂട്ടാക്കുന്നയാളല്ല കോഹ്‍ലിയെന്ന് നൂറുവട്ടം. ഇന്നലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സഞ്ജുവിന്റെ ബാറ്റിങ് വിസ്ഫോടനത്തിനൊടുവിൽ രാജസ്ഥാൻ ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിനായി കോഹ്‍ലി ആവുന്നപോലെ പൊരുതിയതാണ്. എന്നിട്ടും എത്തിപ്പിടിക്കാവുന്നതിനുമപ്പുറമായിരുന്നു രാജസ്ഥാൻ സ്കോറെന്നു കേൾക്കുമ്പോൾ അറിയാം, സഞ്ജുവിന്റെ വിഷുദിന വെടിക്കെട്ടിന്റെ വില!

എന്തൊരു സ്ഫോടകശേഷി, ഈ ബാറ്റിന്

ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ സഞ്ജുവിന്റെ തുടക്കം സാവധാനത്തിലായിരുന്നു. നേരിട്ട ആദ്യ പന്തിൽ സിംഗിളെടുത്തു തുടങ്ങിയ സഞ്ജു, അഞ്ച് പന്തിൽ നേടിയത് രണ്ടു റൺസ് മാത്രം. എന്നാൽ, കെജ്റോളിയ എറിഞ്ഞ എട്ടാം ഓവറിലെ നാലാം പന്ത് ഡീപ് സ്ക്വയറിലൂടെ ഗാലറിയിലെത്തിച്ച സഞ്ജു നിലപാട് വ്യക്തമാക്കി.

എന്നാൽ, ഈ സിക്സിനു ശേഷം സഞ്ജു വീണ്ടും നിശബ്ദനായി. 10 ഓവർ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലായിരുന്നു രാജസ്ഥാൻ. സഞ്ജു 11 പന്തിൽ 12 റൺസോടെ ക്രീസിൽ. 10–ാം ഓവർ‌ കഴിഞ്ഞതോടെ സഞ്ജു ഇന്നിങ്സിന്റെ ഗിയർ മാറ്റി.

പിന്നെ ചിന്നസ്വാമി സ്റ്റേഡിയം കണ്ടത് സിക്സ് മഴയായിരുന്നു. ആദ്യ 10 ഓവറിൽ 76 റൺസ് മാത്രം നേടിയ രാജസ്ഥാൻ അടുത്ത 10 ഓവറിൽ അടിച്ചെടുത്തത് 141 റൺസാണ്. ഇതിൽ ഭൂരിഭാഗവും സഞ്ജുവിന്റെ വക. ആദ്യ 10 ഓവറിൽ ഒരു സിക്സ് മാത്രം നേടിയ സഞ്ജു അടുത്ത 10 ഓവറിൽ ഒൻപതു സിക്സുകൾ കൂടി കണ്ടെത്തി. 11–20 ഓവറിനിടെ രാജസ്ഥാൻ നേടിയ 141 റൺസിൽ 88 റൺസും പിറന്നത് അവസാന അഞ്ച് ഓവറിലാണ്. അവസാന 10 പന്തിൽ മാത്രം ഒന്നിച്ച സഞ്ജു–രാഹുൽ ത്രിപാഠി സഖ്യം 42 റൺസാണ് രാജസ്ഥാൻ സ്കോർബോർഡിൽ ചേർത്തത്.

ഓറഞ്ച് ക്യാപ് ഈ ശിരസ്സിൽ

ടൂർണമെന്റിൽ ഓരോ ടീമുകളും മൂന്നു മൽസരങ്ങൾ പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം മറ്റാരുമല്ല. മൂന്ന് ഇന്നിങ്സുകളിൽനിന്ന് 178 റൺസുമായി റൺവേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ് സഞ്ജു. 49, 37, പുറത്താകാതെ 92 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. മൂന്നു മൽസരങ്ങളിൽനിന്ന് 89 റൺസ് ശരാശരിയിലാണ് സഞ്ജുവിന്റെ റൺവേട്ട. ശരാശരിയുടെ കാര്യത്തിലും സഞ്ജുവിന്റെ ഏഴയലത്തില്ല ആരും. മൂന്നു മൽസരങ്ങളിൽനിന്ന് 130 റൺസുമായി പഞ്ചാബ് താരം ലോകേഷ് രാഹുലാണ് റൺവേട്ടക്കാരിൽ രണ്ടാമത്.

ഈ സീസണിലെ ഇതുവരെയുള്ള ഉയർന്ന സ്കോറും സഞ്ജുവിന്റെ പേരിലാണ്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സഞ്ജു 45 പന്തിൽ പുറത്താകാതെ നേടിയ 92 റൺസാണ് ഈ സീസണിലെ ഉയർന്ന സ്കോർ. മുംബൈ ഇന്ത്യൻസിനെതിരെ 53 പന്തിൽ പുറത്താകാതെ 91 റൺസെടുത്ത ‍ഡൽഹി താരം ജേസൺ റോയിയാണ് സഞ്ജുവിന് പിന്നിലായത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 36 പന്തിൽ പുറത്താകാതെ 88 റൺസെടുത്ത ആന്ദ്രെ റസൽ മൂന്നാമതുണ്ട്. പഞ്ചാബിനെതിരെ 44 പന്തിൽ പുറത്താകാതെ 79 റൺസെടുത്ത ധോണി നാലാമതും രാജസ്ഥാനെതിരെ ആദ്യ മൽസരത്തിൽ 57 പന്തിൽ പുറത്താകാതെ 78 റൺസെടുത്ത ശിഖർ ധവാൻ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

ഈ സീസണിൽ ഇതുവരെ നേടിയ സിക്സുകളുടെ എണ്ണത്തിലും സഞ്ജു രണ്ടാമതുണ്ട്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തുള്ള കൊൽക്കത്ത താരം ആന്ദ്രെ റസ്സിനേക്കാൾ ഒരു സിക്സിന്റെ മാത്രം കുറവാണ് സഞ്ജുവിനുള്ളത്. റസ്സൽ മൂന്നു മൽസരങ്ങളിൽനിന്ന് 13 സിക്സുകൾ നേടിയപ്പോൾ, സഞ്ജു അത്രതതന്നെ മൽസരങ്ങളിൽനിന്ന് 12 സിക്സാണ് ഇതുവരെ നേടിയത്. 10 സിക്സുകൾ നേടിയ ഡിവില്ലിയേഴ്സാണ് മൂന്നാമത്.

അതേസമയം, സ്ട്രൈക്കറ്റ് റേറ്റിന്റെ കാര്യത്തിൽ ആറാം സ്ഥാനത്താണ് സഞ്ജു. 163.30 ആണ് മൂന്നു മൽസരങ്ങൾ പിന്നിടുമ്പോൾ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്. 215.38 സ്ട്രൈക്കറ്റ് റേറ്റുമായി ആന്ദ്രെ റസ്സലാണ് ഇക്കാര്യത്തിൽ മുന്നിൽ. 198.52 സ്ട്രൈക്ക് റേറ്റുമായി ലോകേഷ് രാഹുൽ രണ്ടാമതും 182.69 സ്ട്രൈക്ക് റേറ്റുമായി ഋഷഭ് പന്ത് മൂന്നാമതുമുണ്ട്. 

related stories